Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ വിറപ്പിച്ച് മൂന്നാം ഇന്‍തിഫാദ?

ഇന്‍തിഫാദകള്‍ ഫലസ്തീന്‍ പോരാട്ടത്തിലെ ഉജ്ജ്വലമായ ഏടുകളാണ്. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനികളുടെ ഉയര്‍ത്തെഴുന്നേല്‍പുകളാണവ. ഇതുവരെ രണ്ട് ഇന്‍തിഫാദകളാണ് ഫലസ്തീനില്‍ നടന്നത്. അതില്‍ ഒന്നാമത്തേത് 1987 ഡിസംബറില്‍ 8 ന് ആരംഭിച്ച് 1993 സെപ്റ്റംബര്‍ 13 വരെ നീണ്ടു നിന്നു. ജബൈലിയാ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് ഇത് ആരംഭിച്ചത്. ഇസ്രായേല്‍ മനുഷ്യാവകാശ സംഘടനയായ ബത്‌സെലേം(B’Tselem ) പുറത്തു വിട്ട കണക്കുപ്രകാരം 1987-1993 കാലഘട്ടത്തില്‍ നടന്ന ഒന്നാം ഇന്‍തിഫാദയില്‍ 304 കുട്ടികളുള്‍പ്പെടേ  1489 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇസ്രായേല്‍ പക്ഷത്ത് 91 സൈനികരുള്‍പ്പെടേ 185 പേരാണ് കൊല്ലപ്പെട്ടത്.

രണ്ടാം ഇന്‍തിഫാദ ‘അല്‍ അഖ്‌സ ഇന്‍തിഫാദ’ എന്ന പേരിലാണ്  അറിയപ്പെടുന്നത്. ഇസ്രായേല്‍ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനികളുടെ രണ്ടാമത്തെ ഉയര്‍ത്തെഴുന്നേല്‍പാണത്. ഇസ്രായേലിനും ഫലസ്തീനുമിടയിലെ പോരാട്ടം ഏറ്റവും കൊടിമ്പിരി കൊണ്ട നാളുകളിലൊന്നായിരുന്നു അത്. 2000 സെപ്റ്റംബര്‍ 28 ന് ആരംഭിച്ച പോരാട്ടം 2005 ഫെബ്രുവരി 8 നാണ് അവസാനിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ Temple Mount സന്ദര്‍ശിച്ചതോടെയാണ് പോരാട്ടം ആരംഭിച്ചത്. ഇരുപക്ഷത്തും വലിയ ആള്‍നാശമുണ്ടാവുകയും ഇസ്രായേലികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു പോവുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്.

രണ്ടാം ഇന്‍തിഫാദ കാലഘട്ടത്തില്‍ 4,000ത്തിലധികം ഫലസ്തീനികളും 1,000ത്തിലധികം ഇസ്രായേലികളും കൊല്ലപ്പെട്ടു. 2005 ന്റെ അവസാനത്തില്‍ രണ്ടാം ഇന്‍ത്തിഫാദ അവസാനിച്ചെങ്കിലും മരണ നിരക്കും പരിക്കേറ്റവരുടെ എണ്ണവും വീണ്ടും വര്‍ധിച്ചു കൊണ്ടിരുന്നതായി B’Tselem വ്യക്തമാക്കുന്നുണ്ട്.  ’10 years to the second Intifada’ എന്ന റിപ്പോര്‍ട്ടില്‍  1,317 കുട്ടികളുള്‍പ്പെടെ ഏകദേശം 6,371 ഫലസ്തീനികളെ  ഇസ്രായേല്‍ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സംഘടന സൂചിപ്പിക്കുന്നുണ്ട്.  രണ്ടാം ഇന്‍തിഫാദയുടെ അനന്തരഫലമായി ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുകയും വെസ്റ്റ് ബാങ്കില്‍ അക്രമങ്ങള്‍ക്ക് കുറവു വരികയും ചെയ്തു.

ഫലസ്തീന്‍- ഇസ്രായേല്‍ പോരാട്ട ചരിത്രത്തിലെ ഈ രണ്ട് ഉയര്‍ത്തെഴുന്നേല്പുകളും ഇസ്രായേലിന് കനത്ത നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇസ്രായേലിന് തങ്ങളുടെ പൗരന്മാരെ ഏറ്റവുമധികം ബലി കൊടുക്കേണ്ടി വന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്. ഈ വര്‍ധിച്ച ആളപായം തീര്‍ച്ചയായും ഇന്‍തിഫാദയെക്കുറിച്ച ഭീതികള്‍ ഇസ്രായേലി മനസ്സുകളില്‍ സൃഷ്ടിക്കാന്‍ കാരണമായിരുന്നു. കാരണം, പൊതുവെ ഭീരുക്കളാണ് ഇസ്രായേലികള്‍. അവരിലെ ഓരോ പൗരന്റെയും ജീവന് അവര്‍ വലിയ വില കല്‍പിച്ചിരുന്നു. മുമ്പ് ഹമാസ് തടവിലാക്കിയ ഷാലിത് എന്ന ഇസ്രായേലി ഭടനെ വിട്ടുകിട്ടാന്‍ ആയിരത്തിലധികം ഫലസ്തീനികളെ തടവറകളില്‍ നിന്നും മോചിപ്പിച്ച സംഭവം ലോകം ദര്‍ശിച്ചതാണ്. അപ്പോള്‍ രണ്ടാം ഇന്‍തിഫാദയില്‍  ആയിരത്തിലധികം വരുന്ന ഇസ്രായേലികള്‍ കൊല്ലപ്പെട്ടത് അവരില്‍ എത്ര ആഘാതം സൃഷ്ടിച്ചിട്ടുണ്ടാകുമെന്നത് ഊഹിക്കാവുന്നതാണ്.

മുന്നാം ഇന്‍തിഫാദയെക്കുറിച്ച ആലോചനകള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പടിഞ്ഞാറന്‍ ജലുസലമിലെ ഹാര്‍നോഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സിനഗോഗില്‍ പ്രാര്‍ത്ഥനക്കെത്തിയവരെ ഗസ്സാന്‍, അദിയ്യ് അബൂജമാല്‍ എന്നീ ഫലസ്തീനികള്‍ ചേര്‍ന്ന് ആക്രമിക്കുകയും അഞ്ച് ഇസ്രായേലില്‍ കൊല്ലപ്പെട്ടതുമാണ് ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്നു വരാന്‍ കാരണം. ഇസ്രായേല്‍ ഭരണകൂടം സംഭവത്തെ അപലപിച്ച് രൂക്ഷമായി പ്രതികരിക്കുകയും ഫലസ്തീന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഏതാനും ആഴ്ചകളായി ലോക മുസ്‌ലിംകളുടെ വിശുദ്ധഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തുന്ന ഫലസ്തീനികളെ നിരന്തരമായി ആക്രമിക്കുകയും അവരെ തടയുകയും ചെയ്ത ഇസ്രായേലികളുടെ നടപടികള്‍ ഫലസ്തീനികളെ പ്രകോപിപ്പിച്ചുട്ടുണ്ട്. മാത്രമല്ല, ഈയടുത്ത കാലത്തായി ചില ഫലസ്തീനി പൗരന്മാര്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തിയ നരഹത്യകളും ഇത്തരം പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ പവിത്രതയോടെ സംരക്ഷിച്ചു പോരുന്ന മസ്ജിദുല്‍ അഖ്‌സക്കെതിരെയുള്ള എല്ലാ നീക്കങ്ങളും എല്ലാ കാലത്തും ശക്തമായി  എതിര്‍ക്കപ്പെട്ടതാണ്. ദീര്‍ഘമായ വിശുദ്ധ യുദ്ധങ്ങള്‍ വരെ മുസ്‌ലിംകള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ, ഇപ്പോള്‍ ഇസ്രായേലിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആരവങ്ങള്‍ മൂന്നാം ഇന്‍തിഫാദക്കുള്ള തുടക്കമാണെന്ന വാദങ്ങളെ നമുക്ക് നിരാകരിക്കാന്‍ സാധ്യമല്ല.

Related Articles