Current Date

Search
Close this search box.
Search
Close this search box.

ഏക് ദിന്‍ കാ സുല്‍ത്താന്‍

പരസഹായമില്ലാതെ ഏറെ പ്രയാസപ്പെടുന്നവരെ തിരിഞ്ഞു നോക്കാന്‍ സമയമില്ലാത്ത സഹജരും, സമുഹവും. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം സ്ഥിതിഗതികള്‍ മാറിമറിയും. ഒരു ദിവസത്തെ സുല്‍ത്താന്‍ എന്ന പിവി കൃഷ്ണന്റെ (Pv Krishnan)പോസ്റ്റില്‍ ചിരിയ്ക്കും ചിന്തയ്ക്കും വകയുണ്ട്.
ഇത് പോലെ താങ്ങുന്നവര്‍ക്കല്ല നമ്മള്‍ വോട്ട് ചെയ്യേണ്ടത്. നമ്മോടൊപ്പം, നമ്മളില്‍ ഒരാളായി നില്‍ക്കുന്നവര്‍ക്ക്, നമ്മുടെ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ക്ക് വേണം. എന്ന പ്രതികരണവും കൂട്ടിവായിക്കാം.
***************************************
തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കേരളത്തിലെത്തിയ ഗുജറാത്ത് മുഖ്യന്‍ നടത്തിയ പ്രസംഗത്തിലെ ‘കേരളം ഭീകരവാദത്തിന്റെ നഴ്‌സറി; എന്ന പരാമര്‍ശത്തിനെതിരെ ബ്‌ളോഗര്‍  അബ്‌സാര്‍ മുഹമ്മദ് (Absar Mohamed)  വളരെ സരസമായി പ്രതികരിച്ചു.  

‘ഭീകരരുടെ സര്‍വകലാശാലയായ ഗുജറാത്തിലെ മുഖ്യമന്ത്രിയും ഭീകര സര്‍വകലാശാലയുടെ പ്രിന്‍സിപ്പാളുമായ നരേന്ദ്രമോഡിയുടെ ഈ വാക്കുകള്‍ മലയാളിയുടെ ഭീകരവിരുദ്ധ നിലപാടുകള്‍ക്കുള്ള അംഗീകാരം ആണ്.’നരേന്ദ്രമോഡിയും സംഘവും കിണഞ്ഞു ശ്രമിച്ചിട്ടും കേരളത്തെ ഭീകരവാദത്തിന്റെ എല്‍ പി സ്‌കൂള്‍ പോലും ആക്കാന്‍ കഴിയാത്തതില്‍ മലയാളിക്ക് അഭിമാനിക്കാമെന്നും അബ്‌സാര്‍ തുടര്‍ന്നെഴുതിയിരിക്കുന്നു.

***************************************

‘മലയാളി, മതത്തിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. മതത്തിന്റെ പേരിലുള്ള എന്തിനേയും അവന്‍ നിര്‍ലജ്ജം പേടിക്കുന്നു. ആത്മീയം എന്ന ഓമനപ്പേരില്‍ മുഖ്യധാരമാഫിയ സമൂഹത്തില്‍ പിടി മുറുക്കികഴിഞ്ഞു. പണ്ട് കുട്ടികളെ മാമുണ്ണിക്കാനായി ഉക്കൂക്കി വരുന്നു എന്ന് ഭീഷണിപ്പെടുത്തിയിരുന്നിടത്ത് ഇന്ന് എണ്ണപ്പെട്ട മത ആത്മീയ മാഫിയകളുടെ പേര് പറഞ്ഞാല്‍ മതി എന്നായിരിക്കുന്നു! എല്ലാത്തരം മതതമോശക്തികളും അക്രമവും ഭീഷണിയും സര്‍വാധിപത്യത്തിന്റെ മാര്‍ഗ്ഗമായി തിരഞ്ഞെടുത്തിരിക്കുന്നു.’ രവിചന്ദ്രന്‍ സിയുടെ ബ്‌ളോഗ് (nasthikanayadaivam.blogspot.in) പോസ്റ്റിലെ മൂര്‍ച്ചയുള്ള വരികളാണിത്.

വോള്‍ട്ടയറിന്റെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ ബൗദ്ധിക നിലപാടുകള്‍ സംഗ്രഹിച്ചുകൊണ്ട് ഇവ്‌ലിന്‍ ബിയാട്രീസ് ഹോള്‍ എഴുതിയ ഒരു ഉദ്ധരിണിയും ശ്രദ്ധേയമാണ്.
‘നിങ്ങള്‍ പറയുന്നതിനോട് വിയോജിക്കുന്നു, പക്ഷെ അത് പറയാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ജീവന്‍ ത്യജിക്കാന്‍ പോലും ഞാന്‍ തയ്യാറാണെന്ന്.’

വിലകൊടുത്ത് വാങ്ങാനാവാത്ത ധാര്‍മ്മികതയും ഭീഷണിക്കുമുന്നില്‍ വളയാത്ത നട്ടെല്ലുമായി നിര്‍ഭയം മുന്നോട്ട് നീങ്ങുന്ന ബ്രിട്ടാസിനെയും കൈരളി സംഘത്തേയും അഭിനന്ദിച്ചു കൊണ്ടുള്ള മേല്‍മുറിയുടെ ഒരു പോസ്റ്റും ഇതോടൊപ്പം വായിക്കാം. ഒരുസന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധരായ ഡിസി യും ഈ പ്രശംസ അര്‍ഹിക്കുന്നുണ്ട്.

***************************************

നിശാഗന്ധിയുടെ ഇതൊക്കെയാണ് ജിവിതം എന്ന കവിത ഹൃദ്യം. ജീവിതാനുഭവങ്ങളുടെ ഭിന്നഭാവങ്ങള്‍ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കിയിരിക്കുന്നു. (angelasthoughtss.blogspot.in)

‘വരള്‍ച്ചയിലേയ്ക്ക് വിത്ത് പാകി
കാത്തു കാത്തിരിക്കണം
ഒരു മഴ, ഒരു തുള്ളി,
ഒരു തളിര്‍പ്പ്, ഒരില,
ഒരു തണ്ട് , രണ്ട് , മൂന്ന്, നാല്
എന്നിട്ടൊടുവില്‍
ഒടുവില്‍
ഒരു ദിവസം ഒരു മൊട്ട്..
അതൊന്നു വിരിഞ്ഞു
പൂവാകുമ്പോഴാണ്
കാത്തിരിപ്പിന്റെ നൊമ്പരപ്പെടുത്തുന്ന
ആത്മസുഖം അനുഭവിക്കുന്നത്……..’

***************************************

‘ഈര്‍ക്കിലികള്‍ ഒറ്റക്ക് നിന്നാല്‍
ഐക്യത്തിന്‍ ശക്തിയുണ്ടാകുന്നില്ല.
ഒരുമിച്ചാല്‍ പിന്നെ ഈര്‍ക്കിലികളില്ല ….’
സൈനുദ്ധീന്‍ ഖുറൈശിയുടെ (Zainudheen Quraishi)  അവസരോചിതമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലെ ആദ്യ ഭാഗമാണിത്.

അവസാനഭാഗം ഏറെ ആകര്‍ഷകമായി തോന്നി
‘രാഷ്ട്രീയം അരാഷ്ട്രീയമാക്കുന്നത്
പ്രത്യയശാസ്ത്ര ഗുരുക്കന്മാരാണ്.
സുഖലോലുപരുടെ ശാസ്ത്രമല്ല
പൊറുതിമുട്ടിയവന്റെതെന്നറിയുക.
അഴുക്കുകള്‍ നമ്മില്‍ തന്നെയെന്നതിനാല്‍
ആത്മശുദ്ധി തന്നെ പ്രത്യയശാസ്ത്രം….!!’

Related Articles