Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ജലയുദ്ധം തുടങ്ങി കഴിഞ്ഞു

pal-water-scarc.jpg

വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ കുടിവെള്ളം കിട്ടുന്നില്ല, അല്ലെങ്കില്‍ നേരത്തെ കിട്ടികൊണ്ടിരുന്നതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ കിട്ടുന്നത്. ഈ ദുരവസ്ഥ തുടങ്ങിയിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞു. നാബുലസിന് ചുറ്റുമുള്ള ജെനിന്‍, സാല്‍ഫിത്ത് തുടങ്ങിയ മറ്റനേകം ഗ്രാമങ്ങളിലേക്കുള്ള ജലവിതരണം ഇസ്രായേലിന്റെ ദേശീയ ജലവിതരണ കമ്പനിയായ ‘മെകൊറോത്ത്’ നിര്‍ത്തലാക്കി കഴിഞ്ഞു.

ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി റാമി ഹംദല്ലുടെ അഭിപ്രായത്തില്‍ ഫലസ്തീനികള്‍ക്കെതിരെ ഒരു ‘ജലയുദ്ധമാണ്’ ഇപ്പോള്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ‘മെകൊറോത്ത്’ കമ്പനി വിതരണം ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഫലസ്തീനികളുടെ വെള്ളമാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളില്‍ നിന്നും പിടിച്ചെടുത്ത പ്രകൃതിദത്ത ജലസംഭരണികളില്‍ നിന്നാണ് കമ്പനി വെള്ളം ഊറ്റിയെടുക്കുന്നത്. വെസ്റ്റ് ബാങ്കിലെ അനധികൃത ജൂതകൂടിയേറ്റക്കാര്‍ അടക്കമുള്ള ഇസ്രായേലികള്‍ ആ വെള്ളത്തില്‍ സിംഹഭാഗം ഉപയോഗിക്കുമ്പോഴും, സ്വന്തം വെള്ളം വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഫലസ്തീനികള്‍ ഉള്ളത്.

ഫലസ്തീനികളുടെ വെള്ളം കയറ്റുമതി ചെയ്യാന്‍ ഇസ്രായേല്‍ അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഫലസ്തീനികള്‍ക്കുള്ള ജലവിതരണം പാടെ നിര്‍ത്താലക്കുന്നതും, അളവ് വെട്ടിക്കുറക്കുന്നതും. ഇതിലൂടെ ഒരിക്കല്‍ കൂടി ജലം ഉപയോഗപ്പെടുത്തി ഫലസ്തീനികളെ ശിക്ഷിക്കുകയാണ് ഇസ്രായേല്‍.

ഇതൊരു പുതുമയുള്ള കാര്യമല്ല. ജലവിതരണം അപകടകരമാം വിധം താഴ്ന്ന നിലയില്‍ എത്തുമ്പോള്‍ എന്റെ മാതാപിതാക്കളുടെ വാക്കുകളില്‍ നിഴലിച്ചിരുന്ന ഭയം ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. വീട്ടിലെ സ്ഥിരം ചര്‍ച്ചകളില്‍ ഒന്നായിരുന്നു അത്.

കല്ലെറിയുന്ന കുട്ടികളും തോക്കേന്തിയ ഇസ്രായേലി അധിനിവേശ സൈന്യവും തമ്മില്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ പുറമ്പോക്കുകളില്‍ സംഘര്‍ഷം പൊട്ടിപുറപ്പെടുമ്പോഴെല്ലാം, വീട്ടിലെ ബക്കറ്റുകളും കുപ്പികളുമെടുത്ത് വെള്ളം നിറക്കാനായി ഞങ്ങള്‍ പുറത്തേക്കോടുമായിരുന്നു.

അധിനിവിഷ്ഠ ഫലസ്തീന്‍ ഭൂപ്രദേശങ്ങളിലുടനീളം 1987-ല്‍ ഒന്നാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായ അവസ്ഥയും ഇതുതന്നെയായിരുന്നു. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമ്പോഴെല്ലാം, ഏത് അഭയാര്‍ത്ഥി ക്യാമ്പാണോ സംഘട്ടനത്തിന് തുടക്കം കുറിച്ചത് അവിടെയുള്ള മുഴുവന്‍ ആളുകളെയും ദ്രോഹിക്കുന്ന തരത്തിലായിരിക്കും ഇസ്രായേല്‍ അധികൃതര്‍ ശിക്ഷാ നടപടിക്ക് തുടക്കം കുറിക്കുക.

ഇസ്രായേല്‍ സൈന്യം സ്വീകരിച്ചിരുന്ന നടപടികള്‍ എപ്പോഴും ഒന്നുതന്നെയായിരുന്നെങ്കിലും, കാലക്രമേണ അവരുടെ പ്രതികാരദാഹം കൂടിവന്നു; കര്‍ക്കശമായ കര്‍ഫ്യൂ (ഒരു പ്രദേശം മൊത്തത്തില്‍ അടച്ച് പൂട്ടും, മരണഭയത്താല്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് ഒതുങ്ങും); വൈദ്യുതിബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കും, ജലവിതരണം നിര്‍ത്തലാക്കും.

കൂട്ടശിക്ഷ നടപ്പാക്കലിന്റെ ആദ്യഘട്ടമായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുക. ഇത് ദിവസങ്ങളും, ആഴ്ച്ചകളും, ചിലപ്പോള്‍ മാസങ്ങളോളം വരെ നീണ്ട് നില്‍ക്കും. ഇത് അഭയാര്‍ത്ഥി ക്യാമ്പുകളെ കൊടും പട്ടിണിയിലേക്കാണ് തള്ളിവിടുക.

സര്‍വ്വായുധസജ്ജരായ സൈന്യം കൈവശമുള്ള ഇസ്രായേല്‍ അതോറിറ്റിക്കെതിരെ അഭയാര്‍ത്ഥികള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ലഭ്യമായ ചുരുങ്ങിയ വിഭവങ്ങള്‍ കൊണ്ട് എങ്ങനെയും അതിജീവിക്കുക മാത്രമായിരുന്നു അവരുടെ മുന്നിലുള്ള ഏകവഴി. അതിജീവനത്തിലാണ് അവര്‍ അവരുടെ സമയവും, ചുരുങ്ങിയ വിഭവങ്ങളും നിക്ഷേപിച്ചത്.

വെള്ളം നിഷേധിച്ചുകൊണ്ടുള്ള ഉപദ്രവം അതികഠിനമായിരുന്നു, ഒരിക്കല്‍ ജലവിതരണം നിലച്ചാല്‍, ‘സ്വലാത്തുല്‍ ഇസ്തിഖാഅ്’ അഥവാ ‘മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന’യല്ലാതെ മറ്റൊരു വഴിയും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. വരള്‍ച്ചയുടെ കാലങ്ങളില്‍ ദൈവഭക്തിയുളള മുസ്‌ലിംകള്‍ നിര്‍വഹിക്കുന്ന നമസ്‌കാരമാണത്. ക്യാമ്പിലെ മുതിര്‍ന്നവര്‍ അതിനെ പ്രോത്സാഹിപ്പിക്കും, മഴ തീരെ പ്രതീക്ഷിക്കാന്‍ കഴിയാത്ത വേനല്‍ കാലങ്ങളില്‍ പോലും പ്രത്യേക പ്രാര്‍ത്ഥ നടത്തുക വഴി മഴ ലഭിച്ചതിന്റെ ഭൂതകാല അത്ഭുതകഥകള്‍ അവര്‍ പങ്കുവെക്കുമായിരുന്നു.

1967 മുതല്‍ക്ക് മഴക്ക് വേണ്ടി പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുന്ന ഫലസ്തീനികളുടെ എണ്ണം കൂടിയിട്ടുണ്ട്. ആ വര്‍ഷം, ഏതാണ്ട് 49 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ചരിത്രപ്രധാനമായ ഫലസ്തീനിന്റെ അവശേഷിക്കുന്ന രണ്ട് മേഖലകള്‍ കൂടി ഇസ്രായേല്‍ അധിനിവേശ സേന പിടിച്ചെടുത്തു. കിഴക്കന്‍ ജറൂസലേം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്കും, ഗസ്സ മുനമ്പും. ആ വര്‍ഷങ്ങളിലുടനീളം, ഇസ്രായേല്‍ ഫലസ്തീനികള്‍ക്ക് മേല്‍ കൂട്ടശിക്ഷ നടപ്പാക്കി; എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യങ്ങള്‍ക്കും കൂച്ചുവിലങ്ങിട്ടു, ഒരു ആയുധം എന്ന നിലയില്‍ ജല നിഷേധത്തെ ഉപയോഗിച്ചു.

ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളില്‍, ഫലസ്തീന്‍ വിപ്ലവപോരാളികളെ തകര്‍ക്കുന്നതിന് വേണ്ടി ജലം ഒരു ആയുധമായി ഉപയോഗിച്ചിരുന്നു. 1948-ലെ യുദ്ധം വരെ നീണ്ട് നില്‍ക്കുന്നതാണ് അതിന്റെ ചരിത്രം. അന്ന് ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി ജറൂസലേമിന് ചുറ്റുമുള്ള നിരവധി ഫലസ്തീന്‍ ഗ്രാമങ്ങളിലേക്കുള്ള ജലവിതരണം സയണിസ്റ്റ് സായുധസംഘങ്ങള്‍ വിച്ഛേദിച്ചു.

1948-ലെ നഖബ നടക്കുന്ന സമയത്ത്, ഓരോ ഗ്രാമവും, പട്ടണവും പിടിച്ചടക്കുമ്പോഴെല്ലാം, ഓടിപോയ ഫലസ്തീനികള്‍ തിരിച്ചുവരാതിരിക്കാനായി അവിടങ്ങളിലെ കിണറുകള്‍ ജൂതസായുധസംഘങ്ങള്‍ നശിപ്പിച്ച് ഉപയോഗശൂന്യമാക്കുമായിരുന്നു. അനധികൃത ജൂത കുടിയേറ്റക്കാര്‍ ഇന്നും ഈ നീചകൃത്യം ഫലസ്തീനികള്‍ക്കെതിരെ പ്രയോഗിക്കുന്നുണ്ട്.

ഇസ്രായേല്‍ സൈന്യവും ഈ തന്ത്രം പ്രയോഗിക്കുന്നത് തുടര്‍ന്നു. രണ്ടാം ഇന്‍തിഫാദയില്‍, ഏത് ഗ്രാമമാണോ, അഭയാര്‍ത്ഥി ക്യാമ്പാണോ യഥാക്രമം പിടിച്ചടക്കാനും, നശിപ്പിക്കാനും തങ്ങള്‍ ഉദ്ദേശിക്കുന്നത്, അവിടേക്കുള്ള ജലവിതരണ സംവിധാനം ആദ്യം ഇസ്രായേല്‍ വ്യോമസേന വ്യോമാക്രമണത്തിലൂടെ തകര്‍ക്കും. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പ് അധിനിവേശം, ഏപ്രില്‍ 2002 കൂട്ടക്കൊല എന്നിവയുടെ സമയത്ത്, ഇരച്ച് കയറി ഫലസ്തീനികളെ കൊന്നൊടുക്കുന്നതിന് മുമ്പ് പ്രദേശത്തേക്കുള്ള ജലവിതരണ സംവിധാനം തകര്‍ത്തുവെന്ന് ഇസ്രായേല്‍ സൈന്യം ഉറപ്പുവരുത്തിയിരുന്നു. പരിക്കേറ്റ് മരണത്തെ മുന്നില്‍ കാണുന്നവര്‍ വെള്ളം കിട്ടാതെ മരിക്കാന്‍ വേണ്ടിയായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ഈ നടപടി.

ഗസ്സയാണ് ജലനിഷേധവുമായി ബന്ധപ്പെട്ട ഏറ്റവും കഠിനമായ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഗസ്സയിലെ ജലവിതരണ സംവിധാനം മാത്രമല്ല തകര്‍ക്കപ്പെട്ടത്, കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള ഇലക്ട്രിക്ക് ജനറേറ്ററുകളും ഇസ്രായേല്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തു. അതിനാല്‍, മലിനജലം ഉപയോഗിക്കുകയല്ലാതെ ഗസ്സക്കാര്‍ക്ക് മുന്നില്‍ വേറെ വഴിയൊന്നുമില്ല.

ഓക്ഫാമിന്റെ കണക്കനുസരിച്ച്, ഫലസ്തീന്‍ ജല സ്രോതസ്സുകളുടെ 80 ശതമാനവും ഇസ്രായേല്‍ കൈയ്യടക്കിവെച്ചിരിക്കുകയാണ്. ‘വെസ്റ്റ് ബാങ്കിലെ 26 ലക്ഷം വരുന്ന ഫലസ്തീനികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ 6 ഇരട്ടിയിലധികം വെള്ളമാണ് 520000 മാത്രം വരുന്ന ഇസ്രായേലി കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്നത്’.

ഇതിന് പിന്നിലെ യുക്തിവളരെ വ്യക്തമാണ്. ഇസ്രായേലിന്റെ +972 മാഗസിനില്‍ സ്റ്റെഫാനി വെസ്റ്റ്ബ്രൂക്ക് എഴുതുന്നു. ”മെകൊറോത്ത്’ ആണ് ജലവിതരണം നടത്തുന്ന കമ്പനി, അതായത് ഇസ്രായേലിന്റെ ദേശീയ ജലവിതരണ കമ്പനി. വെസ്റ്റ്ബാങ്കിലെ 40 കിണറുകളും, ഫലസ്തീനിലെ ജല സ്രോതസ്സുകളും മാത്രമല്ല ‘മെകൊറോത്ത്’ കൈകാര്യം ചെയ്യുന്നത്, ജലവിതരണ പൈപ്പുകളുടെ വാള്‍വുകളുടെ നിയന്ത്രണവും ഇസ്രായേലിന് തന്നെയാണ്. ഇസ്രായേലാണ് ആര്‍ക്കൊക്കെ വെള്ളം കൊടുക്കണം, കൊടുക്കാതിരിക്കണം എന്ന് തീരുമാനിക്കുന്നത്.’

അഞ്ച് ദശാബ്ദക്കാലത്തിനടുത്തായി, ഓരേ നയങ്ങല്‍ തന്നെയാണ് ഇസ്രായേല്‍ അധികൃതര്‍ ഫലസ്തീനികള്‍ക്കെതിരെ നടപ്പാക്കി കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ, അര്‍ത്ഥവത്തായ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

വെസ്റ്റ്ബാങ്കിലെ ഇത്തവണത്തെ വേനല്‍കാല താപനില 38 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ എത്തിനില്‍ക്കുകയാണ്. ഒരു ദിവസം 2-3 ലിറ്റര്‍ വെള്ളത്തിന്റെ പുറത്താണ് ഒരു കുടുംബം ജീവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയൊരു ദുരന്തത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത്തവണ ആ ദുരന്തത്തെ അവഗണിച്ച് തള്ളാന്‍ കഴിയില്ല, കാരണം ഫലസ്തീന്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള ജീവിതവും ക്ഷേമവും അപകടത്തിലാണുള്ളത്.

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles