Current Date

Search
Close this search box.
Search
Close this search box.

എണ്ണക്ക് വേണ്ടിയാണ് അമേരിക്ക തമ്മിലടിപ്പിക്കുന്നത്

obama-middle.jpg

ഇറാന്‍ ആണവ ഉടമ്പടി പ്രയോഗത്തില്‍ വന്നതിന്റെ പിറ്റേ ദിവസത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്. തങ്ങളുടെ തന്നെ സൈനിക പ്രതിരോധ ശേഷി വെട്ടികുറച്ച് കൊണ്ട് ഇറാന്‍ കാണിച്ച ആത്മാര്‍ത്ഥയെ വാഴ്ത്തി പറയാന്‍ അമേരിക്കക്ക് വലിയ തിടുക്കമായിരുന്നു. എല്ലാവര്‍ക്കും കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന സന്തുലിതമായ ഒരു ലോകത്തെ കുറിച്ച് നാം സ്വപ്‌നം കാണുന്നുണ്ടെങ്കില്‍, യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടത് മറ്റൊന്നായിരുന്നു. ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഇറാന് മേല്‍ എര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ പിന്‍വലിച്ചതിനോടൊപ്പം തന്നെ, ഷാംങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ഇറാന് വളരെ പെട്ടെന്ന് തന്നെ സ്ഥിരാംഗത്വം നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇത് സംഭവിച്ചിട്ടില്ല. മേഖലയുടെയും ലോകത്തിന്റെ തന്നെയും ഭാവിയാണ് ഇതിലൂടെ വീണ്ടും അപകടത്തിലാവുന്നത്.

‘അമേരിക്കക്ക് ഇറാനെ ആവശ്യമുണ്ട്’ എന്നാണ് ചില ഇറാനിയന്‍ ‘പരിഷ്‌ക്കരണവാദികള്‍’ എഴുതിയത്. നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു ലോകമാണ് ഇറാനെ തേടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ആഗോള അധിപതിയാവുക എന്ന അഭിലാഷം അമേരിക്ക ഉപേക്ഷിച്ചിട്ടൊന്നുമില്ല. സമാധാനം പുലരണമെന്ന് അമേരിക്ക ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ല. സമാധാനവും സാമ്രാജ്യത്വ അധിനിവേശ ആധിപത്യ മനോഭാവവും പരസ്പരം പൊരുത്ത്‌പെട്ട് പോവില്ല. പ്രശ്‌നസാധ്യതയുള്ള ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ സൈനികതാവളങ്ങള്‍ സ്ഥാപിക്കാന്‍ പെന്റഗണ്‍ പദ്ധതിയിടുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്.

1941-ല്‍, കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ പ്രമുഖന്‍ അസയ്യ ബോമാന്‍ എഴുതുകയുണ്ടായി : ‘വിജയം വരിച്ചതിന് ശേഷം നമുക്കെത്രത്തോളം ആധിപത്യം നേടാന്‍ കഴിഞ്ഞു എന്നതാണ് വിജയത്തിന്റെ അളവ് കോല്‍.’ ഇതിനെ സത്യപെടുത്തി കൊണ്ട്, ശീതയുദ്ധത്തിന് ശേഷം, വോള്‍ഫോവിറ്റ്‌സ്, റുസ്‌തോവ് തുടങ്ങിയ പ്രമുഖ അമേരിക്കക്കാര്‍ റഷ്യയെ തകര്‍ക്കേണ്ടത് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു (the Heartland – Defense Planning Guideline 1992, 1993). കിഴക്കന്‍ യൂറോപ്പ്, റഷ്യ, മധ്യേഷ്യ എന്നിവക്ക് മേല്‍ ആധിപത്യം നേടികഴിഞ്ഞാല്‍ ലോകം മുഴുവന്‍ കൈപിടിയിലൊതുക്കാന്‍ പിന്നെ യാതൊരു പ്രയാസവുമില്ലെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ലോകത്ത് നടന്ന സംഭവവികാസങ്ങള്‍ പ്രസ്തുത പദ്ധതിയുടെ പ്രയോഗവല്‍ക്കരണത്തിലേക്ക് സൂചന നല്‍കുന്നത്.

2015 ഏപ്രില്‍ മാസത്തില്‍, ആര്‍മി വാര്‍ കൊളേജ് സ്ട്രാറ്റജി കോണ്‍ഫറന്‍സില്‍ നടത്തിയ ഒരു പ്രഭാഷണത്തിനിടെ, ഇറാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ നടത്താന്‍ സാധ്യതയുള്ള മൂന്ന് തരത്തിലുള്ള യുദ്ധങ്ങളെ എങ്ങനെയാണ് പെന്റഗണ്‍ പ്രതിരോധിക്കാന്‍ പോകുന്നതെന്ന് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി റോബര്‍ട്ട് വര്‍ക്ക് വിശദീകരിച്ചിരുന്നു. ആണവ ഉടമ്പടിയിലൂടെ ഈ ലക്ഷ്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കുകയാണ്.

ഉടമ്പടി അമേരിക്കക്ക് യഥേഷ്ടം സമയം പ്രദാനം ചെയ്യുന്നുണ്ട്. ഒബാമയുടെ ഭരണസമിതിയുടെ ഉത്തരവ് പ്രകാരം ആറ് മാസത്തേക്കാണ് ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നതെന്ന് ഓര്‍ക്കുക. ഉടമ്പടി പ്രകാരം, ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും പിന്‍വലിപ്പിക്കാന്‍ അമേരിക്ക ബാധ്യസ്ഥരാണ്. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സഭയെ സംബന്ധിച്ചിടത്തോളം അത് വളരെ എളുപ്പവുമാണ്.

ദശലക്ഷകണക്കിന് വരുന്ന ഇറാനിയന്‍ ഫണ്ടുകള്‍ 1983-ല്‍ ലബനാനിലും, 1996 കോബാര്‍ ടവറിലും നടന്ന ഭീകരാക്രമണങ്ങളിലെ ഇരകള്‍ക്ക് നല്‍കികൊണ്ടുള്ള ബഡ്ജറ്റ് ബില്‍ നിയമമാക്കി കൊണ്ട് ഒബാമ ഒപ്പുവെച്ചത് ഓര്‍ക്കുക. കൂടാതെ, ഇറാന്‍ നടത്തിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടികിടക്കുന്ന കേസുകളില്‍ വിധിപറഞ്ഞാല്‍ 1.5 ബില്ല്യണ്‍ ഡോളറാണ പ്രസ്തുത ഫണ്ടിലേക്ക് പിഴയായും മറ്റും ഒഴുകാന്‍ പോകുന്നത്. അപ്പോള്‍ യാതൊരു കാശ് ചെലവുമില്ലാതെ ലഭിച്ച സമയം കൊണ്ട് അമേരിക്ക എന്തായിരിക്കും ചെയ്യാന്‍ പോകുന്നത്?

തങ്ങള്‍ക്ക് നേരെയുള്ള ഏതൊരാക്രമണത്തിനും ഹുര്‍മുസ് സമുദ്രപാത അടച്ചുപൂട്ടി കൊണ്ട് പകരം വീട്ടാന്‍ സാധിക്കുമെന്നതാണ് ഇറാന്റെ ശക്തി. പ്രതിദിനം 17 ദശലക്ഷം ബാരല്‍ എണ്ണ, അഥവാ കടല്‍മാര്‍ഗം കൈമാറ്റം ചെയ്യപ്പെടുന്ന ആഗോള എണ്ണയുടെ 35 ശതമാനം കടന്ന് പോകുന്നത് ഹുര്‍മുസ് സമുദ്രപാതയിലൂടെയാണ്. അതുകൊണ്ട് തന്നെ ഈ സമുദ്രപാതയില്‍ സംഭവിക്കുന്ന ഏതൊരു അനിഷ്ടസംഭവവും ആഗോളവിപണിയെ ഗുരുതരമായി ബാധിക്കുക തന്നെ ചെയ്യും. ഇനി നൈജീരിയയിലേക്കും യമനിലേക്കും കടക്കാം.

നൈജീരിയന്‍ എണ്ണസമ്പത്തിലേക്കും, മറ്റു പ്രകൃതിവിഭവങ്ങളിലേക്കും എളുപ്പം കടന്ന് ചെല്ലാന്‍ സാധിക്കുന്ന വഴികള്‍ സൃഷ്ടിക്കുക എന്നതാണ് അമേരിക്കയുടെ മുഖ്യവിദേശനയമെന്ന് 1998-ലെ ബില്‍ ക്ലിന്റന്റെ ദേശീയ സുരക്ഷാ അജണ്ടയിലൂടെ വ്യക്തമായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് എണ്ണ ലഭ്യതക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാല്‍ ആഫ്രിക്കന്‍ എണ്ണയാണ് ഏറ്റവും നല്ല ബദലെന്ന് 2000-മാണ്ടിന്റെ തുടക്കത്തില്‍ ചാത്തം ഹൗസ് എന്ന പ്രസാധകര്‍ നിര്‍ണയിക്കുകയുണ്ടായി. ഇത് ആഫ്രിക്കന്‍ എണ്ണക്ക് നേരെ നീങ്ങാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. 2000 മെയ് 31-ന് ഡിക്ക് ചെനിയുടെ ഭാഗത്ത് നിന്നും ആഫ്രിക്കന്‍ എണ്ണക്ക് വേണ്ടിയുള്ള ആവശ്യമുയര്‍ന്നു. 2002-ല്‍, ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എ.എസ്.പി.എസ് ആഫ്രിക്കന്‍ എണ്ണക്ക് വേണ്ടി സൈനികനീക്കം നടത്താന്‍ അമേരിക്കയോട് നിര്‍ദ്ദേശിച്ചു. അതേ വര്‍ഷം തന്നെയാണ് ബോക്കോ ഹറാം ‘ഉണ്ടായത്’.

2007-ല്‍, മേഖലയിലേക്കുള്ള ഈ സൈനികനീക്കത്തെ ശക്തിപെടുത്തുന്നതിന് AFRICOM എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുത്തു. ‘ആഫ്രിക്കന്‍ എണ്ണയുടെ അമേരിക്കയിലേക്കുള്ള ഒഴുക്ക് ഉറപ്പ് വരുത്തുന്നതിന് സൈനിക ശക്തി ഉപയോഗിക്കാന്‍ അമേരിക്ക തയ്യാറാവുകയാണെന്ന് The 2011എന്ന പ്രസിദ്ധീകരണത്തിലെ  ‘Globalizing West African Oil: US ‘energy security’ and the global economy’ എന്ന ലേഖനം അടിവരയിട്ട് പറഞ്ഞിരുന്നു. ഹുര്‍മുസ് സമുദ്രപാതയിലൂടെയുള്ള എണ്ണക്ക് പകരം അമേരിക്ക കണ്ടെത്തിയ ബദലുകളില്‍ ഒന്ന് മാത്രമാണിത്.

ഇനി യമന്റെ കാര്യം. സഊദി അറേബ്യ യമനെതിരെ നടത്തിയ യുദ്ധത്തിന്റെ ഭൂമിരാഷ്ട്രീയം മനസ്സിലാകമെങ്കില്‍, മഹ്ദി ദാരിയൂസ് നാസിംരോയയുടെ ‘The Geopolitics Behind the War in Yemen: The Start of a New Front against Iran’ വായിക്കുക നിര്‍ബന്ധമാണ്. നാസിംരോയ വളരെ കൃത്യമായി പറയുന്നു: ‘ബാബ് അല്‍മന്‍ദബ്, ഗള്‍ഫ് ഓഫ് ഏദന്‍, സൊകോട്രാ ദ്വീപുകള്‍ എന്നിവ തങ്ങളുടെ ആധിപത്യത്തിന് കീഴിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അന്താരാഷ്ട്രാ സമുദ്രവ്യാപാരത്തെയും, ഊര്‍ജ്ജ കപ്പലുകളെയും പേര്‍ഷന്‍ ഗള്‍ഫ് വഴി ഇന്ത്യന്‍ മഹസമുദ്രവുമായും, മെഡിറ്ററേനിയന്‍ കടല്‍ വഴി ചെങ്കടലുമായും ബന്ധിപ്പിക്കുന്ന സുപ്രധാനവും തന്ത്രപ്രധാനവുമായ ഒരു ഇടനാഴിയാണ് ബാബ് അല്‍മന്‍ദബ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവക്കിടയില്‍ നടക്കുന്ന സമുദ്രവ്യാപാരത്തില്‍ സൂയസ് കനാലിന്റെ പ്രാധാന്യം എന്താണോ അതുതന്നെയാണ് ബാബ് അല്‍മന്‍ദബിനും ഉള്ളത്.’

2012-ല്‍, ഹുര്‍മുസ് സമുദ്രപാതക്ക് പകരം മറ്റു ചില ബദല്‍ മാര്‍ഗങ്ങള്‍ കൂടി കണ്ടെത്തുകയുണ്ടായി. ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ ഹുര്‍മുസ് സമുദ്രപാതയുടെ പ്രധാന്യം കുറയുകയും, ആഫ്രിക്കന്‍ എണ്ണയും ബാബ് അല്‍മന്‍ദബിന് മേലുള്ള ആധിപത്യവും അമേരിക്കക് ഒരു മുതല്‍കൂട്ടാവും ചെയ്യും.

സമ്പുഷ്ടീകരിക്കപ്പെട്ട നൂറ് കണക്കിന് കിലോഗ്രാം യുറേനിയം സൂക്ഷിച്ചിരിക്കുന്ന ആണവ റിയാക്ടറുകള്‍ക്ക് മേല്‍ നടത്തുന്ന ബോംബാക്രമണം ഒരു വന്‍ പ്രകൃതിദുരന്തത്തിന് തന്നെ വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതുവരെ ഉണ്ടായ ആണവദുരന്തങ്ങള്‍ അതിന് മുന്നില്‍ വളരെ ചെറുതായിരിക്കും. അത്തരമൊരു ദുരന്തസാധ്യതയെ വലിയ അളവില്‍ കുറക്കുന്നതാണ് ഇറാന്റെ ആണവ ഉടമ്പടി.

ഇതെല്ലാം അനുമാനങ്ങള്‍ മാത്രമാണ്. വാഷിംഗ്ടണോട് സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറുന്ന ഒരു ഭരണകൂടത്തെ ഇറാനില്‍ പ്രതിഷ്ഠിക്കുക എന്നതാണ് അമേരിക്കയുടെ പ്രഥമലക്ഷ്യമെന്ന കാര്യത്തില്‍ സംശയത്തിനിടമില്ല. പക്ഷെ അവര്‍ പരാജയപ്പെട്ടാല്‍ എന്താണ് സംഭവിക്കുക? ഇറാനിയന്‍ വിപ്ലവത്തെ തകര്‍ക്കാനും, ആ ജനതയുടെ മനസ്സ് മാറ്റാനും അവരെ ഭീകരവാദികളായി ചിത്രീകരിക്കാനും ബില്ല്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ചവരാണ് അമേരിക്ക എന്ന വസ്തുത മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles