Current Date

Search
Close this search box.
Search
Close this search box.

ഈ പേറ്റുനോവ് അനിവാര്യമായിരിയ്ക്കാം

ഓണ്‍ ലൈനിലും ഓഫ്‌ലൈനിലും ലോക സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും അനുഭവവേദ്യമാകുന്നുണ്ട്. ഇന്റര്‍നെറ്റിന് വ്യാപകമായ പ്രചാരം നേടിയതിനുശേഷമുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പാണ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പിന് എരിവും പുളിയും നല്‍കാന്‍ ഫേസ്ബുക്ക് പേജുകളില്‍ വ്യത്യസ്ത ആശയാദര്‍ശങ്ങളെ പ്രതിനിധാനം ചെയ്യുന്നവരുടെ ചിരിയും ചിന്തയുമുണര്‍ത്തുന്ന  പോസ്റ്റുകളുടെ പ്രളയമാണ്.

ഈ വര്‍ഷം വിഡ്ഡികളാകാന്‍ പോകുന്നത് ഏപ്രില്‍ ഒന്നിനല്ല. ഏപ്രില്‍ പത്തിനാണത്രെ. ഹാസ്യാത്മകമായ ഈ പോസ്റ്റ് വര്‍ത്തമാന കാല വിശേഷങ്ങളെ ഒറ്റനോട്ടത്തില്‍ പറഞ്ഞു തരുന്നുണ്ട്.

‘ജനാധിപത്യവ്യവസ്ഥ’ സംസ്‌കൃതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപരമായ വികാസവും ഔന്നത്യവും വിഭാവനചെയ്യുന്നില്ല. സമൂഹത്തെ വിളിച്ചുണര്‍ത്തുക എന്ന ദൗത്യം അതിന്റെ ശൈലിയല്ല. സമൂഹത്തിന്റെ അവസ്ഥയിലേയ്ക്ക് സാമൂഹ്യ ഘടനയെ ഇറക്കിക്കൊണ്ടുവരിക എന്ന പ്രക്രിയയായിരിക്കും ഈ വ്യവസ്ഥയുടെ ആത്യന്തികമായ ദുരവസ്ഥ. ജനാധിപത്യത്തിന്റെ ഭാഗമായി ഘോഷിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന ജാലകത്തിലൂടെ ഒരു വേള പുതിയ പ്രഭാതത്തിലേക്ക് നയിക്കപ്പെടുന്ന അവസ്ഥയും വ്യവസ്ഥയും സംജാതമായേക്കാം. ഇതായിരിക്കണം ജനാധിപത്യത്തെ വ്യവസ്ഥയായി സ്വീകരിക്കാത്തവരും അതിന്റെ അവസ്ഥയെ അംഗീകരിക്കാന്‍ മെനക്കെടുന്നതിന്റെ പൊരുള്‍. ഖേദകരമെന്നു പറയട്ടെ മഹത്വവതകരിക്കപ്പെട്ടിരുന്ന ജനാധിപത്യ സംവിധാനത്തിലെ അവസ്ഥ പോലും കളങ്കരഹിതമെന്നു പറയാന്‍ കഴിയാത്ത ഭീകരാവസ്ഥയിലാണെന്നാണ് വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ ഓരോന്നും നല്‍കിക്കൊണ്ടിരിക്കുന്ന സൂചന.
ഈ ദുരവസ്ഥയെക്കുറിച്ചുള്ള വേദനയെ പ്രതീക്ഷകള്‍ ഉള്ളിലൊതുക്കി സഹിക്കുക. പുതിയ വ്യവസ്ഥയുടെ പിറവിയ്ക്ക് ഈ പേറ്റുനോവ് അനിവാര്യമായിരിക്കാം .
******************************************
വൈവിധ്യങ്ങളായ സന്ദേശങ്ങള്‍ യഥേഷ്ടം സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ വഴി പ്രചരിപ്പിക്കപ്പെടുന്നുണ്ട് നിഷ്‌കളങ്കരായ സുഹൃത്തുക്കള്‍ ഇതൊക്കെ പങ്കുവെയ്ക്കുന്നതില്‍ വ്യാപൃതരുമാണ് സുബദ്ധമായ വിധത്തില്‍ ആശയപ്രകാശനം അത്യപൂര്‍വമായി നടക്കുന്നുവെങ്കിലും അധികവും അബദ്ധങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. അക്ഷരത്തെറ്റുകളും അവ്യക്തമായ ആശയങ്ങളും മുഖമുദ്രയാക്കി ഒഴുകിക്കൊണ്ടിരിയ്ക്കുന്ന സാരോപദേശങ്ങളിലൂടെ ഉദ്ധിഷ്ട ഫലം ലഭിക്കുകയില്ലെന്ന് മാത്രമല്ല വിപരീത ഫലം സൃഷ്ടിക്കുകയും ചെയ്യും. പങ്കുവയ്ക്കുന്നതിനുമുമ്പ് പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് പതിനായിരങ്ങളുടെ പേജുകളിലേയ്ക്കാണ് എന്ന ബോധം മനസ്സില്‍ ഉണ്ടായിരിക്കണം. ഒരു പൊതു വേദിയിലാണെന്ന ബോധ്യവും.

ദൈവം മനുഷ്യനെ ആദരിച്ചിരിക്കുന്നു. ആദമിനെ പ്രണമിക്കാന്‍ മാലാഖമാര്‍ കല്‍പ്പിക്കപ്പെട്ട സന്ദര്‍ഭത്തിലൂടെ ഈ സന്ദേശം വളരെ മനോഹരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ ഒരു ഒരുപറ്റം ആളുകള്‍ ശവമഞ്ചവുമായി കടന്നുപോകുമ്പോള്‍ പ്രവാചകപ്രഭു തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റുനിന്നു. ഉടനെ പ്രവാചകന്റെ സഖാക്കളില്‍ ചിലര്‍ അതു വിശ്വാസിയുടേതല്ലെന്ന് പറഞ്ഞപ്പോള്‍, ആദമിന്റെ പുത്രന്റെ മൃതദേഹമാണെന്നാണ് തിരുമേനി പ്രതിവചിച്ചത്. മനുഷ്യനെ ആദരിക്കാനും പരസ്പരം ബഹുമാനിക്കാനും പഠിപ്പിക്കപ്പെടുന്നവര്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും വളര്‍ന്നു പന്തലിക്കണമെന്നതത്രെ വിശ്വാസപ്രമാണങ്ങളുടെ ആഹ്വാനം. ഏറെ കുലുഷിതമായ വര്‍ത്തമാന കാലത്ത് ഒരേ ആദര്‍ശ പ്രമാണങ്ങളുടെ അനുയായികള്‍ക്കിടയില്‍ പോലും വൈര്യവും വിദ്വേഷവും വളരുകയും വളര്‍ത്തുകയും ചെയ്യുന്ന ഓണ്‍ലൈന്‍ പോര് അസഹ്യമാണ്.

തങ്ങളുടെ വീക്ഷണങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങളെ ആശയപരമായും ആദര്‍ശപരമായും വിശദീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ സംസ്‌കൃതമല്ലാത്ത രീതിയില്‍   പ്രതികരിക്കുന്ന സ്വഭാവം നിര്‍ഭാഗ്യകരമത്രെ. പ്രവാചക ശിക്ഷണങ്ങളെ ഗൗരവത്തോടെ വീക്ഷിക്കുന്നവരില്‍ സംഭവിക്കാന്‍ പാടില്ലാത്ത ഇത്തരം സംസ്‌കാര രഹിതമയ ശീലും ശൈലിയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘത്തിന്റെ നിലവാരത്തകര്‍ച്ചയായി വായിക്കപ്പെട്ടാല്‍ പരാതിപ്പെടാന്‍ സാധ്യമല്ല .

******************************************
പൗരോഹിത്യ മാഫിയ കൂട്ട് കെട്ടിന്നെതിരെ മുജീബ് റഹ്മാന്റെ പോസ്റ്റ് ഏറെശ്രധ്‌ദേയമാണ് :
‘ചേകനൂര്‍ വധത്തില്‍ ആരോപണവിധേയരായവരും ടി പി യുടെ മുഖത്ത് 52 വെട്ട് വെട്ടിയവരും ശുക്കൂറിനെ ഭീകരമായി വധിച്ചവരുമപള്‍പ്പടുന്ന കൊലയാളി ക്വട്ടേഷന്‍ സംഘങ്ങള്‍ ജമാഅത്തിന്റെ അപകടത്തിനെതിരെ മലപ്പുറത്ത് ഒന്നിക്കുന്നു. പൗരോഹിത്യ മാഫിയാ കൂട്ട് കെട്ടിനെതിരെ വിവേകമതികള്‍ ഒന്നിക്കുക. പുരോഗമന സമൂഹത്തെ മുടിയിലും പാനപാത്രത്തിലും തളക്കുവാനുള്ള പൗരോഹിത്ത്യത്തിന് കുടപിടിക്കുന്ന പുരോഗമന നാട്യക്കാരില്‍ പ്രിയ നാടേ…. ലജ്ജിക്കുക…..പ്രിയ സമുദായമേ പൊരുതുക’

മടി നിറച്ചു നല്‍കാന്‍ സന്നദ്ധരാകുന്നവര്‍ ആരായാലും അവരുടെ സ്തുതി പാഠകരാകാന്‍ മടിയില്ലാത്ത ഈ പൗരോഹിത്യ പ്രഭുക്കന്മാര്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചാല്‍ അണഞ്ഞു പോകുന്നതാണോ ഈ പ്രഭാപൂരം ?

‘അവര്‍ അവരുടെ വായകള്‍ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ണമാക്കാതെ സമ്മതിക്കുകയില്ല. അവിശ്വാസികള്‍ വെറുത്താലും ശരി. അല്ലാഹുവാണ് അവന്റെ ദൂതനെ സത്യമതവും സന്മാര്‍ഗവും കൊണ്ട് നിയോഗിച്ചത്. അതിനെ മറ്റെല്ലാ മതങ്ങളെക്കാളും ഉപരി വിജയിപ്പിക്കാന്‍ വേണ്ടി. ബഹുദൈവാരാധകര്‍ വെറുത്താലും ശരി.'(തൗബ 32:33) 

നിഷ്‌കളങ്കനായ ഒരു അന്വേഷിയെപ്പോലും നിരാശനാക്കുന്നതരത്തില്‍ സത്യാസത്യങ്ങള്‍ തിരിച്ചറിയപ്പെടാത്ത വിധം വര്‍ത്തമാന ലോകം മാറിയിരിക്കുന്നു എന്ന സാമാന്യ വത്കരണത്തെക്കുറിച്ചുള്ള നിരര്‍ഥത ബോധ്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചിത്രശലഭങ്ങള്‍ക്ക് നൈസര്‍ഗികമായി ലഭിച്ച അനുഗ്രഹത്തിന്റെ വെളിച്ചത്തിലാണത്രെ മധു ചുരത്തുന്ന മലരുകള്‍ തിരിച്ചറിയപ്പെടുന്നത്. കൃതിമ പൂക്കളുടെ അലങ്കാരാരാമങ്ങള്‍ രൂപപ്പെടുന്നിടങ്ങളിലൊരിക്കലും ഒരു തേനീച്ച പറന്നടുത്ത ചരിത്രമില്ല. തെറ്റുകളും ശരികളും എന്ന പ്രയോഗം പോലും ശരിയല്ല. ഒരുപാടു അബദ്ധങ്ങളുണ്ടാകാം സുബദ്ധം ഒന്നുമാത്രമായിരിക്കും.

പുഴകള്‍ക്ക് ഒഴുകാതിരിക്കാനും പാരാവാരങ്ങള്‍ക്ക് അലമാലകള്‍ ഉയര്‍ത്താതിരിക്കാനും മഴമേഘങ്ങള്‍ക്ക് വര്‍ഷിക്കാതിരിക്കാനും പൂക്കള്‍ക്ക് മന്ദഹാസത്തോടെ വിരിയാതിരിക്കാനും സാധ്യമല്ല. മനുഷ്യനു നിശ്ചലനാകാനും പ്രവര്‍ത്തന നിരതനാകാനും കഴിയും അട്ടഹസിക്കാനും മന്ദഹസിക്കാനും കഴിയും. നൈസര്‍ഗികമായി തനിക്കു ലഭിച്ച സിദ്ധികളെ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാന്‍ മനുഷ്യന് അവസരമുണ്ട്. നൈസര്‍ഗിക സിദ്ധികള്‍ മാത്രം നല്‍കി തങ്ങളുടെ നിയോഗം നിശ്ചയിച്ചു കൊടുത്ത് സ്വാതന്ത്ര്യം നേഷേധിക്കപ്പെട്ട ചരാചരങ്ങള്‍ ഒരു വശത്ത്, നൈസര്‍ഗിക സിദ്ധിയും ബുദ്ധിയും നല്‍കി തങ്ങളുടെ നിയോഗം നിശ്ചയിച്ച് കൊടുത്ത് സ്വാതന്ത്ര്യം അനുവദിച്ച് കൊടുത്ത മനുഷ്യന്‍ മറുവശത്തും. കൃത്രിമങ്ങളുടെ അലങ്കാരഭൂമികയിലും വിരിയാതിരിക്കാന്‍ സാധിക്കാത്ത യഥാര്‍ഥ മലരില്‍ നിന്നുമാത്രം മധുമോന്തുന്ന മധുപന്‍ ഒരുസത്യമാണെങ്കില്‍; ലോകവും ലോകരും ഹിമാലയന്‍ അബദ്ധങ്ങളുടെ നെറുകയിലാണെങ്കിലും സത്യം തിരിച്ചറിയപ്പെടാതിരിക്കില്ല.

Related Articles