Current Date

Search
Close this search box.
Search
Close this search box.

എത്ര ജനാധിപത്യ വിരുദ്ധമാണ് അഫ്‌സ്പ!

afspa.jpg

അഫ്‌സ്പ (Armed Forces Special Powers Act) എന്ന നിയമം ‘അനിവാര്യമാണെന്ന്’ വാദിക്കുന്ന കുറച്ച് പേരുണ്ടെങ്കിലും, ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ കൊണ്ടു വന്ന ആ നിയമം തികഞ്ഞ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. ‘പ്രശ്‌നബാധിത മേഖലകളില്‍’ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അമിതമായ അധികാരങ്ങള്‍ അഫ്‌സ്പ നല്‍കുന്നുണ്ട്. നിലവില്‍ ജമ്മുകാശ്മീര്‍ (1990 മുതല്‍ക്ക് അഫ്‌സ്പക്ക് കീഴിലാണ്) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ( 1958 മുതല്‍ക്ക് അഫ്‌സ്പക്ക് കീഴിലാണ്) എന്നിവയാണ് ‘പ്രശ്‌നബാധിത മേഖലകള്‍’. ഇവിടങ്ങളിലല്ലാതെ ഇന്ത്യയില്‍ വേറൊരിടത്തും അഫ്‌സ്പ പ്രയോഗത്തിലില്ല.

അഫ്‌സ്പയുടെ 4-ാം വകുപ്പ് അനുസരിച്ച് ‘ഒരു സുരക്ഷാ സൈനികന് കേവലം സംശയത്തിന്റെ പേരില്‍ വേറൊരാളെ വെടിവെക്കാന്‍’ സാധിക്കും. ‘ഈ നിയമം നല്‍കുന്ന അധികാരമുപയോഗിച്ച് ചെയ്യുന്ന എന്തെങ്കിലും പ്രവര്‍ത്തനത്തിന്റെ പേരില്‍, കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ, ഏതെങ്കിലും സൈനികനെ വിചാരണ ചെയ്യാനോ, കേസ് ഫയല്‍ ചെയ്യാനോ, നിയമനടപടി സ്വീകരിക്കാനോ പാടില്ല’ എന്നാണ് അഫ്‌സ്പയുടെ 6-ാം വകുപ്പ് വ്യക്തമാക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ‘ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യം’ നല്‍കുന്ന ഈ നിയമം ദുരുപയോഗം ചെയ്തതിലൂടെ പീഡനം, ബലാത്സംഗം, കൊലപാതകം തുടങ്ങി നൂറ് കണക്കിന് മനുഷ്യാവകാശ ലംഘനങ്ങളാണ് സിവിലിയന്‍മാര്‍ക്കെതിരെ ‘പ്രശ്‌നബാധിത മേഖലകളില്‍’ നടന്നതും ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതും. ഇതിനെതിരെ ഒരുപാട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സംഘടനകളും വ്യക്തികളും ഇന്നും ഈ നിയമത്തിനെതിരെ തങ്ങളാല്‍ കഴിയുന്ന പോലെ ശബ്ദിച്ചു കൊണ്ടിരിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു പാര്‍ലമെന്റ് അംഗം പാര്‍ലമെന്റില്‍ ഈ വിഷയം സംസാരിച്ചിരുന്നു.

അഫ്‌സ്പ പ്രയോഗത്തിലുള്ള മേഖലകളില്‍ നിന്നും ഇത്തരത്തില്‍ നൂറ് കണക്കിന് മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഒരാള്‍ക്ക് പോലും നീതി ലഭിച്ചില്ലെന്നതാണ് വസ്തുത. മനുഷ്യാവകാശ കാമ്പയിനുകളിലൂടെയും, മാധ്യമങ്ങളിലൂടെയും ശ്രദ്ധിക്കപ്പെടുകയും, സുപ്രീംകോടതി വരെ ഇടപെടുകയും, സി.ബി.ഐ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസുകളില്‍ പോലും കുറ്റക്കാരെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ ‘ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യം’ എത്രത്തോളമാണെന്ന് വെച്ചാല്‍, ഒരു സാധാരണക്കാരന്‍ ചെയ്താല്‍ ഐ.പി.സി വകുപ്പുകള്‍ അനുസരിച്ച് ജീവപരന്ത്യം തടവോ വധശിക്ഷയോ വരെ കിട്ടാവുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസം പോലും ജയിലില്‍ കിടക്കേണ്ടി വരുന്നില്ലെന്ന തരത്തിലാണ് കാര്യങ്ങള്‍. മറിച്ച് സൈനികര്‍ അവരുടെ ജോലിയില്‍ തന്നെ തുടരുകയും ചെയ്യുന്നു.

ചിലസമയങ്ങളില്‍, ജനങ്ങളുടെ പ്രതിഷേധം അതിശക്തമാവുന്ന കേസുകളില്‍, കുറ്റാരോപിതരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യാനും, അന്വേഷണം നടത്താനുമുള്ള അനുമതി കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാന സര്‍ക്കാറുകള്‍ തേടാറുണ്ട്. പക്ഷെ ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ മറുപടി ലഭിക്കുന്നതോടെ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ പോലും നിസ്സഹായവരാവും. സംസ്ഥാന സര്‍ക്കാറുകളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളികളയാറാണ് പതിവ്.

രാജ്യസഭയിലെ ചോദ്യം നമ്പര്‍ 59-ന് 24/02/2015-ന് പ്രതിരോധ മന്ത്രാലയം നല്‍കിയ മറുപടിയില്‍, 16/06/1991 മുതല്‍ക്ക് ഇന്നുവരെ അഫ്‌സ്പയുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിന് അനുമതി തേടി കൊണ്ട് 38 അപേക്ഷകള്‍ വന്നതായി മിസ്റ്റര്‍ മനോഹര്‍ പരിക്കാര്‍ വ്യക്തമാക്കിയിരുന്നു.

38 കേസുകളില്‍, 30 കേസുകളിലും അനുമതി നിഷേധിക്കപ്പെട്ടു. 8 കേസുകളുടെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. ഇതില്‍ ആറ് കേസുകള്‍ ജമ്മുകാശ്മീരില്‍ നിന്നും [J&K: 1993: (1 no.), 1996 (2 no.), 1998 (01 no.), 1999 (01 no.), 2000 (01 no.)] , രണ്ട് കേസുകള്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളതാണ് [ 2008 (01 no.), 2010 (01 no.)]. 1993 മുതല്‍ക്ക് ഒരു കേസില്‍ പോലും കുറ്റക്കാരനായ സൈനികര്‍ക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കപ്പെട്ടിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന സുരക്ഷാ സൈന്യം ജനാധിപത്യപരമായി അധികാരത്തില്‍ വന്ന സംസ്ഥാന സര്‍ക്കാറിനെ പരോക്ഷമായി അട്ടിമറിച്ച് അധികാരം നേടിയ പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. പ്രശ്‌നത്തിന്റെ തീവ്രതയും, സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ഈ വസ്തുതകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

സൈന്യത്തിന്റെ തന്നെ പ്രതിച്ഛായക്ക് കനത്ത മങ്ങലേല്‍പ്പിക്കാന്‍ അഫ്‌സ്പ കാരണമായിട്ടുണ്ട്. അഫ്‌സ്പയുടെ പേരില്‍ എല്ലാ സൈനികരെയും പഴിപറയാന്‍ സാധിക്കില്ല. പക്ഷെ മേഖലയിലെ ജനങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി വെച്ച സൈനികര്‍ ഉണ്ടെന്ന വസ്തുത തള്ളികളയാന്‍ കഴിയില്ല. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന അഫ്‌സ്പ നല്‍കുന്ന ധൈര്യം തന്നെയാണ് സൈനികരില്‍ ഒരുവലിയ ശതമാനത്തെ പ്രത്യാഘാതകളെ കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇക്കാലം കൊണ്ട്, പുറത്ത് പറയാന്‍ കഴിയാത്ത വിധത്തിലുള്ള ദുരിതങ്ങളാണ് ജമ്മുകാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും കുടുംബങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ജോലിയാവശ്യാര്‍ത്ഥവും മറ്റും വീടിന് പുറത്ത് പോകുന്ന തങ്ങളുടെ ഉറ്റവരുടെ ‘സുരക്ഷയെ’ കുറിച്ചുള്ള ആധി അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറികഴിഞ്ഞു. മരണത്തിന്റെയും, പീഡനത്തിന്റെയും, ബലാത്സംഗങ്ങളുടെയും, വെടിയുണ്ടകളുടെയും, ഷെല്ലുകളുടെയും മറ്റും കഥകളാണ് എല്ലാദിവസവും അവിടങ്ങളിലെ കുട്ടികള്‍ കേള്‍ക്കുന്നത്.

ഒരു ദശാബ്ദ കാലത്തിലേറെയായി അഫ്‌സ്പ പ്രയോഗത്തിലുണ്ടെങ്കിലും, ഗവണ്‍മെന്റ് പാനലുകള്‍, പോലിസ് ഉദ്യോഗസ്ഥര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവര്‍ പറഞ്ഞത് പോലെ, അതൊരു പരാജയപ്പെട്ട നിയമം തന്നെയാണ്. ഈ നിയമ പിന്‍വലിക്കാനും, ചുരുങ്ങിയ പക്ഷം പുനരാലോചന നടത്താനും, മാനുഷികമായ മറ്റൊരു നിയമം അഫ്‌സ്പക്ക് പകരം കൊണ്ടുവരാനും സൈന്യത്തിന് ഉള്ളില്‍ നിന്നുള്ള ഒരുപാട് പേര്‍ വാദിക്കുകയുണ്ടായി.

അഫ്‌സ്പയുടെ കാര്യത്തില്‍ യു.പി.എയും എന്‍.ഡി.എയും ഇതുവരെ ഒരേ നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. പി.ഡി.പി-ബി.ജെ.പി സഖ്യത്തിലൂടെ ജമ്മുകാശ്മീരില്‍ നിലവില്‍ വന്ന പുതിയ സര്‍ക്കാറും, മണിപ്പൂരിലെ ബി.ജെ.പി സംസ്ഥാന നേതൃത്വവും, അഫ്‌സ്പ നിലനില്‍ക്കുന്ന മേഖലകളിലെ എം.പിമാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടിട്ട് പോലും, കേന്ദ്രസര്‍ക്കാറിന്റെ നിലപാടില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അഫ്‌സ്പ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍, ജനാധിപത്യത്തിലുള്ള സാധാരണ ജനങ്ങളുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു നടപടിയായിരിക്കും അതെന്ന കാര്യത്തില്‍ സംശയമില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles