Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ ‘കുട്ടികളുടെ ഗ്വാണ്ടനാമോ’യിലേക്ക് സ്വാഗതം

kids-Guantanamo.jpg

‘ഒരാള്‍ ജയിലിനുള്ളിലാവുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് എന്തായിരിക്കുമെന്ന് താങ്കള്‍ക്കറിയുമോ?’ ഇത് പറഞ്ഞു കൊണ്ടാണ് ഒരു ഈജിപ്ഷ്യന്‍ വക്കീല്‍ എന്നെ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പുതിയ കേസിനെ കുറിച്ച് എന്നോട് പറഞ്ഞു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു എന്ന സംശയത്തിന്റെ പേരില്‍ ഒരു ടാക്‌സി ഡ്രൈവറാണ് 14 വയസ്സുകാരനായ മുഹമ്മദ് അബ്ദില്‍ സയിദിനെ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചത്. ഗവണ്‍മെന്റിനെതിരെ പ്രതിഷേധിച്ചു, സ്‌ഫോടക വസ്തുക്കള്‍ കൈവശം സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങള്‍ അവന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. ഒരു മാസക്കാലത്തോളം അവന്‍ തടവില്‍ കിടന്നു. പിന്നീട് കേസ് കോടതിയില്‍ എത്തിയപ്പോഴാണ് വിട്ടയക്കപ്പെട്ടത്. നിയമവ്യവസ്ഥയെ കുറിച്ച് യാതൊരു വ്യാമോഹവും ഇല്ലാതിരുന്ന മുഹമ്മദിന് വാദം കേള്‍ക്കാന്‍ ഹാജരാകുന്നതിനെ സംബന്ധിച്ച് വളരെയധികം പേടിയുണ്ടായിരുന്നു. പക്ഷെ കോടതിയില്‍ ഹാജറായില്ലെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് വക്കീല്‍ അവനോട് പറഞ്ഞത്.

ഇതാണ് ഇന്നത്തെ ഈജിപ്ഷ്യന്‍ യുവതയുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം. യുവാക്കളാണ് ഈജിപ്തിന്റെ ഭാവിയും പ്രതീക്ഷയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി നാഴികക്ക് നാല്‍പത് വട്ടം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, പ്രവര്‍ത്തനം നേര്‍വിപരീതമാണ്. ഔദ്യോഗികമായി പ്രസിഡന്റായതിന്റെ രണ്ടാം വാര്‍ഷികം കൊണ്ടാടാന്‍ പോകുകയാണ് സീസി, അതേസമയം പൊള്ളയായ വാഗ്ദാനങ്ങളാല്‍ ഈജിപ്തിന്റെ നേട്ടങ്ങളുടെ പട്ടിക നിറഞ്ഞിരിക്കുകയാണ്.

അതേസമയം, പ്രസിഡന്‍ഷ്യന്‍ കാമ്പയിനില്‍ ഉടനീളം ഈജിപ്ഷ്യന്‍ ഭരണകൂട മാധ്യമങ്ങള്‍ സീസിക്ക് പാദസേവ ചെയ്തു. അമേരിക്കയുടെ ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരങ്ങളോട് സാമ്യമുള്ള, ‘ഈജിപ്ത് ഒരിക്കല്‍ കൂടി ഉന്നതിയിലെത്തും’ തുടങ്ങിയ പൊള്ളയായ ഉത്തരങ്ങളല്ലാതെ എടുത്ത് പറയാന്‍ തക്കതായ, അനുഭവേദ്യമായ ഒന്നും തന്നെ സീസി ജനങ്ങള്‍ക്ക് നല്‍കുന്നില്ല.

സാമ്പത്തിക രംഗത്തെ പറ്റി കൂടുതല്‍ ചോദിച്ചപ്പോള്‍, പൗരന്‍മാര്‍ മിതവ്യയം ശീലിച്ച് ചെലവ് കുറക്കണമെന്നും, ‘മുണ്ട് മുറുക്കിയെടുക്കണം’ എന്നുമാണ് അദ്ദേഹം പറഞ്ഞത്. പിന്നീടൊരിക്കല്‍, അന്യായ തടങ്കലിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതിനിടയില്‍ ചിലരെങ്കിലും അന്യായമായി ജയിലില്‍ അടക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് സമ്മതിച്ച സീസി, അവരെ മോചിപ്പിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു.

രണ്ട് വര്‍ഷം കഴിയുമ്പോള്‍, ഈജിപ്തിലെ തടവുകാരുടെ എണ്ണം സങ്കല്‍പ്പാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈജിപ്ഷ്യന്‍ ജയിലുകളില്‍ 50000 രാഷ്ട്രീയതടവുകാരുണ്ടെന്നാണ് ഏകദേശ കണക്ക്. ‘ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ജീവിതമാണ് ഞങ്ങള്‍ ജീവിക്കുന്നത്’. 15 വയസ്സുകാരന്‍ മുഹമ്മദ് ഇമാദിന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞു.

ശരീരത്തിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുക, ചാട്ടവാറ് കൊണ്ട് അടിക്കുക, മുഖത്ത് ശക്തിയായി ഇടിക്കുക, കമിഴ്ത്തി കിടത്തി പുറത്തേക്ക് ചാടുക; ഭീകരമായ പീഢനങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. ഇമാദിന്റെ പിതാവിന് കരച്ചിലടക്കാന്‍ കഴിയുന്നില്ല. ‘ജപ്പാനിലാണ് എന്റെ മകന്‍ ജനിച്ചത്. ജാപ്പനീസ് അംബാസഡര്‍ക്ക് ഞാന്‍ കത്തെഴുതിയിരുന്നു. ജപ്പാനിലേക്ക് തന്നെ അവനെ തിരിച്ചയക്കുകയാണ് സുരക്ഷിതമെങ്കില്‍ ഞാനത് ചെയ്യും. ജപ്പാന്‍ അവനെ സ്വന്തത്തെ പോലെ നോക്കും. ഇവിടെ കുട്ടികളുടെ കാര്യം വളരെ അപകടത്തിലാണ്’

പത്ത് തവണകളായി രണ്ട് വര്‍ഷത്തിലധികം തടവില്‍ കിടന്നു, പ്രതിഷേധം മുതല്‍ കൊലപാതകം വരെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടു, മുഹമ്മദിന്റെ കാര്യത്തില്‍ കോടതി ഇനിയും വിധി പറഞ്ഞിട്ടില്ല. ‘ഇതൊരു ഇരുട്ട് നിറഞ്ഞ കാരാഗൃഹമാണെന്ന് മാത്രമാണ് ഈ രാജ്യത്തെ കുറിച്ച് എന്റെ മകന് പറയാനുള്ളത്. ഒരു 15 വയസ്സുകാരന്‍ ഒരിക്കലും കടന്ന് പോകാന്‍ ഇടയില്ലാത്ത പലതിലൂടെയും അവന്‍ കടന്ന് പോയി’.

ചിലപ്പോള്‍ പുലര്‍ച്ച സമയത്ത് വീടുകളില്‍ നിന്നായിരിക്കും അവരെ പിടിച്ച് കൊണ്ടുപോവുക, അല്ലെങ്കില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നും ഇറങ്ങുന്ന സമയത്ത്, പിന്നീട് ജയിലില്‍ വെച്ച് മരണപ്പെട്ടു എന്ന വാര്‍ത്തയായിരിക്കും പുറത്ത് വരിക. ചില കേസുകളില്‍, മരണവാര്‍ത്ത പോലും പുറത്ത് വരില്ല. എതിരഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കെതിരെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അഴിച്ച് വിട്ടിരിക്കുന്ന വേട്ടപട്ടികള്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെവിടുന്നില്ല.

ഒരിക്കല്‍ തെരുവില്‍ വെച്ച്, പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പെണ്‍കുട്ടികളെ ചില തെമ്മാടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് അപ്രതീക്ഷിതമായി കാണാന്‍ ഇടയായ ഹിശാം നാസര്‍ അത് തടയാന്‍ ശ്രമിച്ചു. എന്നാല്‍ അത് കണ്ടു നിന്നവര്‍ അവനെ സഹായിക്കുന്നതിന് പകരം പോലിസിനെ വിളിച്ച് അവനെ കൂടി കുടുക്കുകയാണ് ചെയ്തത്. പോലിസ് സ്‌റ്റേഷനില്‍ പോലിസുകാരുടെ ഇടിയാണ് ഹിശാമിനെ സ്വാഗതം ചെയ്തത്. ഖും അല്‍-ദിക്കയിലേക്കും, പിന്നീട് കുപ്രസിദ്ധമായ തടങ്കല്‍പ്പാളയമായ അല്‍അഖബിയയിലേക്കും അയക്കപ്പെടുന്നതിന് മുമ്പ് മാസങ്ങളോളം അവന്‍ പോലിസ് തടങ്കലില്‍ കിടന്നു. കുട്ടികളും അവരുടെ മാതാപിതാക്കളും അല്‍അഖബിയയെ ‘കുട്ടികളുടെ ഗ്വാണ്ടനാമോ’ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്.

‘ഞങ്ങളുടെ കുട്ടികളെ അവിടേക്ക് തിരിച്ചയക്കില്ലെന്ന് അവര്‍ വാക്ക് തന്നിരുന്നു. ആ ഗ്വാണ്ടനാമോയിലേക്ക് ഞങ്ങളുടെ മക്കള്‍ പോകേണ്ടി വരില്ലെന്ന്  ഒരുപാട് മനുഷ്യാവകാശ ഗ്രൂപ്പുകളും, വക്കീലുമാരും ഞങ്ങളോട് സത്യം ചെയ്തിരുന്നു. പക്ഷെ അവര്‍ ഞങ്ങളുടെ കുട്ടികളെ അവിടേക്ക് തന്നെ തിരികെ കൊണ്ടുപോയി.’ ഹിശാമിന്റെ ഉമ്മ സങ്കടത്തോടെ പറഞ്ഞു.

തങ്ങള്‍ വീണ്ടും അല്‍അഖബിയയിലേക്ക് തന്നെ അയക്കപ്പെടുകയാണെന്ന് തിരിച്ചറിയുന്ന കുട്ടികള്‍ പോകാന്‍ വിസമ്മതിക്കും. അപ്പോള്‍ മുഖം നിലത്തോട് ചേര്‍ത്ത് കമിഴ്ത്തി കിടത്തി ഓഫീസര്‍മാര്‍ അവരുടെ പുറത്തേക്ക് ചാടും. തലയില്‍ ബൂട്ട് കൊണ്ട് ചവിട്ടും. ഹിശാമിന്റെ കൈക്ക് മുകളിലേക്കാണ് ഒരു ഓഫീസര്‍ ചാടിയത്.  കൈയ്യുടെ എല്ല് പൊട്ടിപ്പോയി. ആറ് മാസം അനക്കാന്‍ പറ്റിയിരുന്നില്ല. പോരാത്തതിന് യാതൊരു വിധത്തിലുള്ള വൈദ്യസഹായവും അവര്‍ ഹിശാമിന് നല്‍കിയില്ല. ആരോഗ്യസ്ഥിതി വഷളാവാന്‍ തുടങ്ങിയതോടെ ചെറിയ തരത്തിലുള്ള അപസ്മാര ലക്ഷണങ്ങള്‍ ഹിശാം കാണിച്ചു തുടങ്ങി. അപസ്മാരം ഇളകുമ്പോഴെല്ലാം ജയില്‍ കാവല്‍ക്കാര്‍ അവന്റെ മേല്‍ തുടര്‍ച്ചയായി തിളച്ച വെള്ളം കോരി ഒഴിക്കുകയാണ് ചെയ്തിരുന്നത്.

‘മൂന്ന് ദിവസത്തിന് ശേഷം ഞാനവനെ സന്ദര്‍ശിക്കുകയുണ്ടായി, എനിക്കവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല,’ ഹിശാമിന്റെ ഉമ്മ പറഞ്ഞു.

നിലത്ത് പരന്ന് കിടക്കുന്ന സ്വന്തം രക്തം, നിലത്ത് കിടന്ന് സ്വന്തം ശരീരം കൊണ്ട് തന്നെ തുടച്ച് വൃത്തിയാക്കാനും, കാല്‍ വിരലുകളില്‍ ഊന്നി കസേരയില്‍ ഇരിക്കുന്നത് പോലെ സങ്കല്‍പ്പിച്ച് മണിക്കൂറുകളോളം അനങ്ങാതെ നില്‍ക്കാനും അവന്‍ നിര്‍ബന്ധിതനായി. അനങ്ങുമ്പോഴെല്ലാം ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. രാഷ്ട്രീയ തടവുകാരെ മര്‍ദ്ദിക്കാനും, പീഢിപ്പിക്കാനും ക്രിമിനല്‍ കേസുകളിലെ പ്രതികളെയാണ് ഓഫീസര്‍മാര്‍ ഉപയോഗിക്കുന്നത്.

‘ഇതെല്ലാം സത്യം തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അവിടെ അരങ്ങേറുന്നതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ആ കുടുംബങ്ങള്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളത്.’ ഞാന്‍ കേട്ട സംഭവങ്ങള്‍ സത്യമാണെന്ന് വക്കീല്‍ സ്ഥിരീകരിച്ചു. ബലാത്സംഗവും, പീഢനവും, മരണത്തിലേക്ക് നയിക്കുന്ന മര്‍ദ്ദനങ്ങളും ഒരു സാധാരണ സംഭവമായി മാറി കഴിഞ്ഞ അല്‍അഖബിയയിലെ കുട്ടികള്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. കുട്ടികള്‍ കൂട്ട ആത്മഹത്യക്ക് ശ്രമിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

മര്‍ദ്ദന-പീഢനങ്ങളുടെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഓരോന്നും ഒന്നിനൊന്ന് ഭീകരമാണ്. ബുള്ളറ്റുകളും, അറസ്റ്റും നിങ്ങളുടെ കാര്യത്തില്‍ ശരിയാവില്ലെന്നും, നിങ്ങളെയെല്ലാവരെയും ഗര്‍ഭിണികളാക്കുകയാണ് വേണ്ടതെന്നുമാണ് പട്ടാള ഓഫീസര്‍മാര്‍ ചെറിയ പെണ്‍കുട്ടികളോട് പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെടുന്ന ഓരോ പെണ്‍കുട്ടിയെയും അവരുടെ അനുവാദം കൂടാതെ ഗര്‍ഭപരിശോധ നടത്തും. ശേഷം ഇന്ന് ഞങ്ങള്‍ നിങ്ങളോടൊപ്പമാണ് കിടന്നുറങ്ങുക എന്ന് പട്ടാള ഓഫീസര്‍മാര്‍ പെണ്‍കുട്ടികളെ അറിയിക്കും. ഇതോടെ ഉറക്കം നഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍, ഭയന്ന് വിറച്ചാണ് ഓരോ രാത്രിയും തള്ളിനീക്കുന്നത്.

പെട്ടെന്നൊരു ദിവസം കാണാതാവുകയും, ഒരു വര്‍ഷത്തോളം ആരുമറിയാതെ അല്‍അസൂലി തടവറയില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്ത 12 വയസ്സുകാരന്‍ അനസ് ബദവി മുതല്‍ക്ക്, അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം നാല് തവണയോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 15 വയസ്സുകാരന്‍ ഇസാമുദ്ദീന്‍ വരെയുള്ളവരുടെ എണ്ണിയാലൊതുങ്ങാത്ത സംഭവകഥകളാണ് ദിനേന പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കതകള്‍ അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോകുന്ന കുട്ടികളുടെ എണ്ണം ഈജിപ്തില്‍ കൂടി വരികയാണ്.

ഒരു പിതാവ് പറഞ്ഞത് പോലെ, ലോകത്തിന്റ കുറ്റകരമായ മൗനമാണ് ഭരണകൂടത്തിന് ഞങ്ങളുടെ കുട്ടികളുടെ നിഷ്‌കളങ്ക ജീവിതം കവര്‍ന്നെടുക്കാനും, അവരുടെ ജീവിതം കൊണ്ട് ക്രൂരവിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കുന്നത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles