Current Date

Search
Close this search box.
Search
Close this search box.

ഇസ്തംബൂള്‍ ഉച്ചകോടി ഓര്‍മപ്പെടുത്തുന്നത്

slaman-erdogan.jpg

കഴിഞ്ഞ ആഴ്ച്ച ഇസ്തംബൂളില്‍ ചേര്‍ന്ന ഒ.ഐ.സി ഉച്ചകോടിയെ കുറിച്ച് വളരെയേറെ കാര്യങ്ങള്‍ എഴുതപ്പെടുകയും പറയപ്പെടുകയും ചെയ്തിരിക്കുന്നു. ഉച്ചകോടിയെ ഒന്നുകൂടി വിലയിരുത്തുകയോ അതിന്റെ ഫലങ്ങളെ കുറിച്ച ചര്‍ച്ച ചെയ്യുകയോ അല്ല ഇതിന്റെ ഉദ്ദേശ്യം. ഇസ്‌ലാമിക ലോകത്തിനും തുര്‍ക്കിക്കും അത് നല്‍കുന്ന ഓര്‍മപ്പെടുത്തലുകളെ കുറിച്ചാണ് ഈ കുറിപ്പ്.

ഇസ്‌ലാം സ്വയം തന്നെ വളരെ ശക്തമാണ്. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങള്‍, നേതാക്കള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവയും തനതായ ശക്തികളാണ്. അങ്ങനെയെല്ലാമാണെങ്കിലും അവര്‍ അസംഘടിതരും വിഭജിക്കപ്പെട്ടവരുമായി നിലകൊള്ളുന്നതിനാല്‍ ആ ശക്തി വേണ്ടത്ര അനുഭവിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ മുസ്‌ലിംകള്‍ക്കിടയിലെ ഈ ഛിദ്രതയെ മുസ്‌ലിം വിരുദ്ധ ശക്തികള്‍ മുതലെടുക്കുകയും ചെയ്യുന്നു. ഒറ്റക്കെട്ടായി നിലകൊള്ളുന്ന മുസ്‌ലിം സമൂഹത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാനാവില്ലെന്നും  തങ്ങളുടെ ഇസ്‌ലാം വിരുദ്ധ പ്രചരണങ്ങള്‍ ഫലം കാണില്ലെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഇക്കാരണത്താലാണ് മുസ്‌ലിം രാഷ്ട്രങ്ങള്‍ ഐക്യപ്പെടുന്നതും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും അവരെ അസ്വസ്ഥപ്പെടുത്തുന്നത്. ഇസ്‌ലാമിക സൈനിക സഖ്യത്തിന്റെ രൂപീകരണവും ഉച്ചകോടിയുമെല്ലാം ആ അര്‍ഥത്തിലുള്ളതാണ്.

മുസ്‌ലിം ഐക്യം പ്രതിഫലിപ്പിക്കുന്ന ഉച്ചകോടി വളരെ ശ്രദ്ധേയമായിരുന്നു. ഉച്ചകോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച തുര്‍ക്കി പ്രസിഡന്റ റജബ് തയ്യിബ് ഉര്‍ദുഗാന്റെ വാക്കുകള്‍ പ്രസ്താവ്യമാണ്: ”നാം ഭിന്നിക്കരുത്, അനിവാര്യമായും ഐക്യപ്പെടണം. നാം ശക്തിപകരേണ്ടത് തര്‍ക്കത്തിനും ശത്രുതക്കുമല്ല, മറിച്ച് ബന്ധങ്ങള്‍ക്കും സ്‌നേഹത്തിനുമാണ്. സംഘടര്‍ഷങ്ങളുടെയും തര്‍ക്കങ്ങളുടെയും ശത്രുതയുടെയും ഫലം അനുഭവിക്കുക മുസ്‌ലിംകള്‍ മാത്രമാണ്. നാം മിത്രങ്ങളെ അധികരിപ്പിക്കുകയും ശത്രുക്കളുടെ എണ്ണം കുറക്കുകയും വേണം.”

വളരെ ശരിയാണിത്. മുസ്‌ലിം രാജ്യങ്ങള്‍ ഭിന്നതകള്‍ മാറ്റിവെച്ച് സ്‌നേഹം ശക്തിപ്പെടുത്തണം. സ്വന്തം ശക്തിയും സഹവര്‍ത്തിത്വവും ഉപയോഗപ്പെടുത്തി സ്വന്തത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവക്ക് സാധിക്കണം. ആ രാജ്യങ്ങളെയെല്ലാം പ്രസ്തുത യോഗത്തില്‍ ഒരുമിപ്പിച്ചു കൂട്ടിയ ഘടകം ഏതാണെന്നത് പ്രസക്തമായ ചോദ്യമാണ്. ഇസ്‌ലാമാണത്. അവയുടെ പൊതുഗുണമായ ഇസ്‌ലാമിനെ അടിസ്ഥാനമാക്കി ഒരു ഐക്യം സാധ്യമാകാത്തിടത്തോളം കാലം ഒരു മഹാശക്തിയായി മാറാനും അവക്ക് സാധ്യമല്ല. വ്യാപാര ബന്ധങ്ങള്‍ക്കും സൈനിക ഉടമ്പടികള്‍ക്കും നിശ്ചിതമായ പരിമിതികളുണ്ട്. ആഴത്തിലുള്ള ബന്ധം ഉറപ്പു നല്‍കുന്നതല്ല അവയൊന്നും.

അവക്കിടയില്‍ ആഴത്തിലുള്ള ഒരു ബന്ധം ഉറപ്പു നല്‍കാന്‍ ഇസ്‌ലാമിന് മാത്രമേ സാധിക്കൂ. അത് ആ രാഷ്ട്രങ്ങളെ അത് ശക്തവും അജയ്യവുമാക്കി മാറ്റുന്നു. സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി ഒരുമിച്ച് പുരോഗതിയിലേക്ക് കുതിക്കാനും ലോകത്തിന് മുന്നില്‍ മുസ്‌ലിം സമൂഹത്തെ സമാധാനത്തിന്റെ വക്താക്കളാക്കി അവതരിപ്പിക്കാനും അതിലൂടെ സാധ്യമാവും. ഇസ്‌ലാം ഒന്നിപ്പിക്കുന്ന, പരസ്പരം സഹോദരന്‍മാരായി കാണുന്ന രാഷ്ട്രങ്ങള്‍ ശക്തമായ കെട്ടുറപ്പുള്ള ഒരു ഘടനയായിരിക്കും. അത്തരം ശക്തമായ ഒരു ഘടനയെ കുലുക്കാന്‍ മറ്റൊരു ശക്തിക്കും കഴിയില്ല.

ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും ഇസ്തംബൂളില്‍ ഒരു വനിതാ സമ്മേളനം നടക്കുമെന്നുള്ളത് ഈ ഉച്ചകോടിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. സ്ത്രീകളുടെ സ്ഥാനം ശരിയായി മനസ്സിലാക്കുന്നതിന് നമുക്ക് നമ്മുടെ പൊതുഗുണമായ ഇസ്‌ലാം മാത്രം മതിയാതാണ്.

നമുക്കിനി തുര്‍ക്കിയെ കുറിച്ച് ചര്‍ച്ച ചെയ്യാം. കുറച്ചു നാളായി തുര്‍ക്കി ശ്രദ്ധിക്കാതിരുന്ന അനുരഞ്ജനം എന്ന മൂല്യത്തെ കുറിച്ച് അവരെ ഓര്‍മപ്പെടുത്തുന്നതാണ് ഈ ഉച്ചകോടി. പ്രസിഡന്റ് ഉര്‍ദുഗാന്റെ പ്രസ്താവനകള്‍ അത് ശക്തിപ്പെടുത്തുന്നു. ഉച്ചകോടിയുടെ ചിത്രങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സല്‍മാന്‍ രാജാവിനെ സ്വീകരിച്ചതിലൂടെ റിയാദ് – അങ്കാറ ബന്ധം ശക്തിപ്പെട്ടിരിക്കുന്നു. സല്‍മാന്‍ രാജാവിന്റെ മധ്യസ്ഥതയിലൂടെ തുര്‍ക്കി – ഈജിപ്ത് അടുപ്പത്തിനുള്ള സാധ്യത ഒന്നു കൂടി വര്‍ധിച്ചിരിക്കുന്നു. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിക്ക് ഇസ്തംബൂളില്‍ സ്വീകരണം ലഭിച്ചിരിക്കുന്നു. ഇറാഖുമായുള്ള ബന്ധം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. പുരോഗതി പ്രാപിക്കുന്നതിന് ശിയാ സുന്നീ വേര്‍തിരിവില്ലാതെ എല്ലാ രാഷ്ട്രവുമായും സഖ്യമുണ്ടാവണമെന്ന ഊന്നലാണത് നല്‍കുന്നത്.

മിഡിലീസ്റ്റിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്ന ഒരു സഖ്യവും സൗഹൃദവും തുര്‍ക്കി മുന്‍കൈയ്യെടുത്തുണ്ടാക്കേണ്ടതുണ്ട്. അതിന് അതിര്‍ത്തികള്‍ക്കപ്പുറം രാഷ്ട്രീയത്തിലൂടെയും അനുരഞ്ജനത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. തുര്‍ക്കിയെ സംബന്ധിച്ചടത്തോളം മുസ്‌ലിം രാഷ്ട്രങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സഹായകമാകുന്ന സാമാന്യബോധം സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കും. പ്രശ്‌നങ്ങളെ ദേഷ്യത്തിലൂടെയും അക്രമങ്ങളിലൂടെയും പരിഹരിക്കാനാവില്ലെന്നത് 21-ാം നൂറ്റാണ്ടിലൂടെ നാം പഠിച്ചിരിക്കേണ്ട സുപ്രധാന പാഠമാണ്. പരസ്പരം സഖ്യത്തിലേര്‍പ്പെട്ടും ചേര്‍ത്തുപിടിച്ചും മാത്രമേ നല്ല ഫലപ്രദമായി മുന്നോട്ടു പോകാനാവൂ.

ഈയൊരര്‍ഥത്തില്‍ തുര്‍ക്കി വിഷയത്തെ ഗൗരവത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഇത് തുര്‍ക്കിയുടെ മാത്രം ആവശ്യമല്ല, മിഡിലീസ്റ്റിലെ എല്ലാ മുസ്‌ലിം രാജ്യങ്ങളുടേതുമാണ്. രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് അവിടങ്ങളില്‍ നിലനില്‍ക്കുന്ന ധ്രുവീകരണവും സംഘര്‍ഷങ്ങളും അവസാനിക്കാത്ത ശത്രുതയും ഉപയോഗപ്പെടുത്തുന്നുണ്ടെന്നുള്ളത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. അതാണ് സിറിയയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചിട്ടുള്ളത്. അതുകൊണ്ട് പ്രധാന പ്രശ്‌നങ്ങള്‍ നാം തന്നെ പരിഹരിക്കുകയാണെങ്കില്‍ ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരുടെ പദ്ധതികള്‍ നമുക്ക് തന്നെ തകര്‍ക്കാം. മുസ്‌ലിം രാഷ്ട്രങ്ങളെന്ന നിലക്ക് നമ്മുടേതായ അടിസ്ഥാന അനുരഞ്ജന തത്വങ്ങള്‍ മുറുകെ പിടിക്കാം. നമ്മുടെ ഉള്ളിലും നമുക്കിടയിലുമുള്ള പ്രശ്‌നങ്ങളെ സ്‌നേഹത്തോടെയായിരിക്കണം നാം അഭിമുഖീകരിക്കേണ്ടത്. അതിലൂടെ ലോകത്തിന് മാതൃകയാവാന്‍ നമുക്ക് സാധിക്കും. മറ്റെന്തിനേക്കാളുമുപരിയായി നമ്മുടെ ദീന്‍ നമ്മോട് ആവശ്യപ്പെടുന്നതാണത്. അത് സാക്ഷാല്‍കരിക്കാനുള്ള അടിസ്ഥാനപരമായ വഴി നമ്മെയെല്ലാം യോജിപ്പിച്ച് നിര്‍ത്തുന്ന പൊതുവായ ആ ഘടകത്തെ വിസ്മരിക്കാതിരിക്കലാണ്. നമ്മുടെ ദീന്‍ ആയ ഇസ്‌ലാമാണ് ആ അടിസ്ഥാനം.

വിവ: നസീഫ്‌

Related Articles