Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം, ഇടതുപക്ഷം ; സഹവര്‍ത്തിത്വമാണ് അഭികാമ്യം

സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ടതില്‍ ഏറ്റവും സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്. ഒരു വശത്ത് ദീര്‍ഘദൃഷ്ടിയും ജനക്ഷേമ തല്‍പരതയുമുള്ള നേതാക്കളുടെ അഭാവം. മറുവശത്ത് കോണ്‍ഗ്രസ് എന്ന ദേശീയ മതേതര പ്രസ്ഥാനം ഈ രാജ്യത്തെ മുഴുവന്‍ സാമ്രാജ്യത്വത്തിന് അടിയറ വെക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഈ ശൂന്യതയിലാണ് ലോകസഭാ തെരെഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഫാഷിസവും തീവ്രഹിന്ദുത്വത്തിന്റെ മാനസ പുത്രനും രാജ്യത്തെ അടക്കി ഭരിക്കാന്‍ അധികാരത്തിന്റെ അരമനകളിലേക്ക് എത്തിനോക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷവും ഇസ്‌ലാമിസ്റ്റുകളും കലഹത്തിന് പകരം സഹവര്‍ത്തിത്വത്തിന്റെ പാത സ്വീകരിക്കുകയാണ് വേണ്ടത്.

ഇസ്‌ലാം വ്യത്യസ്ത മതവിശ്വാസങ്ങളെയും മതനിരപേക്ഷതയെയും ഉള്‍ക്കൊള്ളുമ്പോള്‍ ഇടത് പക്ഷത്തിന് മതസമുദായങ്ങള്‍ക്കൊപ്പം ഇസ്‌ലാമുമായും ഇടപഴകാന്‍ സാധിക്കുകയാണ് വേണ്ടത്. കമ്മൂണിസത്തോട് ആശയസംഘര്‍ഷത്തിന് സാധിക്കാത്ത പൗരോഹിത്യ മതങ്ങളെ അക്കമഡേറ്റ് ചെയ്യാന്‍ കാണിക്കുന്ന വ്യഗ്രതക്കപ്പുറം ഇസ്‌ലാം തീര്‍ക്കുന്ന ആദര്‍ശ വെല്ലുവിളിയെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷം ധൈര്യം കാണിക്കണം.

അതേ സമയം ഫാഷിസം തീര്‍ക്കുന്ന ആത്മ സംഘര്‍ഷത്തെ ഇസ്‌ലാമിസ്റ്റുകള്‍ വൈകാരിതക്കപ്പുറം വിവേകത്തോട് കൂടിയാണ് നേരിടേണ്ടത്. മോഡി ഫാഷിസത്തിന്റെ ഒരു പ്രതീകം മാത്രമാണ്. ഫാഷിസം ഇതുവരെ സൃഷ്ടിച്ചതില്‍ നിന്ന് വ്യത്യസ്തമായി സംഹാരത്തിന്റെ മൂര്‍ത്തീഭാവം നിറഞ്ഞു തുളുമ്പുന്ന വിഗ്രഹം. യഥാര്‍ഥത്തില്‍ തീവ്രദേശീയതയുടെയും വംശീയതയുടെയും അജണ്ടകള്‍ക്ക് ഹിന്ദുത്വത്തെ ഉപയോഗിക്കുക എന്നതാണ് ഫാഷിസത്തിന്റെ രീതിശാസ്ത്രം. അതുകൊണ്ട് ശ്രീരാമനെ ഉയര്‍ത്തി പിടിക്കുമ്പോള്‍ തന്നെ ഗോള്‍വാള്‍ക്കറാണ് ഫാഷിസത്തിന്റെ ഹീറോ. പുറമെ രാമായണത്തെ മുന്നോട്ട് വെച്ച് ആന്തരികമായി വിചാരധാരയില്‍ നിന്നാണ് ഫാഷിസം പ്രചോദനമുള്‍ക്കൊള്ളുന്നത്.

ശ്രീരാമനെയും രാമായണത്തെയും ഹിന്ദുത്വത്തിന്റെ ചിഹ്നങ്ങളാക്കുകയും അതേസമയം ഗോള്‍വാള്‍ക്കറെയും വിചാരധാരയെയും അതിന്റെ ഇന്ധനമാക്കി തീര്‍ക്കുന്ന അസാമാന്യ ആള്‍മാറാട്ടമാണ് ഫാഷിസം നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ ഹൈന്ദവതയെ ഫാഷിസത്തിന്റെ തടവറയില്‍ തളച്ചിടാന് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.

ഫാഷിസത്തിന്റെ ഈ അടവു നയങ്ങളെ തിരിച്ചറിഞ്ഞ് മുഴുവന്‍ ഇടതു മതേതര കക്ഷികളെ ഒന്നിച്ച് നിര്‍ത്തി ഫാഷിസത്തെ പ്രതിരോധിക്കുക എന്നതാണ് കാലഘട്ടത്തിലെ ഇസ്‌ലാമിസ്റ്റുകളുടെ ദൗത്യം. അതിനു പകരം ഉത്തരാധുനിക അക്കാദമിസ്റ്റുകളുടെ അപഗ്രഥന ശൈലി കടമെടുത്ത് മുഴുവന്‍ മതേതര കക്ഷികളുടെയും പ്രവര്‍ത്തകരെയും അംഗങ്ങളെയും ജാതിതിരിച്ച് എണ്ണിതിട്ടപ്പെടുത്തി ഭൂരിപക്ഷ സമുദായത്തിന്റെ അംഗസംഖ്യ വിലയിരുത്തി വരേണ്യതയും ബ്രാഹ്മണ മേല്‍ക്കോയ്മയും ആരോപിക്കുന്നത് ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഭൂഷണമല്ല. ഈ ശൈലി യഥാര്‍ത്ഥത്തില്‍ ഫാഷിസത്തിന്റെ രീതിശാസ്ത്രമാണ്. എങ്ങനെയാണോ ഫാഷിസം ഹിന്ദുത്വത്തിന്റെ മൂല്യങ്ങളെ നിരാകരിച്ച് ചിഹ്നങ്ങളെ മുന്നോട്ട് വെക്കുന്നത്, അതുപോലെ സഹവര്‍ത്തിത്വത്തിന്റെ ഖുര്‍ആനിക പാഠങ്ങള്‍ നിരാകരിച്ച് മുസ്‌ലിം ചിഹ്നങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പ്രതിക്രിയാ വാദമാണിത്. ഇതിനെ പ്രതിരോധിക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ ഖുര്‍ആനിക പാഠങ്ങളിലേക്ക് മടങ്ങുകയും മുസ്‌ലിം നേതാക്കള്‍ വഴിതെറ്റുകളെ തിരുത്താന്‍ ആര്‍ജ്ജവം കാണിക്കുകയുമാണ് വേണ്ടത്.

കലഹത്തിന്റെ രീതിശാസ്ത്രത്തിന് ചരിത്രത്തില്‍ ശോഭനമായ ഏടുകളില്ല എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

Related Articles