Current Date

Search
Close this search box.
Search
Close this search box.

ഐഎസ് യുദ്ധതന്ത്രം മാറ്റുന്നതിനെ കുറിച്ച മുന്നറിയിപ്പാണ് പാരീസ് ആക്രമണം

ഈ നാളുകളില്‍ യൂറോപില്‍ ജീവിക്കുന്നവര്‍ അനുഭവിക്കുന്ന ഒന്നാണ് ഭൂഖണ്ഡം മുമ്പെങ്ങുമില്ലാത്ത ഭീതിയിലാണ് കഴിയുന്നതെന്നുള്ള കാര്യം. ആ ഭീതിയുടെ കാര്യത്തില്‍ ഭരണകൂടങ്ങളും ജനങ്ങളും സമന്‍മാരാണ്. ഒരു കോടിയിലേറെ വരുന്ന അവിടത്തെ അറബ് മുസ്‌ലിം സമൂഹങ്ങളുടെ അവസ്ഥയും ഒട്ടും ഭിന്നമല്ല. അതിന്റെ കാരണം ‘പാരീസ് യുദ്ധം’ എന്ന രണ്ടു വാക്കുകളിലാണ് കിടക്കുന്നത്.

ഐഎസിന്റെ ശേഷിയെ വിലകുറച്ചു കണ്ടു എന്നതാണ് പാശ്ചാത്യ നേതൃത്വത്തിന്റെ ഭാഗത്ത് സംഭവിച്ച വീഴ്ച്ച. ഇറാഖിലും സിറിയയിലും തങ്ങള്‍ ഒരുക്കികൊടുത്ത സുരക്ഷിതമായ ഇന്‍കുബേറ്ററില്‍ വിരിഞ്ഞിറങ്ങിയ അവര്‍ കൂടുതല്‍ ശക്തിയും വ്യാപ്തിയും കൈവരിച്ചു. ഇറാഖിലെ പടിഞ്ഞാറിന്റെ സൈനിക ഇടപെടലാണ് അതിന്റെ വിത്ത് പാകിയത്. സിറിയയിലേക്ക് ഇറങ്ങി തിരിച്ചവര്‍ക്കെല്ലാം പണവും ആയുധവും നല്‍കി അന്ധത ബാധിച്ച അറബ് സഖ്യ കക്ഷികള്‍ പിന്തുണക്കുകയും ചെയ്തു.

പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ഐഎസിന്റെ പ്രസ്താവന പറയുന്നത് ഒരു ‘കൊടുങ്കാറ്റിന്റെ തുടക്ക’മാണിതെന്നാണ്. ലോകത്തെ സാമ്പത്തിക ശക്തികളായ ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടി കഴിഞ്ഞ ഞായറാഴ്ച്ച തുര്‍ക്കിയിലെ അന്റാലിയയില്‍ ചേര്‍ന്നപ്പോള്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ചല്ല അവര്‍ ചര്‍ച്ച ചെയ്തത്. മറിച്ച് സുരക്ഷാ കാര്യങ്ങളാണ് അതില്‍ വിഷയമായി മാറിയത്. ‘കുപ്പി’യില്‍ നിന്നും പുറത്തു വന്നിരിക്കുന്ന ഈ ‘ഭൂത’ത്തെ കുറിച്ചും അതിന്റെ കഥകഴിക്കുന്നതിനെ കുറിച്ചുമാണ് ജി-20 നേതാക്കള്‍ സംസാരിച്ചത്.

അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ ഐഎസിന്റെ പ്രസ്താവനയെ ഗൗരവത്തില്‍ തന്നെയാണ് എടുത്തിട്ടുള്ളത്. അവര്‍ വേറെയും ആക്രമണങ്ങള്‍ നടത്തുമെന്ന് തന്നെ കരുതണമെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ആ ഭീതി പ്രതിഫലിച്ചിരിന്നു. ഈയൊരു ഒറ്റ ആക്രമണം മാത്രമേ ഐഎസ് ആസൂത്രണം ചെയ്തിട്ടുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും പാരീസ് ആക്രമണത്തെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു. അതേ ഭീതി ബ്രിട്ടനെയും ബാധിച്ചിട്ടുണ്ട്. ഐഎസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുക്കുന്നതിന് ബജറ്റില്‍ പ്രതിരോധത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രസ്താവനകളും ‘ദാബിഖ്’ എന്ന അവരുടെ മാസികയില്‍ വരുന്ന ലേഖനങ്ങളും പരിശോധിക്കുന്ന ഒരാള്‍ക്ക് ബോധ്യപ്പെടുന്ന കാര്യമാണ് അവര്‍ ഉദ്ദേശിക്കുന്നതും ഈ ഭീതി സൃഷ്ടിക്കുക എന്നത് തന്നെയാണെന്നുള്ളത്. അതിനുള്ള പദ്ധതികളാണ് അവര്‍ ആസൂത്രണം ചെയ്യുന്നതും. ഒരു കോടിയിലേറെ വരുന്ന മുസ്‌ലിംകളെ ദോഷകരമായി ബാധിക്കുന്നതിനത് കാരണമാകുന്നു. തങ്ങള്‍ ജീവിക്കുന്ന പുതിയ നാടുമായുള്ള അവരുടെ ബന്ധത്തെയാണ് അത് നശിപ്പിക്കുന്നത്. ഒരു വര്‍ഷത്തോളമായി നടത്തിയ എണ്ണായിരം വ്യോമാക്രമണങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം ഇറാഖിലേക്കും സിറിയയിലേക്കും കരസൈന്യത്തെ അയക്കാനും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളെ അത് പ്രേരിപ്പിച്ചേക്കും.

അബൂബക്കര്‍ നാജി (തൂലികാ നാമം) രചിച്ച് 2003-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘Management of Savagery’ എന്ന പുസ്തകത്തിന്റെ ഒരു പ്രായോഗിക രൂപമാണ് ‘പാരീസ് യുദ്ധം’. എഴുപതിലേറെ പേജുകളുള്ള പുസ്തകത്തിന്റെ പ്രധാന വീക്ഷണങ്ങള്‍ ആവശ്യപ്പെടുന്നത് സുരക്ഷിതമായ അവസ്ഥ ചൂഷണം ചെയ്യല്‍, ശത്രുവിന്റെ ദുര്‍ബലമായ ഭാഗത്ത് ആക്രമണം നടത്തല്‍, ശത്രുവിന് സാമ്പത്തികമായി ക്ഷീണം ഉണ്ടാക്കല്‍, വിനോദസഞ്ചാര മേഖലയെ ലക്ഷ്യമാക്കി ആക്രമണം നടത്തല്‍, അരാജകത്വത്തിന്റെ അവസ്ഥ സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ്. ഒരുപക്ഷേ റഷ്യന്‍ വിമാനം തകര്‍ത്ത് മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തിയതും ഈജിപ്തിന്റെ വിനോദസഞ്ചാര മേഖലയെ തകര്‍ത്തതും അതിന്റെ മറ്റു പ്രായോഗിക രൂപമായിരിക്കാം.

നൂറിലേറെ രാഷ്ട്രങ്ങളാണ് ഐഎസിനെതിരെയുള്ള യുദ്ധത്തിലുള്ളത്. അമേരിക്ക, റഷ്യ, ചൈന എന്നീ ലോകത്തെ വന്‍ശക്തികള്‍ അതിലുണ്ട്. ശക്തിയില്‍ അവരേക്കാള്‍ അല്‍പം താഴെയുള്ള ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളും അക്കൂട്ടത്തിലുണ്ട്. സൗദിയെയും ഇറാനെയും പോലുള്ള പ്രദേശത്തെ വന്‍ശക്തികളും ഐഎസിനെതിരെയുള്ള യുദ്ധത്തിലുണ്ട്. ഇത്രത്തോളം രാഷ്ട്രങ്ങളെ എതിരിടുന്ന ഐഎസ് അവരുടെ തന്ത്രങ്ങള്‍ മാറ്റുകയാണ്. യൂറോപിന്റെ കേന്ദ്രങ്ങളെ ആക്രമിച്ചു കൊണ്ടുള്ള അല്‍ഖാഇദയുടെ രീതിയാണ് അവരും പിന്‍പറ്റുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സിഡ്‌നി സഖ്യത്തിന്റെ വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ അശക്തരായ അവര്‍ പ്രതിരോധത്തിന്റെ തലത്തില്‍ നിന്ന് ആക്രമണത്തിന്റെ തലത്തിലേക്ക് മാറിയിരിക്കുന്നു. ഒരുപക്ഷേ അവരുടെ പ്രസ്താവന സൂചിപ്പിച്ച പോലെ ‘കൊടുങ്കാറ്റിന്റെ തുടക്ക’മായിരിക്കാം ‘പാരീസ് യുദ്ധം’.

യുദ്ധതന്ത്രത്തിലെ ഈ മാറ്റം പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് വലിയ ഭീഷണിയും അപകടവുമാണ്. ഒരു പക്ഷേ അറബ് രാഷ്ട്രങ്ങള്‍ക്കും. കഴിഞ്ഞ മാസങ്ങളില്‍ നഗരങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടത്തില്‍ ഐഎസിന് നിരാശയുണ്ട്. വലിയ ആള്‍ നഷ്ടം അവര്‍ക്കതില്‍ ഉണ്ടായിട്ടുണ്ട്. യുദ്ധതന്ത്രത്തിലെ ഈ മാറ്റത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഐഎസ് തിങ്കളാഴ്ച്ച പുറത്തുവിട്ട പുതിയ വീഡിയോ. മുസ്‌ലിംകളല്ലാത്തവരെ കാണുന്നിടത്ത് വെച്ച് കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് പ്രസ്തുത വീഡിയോ. അതില്‍ തന്നെ ഒരു ഐഎസ് പോരാളി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സോ ഒലാന്റിനോട് പറയുന്നതിങ്ങനെയാണ്: ‘സത്യമായിട്ടും താങ്കളെ മരണത്തിന്റെ വിവിധ നിറങ്ങളിലുള്ള കോപ്പകള്‍ ഞങ്ങള്‍ രുചിപ്പിക്കും… നിങ്ങളാണ് തുടങ്ങിയത്… ബോബുകളും സ്‌ഫോടക വസ്തുക്കളുമായി ഞങ്ങള്‍ യൂറോപിലേക്ക് വരികയാണ്. ഞങ്ങളെ മടക്കിയയക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കാരണം മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണിന്ന് ഞങ്ങള്‍.. അല്ലയോ ഫ്രാന്‍സേ അറിഞ്ഞു കൊള്ളുക നിന്റെ കുറ്റകൃത്യങ്ങള്‍ ഞങ്ങള്‍ മറന്നിട്ടില്ല.’

യുദ്ധതന്ത്രത്തില്‍ വരുത്തിയിരിക്കുന്ന ഭീതിയുണ്ടാക്കുന്ന ഈ മാറ്റത്തെ വിലകുറച്ചു കാണാനാവില്ല. കടുത്ത സുരക്ഷാ വലയങ്ങള്‍ ഭേദിച്ചാണ് അവര്‍ ഫ്രാന്‍സില്‍ നിന്നും ബല്‍ജീകിയയില്‍ നിന്നും പോരാളികളുടെ മൂന്നാം തലമുറയെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ പിതാക്കന്‍മാരുടെ നാടിനെ മാപ്പുകളിലോ ടൂറിസ്റ്റ് മാഗസിനുകളിലോ മാത്രം കണ്ടിട്ടുള്ളവരാണ് അവര്‍. മുന്‍ ആക്രമങ്ങളെ പോലെ ‘ഒറ്റപ്പെട്ട ചെന്നായ’യോ നിരാശനായ ഏതെങ്കിലും വ്യക്തിയോ നടത്തിയ ആക്രമണല്ല പാരീസിലുണ്ടായിട്ടുള്ളത്. ബെല്‍റ്റ് ബോംബുകളും തോക്കുകളുമായി എട്ടു പേര്‍ ചേര്‍ന്ന് തെരെഞ്ഞെടുത്ത ലക്ഷ്യത്തെ ആക്രമിക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ച്ചിട്ടുള്ള അപാരമായ ബുദ്ധിയും നന്നായി പഠിച്ച് തയ്യാറാക്കിയിട്ടുള്ള പദ്ധതിയും ഉയര്‍ന്ന സംഘടനാ പാടവവും അത് വെളിപ്പെടുത്തുന്നുണ്ട്.

പാരീസ് ആക്രമണത്തിന് മറുപടിയായി ഫ്രാന്‍സ് ഉടന്‍ തന്നെ വ്യോമാക്രമണം നടത്തിയത് നാം കണ്ടതാണ്. എന്നാല്‍ ജനതയുടെ രോഷം ശമിപ്പിക്കാനുള്ള ഒരു കേവല ശ്രമമായിട്ടേ അതിനെ മനസ്സിലാക്കാനാകൂ. ഉടന്‍ നല്‍കുന്ന മറുപടി ഒരുപക്ഷേ ദോഷഫലമായിരിക്കും ഉണ്ടാക്കുക. ധൃതിവെക്കലല്ല പരിഹാരം. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അഫ്ഗാനില്‍ നടത്തിയ യുദ്ധം ഓര്‍ക്കുന്നത് നന്നായിരിക്കും. രണ്ടു വര്‍ഷത്തിന് ശേഷം നടത്തിയ ഇറാഖ് അധിനിവേശവും ഓര്‍ക്കുന്നത് നല്ലതാണ്. അവ കൂടുതല്‍ ആവര്‍ത്തിക്കാതെ വായനക്കാരന് വിട്ടുനല്‍കാനാണ് ഞാനുദ്ദേശിക്കുന്നത്.

ഐഎസിനെ നേരിടുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമ്പൂര്‍ണമായ ഒരു നയം അനിവാര്യമാണ്. സിറിയന്‍ പ്രശ്‌നത്തിന് മാത്രമല്ല, പ്രദേശത്തെ മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരം ഉണ്ടാക്കുന്നതിനായിരിക്കണം അതില്‍ പ്രധാന പരിഗണന. കാര്യങ്ങള്‍ ഇത്രത്തോളം രക്തരൂക്ഷിതമായ നിലയിലെത്തിച്ച പടിഞ്ഞാറന്‍ നയങ്ങളും വിഡ്ഢിത്വം നിറഞ്ഞ അറബ് നയങ്ങളും പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന സുരക്ഷാ സൈനിക പരിഹാരങ്ങളാണ് പരാജയപ്പെട്ടിരിക്കുന്നത്. കൂടുതല്‍ അപകടകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. മൂന്നു വര്‍ഷത്തിലേറെ കാലമായി പാശ്ചാത്യരും അവരുടെ വാലാട്ടികളായ അറബികളും ബൈസാന്റിയന്‍ രീതിയിലാണ് തര്‍ക്കിച്ചു കൊണ്ടിരിക്കുന്നത്. ആരാണ് ആദ്യം, അസദോ ഇസ്‌ലാമിക് സ്‌റ്റേറ്റോ? അസദ് തന്റെ സ്ഥാനത്ത് തന്നെ അവശേഷിക്കുകയും ഐഎസ് ശക്തിപ്പെടുകയും വ്യാപിക്കുകയും ചെയ്തിരിക്കുന്നു. സ്‌ഫോടക വസ്തുക്കളും ബോംബുകളുമായി അവര്‍ പാരീസില്‍ വരെ എത്തി. അടുത്ത ഭീകരാക്രമണം എവിടെയായിരിക്കുമെന്ന് ദൈവത്തിനറിയാം.

മൊഴിമാറ്റം: നസീഫ്‌

Related Articles