Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് സൈന്യം ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു

isis-iraq.jpg

മൗസില്‍ ഐ.എസ്സിന്റെ പിടിയിലമര്‍ന്നതിന്റെ പിറ്റേ ദിവസം ഒരു സൈനിക വിദഗ്ദന്‍ പറഞ്ഞു, ‘ഇറാഖ് സൈന്യം ഉണ്ടായിരുന്നെങ്കില്‍ മൗസില്‍ ഒരിക്കലും അവര്‍ക്ക് കിട്ടില്ലായിരുന്നു. ഓരോ തവണയും ശത്രുക്കളാല്‍ വലയം ചെയ്യപ്പെടുമ്പോള്‍ ഇറാഖ് ജനത അവരുടെ സൈന്യത്തെ കുറിച്ചോര്‍ക്കും. അമേരിക്കന്‍ അധിനിവേശത്തിന് ശേഷം നിലവില്‍ വന്ന സര്‍ക്കാറിന്റെ പിടിപ്പുകേടുകള്‍ മൂലമാണ് ഇറാഖ് ദേശീയ സൈന്യത്തിന് ഒരുപാട് തിരിച്ചടികള്‍ ഏറ്റത് എന്ന വസ്തുതയെ കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഈ തിരിച്ചടികള്‍ ബാഗ്ദാദിലെ ട്രഷറിക്ക് 30 ബില്ല്യണ്‍ ഡോളറാണ് നഷ്ടം വരുത്തിയത്. അപ്പോഴും ഇറാഖ് പട്ടണങ്ങള്‍ പിടിച്ചടക്കി കൊണ്ട് ഐ.എസ്സ് മുന്നേറുകയായിരുന്നു. ഒരു രാഷ്ട്രത്തിന്റെ അടിത്തറയില്‍ കെട്ടിപടുക്കപ്പെട്ട ഇറാഖ് ദേശീയ സൈന്യം നിലവിലുണ്ടായിരുന്നെങ്കില്‍ ഇതൊന്നും തന്നെ സംഭവിക്കുമായിരുന്നില്ല. ഇറാഖ് സൈന്യം പുറത്ത് നിന്നുള്ള ഓഫീസര്‍മാര്‍ക്ക് കീഴിലല്ലായിരുന്നെങ്കില്‍, അമേരിക്കന്‍ അധിനിവേശ സൈന്യത്താല്‍ നിയോഗിക്കപ്പെട്ട ‘രാഷ്ട്രീയ വരേണ്യവര്‍ഗത്തിന്’ സൈന്യത്തെ പിരിച്ച് വിടാന്‍ ഒരിക്കലും കഴിയുമായിരുന്നില്ല.

ഇറാഖ് സൈന്യത്തിന്റെ പിരിച്ചു വിടലിന് മുഖ്യകാരണക്കാരനായ മുന്‍ അമേരിക്കന്‍ ദൂതന്‍ പോള്‍ ബ്രമര്‍ ഇറാഖിലെ നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് പരമാവധി അകലം പാലിച്ചാണ് നില്‍ക്കുന്നത്. കൂടാതെ ഇപ്പോഴത്തെ ഇറാഖിലെ സ്ഥിതിഗതികള്‍ക്ക് ഇറാഖിലെ പുതിയ രാഷ്ട്രീയക്കാരെയാണ് അദ്ദേഹം പഴിപറയുന്നത്. എന്നാല്‍, ബ്രമറുടെ പ്രസ്താവനയെ ഇറാഖ് രാഷ്ട്രീയ നേതൃത്വം തള്ളികളഞ്ഞതായും കാണുന്നില്ല. അതുപോലെ, മുമ്പ് കുര്‍ദിഷ് നേതാക്കള്‍ പറഞ്ഞത് കേള്‍ക്കുക, ‘ഇറാഖ് സൈന്യത്തെ അതിന്റെ വേരോടെ തന്നെ പിഴുതെറിയണം.’ ഇറാഖ് സൈന്യം സദ്ദാമിന്റെ സൈന്യമാണ്, അതുകൊണ്ടു തന്നെ അത് പിരിച്ച് വിടണം എന്നായിരുന്നു ശിയാ നേതാക്കളുടെ അഭിപ്രായം.

എന്നാല്‍ മുകളില്‍ പറഞ്ഞ ആളുകളുടെ ആഗ്രഹം മൂലമായിരുന്നില്ല ഇറാഖ് സൈന്യം പിരിച്ച് വിടപ്പെട്ടത്. കാരണം അത്തരമൊരു തീരുമാനമെടുക്കാനുള്ള ശേഷിയില്ലാത്ത വിധം ദുര്‍ബലരായിരുന്നു അവര്‍. ഇറാഖ് സൈന്യത്തെ പിരിച്ച് വിടുന്നതിനെ കുര്‍ദ് നേതാക്കള്‍ സ്വാഗതം ചെയ്തുവെങ്കിലും, ആത്യന്തികമായി അത്തരമൊരു തീരുമാനത്തിന്റെ അനന്തരഫലങ്ങളെ തള്ളാനും കൊള്ളാനും കഴിയുന്ന ഒരു അവസ്ഥയിലായിരുന്നില്ല അവരും. കാരണം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയുടെ വാലാട്ടികളായിരുന്നു കുര്‍ദ് നേതാക്കള്‍. നൂരി സൈദിന്റെ ജീവിതത്തില്‍ നിന്ന് അവര്‍ പാഠമൊന്നും തന്നെ പഠിച്ചിട്ടില്ല. രാജവാഴ്ച്ചക്കാലത്തെ പ്രമുഖ ഇറാഖീ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖ് സൈന്യത്തെ പിരിച്ച് വിടണമെന്ന ബ്രിട്ടന്റെ ആവശ്യം തള്ളിക്കളഞ്ഞ ധീരനായ നേതാവാണ് നൂരി സൈദ്. 1941 മെയ് മാസത്തില്‍ നാഷണലിസ്റ്റ് ഓഫിസേഴ്‌സ് മൂവ്‌മെന്റ് ഉയര്‍ന്ന് വരുന്ന സമയത്താണ് പ്രസ്തുത ചരിത്ര മുഹൂര്‍ത്തത്തിന് ഇറാഖ് സാക്ഷിയായത്. ദേശീയ ഐക്യത്തിനും, രാഷ്ട്രത്തിന്റെ ദേശീയ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും സൈന്യം നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന നിലപാടില്‍ നൂരി സൈദ് അടിയുറച്ച് നില്‍ക്കുകയായിരുന്നു.

ഇറാഖ് സൈന്യത്തെ പിരിച്ച് വിടാനുള്ള തീരുമാനം ബ്രമറുടെ ബുദ്ധിയില്‍ മാത്രം ഉദിച്ചതല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇറാഖ് അധിനിവേശത്തിന് വളരെ മുമ്പ് തന്നെ വാഷിംഗ്ടണില്‍ വെച്ച് എല്ലാം തീരുമാനിക്കപ്പെട്ടിരുന്നു. സദ്ദാമിനെ എതിര്‍ത്തവര്‍ക്കെല്ലാം തന്നെ അതറിയാമായിരുന്നു. എല്ലാ വിധ പിന്തുണയുമായി ഇസ്രായേലും രംഗത്തുണ്ടായിരുന്നു. കാരണം അറബികള്‍ ഇസ്രായേലിനെതിരെ നടത്തിയ മൂന്ന് യുദ്ധങ്ങളിലും സദ്ദാമിന്റെ ഇറാഖ് പങ്കെടുത്തിരുന്നു. കൂടാതെ ആദ്യ ഗള്‍ഫ് യുദ്ധം നടന്ന സമയത്ത് സദ്ദാം ഹുസൈന്റെ പട്ടാളം ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെ 39 മിസൈലുകള്‍ തൊടുത്ത് വിടുകയും ചെയ്തിരുന്നു.

അതുപോലെ തന്നെ, ഇറാഖ് സൈന്യത്തെ പിരിച്ച് വിടാനുള്ള തീരുമാനത്തിന് ഇറാന്‍ സര്‍വ്വവിധ മംഗളാശംസകളും നേരുകയുണ്ടായി. കാര്യങ്ങള്‍ വേഗം നടക്കുവാനായി ഇറാന്‍ അമേരിക്കക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കാരണം ഇറാനോട് എട്ട് വര്‍ഷം യുദ്ധം ചെയ്തവരാണ് ഇറാഖ് സൈന്യം. ഒരുപാട് ഇറാനിയന്‍ നേതാക്കള്‍ വിഷം കുടിച്ച് മരിക്കാന്‍ കാരണക്കാര്‍ ഇറാഖ് സൈന്യമായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇറാഖീ നേതാക്കളെ കൊന്ന് തള്ളാനും, തട്ടിക്കൊണ്ട് പോകാനും ഇറാഖിലെ തന്നെ സായുധ സംഘങ്ങളുമായി ഇറാന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചത്.

രാഷ്ട്രത്തെ സംരക്ഷിക്കാന്‍ ശേഷിയുള്ള ഒരു ദേശീയ സൈന്യം രൂപീകരിക്കേണ്ടതിന്റെ പ്രധാന്യത്തെ ഊന്നിപറഞ്ഞ മൂസാ അല്‍കാസിമിനെ ഇറാഖികള്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാകും. ഇന്ന് ഇറാഖ് അവരുടെ കണ്‍മുന്നില്‍ തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. എത്ര എളുപ്പമാണ് വിദേശികള്‍ ഇറാഖിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കുന്നത്. ഉഥ്മാന്‍ അല്‍മുഖ്താര്‍ നടത്തിയ പഠനം പ്രകാരം, ഏകദേശം 14-ലധികം രാജ്യങ്ങളുടെ സായുധ സംഘങ്ങള്‍ ഇന്ന് ഇറാഖിന്റെ മണ്ണില്‍ തമ്പടിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇറാഖിന്റെ ഒരു കഷ്ണമെങ്കിലും വേണം. അവര്‍ക്ക് പുറമെ ഗോത്രങ്ങളെയും വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സായുധ സംഘങ്ങള്‍ അനവധിയുണ്ട്. ഇവരും ഇറാഖിന്റെ ഓരോരോ ഭാഗത്തിന് വേണ്ടി പരസ്പരം പോരാടി കൊണ്ടിരിക്കുകയാണ്. ഇറാഖ് ജനതയെ പ്രതിനിധീകരിക്കുന്ന ഒരു ഇറാഖ് സൈന്യം ഇറാഖില്‍ ഉണ്ടായിരുന്നെങ്കില്‍, ഇറാഖിന്റെ ചിത്രം ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നാകുമായിരുന്നു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles