Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ ഒറ്റപ്പെടുത്താനുള്ള സന്ദര്‍ഭമിതാണ്

ഇസ്രായേല്‍ തെരഞ്ഞെടുപ്പിലെ സുപ്രധാനമായ സംഭവം വോട്ടുകള്‍ക്കായുള്ള അവസാനനിമിഷ വെപ്രാളത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ രാഷ്ട്രത്തെ ശക്തമായ ഭാഷയില്‍ നിഷേധിച്ചതാണ്. അന്താരാഷ്ട്രതലത്തിലുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അദ്ദേഹം തന്റെ പ്രസ്താവന പിന്‍വലിച്ചു. എന്നാല്‍ പ്രസ്താവന പിന്‍വലിച്ച നടപടിയിലെ നിരര്‍ത്ഥകത വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ സര്‍ക്കാരിന്റെ ഘടന.

ലികുഡ്, ജ്യൂയിഷ് ഹോം, യുനൈറ്റഡ് തോറ ജുദായിസം, ശാസ്, കുലാനു എന്നിങ്ങനെ അഞ്ച് പാര്‍ട്ടികളെ തീവ്രവലതുപക്ഷ സര്‍ക്കാരിലെ അംഗങ്ങളെന്നതു തന്നെ ഏറെ കാര്യങ്ങള്‍ വിളിച്ചോതുന്നുണ്ട്. ഇവരില്‍ ഏതാണ്ടെല്ലാവരും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അസ്തിത്വത്തെ നിരാകരിക്കുന്നവരാണ്. അതല്ലെങ്കില്‍, ഔദ്യോഗിക ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഇല്ലാതാക്കിയേക്കാവുന്ന വ്യവസ്ഥകളിന്മേല്‍ മാത്രം ഫലസ്തീനെ അംഗീകരിക്കുന്നവരാണ്.

കിഴക്കന്‍ ജറുസലേമിന് മേല്‍ ഇസ്രായേലിന്റെ അധിനിവേശം, ജൂതരാഷ്ട്രമെന്ന നിലയില്‍ ഇസ്രായേലിനുള്ള അംഗീകാരം, വെസ്റ്റ് ബാങ്കിലെ ഏറ്റവും ഫലഭൂയിഷ്ഠവും ജലസമൃദ്ധവുമായ പ്രദേശത്തെ വലിയ കുടിയേറ്റങ്ങളുടെ നിലനില്‍പ്, എന്നിവയാണ് ആ വ്യവസ്ഥയിലെ ആവശ്യങ്ങള്‍. അങ്ങനെ അംഗീകരിക്കപ്പെടുന്ന ഫലസ്തീനില്‍ സായുധ സംഘങ്ങള്‍ക്കോ ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കോ സാധുതയുണ്ടായിരിക്കില്ല.

പ്രധാന ഇളവുകള്‍
കിഴക്കന്‍ ജറുസലേമില്‍ 900 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള അംഗീകാരം പുതിയ സര്‍ക്കാര്‍ നല്‍കിയതിന് തൊട്ടു പിന്നാലെ അതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഫലസ്തീന്‍ പ്രദേശങ്ങളിലെ കുടിയേറ്റ പ്രവൃത്തികള്‍ക്കെതിരെ കൂട്ടുകക്ഷി സര്‍ക്കാരിലെ ആരും തന്നെ നടപടികളെടുക്കുമെന്ന് കരുതുക വയ്യ.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം നല്‍കുന്നതില്‍ നിര്‍ണായക സഹായം നല്‍കിയ ജ്യൂയിഷ് ഹോം പാര്‍ട്ടിക്ക് പരമാവധി ആനുകൂല്യങ്ങള്‍ നെതന്യാഹു നല്‍കുന്നുണ്ട്. അവരുടെ പിന്തുണയില്ലെങ്കില്‍ പാര്‍ലമെന്റില്‍ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ സയണിസ്റ്റ് യൂണിയന്റെ നേതാവ് ഇസഖ് ഹെര്‍സോഗിന്റെ പിന്തുണ തേടേണ്ടി വരുമായിരുന്നു. വിദ്യാഭ്യാസം, നിയമം, തുടങ്ങിയ സുപ്രധാന വകുപ്പുകളും, കുടിയേറ്റത്തിന് സാമ്പത്തിക സഹായം നല്‍കുന്ന അന്താരാഷ്ട്ര സയണിസ്റ്റ് സംഘടനയുടെ നിയന്ത്രണവും ജ്യൂയിഷ് ഹോം പാര്‍ട്ടിക്ക് നെതന്യാഹു നല്‍കുമെന്നാണ് എ.എഫ്.പി. പറയുന്നത്.

യുദ്ധകാര്യങ്ങളെ കുറിച്ച് സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സുരക്ഷാ കാബിനറ്റില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റുകളുണ്ടാവും. ആഭ്യന്തര വകുപ്പില്‍ ഡെപ്യൂട്ടി മന്ത്രി സ്ഥാനവും ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്കിലെ പൊതുഭരണ ചുമതലയും ജ്യൂയിഷ് ഹോം പാര്‍ട്ടിക്കായിരിക്കും. മീഡിയാ റിപ്പോര്‍ട്ടുകളനുസരിച്ച്, പ്രധാനമന്ത്രി നെതന്യാഹു തന്നെയായിരിക്കും വിദേശകാര്യ വകുപ്പിന്റെയും ചുമതലകള്‍ വഹിക്കുക. ഫലസ്തീനെ അംഗീകരിക്കാത്ത ലികുഡ് പാര്‍ട്ടിയിലെ മോഷെ യാലോണ്‍ പ്രതിരോധ വകുപ്പിന്റെ ചുമതലയില്‍ തുടരുമെന്നതിനോടൊപ്പം സെക്യൂരിറ്റി ക്യാബിനറ്റിലും അദ്ദേഹത്തിന് സ്ഥാനമുണ്ടായിരിക്കും. കുലാന്‍ പാര്‍ട്ടി നേതാവ് മോഷെ കഹ്‌ലോണ്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്നതോടൊപ്പം സെക്യൂരിറ്റി കാബിനറ്റ് അംഗവുമായിരിക്കും.

കുടിയേറ്റത്തെ അനുകൂലിക്കുന്ന കഹ്‌ലോണ്‍ ഫലസ്തീന്‍ രാഷ്ട്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് അടുത്തിടെ പറഞ്ഞത്. മറുഭാഗത്ത് തങ്ങള്‍ക്ക് സംസാരിക്കാന്‍ ആരുമില്ലെന്നാണ് കഹ്ലോണ്‍ പറഞ്ഞത്. അദ്ദേഹം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഫലസ്തീന്‍ അതോറിറ്റിയുടെ നേതാവ് മഹ്മൂദ് അബ്ബാസുമായും ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നില്ലെങ്കില്‍ ഫലസ്തീന്‍ പക്ഷത്ത് ആരുമുണ്ടാവില്ലെന്നര്‍ത്ഥം. അഥവാ, ഫലസ്തീന്‍ രാഷ്ട്രത്തെ കുറിച്ച് എന്നേക്കുമായി മറന്നേക്കുക.

വെള്ളിവെളിച്ചങ്ങള്‍
എന്നാല്‍ അത്തരം അശുഭസാധ്യതകള്‍ക്കിടയിലാണ് ഫലസ്തീന് അവസരങ്ങള്‍ കൈവരുന്നത്. പ്രത്യായശാസ്ത്രമേതായാലും എല്ലാ ഇസ്രായേല്‍ സര്‍ക്കാരുകളും ഇന്നുവരെ അനുവര്‍ത്തിച്ചത് അധിനിവേശവും ഫലസ്തീന്റെ അധിനിവേശവുമാണെന്ന യാഥാര്‍ഥ്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുന്നില്ല. മധ്യനിലപാടുകാരോ, ഇടതുപക്ഷമോ ആണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കില്‍ ഇസ്രായേലിന്റെ നടപടികള്‍ക്ക് അവര്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കുമായിരുന്നു.

ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശത്തിന് നെതന്യാഹുവിന്റെ കൂട്ടുകക്ഷി സര്‍ക്കാര്‍ യാതൊരുവിധത്തിലും സാധുത നല്‍കുകയില്ലെന്നതാണ് പ്രതീക്ഷക്കുള്ള വക. അങ്ങനെയാണെങ്കില്‍ ഫലസ്തീനികളും അവരെ പിന്തുണക്കുന്നവരും ഇസ്രായേലിനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ശക്തമായി രംഗത്തിറങ്ങണം. ഇസ്രായേലിനെ പിന്തുണക്കുന്നവര്‍ക്കിടയിലും അത്തരം ശ്രമം നടക്കണം.

ഇതിനകം ഫലപ്രദമായിക്കൊണ്ടിരിക്കുന്ന ബഹിഷ്‌കരണവും, ഉപരോധവും, വിലക്കുകളും കൂടുതല്‍ ശക്തമാവാന്‍ ഇതിടയാക്കും. കൂടാതെ, അന്താരാഷ്ട്ര കോടതിയിലുള്ള ഫലസ്തീന്‍ പ്രശ്‌നത്തിനും ഇത് കൂടുതല്‍ സഹായമേകും. അന്താരാഷ്ട്ര വേദികളിലും കരാറുകളിലും ഭാഗമാകാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് അത് പ്രചോദനമാവുക തന്നെ ചെയ്യും. ഇസ്രായേല്‍ അധിനിവേശത്തിന് സമയപരിധി നിര്‍ണയിക്കണമെന്ന യുഎന്‍ സുരക്ഷ കൗണ്‍സിലിനോടുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ ആവശ്യം പുതുക്കാന്‍ പറ്റിയ സന്ദര്‍ഭമാണിതെന്ന് അതോറിറ്റി കരുതുന്നുണ്ടാവണം.

അത്തരത്തിലുള്ള ആദ്യശ്രമം പരാജയപ്പെട്ടത് അമേരിക്കയുടെ ലോബിയിങ്ങും അതിന്റെ വീറ്റോ ഭീഷണിയും മൂലമാണ്. ഫലസ്തീന്‍ രാഷ്ട്രസ്ഥാപനത്തെ അട്ടിമറിക്കുക തന്നെ ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ നെതന്യാഹു ശപഥം ചെയ്തതിനെ തുടര്‍ന്ന് തങ്ങളുടെ ഉറ്റസുഹൃത്തിന് അനുകൂലമായി ഉപയോഗിച്ചിരുന്ന വീറ്റോ അധികാരത്തെ കുറിച്ച് പുനരാലോചന നടത്തുമെന്ന് അമേരിക്ക പറഞ്ഞുകഴിഞ്ഞു. മറ്റൊരു ശ്രമം വിജയിച്ചാലും മറ്റൊരുപാട് യുഎന്‍ പ്രമേയങ്ങളോടും അനുവര്‍ത്തിച്ചത് പോലെ, ഇസ്രായേല്‍ അതിനെ അവഗണിച്ച് തള്ളും. എന്നാല്‍ ദീനത വര്‍ധിപ്പിക്കാനേ അതിടയാക്കൂ.

അധിനിവേശ ശക്തിയോട് ഫലസ്തീന്‍ അതോറിറ്റി പുലര്‍ത്തുന്ന നാണംകെട്ട വിധേയത്വവും തങ്ങളുടെ ജനങ്ങള്‍ക്ക് യാതൊരു തരത്തിലും ഗുണം ചെയ്യാത്ത സുരക്ഷാ ധാരണകളും എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ട്. തീര്‍ച്ചയായും അത്യന്തം അപകടകരമായ നടപടികള്‍ക്ക് ഇസ്രായേലിനെ അത് പ്രേരിപ്പിച്ചേക്കാം. എന്നാല്‍ അത്തരം നടപടികള്‍ക്ക് നയതന്ത്ര പിന്തുണ ലഭിക്കുക ഒരിക്കലും എളുപ്പമായിരിക്കില്ല.

സ്വതന്ത്ര ഫലസ്തീനോടുള്ള ഇസ്രായേലിന്റെ നെറികെട്ട നിഷേധം രണ്ടു സമൂഹങ്ങള്‍ക്കും തുല്യപ്രാതിനിധ്യമുള്ള ദ്വിരാഷ്ട്രമെന്ന (single binational state) രീതിയിലുള്ള പരിഹാര നടപടികളെയും ത്വരിതപ്പെടുത്തിയേക്കും. ഇസ്രായേലിന്റെ കോളനിവത്കരണവും ഫലസ്തീന്റെ ശൈഥില്യവും കണക്കിലെടുക്കുമ്പോള്‍ രണ്ട് സ്വതന്ത്രരാഷ്ട്രങ്ങള്‍ എന്ന സങ്കല്‍പം ഒരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയില്ലെന്ന തിരിച്ചറിവ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപകമായിട്ടുണ്ട്.

നിലവിലെ വംശീയ/മത ഭരണസംവിധാനത്തിന് പകരം തങ്ങള്‍ ഏറ്റവുമധികം വെറുക്കുന്ന ഫലസ്തീനികള്‍ക്ക് കൂടി തുല്യപൗരത്വമുള്ള രാഷ്ട്രസംവിധാനത്തിനാണ് ഇസ്രായേലിലെ വംശീയവെറിയന്മാരായ രാഷ്ട്രീയനേതൃത്വം വഴിവെട്ടിക്കൊണ്ടിരിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം.

ചര്‍ച്ചകളിലൂടെയുള്ള പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത മുമ്പത്തേക്കാളുമേറെ ക്ഷയിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷകള്‍ പൂര്‍ണ്ണമായും കെട്ടിയടങ്ങുന്ന സാഹചര്യമല്ല ഉള്ളത്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലൂടെ ആള്‍രൂപം കൈവന്ന ഇസ്രായേലിന്റെ അഹന്തയെയും നിഷ്ഠൂരതയെയും അവസരമായിക്കണ്ട് വിനിയോഗിക്കാനായാല്‍ ഫലസ്തീന് അനുകൂലമായി കാര്യങ്ങള്‍ മാറും.

മൊഴിമാറ്റം: മുഹമ്മദ് അനീസ്

Related Articles