Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ സംഹാരകരും സമുദ്ധാരകരും

ഇസ്‌ലാമിക ചരിത്രം പ്രതിസന്ധികളുടെയും അതിജീവനത്തിന്റേതുമാണ്. പ്രതിസന്ധികളുടെ മുമ്പില്‍ അറച്ചുനില്‍ക്കുന്നവര്‍ക്കല്ല, ഭേദിച്ചു മുന്നോട്ട് പോകുന്നവര്‍ക്കാണ് വിജയം. ഇത്തരത്തിലുള്ള ഒരു അതിജീവന ശേഷി ഇസ്‌ലാം എന്നും പുറത്തെടുത്തിട്ടുണ്ട്.

പ്രവാചകന്റെ വിയോഗത്തെ തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധി മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെടുകയുണ്ടായി. പ്രവാചകന്റെ പ്രബോധന ഘട്ടങ്ങളില്‍ പോലും ഇത്തരത്തിലുളള പ്രതിസന്ധി മുസ്‌ലിം സമൂഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഉര്‍വതു ബ്ന്‍ സുബൈര്‍ (റ)വിന്റെ പ്രസ്താവന അതിന്റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നു. ‘ മഴ കോരിച്ചൊരിയുന്ന രാവില്‍ ഹിംസജീവികളുടെ മുമ്പിലകപ്പെട്ട ആട്ടിന്‍പറ്റങ്ങളെ പോലെയായിരുന്നു അന്ന് മുസ്‌ലിങ്ങളുടെ അവസ്ഥ. പക്ഷെ, ഈ പരീക്ഷണം അതിജയിക്കാനുള്ള കരുത്ത് അല്ലാഹു അബൂബക്കറിന് നല്‍കി. പ്രവാചന്മാരുടെ ദൗത്യനിര്‍വഹണം പോലെ അദ്ദേഹം എഴുന്നേറ്റ് നിന്നു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും തീരുമാനവും വളരെ ജാഗ്രതയോടെയായിരുന്നു. പ്രസ്തുത വിഷയങ്ങള്‍ ഏറ്റവും അനുയോജ്യമായ രീതിയില്‍ അദ്ദേഹം കൈകാര്യം ചെയ്തു. അസാധാരണ കഴിവുള്ള മനുഷ്യനായിരുന്നു അബൂബക്കര്‍(റ). പൊതുവെ ദയയിലും നൈര്‍മല്യത്തിലും സുപരിചിതമായ വ്യക്തിത്വമുള്ള അദ്ദേഹം ഉമറിനെ അതിജയിക്കുന്ന കടുത്ത നിലപാടുകളാണ് പ്രസ്തുത സന്ദര്‍ഭത്തില്‍ സ്വീകരിച്ചത്. ഈ മഹത്തായ ഉത്തരവാദിത്തം അബൂബക്കര്‍ (റ) വളരെ ഭംഗിയായി നിര്‍വഹിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. സന്നിഗ്ദ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അധരങ്ങളില്‍ നിന്നും ഉതിര്‍ന്നുവീണ ആ ചോദ്യം എല്ലാ വികാരങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു: ‘ ഞാന്‍ ജീവിച്ചിരിക്കെ ദീനിന് വല്ല അപഭ്രംശവും സംഭവിക്കുകയോ?!” .അദ്ദേഹത്തിന്റെ അന്ധരാളങ്ങളില്‍ കത്തിജ്ജ്വലിച്ച രോഷം കാലഘട്ടത്തിന്റെ പ്രതിസന്ധിയെ അതിജയിക്കാന്‍ കരുത്തുള്ള ചോദ്യമായി പുറത്ത് വരികയായിരുന്നു. തലമുറകളായി അനന്തരമായി സംരക്ഷിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിനെ അതിന്റെ പൂര്‍ണതയില്‍ തന്നെ മുന്നോട്ട് നയിക്കാന്‍ അബൂബക്കറിന് സാധിക്കുകയുണ്ടായി. ആഇശ(റ) അദ്ദേഹത്തിന്റെ നേതൃപാടവത്തെ കുറിച്ച് വിവരിക്കുന്നു: ‘ റസൂലിന്റെ വിയോഗത്തെ തുടര്‍ന്നു ഭൂരിഭാഗം അറബികളും മതഭ്രഷ്ടരായി, അവരുടെ ഹൃദയങ്ങളില്‍ കാപട്യം കുടിയിരുത്തുകയും ചെയ്തു. എന്റെ പിതാവിന്റെ മുമ്പില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി ഉറച്ച പര്‍വതത്തിനാണ് അഭിമുഖീകരിക്കേണ്ടി വന്നതെങ്കില്‍ അത് ഛിന്നഭിന്നമാകുമായിരുന്നു. മഴ കോരിച്ചെരിയുന്ന രാത്രിയില്‍ ഹിംസജന്തുക്കങ്ങള്‍ക്ക് മുമ്പിലകപ്പെട്ട ആട്ടിന്‍പറ്റങ്ങളെ പോലെയായിരുന്നു അന്ന് മുഹമ്മദ് നബിയുടെ അനുയായികള്‍..അവര്‍ ഏതെല്ലാം വിഷയത്തില്‍ അഭിപ്രായഭിന്നതയിലേര്‍പ്പെട്ടോ അവിടെയെല്ലാം തന്റെ പിതാവ് ഉചിതമായ തീരുമാനമെടുക്കാതിരുന്നിട്ടില്ല. അതിനാല്‍ തന്നെ അബൂഹുറൈറ(റ) ഇപ്രകാരം പറയുകയുണ്ടായി. ‘ പ്രപഞ്ച നാഥനാണെ സത്യം! അബൂബക്കര്‍ ഖിലാഫത്ത് ഏറ്റെടുത്തിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ദൈവമാര്‍ഗത്തില്‍ നിന്നകന്നുപോയേനെ’ .

ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ നിന്ന് ഏഴാം നൂറ്റാണ്ടിലേക്ക് നാം സഞ്ചരിക്കുകയാണെങ്കില്‍ കുരിശ് സൈന്യം സര്‍വസന്നാഹങ്ങളുമായി ഫലസ്തീനില്‍ ആധിപത്യം പുലര്‍ത്തിയ അതിദാരുണമായ അവസ്ഥ നമുക്ക് ദര്‍ശിക്കാം. ഒരു സൈന്യത്തിനോ രാജാവിനോ നിലയുറപ്പിക്കാന്‍ സാധിക്കാത്ത രീതിയില്‍ സര്‍വവ്യാപിയായ വെട്ടുകിളികളെ പോലെയായിരുന്നു അവര്‍. അവരെ പ്രതിരോധിക്കാന്‍ അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ തീര്‍ത്തും അശക്തരായിരുന്നു. രാഷ്ട്രങ്ങള്‍ക്കും അതിലെ പ്രജകള്‍ക്ക് മേലിലും അവര്‍ പൂര്‍ണമായി ആധിപത്യം സ്ഥാപിച്ചിരുന്നു. ഇസ്‌ലാമിക സമൂഹവും അതിന്റെ നാഗരികതകളും പൂര്‍ണമായി ഭീഷണി അഭിമുഖീകരിച്ച സന്ദര്‍ഭം! ഇസ് ലാമിക ലോകമൊന്നടങ്കം പ്രതിസന്ധിയുടെ നീര്‍ച്ചുഴിയിലകപ്പെട്ട സമയങ്ങള്‍! ഏതെങ്കിലും ഒരു രാജാവിനോ സൈന്യാധിപനോ പ്രതിരോധിക്കാന്‍ കഴിയാത്ത പ്രതിസന്ധിയായിരുന്നു അത്. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ ഫലസ്തീനെ പ്രതിരോധിക്കാനായി രംഗത്തെത്തി..കുരിശ് ആക്രമണത്തെ പ്രതിരോധിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ മനസ്സും മസ്തിഷ്‌കവും ചിന്തയും ആസൂത്രണങ്ങളുമെല്ലാം കുരിശ്‌സൈന്യത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനായി സ്വകുടുംബത്തെയും സന്താനങ്ങളെയും സ്വദേശത്തെയും അദ്ദേഹം പരിത്യജിച്ചു. ഒരു പര്‍വതത്തിന് വഹിക്കാനാകാത്തത്ര ഭാരമായിരുന്നു ഖുദ്‌സിന്റെ വിമോചനത്തിനായി അദ്ദേഹം തലയിലേറ്റിയതെന്ന് ഇബ്‌നു ശിദാദ് അദ്ദേഹത്തിന്റെ അന്നത്തെ അവസ്ഥയെ കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. ഖുദുസിന്റെ മോചനത്തിനായി അദ്ദേഹം തന്റെ കുതിരയുമായി ഓരോ കുടിലിലും കൂരയിലുമെത്തി ജനങ്ങളെ ജിഹാദിന്നായി പ്രേരിപ്പിച്ചു. കണ്‍തടങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന രീതിയില്‍ ഇസ്‌ലാമിനു വേണ്ടി അദ്ദേഹം ശബ്ദിച്ചുകൊണ്ടിരുന്നു.. ഖുദുസിനെ കുറിച്ച വ്യഥകളാല്‍ പലപ്പോഴും അദ്ദേഹം ഭക്ഷണം തന്നെ കഴിച്ചില്ല. അല്ലാഹുവില്‍ ഭരമേല്‍പിച്ചു രോഷാഗ്നിയുള്ള മനസ്സും കടുത്ത നിശ്ചയദാര്‍ഢ്യവുമായി അദ്ദേഹം മുന്നേറിയപ്പോള്‍ തന്റെ ദൗത്യം സുന്ദരമായി വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. ഹിത്വീന്‍ യുദ്ധത്തില്‍ വ്യക്തമായ വിജയം അദ്ദേഹം നേടി. അദ്ദേഹത്തിന്റെ സൈന്യം വികാരഭരിതമായ ഹൃദയത്തോടെയും സ്പന്ദിക്കുന്ന നാഢീ ഞരമ്പുകളുമായും രോഷമുള്ള സിംഹത്തെപോലെയും കോപിഷ്ടനായ ധീരനെപ്പോലെയുമായിരുന്നു പിന്നില്‍ അണിനിരന്നത്. അത്തരത്തില്‍ ഉമര്‍(റ)വിന് ശേഷം കുരിശ് മേധാവികളില്‍ നിന്ന് ബൈതുല്‍ മഖ്ദിസിനെ മോചിപ്പിച്ചത് സുല്‍ത്താന്‍ സ്വലാഹുദ്ധീന്റെ കരങ്ങളിലൂടെയായിരുന്നു.

എന്നാല്‍ ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ ഉടലെടുക്കുകയുണ്ടായി. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സമൂഹത്തെ വഞ്ചിച്ചനേതാക്കന്‍മാരാണ് അന്ന് അവരെ നയിച്ചിരുന്നത്. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഏറ്റവും വലുത് അബ്ബാസികളുടെതായിരുന്നു. അവരുടെ നേതാക്കളില്‍ ചിലരില്‍ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിങ്ങളുടെ ചരിത്രത്തില്‍ പ്രശോഭിതമായ നാഗരികതകള്‍ക്കും വൈജ്ഞാനിക കേന്ദ്രങ്ങള്‍ക്കും അടിത്തറ പാകിയ ഭരണാധികാരികള്‍ അവരിലുണ്ടായിരുന്നു. ജിഹാദിലൂടെ കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളില്‍ മുസ്‌ലിങ്ങളുടെ പതാക ഉയര്‍ത്തുവാന്‍ ചരിത്രത്തിലാധ്യമായി അവര്‍ക്ക് സാധിക്കുകയുണ്ടായി. ഹാറൂന്‍ റഷീദിന്റെ ഭരണകാലത്ത് മുസ്‌ലിങ്ങള്‍ എല്ലാരംഗത്തും ഉത്തുംഗത പ്രാപിക്കുകയുണ്ടായി. പിന്നീട് എപ്രകാരമാണ് പ്രസ്തുത രാഷ്ട്രം അധപ്പതനത്തിന്റെ പടുകുഴിയിലെത്തിയത് എന്ന് നാം അന്വേഷണവിധേയമാക്കേണ്ടതുണ്ട്. അവസാനത്തെ ഭരണാധികാരി സുഖലോലുപതയില്‍ കഴിഞ്ഞുകൂടിയ അഭിപ്രായ സുബദ്ധതയില്ലാത്ത വളരെ ദുര്‍ബലനായ ഒരു വ്യക്തിയായിരുന്നു. അദ്ദേഹം തന്റെ അശ്രദ്ധകാരണം രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങള്‍ മുഹമ്മദ് ബിനു അല്‍ഖമീ എന്നുപറയുന്ന റാഫിദിയ്യാക്കളില്‍ പെട്ട നികൃഷ്ടനായ ഒരു വ്യക്തിയെ ഏല്‍പിക്കുകയുണ്ടായി. അദ്ദേഹം സൈന്യത്തെ മെല്ലെ മെല്ലേ ഖലീഫയില്‍ നിന്നും അകറ്റുകയുണ്ടായി. എത്രത്തോളമെന്നാല്‍ ഭരണതലസ്ഥാനമായ ബഗ്ദാദില്‍ പതിനായിരം കുതിരപ്പടയാളികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ വലിയ സൈന്യവുമായി ബഗ്ദാദിലേക്ക് ഇരച്ചുവരികയാണെങ്കില്‍ ഇത്രയും സൈന്യത്തെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന് താര്‍ത്താരികള്‍ക്ക് മുഹമ്മദ് ബിന്‍ അല്‍ഖമീ കത്തെഴുതി. മാത്രമല്ല, തത്താറുകളുടെ നേതാവായ ഹോലാഗോയുമായി സന്ധിസംഭാഷണത്തിലേര്‍പ്പെടുന്നതാണ് ഏറ്റവും ഉചിതമായതെന്ന് ഖലീഫയെ അല്‍ഖമി ബോധ്യപ്പെടുത്തുകയും ചെയ്തു. അപ്രകാരം ഖലീഫ പണ്ഡിതന്മാര്‍, ജഢ്ജിമാര്‍ എന്നിവരടങ്ങുന്ന എഴുന്നൂറോളം പ്രധാനികളുമായി സന്ധിസംഭാഷണത്തിനായി പുറപ്പെട്ടു. താര്‍ത്താരികള്‍ ഖലീഫ മുസ്തഅസിമിനെയും അദ്ദേഹത്തിന്റെ മൂന്ന് മക്കളുള്‍പ്പെടേയുള്ള പതിനേഴ്‌പേരെയും അവിടെ വെച്ച് നിഷ്ഠൂരമായി കൊലചെയ്യുകയുണ്ടായി. ഖലീഫയെ കൊലചെയ്യാന്‍ താര്‍ത്താരി നേതാവായ ഹോളാക് ധൈര്യപ്പെട്ടിരുന്നില്ല. പക്ഷെ, റാഫിദുകളില്‍ പെട്ട നികൃഷ്ടനും വഞ്ചകനുമായ ഭരണാധികാരി ഇബ്‌നു അല്‍ഖമി അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു. താര്‍ത്താരികള്‍ അപ്രകാരം ബഗ്ദാദില്‍ പ്രവേശിച്ചു. മന്ത്രിയായ ഇബ്‌നു അല്‍ഖമീ അതിന്റെ വാതായനങ്ങള്‍ അവര്‍ക്കുമുമ്പില്‍ മലക്കെ തുറന്നിട്ടുകൊടുത്തു. അവര്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയും അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ബന്ധികളാക്കുകയും രക്തം ചിന്തുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. വെറും നാല്‍പത് ദിനങ്ങള്‍ കൊണ്ട് ഭൂമിയിലെ ഉദ്യാനമായ ബഗ്ദാദ് ശവപ്പറമ്പായി മാറി എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ലക്ഷക്കണക്കിന് മുസ് ലിങ്ങളുടെ തലയോട്ടിക്ക് മുകളിലാണ് താര്‍ത്താരികള്‍ തങ്ങളുടെ അധികാരം ബഗ്ദാദില്‍ പണിതുയര്‍ത്തിയത്. അബ്ബാസി മന്ത്രിയായിരുന്ന ഇബ്‌നു അല്‍ഖമിയാണ് ഭീകരമായ ദുരന്തത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയത്. അഞ്ചുനൂറ്റാണ്ടുകളോളം ഭരണം നടത്തിയ അബ്ബാസി ഖിലാഫത്ത് അതോടെ നാമാവശേഷമായിത്തീര്‍ന്നു.

മുസ്‌ലിം സമൂദായത്തിന്റെ പരാജയത്തില്‍ വലിയ പങ്കുവഹിച്ച ഒറ്റുകാരെയും ചരിത്രത്തില്‍ നമുക്ക് കാണാം. തുര്‍ക്കി ഖിലാഫത്തിന്റെ അന്തകനായിത്തീര്‍ന്ന മുസ്തഫ കമാല്‍ തുടക്കത്തില്‍ ഇസ്‌ലാമിന്റെ മാനവികദര്‍ശനത്തില്‍ ആകൃഷ്ടനായ വ്യക്തിയായിട്ടാണ് രംഗപ്രവേശം ചെയ്തത്. ദൈവമാര്‍ഗത്തിലെ യോദ്ധാവ്(അല്‍ഗാസി ഫീ സബീലില്ലാഹ്) എന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. മുസ്‌ലിങ്ങളെ വഞ്ചിക്കാന്‍ വേണ്ടി ജിഹാദ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അഹ്മദ് ശൗഖി വരെയുള്ളവര്‍ അദ്ദേഹത്തെ പ്രശംസിച്ച് കവിതരചിക്കുകയുണ്ടായി. എന്നാല്‍ വൈകാതെ ഇസ്‌ലാമിന്റെ ശത്രുവായ അദ്ദേഹം തന്റെ യഥാര്‍ഥ മുഖം വെളിവാക്കി പുറത്തുവരികയുണ്ടായി. മുസ്‌ലിങ്ങളുടെ രക്തം ചിന്താന്‍ നേതൃത്വം നല്‍കുകയും ഇസ്‌ലാമിന്റെ ഛിന്നങ്ങളെ ഒന്നടങ്കം നിരോധിക്കുകയുമുണ്ടായി. അറബി ഭാഷ എഴുതുന്നതിനും സംസാരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. തുര്‍ക്കിയും ലാറ്റിനും പകരമാക്കി. ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും പരിഹസിക്കാന്‍ വേണ്ടി ബാങ്ക് തുര്‍ക്കി ഭാഷയില്‍ ആക്കുകയുണ്ടായി. മാസോണിസ്റ്റുകള്‍ അദ്ദേഹത്ത വളരെയധികം സഹായിച്ചിരുന്നു. മാസോണിസ്റ്റുകളുടെ വിജ്ഞാനകോശത്തില്‍ ഇപ്രകാരം കാണാം.’ സഹോദരന്‍ മുസ്തഫ കമാലിന്റെ തുര്‍ക്കിയിലെ വിപ്ലവം സമുദായത്തിന് വളരെ പ്രയോജനം ചെയ്യുകയുണ്ടായി. ഖിലാഫത്തും സുല്‍ത്താന്‍ ഭരണകൂടവും അദ്ദേഹം ഇല്ലാതാക്കി, ശറഈ കോടതിയെയും ഇസ്‌ലാമിക രാഷ്ട്രത്തെയും പിരിച്ചുവിട്ടു, എല്ലാ ഉണര്‍വുള്ള സമൂഹങ്ങളിലും മാസോണിസം നിര്‍വഹിക്കാനുദ്ദേശിച്ച ദൗത്യം ഇതുതന്നെയാണല്ലോ! അത്താതുര്‍ക്കിനെ പോലുള്ള കഴിഞ്ഞതും വരാനിരിക്കുന്നവരുമായ വ്യക്തികള്‍ മാസോണിസത്തിന്റെ വക്താക്കളാണ’്.
ഇത്തരത്തിലുള്ള ഒറ്റുകാരുടെ നിലപാടുകള്‍ ഇപ്രകാരമാണ്. ഇവരും സമുദായത്തിന്റെ സമുദ്ധാരകന്മാരും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. ഉമ്മത്തിന്റെ പ്രതിഛായയില്‍ കറുത്തപാടുകള്‍ കോറിയിട്ട ഒരു വിഭാഗം ആളുകള്‍. ഇസ്‌ലാമിന്റെ അഭിമാനബോധം ഉയര്‍ത്തിപ്പിടിച്ച മറ്റൊരു വിഭാഗമാളുകള്‍. വിശ്വാസികളുടെ മുമ്പില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുകയും അവരെ ദുഖത്തിലും വ്യസനത്തിലുമാക്കിയവരുമായ ഒരു വിഭാഗം, ഉമ്മത്തിന്റെ സംസ്‌കരണത്തിനും നവോഥാനത്തിനുമായി അഹോരാത്രം അധ്വാന പരിശ്രമങ്ങളിലേര്‍പ്പെടുന്ന മറുവിഭാഗം. ഇതില്‍ ഏത് കൂട്ടരില്‍ പെടാനാണ് താങ്കളുടെ തീരുമാനം, ഇതില്‍ ഏത് നിലപാടുകളാണ് താങ്കള്‍ സ്വീകരിക്കുന്നത്. ഇത് ഭരണാധികാരികളുടെയും മന്ത്രിമാരുടെയും നിലപാടുകളാണെന്ന് നീ പറയരുത്…അക്കൂട്ടര്‍ക്ക് ഇതില്‍ ഒരു പങ്കുമില്ല. പക്ഷെ, അവരുടെ നിരന്തരമായ പരിശ്രമങ്ങളും തുടരെ തുടരെയുള്ള പ്രവര്‍ത്തനങ്ങളുമായിരുന്നു ഈ ഒരു നിയോഗത്തിന് അവരെ പര്യാപ്തമാക്കിയത്.

ഇന്ന് സമൂഹം നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതില്‍ നാം എന്ത് നിലപാടുകള്‍ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കുമാണോ നിങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ ഇസ്‌ലാമിക യുവത അവരുടെ നിശ്ചയദാര്‍ഢ്യവും സ്വപ്‌നങ്ങളും കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റണം. ഇസ്‌ലാമിന്റെ പ്രതാപത്തെയാണ് നാം സ്വപ്‌നം കാണേണ്ടത്. അതായിരുന്നു ഉമറുബ്‌നു അബ്ദുല്‍ അസീസ് സ്വപ്‌നം കണ്ടത്. മുഹമ്മദ് ബിന്‍ ഖാസിമും ത്വാരിഖ് ബിന്‍ സിയാദും അതിനുവേണ്ടിയാണ് പരിശ്രമിച്ചത്. ഇതുതന്നെയാണ് നിങ്ങളുടെ ലക്ഷ്യമായിത്തീരേണ്ടത്. നിങ്ങളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഇസ്‌ലാമിന്ന് വേണ്ടി നല്‍കാന്‍ നിങ്ങള്‍ തയ്യാറാകണം. അല്ലാഹു നിങ്ങളെ തെരഞ്ഞെടുത്തയച്ചതും ഈ ദൗത്യനിര്‍വഹണത്തിന് വേണ്ടി തന്നെയാണ്. ‘ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതേണ്ടവിധം പൊരുതുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു വിഷമവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി!’ (അല്‍ഹജ്ജ് 78).
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles