Current Date

Search
Close this search box.
Search
Close this search box.

ഉമ്മാ, ഉമ്മാ ….നോമ്പ് തുറക്കാറായോ..?

ഉമ്മമാര്‍ ശരിക്കും ഒരു പ്രതിഭാസം തന്നെയാണ്..
ആ പ്രതിഭാസത്തെ നിര്‍വചിക്കാന്‍ ഒരിക്കലും കഴിയില്ല എന്നതാണ് സത്യം..
മഴക്കാലത്ത്.. ഈ പൊരിഞ്ഞ തണുപ്പത്തും സര്‍വ്വരും കിടന്നുറങ്ങുന്ന നേരത്ത്
ഉമ്മ എഴുന്നേല്‍ക്കും,… രാവിലെ കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി,,
പിന്നെ അടിച്ച്.. തുടച്ച് .. ശേഷം അലക്കി…. അത് അയലില്‍ കൊണ്ട് പോയി ഉണക്കാനിട്ട്…..
ശേഷം മഴച്ചാറല്‍ വരുമ്പോള്‍ ഓടിച്ചെന്ന് അതകത്തേക്കിട്ട്….
മഴയൊഴിഞ്ഞാല്‍ പിന്നെയും അതല്ലാം എടുത്ത് ഉണക്കാനിട്ട്……..

സ്‌നേഹം , കരുണ, വിനയം,ത്യാഗം എന്തിന്റെയെല്ലാം പര്യായങ്ങളാണ് ഉമ്മ..

കമലാസുരയ്യയുടെ കോലാട് എന്നൊരു കഥയുണ്ട്….
(സമ്പൂര്‍ണ കൃതികള്‍ വാള്യം  ഒന്ന്)
രാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ അവിശ്രമം ജോലിയെടുത്ത് തന്റെ കുടുംബത്തെ വളര്‍ത്തിയെടുക്കുന്ന ഒരമ്മയുടെ കഥ..
ആ അമ്മക്ക് പഠിപ്പും പരിഷ്‌കാരവും ഇല്ലായിരുന്നു..
മെലിഞ്ഞ അവരുടെ കാലുകള്‍ രണ്ട് മുറികളുള്ള ആ കൊച്ച് വീട്ടില്‍ വിശ്രമമില്ലാതെ ചലിച്ച് കൊണ്ടിരുന്നു..

ഒടുവില്‍ അവര്‍ക്ക് പനി വന്നു.. വയറ്റില്‍ വേദനയും ..
ഇഞ്ചിനീരും കുരുമുളക് രസവും ഒന്നും അവളെ സഹായിച്ചില്ല..
പത്താം ദിവസം ഡോക്ടര്‍ അവളുടെ ഭര്‍ത്താവിനോട് പറഞ്ഞു..
‘ഇവരെ വേഗം ആശുപത്രിയിലേക്ക് കൊണ്ട്‌പോണം….സീരിയസ് കേസാണ്..’

ഒരു പരിചാരകന്‍ അവളെ ചക്രക്കട്ടിലില്‍ കിടത്തി ഉന്തിക്കൊണ്ട് ആശുപത്രി മുറിയില്‍ പ്രവേശിച്ചപ്പോള്‍ കണ്ണുകള്‍ മിഴിച്ച് കൊണ്ട് ആ അമ്മ പറഞ്ഞു….
‘അയ്യേ… പരിപ്പ് കരിയ്ണ്ട് എന്ന് തോന്ന്ണൂ..’

ഉമ്മയാണ് എന്റെ വിദ്യാലയമെന്ന് പറയുന്നുണ്ട്
ആലങ്കോട് നസീര്‍ തന്റെ ബ്ലോഗില്‍ (http://alamcodenazeer.blogspot.in)….

‘നോമ്പിന്റെ മുഴുവന്‍ വിദ്യാഭ്യാസവും പഠിച്ചതും മദ്രസ്സയില്‍

നിന്നല്ല.. ഉമ്മയില്‍ നിന്നാണ്…….
നോമ്പിന്റെ പോരിശ പറഞ്ഞ് തരുന്നതോടൊപ്പം നോമ്പ് തുറക്കുള്ള വിഭവങ്ങളെ പറ്റിയും പറഞ്ഞ് നോമ്പ് നോല്‍ക്കാന്‍ ഉല്‍സാഹിപ്പിക്കുമായിരുന്നു ഉമ്മ…
ആദ്യ നോമ്പിന്റെ ഓര്‍മ്മ മനസ്സിലേക്കരിച്ചെത്തുന്നുണ്ടിപ്പോള്‍ ..
വൈകുന്നേരം ബാങ്ക് വിളിക്കും..
അപ്പോഴാണ് നോമ്പ് തുറക്കേണ്ടതെന്ന് പറഞ്ഞു ഉമ്മ….
ഉച്ചക്കുള്ള ബാങ്ക് കേട്ടപ്പോള്‍ ഉമ്മയുടെ അടുത്തേക്കോടി ചെന്നു…
ഉമ്മാ നോമ്പ് തുറക്കാനായോ…….
അസര്‍ ബാങ്ക് കേട്ടപ്പോഴും ഉമ്മയുടെ അടുത്തേക്കോടി ചെന്നു..
ഉമ്മാ നോമ്പ് തുറക്കാനായോ…..
‘ഇല്ല മോനേ… അസര്‍ കഴിഞ്ഞിട്ട് നമുക്ക് പലഹാരങ്ങള്‍ ഉണ്ടാക്കാം..’
പിന്നെ പിന്നെ ഒരോ മിനിറ്റിലും ചോദിച്ച് കൊണ്ടിരുന്നു……
‘ഉമ്മാ ഉമ്മാ നോമ്പ് തുറക്കാറായ്യോ’

ബാങ്ക് വിളിക്ക് കാതോര്‍ത്തിരുന്ന ആ ആദ്യ നോമ്പിന്റെ ഓര്‍മ്മയെ സുന്ദരമായി പകര്‍ത്തുന്നു നസീര്‍…

********************************************************************************

ഇത്തവണ ആദ്യ നോമ്പ് ഹര്‍ത്താല്‍ കൊണ്ട്‌പോയി….
ഹര്‍ത്താലും ഒരു നോമ്പാണ് എന്നെല്ലാം ചില ഇടത്പക്ഷക്കാര്‍ ഫേസ്ബുക്കില്‍ എഴുതിക്കണ്ടു….
എന്തായാലും ഹര്‍ത്താല്‍ നോമ്പാവാന്‍ യാതൊരു വഴിയുമില്ല…..
അക്രമവും വഴിതടയലും വ്യക്തി സ്വാതന്ത്ര്യങ്ങള്‍ തടയലുമെല്ലാം നോമ്പിന്റെ ആത്മാവിനോട് യോജിക്കുന്നതല്ലല്ലോ….
ഫേസ്ബുക്കില്‍ പ്രചരിച്ച ഹര്‍ത്താലിനുള്ള നിയ്യത്ത് എന്ന പോസ്റ്റ് ഒട്ടേറെ ചിരിപ്പിക്കുന്നതായിരുന്നു….
പഞ്ചായത്ത് ഓഫീസിനും ബസിനും ലോറിക്കും വഴിയില്‍ പോകുന്നവരുടെ മണ്ടക്കും കല്ലെടുത്തെറിയാന്‍ ഞാന്‍ കരുതി എന്നതായിരുന്നു ഹര്‍ത്താലിന്റെ നിയ്യത്ത്…..
 
സിറാജ് ഡോട്ട് ലൈവില്‍ ഹര്‍ത്താല്‍ ദിനത്തിലെ പോലീസുകാരന്‍രെ നോമ്പിനെ പറ്റി പറയുന്നുണ്ട്..(http://www.sirajlive.com)

‘റമസാനിലെ ആദ്യ ദിനം പൊട്ടിവിടര്‍ന്നത് എ എം സിദ്ദീഖ് എന്ന പോലീസുദ്യോഗസ്ഥന് ഒരേ സമയം ആശയുടെയും ആശങ്കയുടെയും സുപ്രഭാതത്തോടെയായിരുന്നു. റമസാനിന്റെ തുടക്കത്തിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ ഹര്‍ത്താല്‍ പ്രഖ്യാപനം മറ്റേതൊരു പോലീസുദ്യോഗസ്ഥനെയും പോലെ ഇദ്ദേഹത്തെയും ആദ്യമൊന്ന് ആശങ്കയിലാഴ്ത്തി. പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് അത്താഴം കഴിക്കുമ്പോഴും വളാഞ്ചേരി സി ഐ. എ എം സിദ്ദീഖിന്റെ മൊബൈല്‍ ഇടക്കിടെ അടിക്കുന്നുണ്ട്. നിര്‍ദേശമായും ഉപദേശമായും ആശങ്കയായും മറുപടികളുമുണ്ട്. അത്താഴം കഴിഞ്ഞ് മനസ്സും ശരീരവും ശുദ്ധിവരുത്തി ഹൃദയം തൊട്ടൊരു പ്രാര്‍ഥന. ഹര്‍ത്താലിന്റെ മേല്‍വിലാസത്തില്‍ സംഭവിച്ചേക്കാവുന്ന അനിഷ്ടങ്ങളൊന്നും ഇല്ലാതാക്കണേ എന്ന മനസ്സുരുകിയുള്ള പ്രാര്‍ഥനയോടെയായിരുന്നു പുണ്യമാസത്തെ പുലര്‍ച്ചെയുടെ തുടക്കം. വളാഞ്ചേരി സര്‍ക്കിളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകരുതെന്ന ആത്മാര്‍ഥത പ്രാര്‍ഥനയായി സമര്‍പ്പിച്ച് നേരം പുലരും മുമ്പ് തന്നെ വീട്ടില്‍ നിന്നിറങ്ങി. റമദാന്‍ ആശങ്കയോടെ തുടക്കമിട്ട നേരം. പിന്നെ വിശ്രമമില്ലാത്ത പകലുകളിലേക്കുള്ള ഓട്ടം. തിരക്കുകള്‍ക്ക് അവധി നല്‍കി കുടുംബത്തോടൊപ്പം ആദ്യ നോമ്പ് തുറക്കണമെന്ന ആഗ്രഹം പക്ഷേ അപ്രതീക്ഷിതമായ ഹര്‍ത്താല്‍ തട്ടിയെടുത്തതിന്റെ വിഷമമൊന്നുമില്ല. പോലീസ് ജീവിതത്തിനിടക്ക് സ്വകാര്യമായി പലതും പലപ്പോഴും മാറ്റി വെച്ച സി ഐക്ക് പക്ഷേ ഇതൊന്നും പുതുമയല്ല. എന്നെത്തെയും പോലെ ഈ റമസാനിന്റെ ആദ്യ ദിനവും തിരക്കുകളിലേക്ക് തന്നെ.
അത്താഴം കഴിഞ്ഞ ഉടനെ വളാഞ്ചേരി, കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി, കാടാമ്പുഴ സ്‌റ്റേഷനുകളിലെ എസ് ഐമാര്‍ക്ക് ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കി. ഇടക്ക് സി ഐ ഓഫീസിലുള്ളവര്‍ യൂനിഫോമില്‍ തന്നെ എത്തണമെന്ന് ഓര്‍മിപ്പിച്ചു. ഓരോ അര മണിക്കൂറിലും എസ് ഐമാരെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. വളാഞ്ചേരിയില്‍ ഇടതുപക്ഷത്തിന്റെ പ്രകടനമെത്തിയപ്പോള്‍ അവിടെയുമെത്തി. പിന്നെ കാടാമ്പുഴയിലും കല്‍പ്പകഞ്ചേരിയിലും സന്ദര്‍ശനം നടത്തി. അതിനിടക്ക് കടുങ്ങാത്തുകുണ്ട് അങ്ങാടിയില്‍ രണ്ട് പ്രകടനങ്ങള്‍ ഒരുമിച്ചെത്തിയപ്പോഴുണ്ടായ ചെറിയ സംഘര്‍ഷാവസ്ഥ. അവിടെയുമെത്തി രംഗം ശാന്തമാക്കി. ആറ് മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ആദ്യ ദിനത്തെ ഇഫ്താര്‍.
കാവല്‍ക്കാരനായി നിന്ന നില്‍പ്പില്‍ അത്താഴം കഴിക്കാതെ നോമ്പു നോല്‍ക്കേണ്ടി വന്നതും നോമ്പ് തുറന്നും മണിക്കൂറുകളോളം ഭക്ഷണമില്ലാതെ ജോലി ചെയ്യേണ്ടി വന്നതുമൊക്കെ ഒരുപാട് ഓര്‍മയിലുണ്ട് സി ഐ സിദ്ദീഖിന്. മിഠായി കഴിച്ച് നോമ്പ് തുറന്ന അനുഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും മലബാറിലെ നോമ്പുകാലം പൊതുവേ സമാധാനപരമെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം. പരാതികളും കേസുകളും റമസാനില്‍ കുറവായിരിക്കും.’

Related Articles