Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെ വിമര്‍ശിക്കുന്നവര്‍ അറിയാന്‍

ഇസ്ലാം നിര്‍ബന്ധിതാവസ്ഥയില്‍ ബഹുഭാര്യത്വം അനുവദിച്ചിരുക്കുന്നു. അതും ഭാര്യമാര്‍ക്കിടയില്‍ കൃത്യമായ നീതി പുലര്‍ത്തണമെന്ന നിബന്ധനയോടെയും. അതോടൊപ്പം എല്ലാ വിവാഹബാഹ്യ ബന്ധങ്ങളെയും കര്‍ക്കശമായി വിലക്കിയിരിക്കുന്നു. അതു കൊണ്ടുതന്നെ താന്‍ ബന്ധപ്പെടുന്ന സ്ത്രീയെയും അവരിലുണ്ടാകുന്ന കുട്ടികളുടെയും സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ ബഹു ഭാര്യത്വം അനുവദിച്ചതിന്റെ പേരില്‍ ഇസ്ലാമിക ശരീഅത്തിനെ വിമര്‍ശിക്കുന്നവരോ? അവരുടെ മുന്നണിയില്‍ നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റുകളുടെ ആചാര്യന്‍ തന്നെ സ്വീകരിച്ച സമീപനം അത് വ്യക്തമാക്കുന്നു.
ദീര്‍ഘകാലത്തെ പ്രണയബന്ധത്തിനു ശേഷം 1843 ജൂണില്‍ 19-ന് ക്രൂസെനാക്കിലെ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ വെച്ച് വിവാഹം ചെയ്ത ജെന്നിയെ തന്റെ കടബാധ്യത തീര്‍ക്കാന്‍ പണം വായ്പ വാങ്ങാനായി കൊടും തണുപ്പും ദുരിതവും സഹിച്ച് നീണ്ട പതിനഞ്ചു മണിക്കൂര്‍ യാത്ര ചെയ്ത് എത്തേണ്ട ഹോളണ്ടിലേക്കയച്ച ശേഷം ചെയ്തതെന്തെന്ന് മേരി ഗബ്രിയല്‍ എഴുതിയ അറുനൂറിലേറെ പേജുള്ള ‘ലവ് ആന്റ് കാപിറ്റല്‍’ എന്ന കൃതിയെ അവലംബിച്ച എസ്. ജയചന്ദ്രന്‍ എഴുതുന്നു. ”ഗൃഹഭരണത്തിന്റെ സമ്പൂര്‍ണ്ണ ചുമതല ഏല്‍പിച്ചിരുന്ന മുപ്പതുകാരിയായ ലെന്‍ചന്‍ഗര്‍ഭിണിയായി. 1851 ല്‍ വസന്തകാലത്ത് ജെന്നിയും ലെന്‍ചനും പ്രസവിച്ചു. മാര്‍ക്കിസിന്റെ സ്വകാര്യ ജീവിതത്തിലെ അപമാനത്തിന്റെ മുദ്രയായിരുന്നു ലെന്‍ചന്റെ ഗര്‍ഭധാരണം. ആത്മമിത്രമായ് മാര്‍ക്‌സിനെ രക്ഷിക്കാനായി ലെന്‍ചന്റെ കുട്ടിയുടെ പിതൃത്വം ഏംഗല്‍സ് ഏറ്റെടുത്തെങ്കിലും ജെന്നി അത് വിശ്വസിച്ചിരുന്നോയെന്ന് ആരും തിരക്കിയില്ല. ദുരിത പൂര്‍ണ്ണമായ മാര്‍കിസിന്റെ കുടുംബ ഭദ്രത തകരാതിരിക്കാനായി ലെന്‍ചന്റെ കുഞ്ഞിനെ വളര്‍ത്താനുള്ള ചുമതല ഏംഗല്‍സ് ഇടപെട്ട് മറ്റൊരു കുടുംബത്തെ ഏല്‍പിച്ചു.” (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 മാര്‍ച്ച് 9-13)
അപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്തസ്സും സുരക്ഷിതത്വവും ഇസ്ലാമിലോ ഭൗതികതയിലോ? വ്യഭിചാരം മാന്യന്മാര്‍ക്ക് ചേര്‍ന്നതാണോ? അല്ലെങ്കില്‍ മാര്‍ക്കിസം ഉള്‍പ്പെടെ ഏതെങ്കിലും ഭൗതികവാദ ദര്‍ശനം അതിനെ വിലക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ യുക്തിയും ന്യായവുമെന്ത്? ഇല്ലെങ്കില്‍ തങ്ങള്‍ വ്യഭിചാരത്തെ അനുകൂലിക്കുന്നവരാണെന്ന് സ്വന്തം ഭാര്യയോടും കുട്ടികളോടും സമൂഹത്തോടും തുറന്നു പറയാന്‍ ഭൗതിക വാദികള്‍ തയ്യാറാകുമോ ?

Related Articles