Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ബ്രാഹ്മണര്‍ സംവരണത്തെ എതിര്‍ക്കുന്നു?

caste-system-india.jpg

സാമുദായിക പ്രാതിനിധ്യം എല്ലാ രാഷ്ട്രങ്ങളും സര്‍ക്കാറുകളും അംഗീകരിച്ച ഒരു അവകാശമാണ്. എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള ഓരോ പൗരന്റെയും ഒരു പൊതുഅവകാശമാണത്. പൗരന്‍മാര്‍ക്കിടയിലെ അസമത്വം ഇല്ലാതാക്കുക എന്നതാണ് സാമുദായിക പ്രാതിനിധ്യത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം. എല്ലാവരും തുല്ല്യരായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു ‘ആനുകൂല്യമാണ്’ സാമുദായിക പ്രാതിനിധ്യം. പുരോഗതി പ്രാപിക്കുകയും, മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്ന സമുദായങ്ങള്‍ ഒരു സമൂഹത്തില്‍ ഉണ്ടാവുകയും, അവ മറ്റു സമുദായങ്ങളുടെ വളര്‍ച്ചയെയും ക്ഷേമത്തെയും തടയുകയും ചെയ്യുന്നുവെങ്കില്‍, സമുദായിക പ്രാതിനിധ്യ വ്യവസ്ഥയെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ല. ഇതിലൂടെ ദുരിതമനുഭവിക്കുന്ന സമുദായങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താന്‍ സാധിക്കും. എല്ലാ സമുദായങ്ങളും തുല്ല്യരാവുന്ന ഒരു സാമൂഹ്യാന്തരീക്ഷം സംജാതമായാല്‍, സാമുദായിക പ്രാതിനിധ്യം എന്ന വ്യവസ്ഥ സ്വമേധയാ ഇല്ലാതാകുകയും, അതിന് വേണ്ടിയുള്ള മുറവിളികള്‍ നിലക്കുകയും ചെയ്യും.

ഭരണതലത്തില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യത്തെ കുറിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് മുതല്‍ക്ക് തന്നെ ബ്രാഹ്മണ സമുദായം ഒഴികെയുള്ള എല്ലാ സമുദായങ്ങളും തങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. സാമുദായിക പ്രാതിനിധ്യ നയം ഗവണ്‍മെന്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബ്രാഹ്മണര്‍ ഒഴികെയുള്ള മറ്റു സമുദായങ്ങള്‍ വളരെ കാലം സമരപരിപാടികള്‍ നടത്തുകയുണ്ടായി.

സാമുദായിക പ്രാതിനിധ്യ നയം നടപ്പിലാക്കുന്നതിന് എതിരെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബ്രാഹ്മണന്‍മാര്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ബ്രാഹ്മണന്‍മാര്‍ പലവിധത്തിലുള്ള വൃത്തികെട്ട കളികളും കളിച്ച് നോക്കിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സമുദായാംഗങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരുന്ന സാമുദായിക പ്രാതിനിധ്യ നയത്തിനെതിരെ ഒരുപാട് തവണ അവര്‍ ഗൂഢാലോചനകള്‍ നടത്തുകയും, നിരവധി തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു.

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തെ ഉയര്‍ത്തികൊണ്ടുവരുന്നതിലെ അപകടങ്ങള്‍ ചൂണ്ടികാണിച്ച് കൊണ്ടുള്ള അവരുടെ പരസ്യമായ രംഗത്ത് വരവ് തന്നെ മതി, എന്തുകൊണ്ടാണ് ബ്രാഹ്മണന്‍മാര്‍ സാമുദായിക പ്രാതിനിധ്യത്തെ എതിര്‍ക്കുന്നതെന്ന് ഒരാള്‍ക്ക് മനസ്സിലാക്കാന്‍. എതിര്‍ക്കുന്നവരെല്ലാം തന്നെ ‘അവര്‍ക്കൊന്നും നല്‍കേണ്ടതില്ല’ എന്ന് മാത്രമേ പറയുന്നുള്ളൂ, എന്തുകൊണ്ടാണ് അതിനുള്ള കാരണം വിശദീകരിക്കാത്തത്? സംവരണത്തെ എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍ ആരും തന്നെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എല്ലാവരെയും തുല്ല്യരാക്കുന്നതില്‍ അല്ലെങ്കില്‍ സമന്‍മാരാക്കുന്നതില്‍ എന്താണ് പ്രശ്‌നം? എല്ലാവര്‍ക്കും തുല്ല്യ അവസരങ്ങള്‍ നല്‍കുന്നതില്‍ എന്താണ് പ്രശ്‌നം? ഒരു സോഷ്യലിസ്റ്റ് സമൂഹം നിര്‍മിക്കുന്നതില്‍ കുഴപ്പമൊന്നും തന്നെയില്ലെങ്കില്‍, അസമത്വത്തിലധിഷ്ഠിമായി കെട്ടിപടുത്ത വര്‍ത്തമാന സമൂഹത്തെ പുരോഗതിയിലേക്ക് ആനയിക്കേണ്ടതുണ്ടെന്ന വസ്തുത നിഷേധിക്കാന്‍ കഴിയില്ലെങ്കില്‍; സാമുദായിക പ്രാതിനിധ്യ നയത്തിലൂടെ ജനസംഖ്യ അടിസ്ഥമാക്കി സംവരണങ്ങള്‍ സൃഷ്ടിക്കാതെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? സമൂഹത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ കഴിയുമോ?

എല്ലാത്തിനുമുപരി, മതം, ജാതി, സമുദായം എന്നിവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ തരംതിരിക്കാന്‍ നാം അനുവാദം നല്‍കിയിരിക്കെ, മതം, ജാതി, സമുദായം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അവകാശങ്ങള്‍ ആവശ്യപ്പെടുന്ന ജനങ്ങള്‍ക്ക് മുന്നില്‍ ഒരു തടസ്സമായി നില്‍ക്കാന്‍ നമുക്ക് സാധിക്കില്ല. അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതില്‍ അവരുടെ ഭാഗത്ത് ഒരു തെറ്റുമില്ല. അതിലെന്തെങ്കിലും സത്യസന്ധതയില്ലായ്മയുള്ളതായി എനിക്ക് തോന്നുന്നില്ല.

ജാതി വ്യവസ്ഥയാണ് ജനങ്ങളെ പിന്നോക്കാവസ്ഥയിലേക്ക് എത്തിച്ചത്. ജാതി ഇന്നും കൂടുതല്‍ കൂടുതല്‍ നാശങ്ങള്‍ വരുത്തിവെക്കുന്നുണ്ട്. ജാതികള്‍ നമ്മെ തരംതാഴ്ന്നവരും ഒന്നുമില്ലാത്തവരുമാക്കി മാറ്റി. ഈ തിന്മകളെല്ലാം ഉച്ചാടനം ചെയ്യപ്പെടുകയും, എല്ലാവര്‍ക്കും തുല്ല്യ സാമൂഹ്യപദവി കൈവരുകയും ചെയ്യുന്നത് വരെ, ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള ആനുപാതിക പ്രാതിനിധ്യനയം അത്യന്താപേക്ഷിതമാണ്. ഈ അടുത്ത കാലത്ത് മാത്രമാണ് ഒരുപാട് സമുദായങ്ങള്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്ന് വന്നത്. എല്ലാവര്‍ക്കും എഴുതാനും, വായിക്കാനും കഴിയേണ്ടതുണ്ട്. നമ്മുടെ ആളുകള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകണം. മൊത്തം ജനസംഖ്യയുടെ ശതമാനത്തിന് അനുസരിച്ച് എല്ലാ തൊഴില്‍ മേഖലകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും നമ്മുടെ ആളുകള്‍ക്ക് അവരുടെ പങ്ക് ലഭിക്കുക തന്നെ വേണം.

ഈ രാജ്യത്ത് നൂറ് ആളുകളില്‍ മൂന്ന് പേര്‍ മാത്രമാണ് ബ്രാഹ്മണന്‍മാരായിട്ടുള്ളത്. ജനസംഖ്യയില്‍ 16 ശതമാനം ആദി-ദ്രാവിഡന്‍മാരാണ്. എന്നുവെച്ചാല്‍ ജനസംഖ്യയില്‍ 72 ശത്മാനം അബ്രാഹ്മണന്‍മാരാണ്. അപ്പോള്‍ പിന്നെ ജനസംഖ്യാനുപാതത്തിലല്ലേ എല്ലാവര്‍ക്കും തൊഴില്‍ നല്‍കേണ്ടത്?

അവലംബം: Collected works of Periyar E.V.R. Pg. 165-166)
വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles