Current Date

Search
Close this search box.
Search
Close this search box.

ഈ പെരുന്നാള്‍ ഗസ്സയോടൊപ്പമാവട്ടെ

ഗസ്സയുടെ വേദനകളെ തഴുകിയാണ് ഇത്തവണ പെരുന്നാള്‍ നമ്മിലേക്ക് കടന്നു വരുന്നത്. അതുകൊണ്ട് തന്നെ സ്വന്തം നാടിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണത്തിനായി സയണിസ്റ്റുകളുടെ അത്യാധുനിക യുദ്ധ സംവിധാനങ്ങള്‍ക്ക് മുന്നില്‍ വിശ്വാസം എന്ന അതിശക്തമായ ആയുധവുമായി ചെറുത്തു നില്‍ക്കുന്ന അവരെ മറന്നു കൊണ്ട് പെരുന്നാള്‍ ആഘോഷിക്കാന്‍ ലോക മുസ്‌ലിംകള്‍ക്കാവില്ല. വര്‍ഷങ്ങളായി ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തന്നെ കടുത്ത ദുരിതത്തിലാക്കിയ ജനതക്ക് മേലാണ് ഇസ്രയേല്‍ സൈന്യം അഴിഞ്ഞാടുന്നത്. ഭൗതിക പരിമിതികള്‍ എന്തൊക്കെയുണ്ടെങ്കിലും വിട്ടുവീഴ്ച്ചക്കും കീഴടങ്ങലിനും തയ്യാറാവാത്ത ഒരു മനസ്സ് അവര്‍ സൂക്ഷിക്കുന്നു എന്ന് ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ ഉള്ളില്‍ സൂക്ഷിക്കുന്ന ഈ പോരാട്ടത്തിന്റെ കനലുകള്‍ ഒരു സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് ന്യായമായും നമുക്ക് പ്രതീക്ഷിക്കാം. അതിനായി നമുക്ക് പ്രാര്‍ഥിക്കുകയും ചെയ്യാം.

ഗസ്സയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളും വരെ തങ്ങളുടെ പെരുന്നാള്‍ ആഘോഷം വെട്ടിചുരുക്കുന്നതിന്റെ വാര്‍ത്തകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. അത്തരം ഒരു ഐക്യദാര്‍ഢ്യം നമ്മുടെ ഉള്ളിലും ഉണ്ടാവേണ്ടതുണ്ട്. നാം സുഭിക്ഷമായി പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ യുദ്ധത്തിന്റെ ഭയാനകതകള്‍ക്ക് നടുവില്‍ പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്ന അവര്‍ നമ്മുടെ സഹോദരങ്ങളാണെന്നത് നാം മറക്കരുത്. ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ ആദര്‍ശത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന വിശ്വാസികളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നമ്മുടെ പ്രാര്‍ഥനയില്‍ അവര്‍ക്കും ഇടം നല്‍കാം.

ഒരു മാസക്കാലം നാം തീവ്രമായ പരിശീലനത്തിന്റെ പാഠശാലയിലായിരുന്നു. അതില്‍ നിന്ന് നാം പരിശീലിച്ച പാഠങ്ങള്‍ പെരുന്നാളോടു കൂടി നഷ്ടപ്പെടുത്താനുള്ളതല്ല. റമദാനിലെ നോമ്പ് മാത്രമല്ല, അത് കഴിഞ്ഞുള്ള പെരുന്നാളും അല്ലാഹുവിനുള്ള ഇബാദത്താണെന്ന വസ്തുത മറക്കാതെയായിരിക്കണം നമ്മുടെ ആഘോഷം. ഇസ്‌ലാം ആഘോഷത്തെ നിരുത്സാഹപ്പെടുത്തുന്നു എന്നതിന് അര്‍ഥമില്ല. ആഘോഷങ്ങള്‍ക്ക് ഇസ്‌ലാം അതിന്റേതായ ഇടം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റമദാനിലൂടെ നേടിയ തഖ്‌വയുടെ കരുത്ത് വരും മാസങ്ങൡലെ ജീവിതത്തിലൂടെ പ്രതിഫലിക്കാനുള്ളതാണ്. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അതില്‍ വീണ വിള്ളലുകള്‍ തീര്‍ക്കാനും ഉള്ള അവസരമായും നമുക്ക് ചുറ്റും ജീവിക്കുന്ന സഹോദര സമുദായങ്ങളിലേക്ക് ഇറങ്ങി ചെന്ന് സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനും പെരുന്നാളുകള്‍ നമ്മെ സഹായിക്കട്ടെ.
മുഴുവന്‍ വായനക്കാര്‍ക്കും ഇസ്‌ലാം ഓണ്‍ലൈവിന്റെ പെരുന്നാള്‍ സന്തോഷങ്ങള്‍…

Related Articles