Current Date

Search
Close this search box.
Search
Close this search box.

എന്ത് ഭാരമാണ് ഒരു വ്യാഖ്യാതാവ് വഹിക്കുന്നത്?

‘ദൈവികവചനം അന്വേഷകനാണ് ഇറക്കപ്പെട്ടിരിക്കുന്നത്.’ ഇതില്‍ ഏതാണ് ആദ്യം വരുന്നത്? വചനമോ അന്വേഷകനോ? ഒറ്റ നോട്ടത്തില്‍ ഇതൊരു നിരുപദ്രവകരമായ ചോദ്യമായി തോന്നിയേക്കാം. എന്നാല്‍ ദൈവത്തോടൊപ്പം അനശ്വരമെന്ന് മിക്ക മുസ്‌ലിംകളും വിശ്വസിക്കുന്ന ഖുര്‍ആനെപ്പോലെയുള്ള ഒരു ഗ്രന്ഥത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ട് തന്നെ ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രത്തെക്കുറിച്ച ഒരു പഠനം എവിടെയാണ് തുടങ്ങേണ്ടത്? ഗ്രന്ഥത്തില്‍ നിന്നാണോ അതോ അതിറങ്ങിയ പശ്ചാത്തലത്തില്‍ നിന്നാണോ? ഏതൊരു സാഹിത്യ കൃതിയിലും ആത്മകഥാംശമടങ്ങിയിരിക്കും എന്നതിനാല്‍ തന്നെ എന്റെ തന്നെ വ്യക്തിപരവും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ ചരിത്രത്തിലാണ് ഞാന്‍ എന്റെ ആശയങ്ങളുടെ ജനനത്തെ കണ്ടെത്തുന്നത്.

അപരന്റെ മേല്‍ മതപരവും വംശീയവും ലൈംഗികവുമായ അനീതി നടപ്പിലാക്കാനുള്ള മനുഷ്യരാശിയുടെ കഴിവ് എന്റെ മനസ്സിനെ വല്ലാതെ ഇളക്കിയിട്ടുണ്ട്. മാനവികതക്ക് വേണ്ടി നിലകൊള്ളാനുള്ള താല്‍പര്യത്തിന്റെയോ അല്ലെങ്കില്‍ അതിനുള്ള കഴിവ്‌കേടിന്റേയോ നിരാസത്തിന്റെയോ അടിസ്ഥാനത്തില്‍ കാലങ്ങളായി ഞാന്‍ എന്റെ മനുഷ്യത്വത്തെയും അതിന്റെ കുറവിനെയും മൂല്യനിര്‍ണ്ണയം നടത്തിയിട്ടുണ്ട്.

എനിക്ക് വെറും മൂന്ന് ആഴ്ച പ്രായമുള്ളപ്പോഴാണ് എന്റെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ച് പോയത്. ആറ് മക്കളാണ് എന്റെ ഉമ്മക്കുണ്ടായിരുന്നത്. അതില്‍ മൂന്ന് പേര്‍ ആദ്യത്തെ വിവാഹത്തില്‍ ഉണ്ടായതായിരുന്നു. മൂന്നാമത്തെ മകന് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ആദ്യഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് പോയത്. കേപ്ഫളാറ്റ്‌സിലെ വര്‍ണനഗരമായ ബോന്‍ഡെഹ്യൂവെലിലാണ് (Bonteheuwel) ഞാന്‍ വളര്‍ന്നത്. Group Areas Act പ്രകാരം അവിടേക്ക് ഞങ്ങളെ നിര്‍ബന്ധപൂര്‍വ്വം നീക്കുകയായിരുന്നു. 1952ല്‍ നടപ്പിലാക്കിയ വര്‍ണ്ണവിവേചനത്തിലധിഷ്ഠിതമായ ഈ നിയമപ്രകാരം കറുത്തവര്‍ക്കും ഇന്ത്യക്കാര്‍ക്കും രാജ്യത്തെ തരിശായ ഭൂമികളായിരുന്നു നീക്കി വെച്ചിരുന്നത്. ധരിക്കാന്‍ ചെരുപ്പില്ലാതെയായിരുന്നു ഞങ്ങള്‍ ഒരുപാട് കാലം സ്‌കൂളില്‍ പോയിരുന്നത്. മഞ്ഞ് മൂടിയ നിലത്തിലൂടെ ഞങ്ങള്‍ ഓടുകയായിരുന്നു ചെയ്തിരുന്നത്. ഓടുമ്പോള്‍ മഞ്ഞില്‍ ചവിട്ടുമ്പോഴുണ്ടാകുന്ന കാല്‍ വീക്കത്തില്‍ നിന്നും രക്ഷപ്പെടാം എന്നതായിരുന്നു കാരണം. വേദനാജനകമായ വേറെയും ഒരുപാട് അനുഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഞാനും എന്റെ സഹോദരനും ഭക്ഷണത്തിനായി അയല്‍വാസികളുടെ വീടുകള്‍ കയറിയിറങ്ങുകയും ഒഴിവാക്കിയ ആപ്പിളുകള്‍ക്കായി ഓവ്ചാലുകളിലിറങ്ങുകയും ചെയ്യാറുണ്ടായിരുന്നു.

വര്‍ണ്ണവിവേചനം നിലനില്‍ക്കുന്ന സൗത്താഫ്രിക്കയിലെ ഒരാവിഷ്‌കാരം മാത്രമാണ് ദാരിദ്ര്യം. ഇവിടെ 1980 കളില്‍ ആകെയുള്ള ജനസംഖ്യയുടെ ആറിലൊന്ന് മാത്രം വരുന്ന വെളുത്തവര്‍ ദേശീയ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കൈവശപ്പെടുത്തുകയുണ്ടായി. എന്നാല്‍ രാജ്യത്തിന്റെ വരുമാനത്തിലേക്ക് ഏറിയ പങ്കും സംഭാവന ചെയ്യുന്ന കറുത്തവര്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണന ഒരിക്കലും ലഭിച്ചിട്ടില്ല. ദിവസക്കൂലി ലഭിക്കുന്നവര്‍ എന്ന വിഭാഗത്തില്‍ പോലും പെടുത്താന്‍ കഴിയാത്ത തൊഴില്‍ രഹിതര്‍ മില്യണ്‍ കണക്കിന് വരും. അവര്‍ പറയുന്നത് നോക്കൂ: ”ഞങ്ങള്‍ വിജനഭൂമിയിലാണ് ഉറങ്ങുന്നത്. ഒന്നും കഴിക്കാതെയാണ് ഞങ്ങളുറങ്ങുന്നതും എഴുന്നേല്‍ക്കുന്നതും. ഞങ്ങള്‍ ജോലിയന്വേഷിക്കാന്‍ പോകാറുണ്ട്. കിട്ടിയില്ലെങ്കില്‍ തിരിച്ച് വന്ന് ചവറ്റ് തൊട്ടികള്‍ പുറത്തെടുത്ത് നോക്കൂം. കഴിക്കാന്‍ പറ്റിയ വല്ലതും അതിനകത്തുണ്ടോ എന്നാണ് ഞങ്ങള്‍ നോക്കാറുള്ളത്.

ഒരു ഫാക്ടറിയിലായിരുന്നു എന്റെ ഉമ്മ ജോലി ചെയ്തിരുന്നത്. കാര്യമായ കൂലിയൊന്നും അവിടെ നിന്ന് ലഭിച്ചിരുന്നില്ല. അതിരാവിലെ മുതല്‍ വൈകീട്ട് ഇരുട്ടുന്നത് വരെ ഉമ്മ അവിടെ പണിയെടുക്കുമായിരുന്നു. വര്‍ണ്ണവിവേചനത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇരയായിരുന്നു ഞാന്‍. സാമ്പത്തിക ചൂഷണത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഭാരം വഹിക്കുന്ന എന്റെ ഉമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതെല്ലാം നീതിയോട് പ്രതിജ്ഞാബന്ധമായി നിലകൊള്ളാന്‍ എന്നൈ പ്രേരിപ്പിക്കുകയുണ്ടായി.

നിരവധി വിശ്വാസങ്ങളുടെ ഭൂമി
വിന്‍ബെന്‍ര്‍ഗിലും ബോന്‍ഡെഹ്യൂവിലും ഞങ്ങളുടെ വീടിന്റെ ഇരുഭാഗങ്ങളിലും ക്രൈസ്തവ സഹോദരന്‍മാര്‍ താമസിച്ചിരുന്നു. സ്‌കൂളുകളില്‍ ദേശീയ ക്രൈസ്തവ വിദ്യാഭ്യാസമായിരുന്നു(Christian National Education)  ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. അപ്പാര്‍ത്തീഡ് രാഷ്ട്രത്തിന്റെ നല്ല ദൈവഭയമുള്ളവരും അനുസരണയുള്ളവരുമായ പൗരന്‍മാരായി ഞങ്ങളെ വാര്‍ത്തെടുക്കാനുള്ള യാഥാസ്ഥിക മത പ്രത്യയശാസ്ത്രമായിരുന്നു അത്. ക്രൈസ്തവരല്ലാതെ പിന്നെ എനിക്ക് പരിചയമുണ്ടായിരുന്ന ഒരു അമുസ്‌ലിം സുഹൃത്തുക്കള്‍ ജൂതനായയിരുന്ന മിസ്റ്റര്‍ ഫ്രാങ്കും പ്രൈമറി സ്‌കൂളില്‍ പഠിച്ചിരുന്ന ബഹായ് പെണ്‍കുട്ടിയായിരുന്ന താഹിറയുമായിരുന്നു. മറ്റുള്ളവരുമായി തങ്ങളുടെ വിശ്വാസം ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും അവളെ മാതാപിതാക്കള്‍ തടഞ്ഞിരുന്നു.

(ഫരീദ് ഇസ്ഹാഖിന്റെ Qur’an, Liberation and pluralism കൃതിയുടെ ആമുഖം)

വിവ: സഅദ് സല്‍മി

Related Articles