Current Date

Search
Close this search box.
Search
Close this search box.

എല്ലാം ഒറ്റക്കനുഭവിക്കാന്‍ വിധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍

ദുരിതങ്ങള്‍ അനുഭവിക്കുന്ന സമയത്തെല്ലാം വേദനകള്‍ ആരോരും സഹായത്തിനില്ലാതെ കരഞ്ഞു തീര്‍ക്കേണ്ട ഗതികേടിലാണ് ഇന്ത്യയിലെ ചില പിന്നോക്ക മതവിഭാഗങ്ങള്‍. ഗോത്രവര്‍ഗക്കാര്‍ അല്ലെങ്കില്‍ ആദിവാസികള്‍ എന്നു വിളിക്കുന്ന ദളിതുകളും മറ്റു ന്യൂനപക്ഷങ്ങളുടെയും സ്ഥിതിയിതാണ്.

വളരെ കുറച്ച് സജീവ മനുഷ്യാവകാശ സംഘടനകള്‍ മാത്രമേ വ്യവസ്ഥാപിതമായി വിവരങ്ങള്‍ ശേഖരിച്ച് മീഡിയകളെ സമീപിക്കുകയും, പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുള്ളു. പക്ഷെ മുമ്പ് സര്‍ക്കാറിന്റെ നയരൂപീകരണത്തിലും, നിയമവ്യവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നതിനും വേണ്ടി നടത്തപ്പെട്ട ദേശീയാടിസ്ഥാനത്തിലുള്ള വര്‍ഗ വംശ ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായ സമരമുഖങ്ങള്‍ ഇവരുടെ വിഷയത്തില്‍ എങ്ങും കാണാന്‍ സാധിച്ചിട്ടില്ല.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അദ്ധ്യായങ്ങളില്‍ ഒന്നാണ് 1984 ഒക്ടോബറില്‍ നടന്ന സിഖ് കൂട്ടക്കൊല. 5000 സിഖ് മതവിശ്വാസികള്‍ കൊല്ലപ്പെട്ടതില്‍ 3500 പേരും ഡല്‍ഹി നിവാസികളായിരുന്നു.

ആയുധം കൈയ്യിലേന്തിയ സിഖ് തീവ്രവാദികളെ കീഴടക്കുവാന്‍ വേണ്ടി അവരുടെ തീര്‍ഥാടന കേന്ദ്രവും, പുണ്യസ്ഥലവുമായ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പട്ടാളത്തെ അയച്ചതോടെയാണ് പ്രശ്‌നങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. സിഖ് സംഘത്തിന്റെ നേതാവായ ബിന്ത്രന്‍വാലയെ സൈന്യം കൊലപ്പെടുത്തുകയും, വിശ്വാസി സമൂഹത്തിന്റെ നേതാവ് ഇരിക്കുന്ന പീഠം തകര്‍ക്കുകയും ചെയ്തു.

പ്രതികാരമെന്നോണം രണ്ട് അംഗരക്ഷകര്‍ തന്നെ ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊല്ലുകയാണുണ്ടായത്. തുടര്‍ന്ന് ആയുധങ്ങളും, പെട്രോള്‍ കാനുകളും കൈയ്യിലേന്തിയ ഹിന്ദുക്കളും, മറ്റു ഗ്രൂപ്പുകളും അടങ്ങിയ സംഘം താടിയും തലപ്പാവും വെച്ച കണ്ണില്‍ കണ്ടവരെയെല്ലാം ജീവനോടെ അഗ്നിക്കിരയാക്കി. വര്‍ഗീയതയുടെ തീനാളം നഗരത്തില്‍ മൂന്ന് ദിവസം അണയാതെ നിന്നു.

വളരെ കുറച്ച് പത്രങ്ങള്‍ മാത്രമാണ് അന്ന് സിഖ് കൂട്ടകൊലയെ കുറിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പേരിന് ഒരു പ്രതിഷേധ പ്രകടനം പോലും ഉണ്ടായില്ല. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനുള്ള പ്രതികാരം എന്ന നിലയില്‍ എല്ലാവരും കലാപത്തിന് നേരെ കണ്ണടച്ചു. മകനും പിന്നീട് പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി സംഭവത്തോട് പ്രതികരിച്ചത് ഇങ്ങനെ ‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി ചെറുതായൊന്ന് കുലുങ്ങാറുണ്ട്’.

മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇരകളുടെ മനസ്സില്‍ നിന്ന് ഒന്നും മാഞ്ഞു പോയിട്ടില്ല. കൊല്ലപ്പെട്ടവരുടെ വിധവകളും, കുടുംബങ്ങളും കോടതികളില്‍ ആരും സഹായത്തിനില്ലാതെ ഇന്നും നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്. കേസിന്റെ സമീപകാല പുരോഗതികള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരാറില്ല. തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയത്ത് പഞ്ചാബ് പോലെയുള്ള സിഖ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ കലാപത്തെ പറ്റി ഓടിച്ച് പരാമര്‍ശിച്ച് വിടുകയാണ് പതിവ്.  

150 ദശലക്ഷം വരുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹം സ്വാതന്ത്ര്യം നേടിയതിന് ശേഷം നിരവധി വര്‍ഗീയ കലാപങ്ങള്‍ക്കാണ് ഇരയായത്. 1963 ല്‍ അഹമദാബാദ്, 1989 ല്‍ ബഗല്‍പൂര്‍, 1992-93 ല്‍ മുംബൈ, 2002 ല്‍ ഗുജറാത്ത് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയിലെല്ലാം ഹിന്ദു വര്‍ഗീയ വാദികളുടെ പങ്ക് വളരെ വ്യക്തമായിരുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ചിലരെ ഗവണ്‍മെന്റ് നിശബ്ദമാക്കുകയും ചെയ്തു. ഇരുകൈകളും മുറിഞ്ഞശേഷം സ്വയം മുറിവില്‍ മരുന്നു വെക്കേണ്ട ഗതികേടിലകപ്പെട്ടവനെ പോലെയായി ഇതോടെ മുസ്‌ലിം സമൂഹം.
നീതിയുടെ എല്ലാ വാതിലും അടഞ്ഞു തന്നെ കിടന്നു. കൂട്ടക്കൊലയെ ന്യായീകരിച്ച് കൊണ്ടുള്ള മുറുമുറുപ്പുകള്‍ നാലുപാടു നിന്നും ഉയര്‍ന്ന് വരാന്‍ തുടങ്ങിയിരുന്നു.
2008 ല്‍ ഒറീസയിലെ കണ്ടമാലിലും, കര്‍ണാടകയിലെ മംഗലാപുരത്തും ക്രസ്തുമത വിശ്വാസികള്‍ ഹൈന്ദവ ദേശീയവാദികളുടെ ആക്രമണത്തിന് പാത്രമായിരുന്നു. നീതിനിഷേധത്തിന്റെ തുടര്‍ കഥകളില്‍ ഒന്നായി ഈ സംഭവവും ഒതുങ്ങുകയാണുണ്ടായത്. കലാപത്തിന്റെ ആറാം വാര്‍ഷികത്തില്‍ നീതിക്ക് വേണിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ പിന്തുണ ലഭിക്കാന്‍ പരിപാടികള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ലഭിച്ചില്ല. ഇതില്‍ നിന്നെല്ലാം ഒന്നു മാത്രമാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത് : മേല്‍ ജാതികളുടെയും, മധ്യവര്‍ഗത്തിന്റെയും പിന്തുണ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് പ്രതീക്ഷിക്കേണ്ടതില്ല, മറിച്ച് അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിലേക്ക് ഒറ്റക്ക് തന്നെ പടനയിക്കേണ്ടിരിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയിലും മറ്റും വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒരു ദളിത് യുവതി ക്രൂമായി ബലാല്‍സംഗത്തിരയായപ്പോള്‍ അത്തരത്തിലുള്ള ഒരു പ്രതിഷേധവും കണ്ടില്ല. സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിഷം ചീറ്റുന്ന, ബി.ജെ.പി അധികാരത്തിലേറുന്നതിന് വലിയ സംഭാവനകള്‍ നല്‍കിയ സംസ്‌കാരിക ഗ്രൂപ്പുകളെ മാത്രം ഇതിന് പഴിപറഞ്ഞിട്ട് കാര്യമില്ല. സാമൂഹിക ശാസ്ത്രജ്ഞര്‍ ഇതിനെ വിശദീകരിക്കേണ്ടതുണ്ട്.

ന്യൂനപക്ഷ സമൂഹങ്ങള്‍ അതിഭീകരമായ ഒറ്റപ്പെടല്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടു എന്നതാണ് ഇത് മുഖേന ഉണ്ടായത്. ഇത് മാത്രമല്ല ചേരികളുടെ ‘സുരക്ഷിതത്വത്തിലേക്ക്’ അവര്‍ ഉള്‍വലിഞ്ഞതിന് കാരണം. ചിലപ്പോള്‍ ജീവിക്കാനുള്ള കൊതിക്കൊണ്ടാകാം. ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പോലെയുള്ള മാനസിക സംഘര്‍ഷങ്ങള്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കാറില്ല. കാരണം മുസ്‌ലിംകളോടുള്ള പോലിസിന്റെയും, നീതിന്യായ വ്യവസ്ഥയുടെയും സമീപനം അത്രക്ക് മോശമാണ്. മുസ്‌ലിംകള്‍ തെമ്മാടികളാണ് എന്ന മുന്‍ധാരണയാണ് പോലിസിനെ ഭരിക്കുന്നത്. ദുരന്തങ്ങളോട് പ്രതികരിക്കുന്നതില്‍ ഇരുകൂട്ടരും ഒരേ മനസ്ഥിതിയുള്ളവരാണെന്ന് കാണുവാന്‍ സാധിക്കും.

ഇത്തരത്തില്‍ വൈകാരികമായും, മാനസികമായും തകര്‍ന്നു പോവുന്ന സമൂഹങ്ങള്‍ പൊതുവേ ഉള്‍വലിയാറാണ് പതിവ്. മുസ്‌ലിംങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ ഇടപ്പെട്ടു കാണാറില്ല. ഈയടുത്ത കാലത്ത് മാത്രമാണ് ചര്‍ച്ച് ദളിതുകളുടെയും മറ്റ് ഗോത്ര വര്‍ഗങ്ങളുടെയും കാര്യങ്ങളില്‍ ശ്രദ്ധചെലുത്തി തുടങ്ങിയത്. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിന് പാത്രമാവാന്‍ തുടങ്ങിയതോടെ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ അത്തരം ഉദ്യമങ്ങളില്‍ നിന്നും പിന്‍മാറിയ മട്ടാണ്.

ഉള്‍വലിയലിന്റെ സ്വാഭാവിക തേട്ടമായിട്ടാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തികൊണ്ടിരിക്കുന്ന കൂട്ടകുരുതിയെ പറ്റി ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ നിശബ്ദതയെ പലരും വീക്ഷിക്കുന്നത്. എന്നാല്‍ ഇസ്രായേലിന് പൂര്‍ണ്ണ പിന്തുണ തുറന്നു പ്രഖ്യാപിക്കുന്നവരാണ് ക്രിസ്ത്യന്‍ സമൂഹത്തിലെ ഭൂരിപക്ഷവും. ഇസ്രായേലികളെ ‘ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍’ എന്ന നിലക്കാണ് ഇക്കൂട്ടര്‍ കാണുന്നത്.

മുസ്‌ലിം സമുദായം ഒന്നടങ്കം ഗസ്സയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. അതേ സമയം ഓരോ ശരാശരി ഇന്ത്യക്കാരനും ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെ പിന്തുണക്കുകയാണ് ചെയ്തത്. ക്രിസ്ത്യന്‍ നേതൃത്വം പ്രകടനം പോയിട്ട് ചെറിയ ഒരു പ്രസ്താവന പോലും ഇറക്കാന്‍ തയ്യാറായില്ല.

മിഡില്‍ ഈസ്റ്റില്‍ പ്രബുദ്ധരായ ഒരുകൂട്ടം ക്രസ്ത്യന്‍ ബുദ്ധിജീവികള്‍ സ്വസമുദായത്തിന്റെ ഉള്‍വലിയലിനെ വിമര്‍ശിച്ചു കൊണ്ടും, അക്രമങ്ങള്‍ക്കെതിരെയും, അനീതിക്കെതിരെയും പ്രതികരിക്കാതെ നിശബ്ദമായിരിക്കുന്നതിനെ ചോദ്യം ചെയ്തും രംഗത്തു വരികയുണ്ടായി. സ്വന്തം സമുദായത്തിന് എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം കര്‍മനിരതരാവുക എന്നത് ധര്‍മ്മ ബോധത്തിന് നിരക്കാത്തതാണ്. സ്‌നേഹം ഒരിക്കലും സാമുദായികമാവരുത്. സ്വാര്‍ത്ഥതയെ നീതിവിചാരവും, മനുഷ്യനന്മയും അതിലംഘിക്കേണ്ടതുണ്ട്.

(ജോണ്‍ ദയാല്‍ ‘ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍’ ന്റെ ജനറല്‍ സെക്രട്ടറിയും, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ദേശിയോദ്ഗ്രഥന കൗണ്‍സില്‍ അംഗവുമാണ്.)

വിവ : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles