Current Date

Search
Close this search box.
Search
Close this search box.

ഐസിസ് ട്വിറ്റര്‍ കേസ് പുതിയ തിരക്കഥയോ?

ഇന്ത്യയിലെ ഒരു മുസ്‌ലിം യുവാവു കൂടി തടവറയിലേക്ക് പോവുകയാണ്. പേര് മെഹ്ദി മസൂദ് ബിസ്വാസ്. പശ്ചിമബംഗാള്‍ സ്വദേശിയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ബംഗളൂരുവിലെ ഒരു ബഹുരാഷ്ട്രകമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഐ.എസുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചതാണ് കുറ്റം. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് യു.എ.പി.എ, ഐപിസി 125, ഐടി നിയമം എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നു.

ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഈ വാര്‍ത്തക്ക് വലിയ പുതുമയൊന്നുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിനെതിരെയുള്ള ഉന്മൂലന നാടകങ്ങളുടെ പുതിയ പതിപ്പ്. തിരക്കഥയും സംവിധാനവും പഴയ കൂട്ടര്‍ തന്നെ. ബംഗളൂരുവില്‍ ഇത്തരം അറസ്റ്റുകള്‍ മുന്‍പും നടന്നിട്ടുണ്ട്. അവരില്‍ പലരും വര്‍ഷങ്ങളായി ജയില്‍വാസം അനുഷ്ഠിക്കുകയാണ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരടക്കമുള്ള വിദ്യാസമ്പന്നരായ യുവാക്കളാണ് അവരിലധികവും. ബാംഗ്ലുരില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട്ടുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ യഹ്‌യ എന്ന യുവാവും ഇതില്‍ പെടും.  

മെഹ്ദി മസൂദിന്റെ കേസ് കെട്ടിച്ചമച്ചതാണെന്നതിന് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍ തന്നെ വ്യക്തമായ തെളിവാണ്. മെഹ്ദി മസൂദുമായി അടുത്തിടപഴകിയവരെല്ലാം ഈ വാര്‍ത്ത കേട്ട് ആകെ സ്തംഭിച്ചിരിക്കുകയാണെന്നത് ഇതില്‍ പ്രധാനമാണ്. കാരണം, അദ്ദേഹത്തില്‍ നിന്ന് ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കുറ്റമാണ് പോലീസ് അദ്ദേഹത്തില്‍ ചാര്‍ത്തിയിരിക്കുന്നത് എന്നാണവര്‍ പറയുന്നത്. അവരില്‍ പലരും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരാണ്. മെഹ്ദിയുടെ റൂമിനടുത്ത് താമസിക്കുകയും അദ്ദേഹവുമായി അടുത്തിടപഴകുകയും ചെയ്ത ഒരാള്‍ പറഞ്ഞത്  ‘വാടക കൃത്യസമയത്ത് നല്‍കുന്ന, ആര്‍ക്കും യാതൊരു ഉപദ്രവവുമേല്‍പിക്കാത്ത, വളരെ നന്നായി പെരുമാറുന്ന ഒരു വ്യക്തിയായിരുന്നു മെഹ്ദിയെന്നാണ്.’

മെഹ്ദിയുടെ മാതാപിതാക്കളുടെ വാക്കുകളും അനുഭവങ്ങളും ഈ വാദത്തിന് ബലം നല്‍കുന്നു. ‘എന്റെ മകന്‍ നിരപാരാധിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അവന്‍ ഏര്‍പ്പെട്ടിട്ടില്ല’ എന്നാണ് അദ്ദേഹത്തിന്റ മാതാവ് പറയുന്നത്. മകനോടൊപ്പം ബംഗളൂരുവില്‍ താമസിച്ച അവര്‍ ഈയിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. വെള്ളിയായ്ച മെഹ്ദി വളരെ അസ്വസ്ഥനായിരുന്നുവെന്നും അവന്റെ ഇന്റര്‍നെറ്റ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി അവന്‍ പറഞ്ഞിരുന്നുവെന്നും, ‘എന്താണുമ്മാ സംഭവിക്കുന്നത്?’ എന്നവന്‍ ചോദിച്ചിരുന്നുവെന്നും അവര്‍ സൂചിപ്പിച്ചു. ‘ഐ.എസുമായി എന്റെ മകനുള്ള ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍  പത്രപ്രവര്‍ത്തകര്‍ വന്നപ്പോഴാണ് ആ സംഘടനയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതെന്നും അവരുമായി എന്റെ മകന് ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’ എന്നാണ് മെഹ്ദിയുടെ പിതാവ് പറഞ്ഞത്. ഉമ്മയുമൊത്ത് ബംഗളൂരുവില്‍ റൂമെടുത്ത് താമസിക്കുന്ന, തന്റെ ഇന്റെര്‍നെറ്റ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വളരെ വ്യക്തിപരമായ വിവരം പോലും ഉമ്മയോട് പങ്കുവെക്കുന്ന ഒരു മകനെക്കുറിച്ചാണ് മാതാപിതാക്കള്‍ ഇവിടെ സൂചിപ്പിച്ചത്. എന്നിട്ടും അവര്‍ ഐ.എസിനെക്കുറിച്ച് കേട്ടിട്ടേയില്ല എന്ന് ആണയിടുമ്പോള്‍ തീര്‍ച്ചയായും പോലീസ് ആരോപണങ്ങളെക്കുറിച്ച് നമുക്ക്  സംശയിക്കാവുന്നതാണ്. കള്ളക്കഥമെനയല്‍ അവരുടെ സ്ഥിരം പരിപാടിയായ സ്ഥിതിക്ക് പ്രത്യേകിച്ചും.

രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ അതുല്യമായ പങ്കുവഹിച്ചവരാണ് മുസ്‌ലിംകളെങ്കിലും സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അവര്‍ തഴയപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. മുസ്‌ലിം പിന്നോക്കാവസ്ഥയെക്കുറിച്ച പഠനങ്ങള്‍ ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമങ്ങള്‍ അടുത്ത കാലങ്ങളിലായി മുസ്‌ലിംകളുടെ ഭാഗത്തു നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. വിദ്യാഭ്യാസ മേഖലകളിലേ മുസ്‌ലിംകളുടെ കുതിച്ചു ചാട്ടമാണ് ഇതില്‍ വളരെ പ്രധാനം.  അത്തരം മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം അറസ്റ്റുകളെന്ന് സംശയിക്കാവുന്നതാണ്. വിദ്യാസമ്പന്നരായ ആയിരക്കണക്കിന് യുവാക്കള്‍ വിചാരണത്തടവുകാരായി ഇന്ത്യന്‍ ജയിലുകളില്‍ ഇന്ന് കഴിയുന്നുണ്ട്. ഭരണകൂടവും വര്‍ഗീയ ശക്തികളും ചേര്‍ന്നു നടത്തുന്ന നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാനും, ജാഗ്രത പുലര്‍ത്താനും മുസ്‌ലിംകള്‍ തയ്യാറാകണം. ഇത്തരം കഥകള്‍ വിശ്വസിക്കുന്നതിനു മുമ്പ് അതിന്റെ നിജസ്ഥിതി പരിശോധിക്കുക എന്ന ഏറ്റവും മിനിമം മര്യാദയെങ്കിലും മുസ്‌ലിംകള്‍ കാണിക്കേണ്ടതുണ്ട്. നാളെ അവര്‍ നമ്മളെയും നമ്മുടെ മക്കളെയും തേടിയെത്തില്ലെന്നതിന് യാതൊരുറപ്പുമില്ല. അതിനുള്ള സാധ്യതകളാണ് മുഴച്ചു നില്‍ക്കുന്നത്.

Related Articles