Current Date

Search
Close this search box.
Search
Close this search box.

ഈ കൊലപാതകത്തില്‍ നമുക്കും പങ്കില്ലേ?

എന്നെ ആരും സഹായിക്കേണ്ട, എന്റെ സ്വത്ത് അനുഭവിക്കേണ്ടവരെ ഞാന്‍ കൊന്നു, ഇതോര്‍ത്ത് അയാള്‍ കരഞ്ഞോളും’ ഏഴും മൂന്നും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനെടുത്ത കൊലയാളിയുടെ നിര്‍വികാരമായ ഈ വാക്കുകള്‍ പത്രങ്ങള്‍ നമുക്ക് വിളമ്പി തന്നിട്ടുള്ളതാണ്. സ്വത്തുതര്‍ക്കത്തിലുള്ള സഹോദരനോടുള്ള പ്രതികാരത്തിന്റെ ഇരകളാക്കാന്‍ അയാള്‍ കണ്ടെത്തിയത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയാണ്.  കേരളക്കരയില്‍ സ്വത്തുതര്‍ക്കവും അതിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങളും പുതുമയുള്ള ഒന്നല്ല ഇന്ന്. സമ്പത്തിനോടുള്ള ആര്‍ത്തി മനുഷ്യനെ അന്ധനാക്കുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണം മാത്രമാണിത്. എന്നാല്‍ സാധാരണയില്‍ നിന്ന് വിഭിന്നമായി പ്രിയപ്പെട്ട മക്കളെ കൊലപ്പെടുത്തി മാതാപിതാക്കളോടുള്ള പ്രതികാരം തീര്‍ക്കുകയാണ് എന്ന വ്യത്യാസം മാത്രമാണ് കോഴഞ്ചേരിയില്‍ നടന്ന കൊലപാതകങ്ങളിലുള്ളത്.

സമ്പത്തിനോടുള്ള ആര്‍ത്തി ഏതെങ്കിലും സമൂഹത്തിലോ സമുദായത്തിലോ മാത്രമല്ല നാം ഇന്ന് കാണുന്നത്. അതുകൊണ്ട് തന്നെ എല്ലാ മതങ്ങളും ദര്‍ശനങ്ങളും അതിനെ കൈകാര്യം ചെയ്തതായിട്ടും വിശുദ്ധ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. പ്രവാചകന്‍ മുഹമ്മദ് (സ) മനുഷ്യന്റെ ആര്‍ത്തിയെ ഉപമിച്ചിട്ടുള്ളത് ആട്ടിന്‍ കൂട്ടത്തിലേക്ക് അയക്കപ്പെട്ട വിശന്ന ചെന്നായയോടാണ്. ആ ചെന്നായ കയറി ചെല്ലുന്ന ആട്ടിന്‍ കൂട്ടത്തിലെ ആടുകള്‍ പലതിനെയും അത് കൊന്ന് ഭക്ഷണമാക്കും. പലതും പരിക്കേല്‍പ്പിക്കപ്പെടും. ഇങ്ങനെ ഏതെങ്കിലും തരത്തില്‍ അതിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപെടുന്നവ വളരെ അപൂര്‍വമായിരിക്കും. ആര്‍ത്തി മനസ്സിനുള്ളില്‍ കടന്നു കൂടിയ മനുഷ്യന്റെ അവസ്ഥയും അത് തന്നെയാണ്. അതിനുള്ളിലെ നന്മകള്‍ പലതും കൊല ചെയ്യപ്പെട്ടിട്ടുണ്ടാവും. പല നന്മകളും പരിക്കേറ്റ് അവശമായ നിലയിലായിരിക്കും. അങ്ങനെയുള്ള ഒരാള്‍ക്ക് അവനിലുള്ള ദുഷ്ചിന്തകളെ എങ്ങനെ തടഞ്ഞുവെക്കാന്‍ സാധിക്കും. തനിക്ക് നഷ്ടപ്പെടുന്ന സമ്പത്തിന്റെയും തനിക്ക് ലഭിക്കാനിരിക്കുന്ന സമ്പത്തിന്റെയും കണക്കുകള്‍ മാത്രമായിരിക്കും അവനില്‍ നിറഞ്ഞ് നില്‍ക്കുക. അവിടെ ബന്ധങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഉണ്ടാവില്ല.

മനുഷ്യന്റെ മനസിനുള്ള ചികിത്സ മാത്രമാണ് ഇതിന് ഒരു പരിഹാരം. ഇഹലോക ജീവിതത്തിന്റെ നൈമിഷികത അവന്‍ തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം ആരും സംസകരിക്കപ്പെടുകയില്ല. ഈ ലോകം ഒരു പരീക്ഷണ ഗേഹമാണ്. അവിടെയത്തിരിക്കുന്ന പരീക്ഷാര്‍ഥി മാത്രമാണ് ഞാന്‍. ഈ പരീക്ഷയുടെ ഫലം അനുഭവിക്കാന്‍ ശാശ്വതമായ ഒരു ലോകം എന്നൈ കാത്തിരിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമുള്ള ഒരാള്‍ക്ക് എങ്ങനെ ആര്‍ത്തി ബാധിച്ചവനാകാന്‍ സാധിക്കും. താനിവിടെ ചെയ്യുന്നതിന്റെയെല്ലാ ഫലവും അനുഭവിക്കേണ്ടി വരുമെന്ന ഉറച്ച ബോധ്യമുള്ള ഒരാള്‍ക്കെങ്ങനെ മറ്റൊരാളുടെ കഴുത്തിന് നേരെ കത്തി നീട്ടാന്‍ സാധിക്കും. കേവലം നിയമങ്ങള്‍ക്കോ ശിക്ഷകള്‍ക്കോ ഒന്നും മനുഷ്യനെ സംസ്‌കരിക്കാന്‍ സാധിക്കുകയില്ലെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. മറിച്ച് അടിയുറച്ച വിശ്വാസത്തിന് മാത്രമേ മനുഷ്യനെ സംസ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടത്.

Related Articles