Current Date

Search
Close this search box.
Search
Close this search box.

ഇറ്റലിക്കല്ല്യാണം മുതല്‍ ബ്രിട്ടീഷ്‌ കല്ല്യാണം വരെ

കേരള രാഷ്ട്രീയത്തില്‍ ചിന്തകൊണ്ടും പഠനം കൊണ്ടും പെരുമാറ്റ നന്മകൊണ്ടും ശ്രദ്ധേയനായ നേതാവാണ് സി.പി. ജോണ്‍. വളരെ അടുത്ത കൂട്ടുകാരനായതിനാല്‍ രണ്ടാഴ്ച്ച മുമ്പ് അദ്ദേഹത്തിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിച്ചു. ജോണിന്റെ മകളെ വിവാഹം കഴിച്ചത് ബ്രിട്ടീഷുകാരനാണ്. എന്നാല്‍ ആരും അതിനെ ലണ്ടന്‍ കല്ല്യാണം എന്നു വിശേഷിപ്പിച്ചു കേട്ടില്ല. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിവാഹം ചെയ്ത സോണിയാ ഗാന്ധി ഇറ്റലിക്കാരിയാണ്. അതിനെ മാധ്യമങ്ങള്‍ ഇറ്റലിക്കല്ല്യാണമെന്ന് പറയാറില്ല. നമ്മുടെ നാട്ടുകാര്‍ ധാരാളം വിദേശികളുമായി വിവാഹ ബന്ധത്തിലേര്‍പ്പെടാറുണ്ട്. അതിനെയൊന്നും ആ നാട്ടുകാരുമായി ബന്ധപ്പെടുത്തി ജര്‍മന്‍ കല്ല്യാണമെന്നോ ഫ്രഞ്ച് കല്ല്യാണമെന്നോ വിശേഷിപ്പിക്കാറില്ല. വിവാഹം ചെയ്യുന്നത് അറബിയാണെങ്കില്‍ അത് അറബിക്കല്ല്യാണമായി. പിന്നെ നിലക്കാത്ത ചര്‍ച്ചയായി.

സിയസ്‌കോ അനാഥശാലയില്‍ നടന്ന വിവാഹത്തിലെ വരന്‍ വിദേശിയാണെന്നത് ആക്ഷേപിക്കപ്പെടേണ്ട കാര്യമല്ല. ആണെങ്കില്‍ നൂറുകണക്കിന് കല്ല്യാണങ്ങള്‍ വിദേശകളുമായി നടക്കാറുണ്ട്. അവയൊക്കെ വിമര്‍ശിക്കപ്പെടേണ്ടതാണ്.

പിന്നെ വരന്‍ ഭാര്യയെ വിവാഹമോചനം ചെയ്തുവെന്നതാണ്. നമ്മുടെ സംസ്ഥാനത്ത് മന്ത്രി ഗണേഷ് കുമാര്‍ വിവാഹമോചനം നടത്തിയത് അടുത്ത കാലത്താണല്ലോ. വളരെ പെട്ടന്ന് വിവാഹ മോചനം നടത്തിയെന്നതാണെങ്കില്‍ കൂടുതല്‍ കാലം ഉപയോഗിച്ച് കുട്ടികളുണ്ടായ ശേഷം വിവാഹമോചനം നടത്തുന്നതാണ് കൂടുതല്‍ ക്രൂരവും അതിക്രമവും. അപ്പോള്‍ സ്ത്രീകള്‍ മാത്രമല്ല കുട്ടികളും പീഢിപ്പിക്കപ്പെടുന്നു. വിവാഹമോചനം തന്നെ ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കേണ്ടത്. ഗത്യന്തരമില്ലെങ്കില്‍ മാത്രം അനുവദിക്കപ്പെട്ട വെറുക്കപ്പെട്ട കാര്യമാണത്. വിവാഹത്തിന് സൗകര്യം ചെയ്തുകൊടുത്തവര്‍ വിവാഹമോചനം നടത്തിയ ആളില്‍ നിന്ന് വളരെ മാന്യമായ നഷ്ടപരിഹാരം വാങ്ങികൊടുക്കാന്‍ ബാധ്യസ്ഥരാണ്. യഥാസമയത്ത് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പ്രശ്‌നം പെട്ടന്ന് പരിഹരിക്കപ്പെടുമായിരുന്നു.

അനാഥശാലാ നടത്തിപ്പുകാര്‍ക്ക് എതിരെ ഉന്നയിക്കപ്പെട്ട പ്രധാന കുറ്റം ഇന്ത്യന്‍ നിയമമനുസരിച്ച് വിവാഹത്തിന് പ്രായമാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിന് വേദിയൊരുക്കിയെന്നതാണ്. നമ്മുടെ നാട്ടിലെ നിയമമനുസരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. വീഴ്ച്ചകള്‍ പറ്റുന്നത് മുസ്‌ലിംകളുടെ ഭാഗത്തുനിന്നാണെങ്കില്‍ അതാഘോഷിക്കാന്‍ കാത്തിരിക്കുകയാണ് മാധ്യമങ്ങളും പൊതുസമൂഹവുമെന്ന കാര്യം മറക്കരുതല്ലോ.

സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ ശാരീരിക ബന്ധം നടക്കുന്നത് വിവാഹത്തിലൂടെയാണെങ്കില്‍ പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സാകണം. വിവാഹം നടത്താതെ ഉഭയ കക്ഷി സമ്മത പ്രകാരമാണെങ്കില്‍ പതിനഞ്ചും പതിനാറുമൊക്കെ വയസ്സായാല്‍ മതി. ഇത്രയും വിചിത്രവും വഷളത്തം നിറഞ്ഞതുമാണ് നമ്മുടെ നിയമം. എന്നാലും അതനുസരിച്ചേ പറ്റൂ. അല്ലെങ്കില്‍ എന്തൊക്കെ പൊല്ലാപ്പാണുണ്ടാവുകയെന്ന് നാം ദിനേന കണ്ടും കേട്ടും കൊണ്ടുമിരിക്കയാണല്ലോ.

അപ്പോഴും ഒരു സംശയം ബാക്കി. വളരെ സ്വകാര്യമായി വിവാഹം നടത്തി ദമ്പതകള്‍ തങ്ങള്‍ ഉഭയസമ്മത പ്രകാരം ഒന്നിച്ചു ജീവിക്കുകയാണെന്ന അവകാശപ്പെട്ടാലോ? അപ്പോള്‍ നിയമം നോക്കു കുത്തിയാവില്ലേ? എന്നാല്‍ ഇത്തരം കുസൃതി ചോദ്യങ്ങളൊന്നും ചോദിക്കരുത്. നാം പിന്തിരിപ്പന്‍ മൂരാച്ചികളായിപ്പോകും.

Related Articles