Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ അങ്ങിനെയാണ്

yj'.jpg

ഇറാനില്‍ അങ്ങിനെയാണ്. അവിടുത്തെ നിയമം അങ്ങിനെയാണ്. അവര്‍ അത് തുറന്നു പറഞ്ഞു. വരുന്ന സ്ത്രീകള്‍ അവരുടെ നാട്ടിലെ രീതിയില്‍ വസ്ത്രം ധരിക്കണം. അതിന്റെ ഇസ്ലാമല്ല നമ്മുടെ വിഷയം. വസ്ത്രധാരണത്തിനു പല കാരണവുമുണ്ട്. അതില്‍ ഒന്ന് മതമാണ്. മറ്റൊന്ന് സംസ്‌കാരവും. തങ്ങളുടെ നാട്ടില്‍ വരുന്നവര്‍ എങ്ങിനെ വരണം എന്ന് പറയാനുള്ള അവകാശം ആ നാട്ടുക്കാര്‍ക്കാണ്. അതിനു സാധ്യമല്ലെങ്കില്‍ അവിടെ പോകാതിരിക്കുക എന്നതാണ് ശരിയായ രീതി.  അത് കൊണ്ട് തന്നെ സൗമ്യ സ്വാമിനാഥന്‍ എന്ന ചെസ് താരത്തിന്റെ തീരുമാനം അവരുടെ വ്യക്തിപരമാണ്. തല മറക്കുക എന്നത് തന്റെ വ്യക്തി സ്വാതന്ത്രത്തിനെതിരെയുള്ള കൈകടത്തലാണ് എന്ന നിലപാടിനെ നാമും പിന്തുണക്കും. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസവും വ്യക്തി നിയമവും നില നിര്‍ത്താന്‍ കഴിയണം എന്ന് തന്നെ നാം ആഗ്രഹിക്കുന്നു.

ഇറാന്‍ അവരുടെ കൂടെ ഒരു ‘ഇസ്ലാമിക്’ എന്ന് ചേര്‍ക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഈ വിഷയം ഇങ്ങിനെ ചര്‍ച്ച ചെയ്യാന്‍ കാരണം അത് തന്നെയാകും. മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കുക എന്നത് ആപേക്ഷികമാണ്. വസ്ത്രം ദേഹം മറക്കുക എന്ന പ്രഥമ കര്‍ത്തവ്യം നിറവേറ്റുന്നു. ഏതൊക്കെ വസ്ത്രം കൊണ്ട് മറയണം എന്നത് വ്യക്തിയുടെയും നാടിന്റെയും വിഷയമാണ്. എവിടെയാണെങ്കിലും എന്തൊക്കെ വസ്ത്രം കൊണ്ട് മറയണം എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസം വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗമാണ് എന്നതിനാല്‍ അതു കൊണ്ട് നടക്കാന്‍ വ്യക്തിക്ക് പൂര്‍ണ സ്വാതന്ത്രം ആവശ്യമാണ്.

മറ്റൊന്ന് നാം ജീവിക്കുന്ന നാടിന്റെ നിയമവും അംഗീകരിക്കപ്പെടണം. പല യൂറോപ്പ്യന്‍ രാജ്യങ്ങളിലും മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ വിശ്വാസത്തിനു എതിരായ രീതിയില്‍ വസ്ത്രം ധരിക്കേണ്ടി വരുന്നു. കുളിക്കടവില്‍ പോലും ഭരണകൂടം എത്തിനോക്കുന്നു എന്നാണ് അനുഭവം. ഇറാനില്‍ പോകില്ല എന്ന് പറഞ്ഞ സൗമ്യ സ്വാമിനാഥന്‍ വാഴ്ത്തപ്പെടുമ്പോള്‍ ഇതേ വ്യക്തിസ്വാതന്ത്രം മറ്റുള്ള നാട്ടിലെ സ്ത്രീകള്‍ക്കും ലഭിക്കണം എന്ന് പറയാന്‍ പലര്‍ക്കും കഴിയുന്നില്ല. അതാണ് കാപട്യം. അതിനെയാണ് ചോദ്യം ചെയ്യേണ്ടത്. പ്രതി സ്ഥാനത്തു ഇസ്ലാം എന്നൊരു വാക്ക് വന്നാല്‍ പലര്‍ക്കും ആഘോഷമാണ്. അതെസമയം ഇരസ്ഥാനത്തു അവര്‍ വന്നാല്‍ ഇവരില്‍ അധികവും കണ്ടില്ലെന്നു വരും.

വ്യക്തി നിയമങ്ങളും വിശ്വാസങ്ങളും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടും. വിശ്വാസത്തെ മുറുകെ പിടിക്കുക എന്നത് തന്നെയാണ് അവിടങ്ങളില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാമത്തെ കാര്യം. നിരന്തരം അത് വിശ്വാസത്തെ ബാധിക്കുന്നു എന്ന് വന്നാല്‍ പിന്നെ കരണീയം വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള വഴി തേടലാണ്. പക്ഷെ നമ്മുടെ നാട് അങ്ങിനെയല്ല. അത് ഒരു മതേതര ജനാധിപത്യ രാജ്യമാണ്. രാജ്യത്തിന് പ്രത്യേകമായി മതമില്ല അതെ സമയം എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അവരുടെ വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നു. അതെത്ര മാത്രം നാടിന്റെ പലഭാഗങ്ങളിലും ലംഘിക്കപ്പെടുന്നു എന്ന് കൂടി ചേര്‍ത്ത് വായിക്കണം. ഇറാനില്‍ തട്ടമിടാതെ പോകാന്‍ കഴിയില്ല എന്നതിനേക്കാള്‍ ഭീകരമാണ് പേര് നോക്കി ആളുകളെ തല്ലിക്കൊല്ലുക എന്നത്. എരുമയും പശുവും സുരക്ഷിതമായി ജീവിക്കുന്ന നാട്ടില്‍ മനുഷ്യര്‍ മാത്രം അരക്ഷിതാവസ്ഥയില്‍ ജീവിക്കുക എന്നത് മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ കാര്യമായി കാണുന്നില്ല.

തലമറക്കില്ല എന്നതിനേക്കാള്‍ വിഷയം മറക്കാന്‍ തല വേണം എന്നതാണ്. സ്വന്തം വിശ്വാസം മുറുകെ പിടിക്കാന്‍ തീരുമാനിച്ച സഹോദരിക്ക് അഭിവാദ്യം. അതെ സമയം ചില വിഭാഗങ്ങളുടെ തലയുടെ കാര്യത്തില്‍ കൂടി ഈ ആകുലത ഉണ്ടാകണം എന്നെ നമുക്ക് പറയാനുള്ളൂ.

 

Related Articles