Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ ഒരു കുറ്റകൃത്യമാണ്

pegida.jpg

പല യൂറോപ്യന്‍ രാജ്യങ്ങളും ഇസ്‌ലാമോഫോബിയ ഒരു കുറ്റകൃത്യമായോ വംശീയ വിവേചനമായോ കാണുന്നില്ല എന്നതാണ് അവിടങ്ങളില്‍ മുസ്‌ലിം വിരുദ്ധ വികാരം ശക്തിപ്പെടാന്‍ കാരണം. 2014-ല്‍ 5 യൂറോപ്യന്‍ രാജ്യങ്ങളും 2015-ല്‍ 25 രാജ്യങ്ങളും മാത്രമാണ് ഇസ്‌ലാമോഫോബിയയെ കുറിച്ച് പരാതികള്‍ സമര്‍പ്പിച്ചത്. ഇസ്‌ലാമോഫോബിയ അഥവാ ഇസ്‌ലാം പേടി എന്നൊന്ന് നിലനില്‍ക്കുന്നു എന്ന് അംഗീകരിക്കാന്‍ പോലും കൂട്ടാക്കാത്ത രാജ്യങ്ങള്‍ വരെ യൂറോപ്പിലുണ്ട്. യൂറോപ്പിനെ ഇസ്‌ലാമികവല്‍ക്കരിക്കാനുള്ള ശ്രമം എന്ന ആരോപണത്തില്‍ നിന്നാണ് രാഷ്ട്രീയ രംഗത്ത് ഇസ്‌ലാമോഫോബിയ പടര്‍ന്നുപിടിച്ചിരിക്കുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലെയും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അവരുടെ തെരെഞ്ഞെടുപ്പ് കരുവായും ഇസ്‌ലാമോഫോബിയയെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

എന്നാല്‍ ഈ അടുത്ത കാലത്തായി യൂറോപ്പിലെ ഇസ്‌ലാമോഫോബിയക്ക് പുതിയ മാനങ്ങള്‍ കൂടി കൈവന്നിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമോഫോബിയയെ വളര്‍ത്തുന്ന തരത്തില്‍ ഉണ്ടായ മൂന്ന് പുതിയ സംഭവവികാസങ്ങളാണ് അതിന് കാരണം. ഒന്ന്, അത് പാരീസ് ആക്രമണമാണ്. രണ്ട്, ബ്രസല്‍സ് ആക്രമണവും പിന്നെ അഭയാര്‍ത്ഥി പ്രതിസന്ധിയും. പാരീസ് ആക്രമണത്തിന് ശേഷം യൂറോപ്പിലെ പൊതുജന വികാരം ഇസ്‌ലാമിന് എതിരാണ്. ഫ്രാന്‍സില്‍ അടക്കം യൂറോപ്പിന്റെ പല ഭാഗങ്ങളിലും മുസ്‌ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായി. മുസ്‌ലിം പള്ളികളും മദ്രസകളും റൈഡ് ചെയ്യുകയും മസ്ജിദ് ഇമാമുമാരെ ചോദ്യം ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായി. പാരീസ് ആക്രമണം ഉണ്ടാക്കിയ മുസ്‌ലിം വിരുദ്ധതക്ക് ആക്കം കൂട്ടുന്നതായിരുന്നു ബെല്‍ജിയത്തിലെ ബ്രസല്‍സ് ആക്രമണം. ഫ്രാന്‍സില്‍ നിന്നും ബെല്‍ജിയത്തില്‍ നിന്നും വിദൂരസ്ഥമായ രാജ്യങ്ങളില്‍ പോലും അതിന്റെ ശക്തമായ അലയൊലികള്‍ ഉണ്ടായി. ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും നാള്‍ക്കുനാള്‍ മുസ്‌ലിംകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ ഉദാഹരണം. പച്ചക്ക് ഇസ്‌ലാമോഫോബിയ പറയാത്ത ആളുകള്‍ പോലും ഐ.എസ് മനസ്സ് മുസ്‌ലിം യുവാക്കളില്‍ നിന്ന് തുടച്ചുനീക്കുക എന്ന ആവശ്യം ഉന്നയിച്ച് അവരെ സംശയക്കണ്ണോടെ നോക്കുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കരുതെന്ന് ഇവര്‍ ശക്തമായി ആവശ്യപ്പെടുന്നതും മുസ്‌ലിം എന്ന ഐഡിന്റിറ്റിയോടുള്ള ഭയത്താല്‍ തന്നെയാണ്.

യുവജനങ്ങള്‍ പൊതു ഇടങ്ങളില്‍ അനുഭവിക്കുന്നത് പോലെ തന്നെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലും ഇസ്‌ലാമോഫോബിയയുടെ വിഷലിപ്തമായ നോക്കിനെയും വാക്കിനെയും ഭയപ്പെടുന്നു. യൂറോപ്പിലെ ഭൂരിപക്ഷം സ്‌കൂളുകളും കത്തോലിക്കാ ചര്‍ച്ചുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ തന്നെ സ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിക്കാന്‍ വലിയ പ്രയാസം ഉണ്ടാകുന്നില്ല. മുസ്‌ലിം കിന്റര്‍ഗാര്‍ട്ടനുകളിലെ പിഞ്ചുകുഞ്ഞുങ്ങളെ പോലും തീവ്രവാദികള്‍ എന്ന കണ്ണോടെ യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ കാണുന്നത് എത്ര ഖേദകരമാണ്. എക്കാലത്തുമെന്ന പോലെ മീഡിയക്ക് തന്നെയാണ് ഇസ്‌ലാമോഫോബിയയുടെ വക്താക്കളില്‍ പ്രമുഖ സ്ഥാനം. നാം, അവര്‍ എന്ന ആഖ്യാനരീതിയിലാണ് പലപ്പോഴും മുസ്‌ലിം പ്രശ്‌നങ്ങളെ യൂറോപ്യന്‍ മീഡിയകള്‍ സമീപിക്കുന്നത്. ഇസ്‌ലാമോഫോബിയ ഇല്ലാ എന്നു തന്നെ പറയാവുന്ന ലിത്വാനിയയില്‍ പോലും ഇന്റര്‍നെറ്റ് പോലുള്ള നവ മാധ്യമങ്ങളിലൂടെ മുസ്‌ലിം വിരുദ്ധത നാമ്പിടുന്നു.  

ഇസ്‌ലാമോഫോബിയയുടെ മറ്റൊരു അപകടകരമായ വശം ആന്ദ്രെ ബ്രെയ്‌വിക്കിനെ പോലെ ഇസ്‌ലാം വിരുദ്ധ തീവ്രവാദികള്‍ ഉല്‍പാദിപ്പിക്കപ്പെടും എന്നതാണ്. എന്നാല്‍ മുസ്‌ലിം സമൂഹം പൊതു സമൂഹവുമായി ആഴത്തിലുള്ള സൗഹൃദ ബന്ധം ഉണ്ടാക്കിയെടുക്കുന്നതാണ് അതിനുള്ള പോംവഴി. വംശീയതക്കെതിരെ കൂട്ടായ പോരാട്ടങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. നെതര്‍ലന്റിലും ഓസ്ട്രിയയിലും ഇസ്‌ലാമോഫോബിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്ന വേദികള്‍ രൂപീകരിച്ചിരിക്കുന്നത് വളരെ ശ്ലാഘനീയമാണ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ അടക്കമുള്ള പൊതു സമൂഹമാണ് ഇത് ശ്രദ്ധിക്കേണ്ടത്. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഏതു വിധേയനയും അതിന് തടയിടാനുള്ള മാര്‍ഗങ്ങളാണ് അന്വേഷിക്കേണ്ടത്. ഇസ്‌ലാമോഫോബിയയെ ഒരു കുറ്റകൃത്യമായി കണ്ട് യൂറോപ്യന്‍ തലത്തിലും ദേശീയ തലത്തിലും അതിനെതിരെ ശിക്ഷാനടപടികളും സ്വീകരിക്കപ്പെടേണ്ടതുണ്ട്.

വിവ: അനസ് പടന്ന

Related Articles