Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ വീണ്ടും ചെന്നായയാകുന്നു

ഫലസതീന്‍ പ്രശ്‌നം ഒരു മുസ്‌ലിം പ്രശ്‌നമായി നില നില്‍ക്കാനാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നത്തെ ആഗോള മനുഷ്യാവകാശ പ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നത് ഇസ്രയേല്‍ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വലിയ പ്രതിസന്ധിയാകുമെന്ന് ഇസ്രയേലിന് നന്നായറിയാം. ഇവാഞ്ചലിക്കല്‍ ചര്‍ച്ചുകള്‍ക്കും പുരോഹിതര്‍ക്കും മേധാവിത്വമുള്ള അമേരിക്കയുടെ പിന്‍ബലമാണ് ഇസ്രയേലിനെ പിടിച്ച് നിര്‍ത്തുന്നതെന്ന കാര്യം എല്ലാവര്‍ക്കുമറിയുന്ന യാതാര്‍ത്ഥ്യമാണ്. ഫലസ്തീന്‍ പ്രശ്‌നം അറബികളുടെ പ്രശ്‌നമായി നിലനില്‍ക്കുന്നത് ഇസ്രയേലിനെ വല്ലാതെ ബാധിക്കുന്നുണ്ട്. കാരണം അറബ് ദേശീയതയെന്നത് അറബികളെ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. (അറബ് ദേശീയ സങ്കല്‍പം പോലും മുസ്‌ലിംകളെ അറബികളെന്നും അനറബികളെന്നും പറഞ്ഞ് രണ്ടായി പകുക്കാനായി രൂപപ്പെടുത്തിയ ഒരു പാശ്ചാത്യ നയത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണെന്നത് വിസ്മരിക്കാവതല്ല) ഫലസ്തീന്‍ ദേശത്തെ അറബികളില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമുണ്ട്. അത് കൊണ്ട് തന്നെ അന്താരാഷ്ട്ര രംഗത്തുള്ള നിക്ഷപക്ഷരായ മാധ്യമങ്ങളും എഡ്വേര്‍ഡ് സൈദിനെപ്പോലുള്ള നിക്ഷപക്ഷരായ ബുദ്ധിജീവികളും ഫലസ്തീന്‍ പ്രശ്‌നം ഒരു രാഷ്ട്രീയ പ്രശ്‌നമായാണ് കണ്ടിരുന്നത്. ഇത് ഇസ്രയേലിന്റെ നിലനില്‍പിനെ ധാര്‍മികമായി ചോദ്യം ചെയ്യുന്നതാണ്. ഇതിനെ പ്രതിരോധിക്കാനായി ഫലസ്തീന്‍ പ്രശ്‌നം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും അതൊരു വര്‍ഗീയ പ്രശ്‌നമാണെന്നും വരുത്തി തീര്‍ക്കാനാണ് ഇസ്രയേല്‍ എക്കാലത്തും ശ്രമിക്കാറുള്ളത്.

ഇപ്പോള്‍ (2014 മാര്‍ച്ച് 24) ഫലസ്തീന്‍ നിയമനിര്‍മാണ സഭയായ കനീസ (ഗിലലൈ)േ ഫലസ്തീനിലെ ക്രിസ്ത്യാനികളായ അറബികളെ അറബികളായി അംഗീകരിക്കില്ലെന്ന ഒരു പുതിയ നിയമം പാസാക്കിട്ടുണ്ട്.  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിക്കാരനും ഇസ്രയേലി നിയമജ്ഞനുമായ യാരിവ് ലെവിന്‍ ആണ് വിവാദപരമായ ഈ നിയമത്തിന്റെ ഉപജ്ഞാതാവ്. ഇത് നിലവില്‍ വരുന്നതോടു കൂടി ഏകദേശം ഒന്നര ബില്യനോളം വരുന്ന ഇസ്രയേല്‍ പ്രദേശത്തുള്ള ഫലസ്തീന്‍ പൗരന്മാര്‍ അറബികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി പകുക്കപ്പെടും. മാര്‍ച്ച് 24 ന് ചേര്‍ന്ന ഇസ്രയേല്‍ പാര്‍ലമെന്റായ കനീസ 6 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പുതിയനിയമം പാസാക്കിയത്.

ഇതുവരെ അറബികള്‍ എന്നാല്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉള്‍പ്പെട്ട വിശാലമായ സമൂഹമായിരുന്നു. 1948 ലെ ഇസ്രയേല്‍ അധിനിവേശപ്രഖ്യാപനത്തോടു കൂടി 70,000 ആളുകള്‍ ഇസ്രയേല്‍ പ്രദേശത്ത് നിന്ന് പുറത്താക്കപ്പെടുകയോ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തിരുന്നു. ഈ പലായനത്തെയും അതിജീവിച്ചവരാണ് ശേഷിച്ച ഒന്നര ബില്യണോളം വരുന്ന അറബികളും മുസ്‌ലിങ്ങളുമായ ഇസ്രയേല്‍ പ്രദേശത്ത് താമസിക്കുന്ന അറബികള്‍. ഇസ്രയേല്‍ അധിനിവേശ സര്‍ക്കാര്‍ നടത്തുന്ന തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നിയമപരമായി അവകാശമുള്ളവരാണിവര്‍. എന്നിട്ടും ജൂതരല്ലാത്തതിന്റെ പേരില്‍  വംശീയ വാദികളായ ഇസ്രയേല്‍ സര്‍ക്കാരിന്റെ കീഴില്‍ കടുത്ത വിവേചനങ്ങള്‍ക്ക് വിധേയരായി ജീവിക്കുകയാണിവര്‍. സര്‍ക്കാരിന്റെ അവഗണനകള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ സംയുക്തമായി നിലകൊള്ളുന്ന ക്രസ്ത്യന്‍ മുസ്‌ലിം സംയുക്ത അറബ് ദേശീയതയെ ഇസ്രയേല്‍ സര്‍ക്കാറിന് ഇവിടെ കല്ലുകടിയാണ്. അതിനെ ചെറുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നിയമമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭിന്നിപ്പിച്ച് പടജയിക്കുക എന്ന ചെന്നായയുടെ കുടില ബുദ്ധിയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പാശ്ചാത്യന്‍ രാഷ്ട്രീയക്കാരുടെ വഞ്ചനാപരമായ രാഷ്ട്രീയ നയത്തിന്റെയും സമ്മേളനമാണ് പുതിയ നിയമം.

ക്രിസ്ത്യാനികളെക്കൂടി തങ്ങളുടെ പക്ഷം ചേര്‍ത്ത് മുസ്‌ലിംകള്‍ക്കെതിരെ വലിയ ശക്തിയായി മാറാന്‍ ഈ നിയമം ഉപകരിക്കുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ജൂതര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാതിരുന്ന ഇസ്രയേല്‍ സിവില്‍ സര്‍വ്വീസുകളിലേക്കും മിലിട്ടറിയിലേക്കും ജോലിക്കായി ക്രിസ്ത്യാനികള്‍ക്കു കൂടി അപേക്ഷിക്കാമെന്ന പുതിയ നിയമഭേദഗതി വന്നതും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. ഇതിലൂടെ പൊതുശത്രുക്കളായ അറബികള്‍ക്കെതിരെ ക്രിസ്ത്യാനികളുടെ കൂടെ പിന്തുണ കിട്ടുമെന്ന് മാത്രവുമല്ല മാമോദീസ മുങ്ങിയവനെക്കൂടി കൊല്ലുന്ന പാതകത്തിന് കൂട്ടുനില്‍ക്കേണ്ടി വരുന്നുവെന്ന അമേരിക്കന്‍ ഇവാഞ്ചലിക്കുകളുടെ മനസുമുട്ടിന് ശാന്തിയുമായി.

ഈ ഭിന്നിപ്പിക്കല്‍ നയം ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്ന കാലം മുതലുള്ളതാണ്. ശിയാ വിശ്വാസികളായ ‘ദ്രൂസെകള്‍’ എന്ന ഒരു വിഭാഗം ഫലസ്തീന്‍, സിറയ, ജോര്‍ദാന്‍ പ്രദേശങ്ങളിലുണ്ട്. ഇവര്‍ ഇവിടുത്തെ സാമൂഹ്യ ഘടനയുടെ ഭാഗമായി നിലനിന്നിരുന്ന വിഭാഗമായിരുന്നു. കാര്‍ഷിക വിഭാഗമായിരുന്ന ഇവര്‍ 1948 ലെ ഇസ്രയേല്‍ അധിനിവേശത്തോടെ തങ്ങളുടെ ഭൂമി നഷ്ടമാകും എന്ന് വന്നപ്പോള്‍  ഇസ്രയേലിന്റെ പക്ഷം ചേര്‍ന്നു. അത് തന്നെ സിയോണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് പോലെ എല്ലാ ദ്രൂസെകളും ഇസ്രയേല്‍ രൂപീകരണത്തെ അംഗീകരിച്ചവരായിരുന്നില്ല. നേതൃ തലത്തിലുള്ള ചിലയാളുകള്‍ക്ക് ഇസ്രയേലില്‍ നിന്ന് ചില സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചപ്പോള്‍ അനുയായികളെ ഇസ്രയേല്‍ പക്ഷം ചേരാന്‍ അവര്‍ നിര്‍ബന്ധിക്കുകയായിരുന്നു. 1956 ലെ നിര്‍ബന്ധിത സൈനിക സേവനത്തിനായി കുറച്ച് ദ്രൂസെ മുസ്‌ലിംകളെ ലഭിച്ചത് തങ്ങളുടെ സഹിഷ്ണുതയുടെ അടയാളമായി ഇസ്രയേലികള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ പിന്നിലെ യാതാര്‍ത്ഥ്യം മറ്റൊന്നാണ്. 1948 ലെ അധിനനിവേശത്തിലൂടെ ഭൂമി നഷ്ടമായ ദ്രൂസെകളെ നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിച്ചിരുന്നു. കര്‍ഷകരായ ദ്രൂസെകള്‍ക്ക് കൃഷി ഭൂമി നഷ്ടപ്പെട്ടതോടെ ജീവിക്കാന്‍ മറ്റുവഴികളില്ലാതെയായി. പിന്നീട് ഇസ്രയേല്‍ വെച്ച് നീട്ടുന്ന സൈനിക ജോലിക്ക് പോകുകയല്ലാതെ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നില്ല. അവര്‍ പിന്നീട് ഇസ്രയേല്‍ സൈനിക സേവനം ഒരു തൊഴില്‍ എന്നനിലയില്‍ സ്വീകരിക്കുകയായിരുന്നു. പിന്നീട് മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഇവരെ അകറ്റുന്നതിനായി 1957 ല്‍ ഇവരെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചു. അവര്‍ക്ക് മാത്രമായി പാഠ്യരീതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും രൂപീകരിക്കാന്‍ അനുവാദം നല്‍കി അവരെ പൊതു സമൂഹത്തില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തുകയാണ് ഇസ്രയേല്‍ ഭരണ കൂടം ചെയ്തത്. മധ്യേഷ്യന്‍ മേഖലയില്‍ ഇസ്രയേലിന് പിടിമുറുക്കണമെങ്കില്‍ മുസ്‌ലിംകള്‍ അവരുടെ ഏകീകൃത സംവിധാനത്തില്‍ നിന്ന് മാറി ഒരു പുതിയ സമൂഹം നിലനില്‍ക്കേണ്ടതുണ്ടായിരുന്നു. അതിന്റെ ഫലമായിരുന്ന ദ്രൂസെകളെ തങ്ങളുടെ കൂടെ നില നിര്‍ത്തിക്കൊണ്ടുള്ള ഈ നിയമനിര്‍മാണം.

ദ്രൂസെകളെ തങ്ങളുടെ ഭാഗമാക്കി മാറ്റിയത് പോലുള്ള മറ്റൊരു തന്ത്രമാണ് ഇപ്പോള്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പാസാക്കിയിരിക്കുന്ന ക്രിസ്ത്യാനികളെ അറബികളല്ലാതാക്കുന്ന പുതിയ നിയമം. ഇതിലൂടെ വേറെ ചില ലക്ഷ്യങ്ങള്‍ക്കൂടി അവര്‍ക്ക് നേടാനാകും. ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരെ ഉയര്‍ന്ന് വരുന്ന അന്താരാഷ്ട്ര സമ്മര്‍ദ്ധങ്ങളെ കേവല മുസ്‌ലിം പ്രശ്‌നമായി ചുരുക്കി കാണിക്കാനാകും. സിവില്‍ സര്‍വ്വീസിലും സൈന്യത്തിലും ക്രിസ്ത്യാനികള്‍ക്ക് പങ്കാളിത്തമുണ്ടാകുന്നതോടെ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിക്കാന്‍ ഫലസ്തീന്‍ അറബ് ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരാകും. എന്നാലും വംശീയ മനസുള്ള ജൂതരോടൊപ്പം എത്രകാലം സഹിഷ്ണുതയോടെയിരിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയുമെന്നത് കാത്തിരുന്ന് കാണാം.

Related Articles