Current Date

Search
Close this search box.
Search
Close this search box.

ഉന്മൂലന ഭീഷണിയില്‍ രോഹിങ്ക്യന്‍ മുസ്‌ലിംകള്‍

ഇന്ത്യയുടെ കിഴക്കുഭാഗത്തായി ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കെ കരയില്‍ സ്ഥിതിചെയ്യുന്ന രാഷ്ട്രമാണ മ്യാന്‍മര്‍ എന്നറിയപ്പെടുന്ന ബര്‍മ്മ. ബംഗ്ലാദേശ്, ചൈന, തായ്‌ലാന്റ്, ലാവോസ് എന്നീ രഷ്ട്രങ്ങളുമായി മ്യാന്‍മര്‍ അതിര്‍ത്തി പങ്കിടുന്നു. പണ്ട് ഇന്ത്യയിലേക്ക് ധാരാളമായി അരി കയറ്റി അയച്ച നാടായിരുന്നു ബര്‍മ്മ. ഇവിടത്തെ കാടുകളിലെ തേക്ക് ലോകപ്രസിദ്ധമാണ്. എണ്ണ, ഈയം, തകരം മുതലായ ലോഹങ്ങള്‍ മണ്ണിനടിയില്‍ സമൃദ്ധമായുള്ള ബര്‍മ്മ ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും സമൃദ്ധമായ ഭൂപ്രദേശമായാണ് കരുതപ്പെട്ടിരുന്നത്. മംഗോള്‍ വര്‍ഗത്തില്‍പെട്ട വിവിധഗോത്രങ്ങളടങ്ങിയ ജനസംഖ്യയില്‍ എഴുപത്തഞ്ച് ശതമാനവും ബുദ്ധമതത്തിലെ ഹീനയാന വിഭാഗക്കാരായ തീവ്ര മതവിശ്വാസികളാണ്. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചശേഷം അഭ്യന്തരകലാപങ്ങളും, ഏകാധിപത്യവും, പട്ടാളഭരണവും തുടരുന്നത് കാരണം മ്യാന്‍മര്‍ ഏഷ്യയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ ഒന്നായി അധഃപതിച്ചു.

മ്യാന്‍മറിലെ ജനസംഖ്യയില്‍ മുപ്പത് ശതമാനത്തോളം വരുന്ന മുസ്‌ലിംകളെ പറ്റെ ഉന്മൂലനം ചെയ്യാന്‍ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന ആസൂത്രിതമായ ശ്രമങ്ങളെ മുസ്‌ലിം ലോകം ഗൗരവമായെടുത്തുകാണുന്നില്ല. പത്തുലക്ഷത്തോളം വരുന്ന ഇവര്‍ മ്യാന്‍മറിലെ രാഖേന്‍ പ്രവിശ്യയിലാണ് ജീവിക്കുന്നത്. ഇവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നുള്ള ശക്തമായ പ്രചാരവേലയാണ് ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മംഗോളിയരില്‍നിന്ന് വ്യത്യസ്തമായ നിറവും ശരീരപ്രകൃതിയുമുള്ള രോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കയാല്‍ മാര്‍ക്കറ്റുകളിലേക്കോ, സ്‌കൂളുകളിലേക്കോ, ആസ്പത്രികളിലേക്കോ പോകാന്‍ അനുവദിക്കാതെ പ്രാധമികസൗകര്യങ്ങള്‍പോലുമില്ലാത്ത പ്രത്യേക ക്യാമ്പുകളില്‍ അടച്ചിരിക്കയാണ്. ഈ ക്യാമ്പുകളിലേക്ക് ഡോക്ടര്‍മാര്‍ക്കോ സന്നദ്ധസേവാ സംഘങ്ങള്‍ക്കോ പ്രവേശനം അനുവദിക്കാത്തതിനാല്‍ പട്ടിണിയും രോഗങ്ങളും കാരണം മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കുകയാണിവര്‍. നിസ്സഹായരായ രോഹിങ്ക്യര്‍ക്ക് ക്യാമ്പുകളില്‍നിന്ന് രക്ഷപ്പെടാനള്ള ശ്രമത്തില്‍ കാവല്‍സേനയോടേറ്റുമുട്ടിയും ബോട്ടപകടങ്ങളില്‍പെട്ടും സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവഹാനി എവിടേയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 2012 ല്‍ മാത്രം ഇത്തരം ഏറ്റുമുട്ടലുകളില്‍ ക്രൂരമായി മരണമടഞ്ഞവര്‍ സ്ത്രീകളും ശിശുക്കളുമടക്കം 200 ല്‍ പരമാണത്രെ.

രോഹിങ്ക്യരുടെ നേരെ മാനുഷിക പരിഗണനയെങ്കിലും കാണിക്കണമെന്നാവശ്യപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരോടും ഐക്യരാഷ്ട്ര സന്നദ്ധസേവാ സംഘങ്ങളോടും ഇവര്‍ മ്യാന്‍മാര്‍ പൗരന്മാരല്ല എന്നാണ് അധികാരികള്‍ വാദിക്കുന്നത്. ബ്രിട്ടന്‍, മലേഷ്യ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ മാത്രമാണ് അല്‍പമെങ്കിലും ഈ പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയും ഈ വംശീയ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യൂറോപ്പിലേയും ഏഷ്യയിലേയും ഇതര രാഷ്ട്രങ്ങള്‍ ഈ വര്‍ഗവിവേചനത്തിനും വംശീയ ഉന്മൂലനത്തിനുമെതിരെ ഫലപ്രദമായ മറ്റുനടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ മ്യാന്‍മറിലെ ഏകാധിപത്യഭരണം ഈ നരഹത്യ തുടരുകയാണ്.

അവലംബം: ദ ഹിന്ദു ദിനപത്രം 30.05.2014

Related Articles