Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് വിഭാഗീയ രാഷ്ട്രീയം ; ഒരു ഫ്ലാഷ്ബാക്

ഇറാഖിലെ പുതിയ സംഭവവികാസങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് ചെറിയൊരു ഫ്ലാഷ്ബാക്. ഇറാഖ് എങ്ങനെ ഇത്തരമൊരു പതനത്തിലത്തെി എന്നു മനസ്സിലാക്കാന്‍ അത് സഹായിക്കും. സദ്ദാമാനന്തര ഇറാഖിലെ രാഷ്ട്രീയ പ്രക്രിയയുമായി സഹകരിച്ച സുന്നി ജനകീയ നേതാവാണ് ഡോ. താരിഖ് ഹാശിമി. 2013 വരെ ഇറാഖ് വൈസ് പ്രസിഡന്റായിരുന്ന ഹാശിമി ഇപ്പോള്‍ തുര്‍ക്കിയില്‍ രാഷ്ട്രീയാഭയാര്‍ഥിയായി കഴിയുകയാണ്. ഇസ്‌ലാമിക് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് അദ്ദേഹം ഉണ്ടാക്കിയ സുന്നി രാഷ്ട്രീയ മുന്നണി 2011-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി വിജയിച്ചു. 2009 വരെ വൈസ് പ്രസിഡന്റായിരുന്ന ഹാശിമി വീണ്ടും തല്‍സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ജനാധിപത്യപ്രക്രിയയുടെ സൃഷ്ടിപരമായ ഈ വശം ഉള്‍ക്കൊള്ളുന്നതിന് പകരം ശിയാ പാര്‍ട്ടിയായ അദ്ദഅ്‌വയുടെ നേതാവും പ്രധാനമന്ത്രിയുമായ നൂരി മാലികി തന്റെ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയായാണ് അതിനെ കണ്ടത്. യു.എസ് അധിനിവേശത്തിന്റെ പരോക്ഷ ഗുണഭോക്താവായ ഇറാനും ഇറാഖില്‍ സുന്നി രാഷ്ട്രീയം ശക്തിപ്പെടുന്നതില്‍ വേവലാതിയുണ്ടായിരുന്നു. അതോടെ, ഇറാന്റെ പിന്തുണയോടെ ഹാശിമിയെ പുകച്ചു ചാടിക്കാനായി മാലികിയുടെ ശ്രമം. ഹാശിമിയും കുടുംബവും നിരന്തരം പീഡിപ്പിക്കപ്പെട്ടു. രണ്ടു നേര്‍സഹോദരന്മാരും ഒരു സഹോദരിയുമടക്കം നാലു കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ഏജന്റുമാര്‍ കൊലചെയ്തു. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചായിരുന്നു മൂന്നു കൊലകള്‍. ഉന്നത സേനാംഗമായ സഹോദരന്‍ ജന. ഉമര്‍ ഹാശിമിയെ സര്‍ക്കാര്‍ വാഹനത്തില്‍ വന്ന സ്‌പെഷല്‍ സെക്യൂരിറ്റിയിലെ 25 അംഗ ബറ്റാലിയന്‍ ബഗ്ദാദിലെ വീട്ടില്‍ ആക്രമിച്ചുകയറി വധിക്കുകയായിരുന്നു. എന്നിട്ട്, ‘അജ്ഞാത സംഘ’ത്തിന്മേല്‍ കുറ്റംചുമത്തി. അവശേഷിക്കുന്ന ഏക സഹോദരനെ ജീവരക്ഷക്കായി രാജ്യത്തിന് പുറത്തയക്കാന്‍ ഹാശിമി നിര്‍ബന്ധിതനായി. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇറാഖ് വിടാത്തപക്ഷം ജീവിച്ചിരിക്കുന്ന സഹോദരനെക്കൂടി വധിക്കുമെന്നു ഭീഷണിക്കത്ത് കിട്ടിയപ്പോഴായിരുന്നു അത്. ഭീഷണിക്കും ബ്ലാക്‌മെയിലിങ്ങിനും വഴങ്ങില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു പ്രഖ്യാപിച്ചു. അതോടെ, ഭീകരകുറ്റങ്ങള്‍ ആരോപിച്ച് ഹാശിമിയെ മാലികി സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ പീഡിപ്പിച്ച് കുറ്റസമ്മത മൊഴികള്‍ നേടിയെടുത്തു. ഈ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു. ആംനസ്റ്റി ഇന്റര്‍നാഷനലും ഹ്യൂമന്റൈറ്റ്‌സ് വാച്ചും പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ മാലികി ഭരണകൂടത്തിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു. അതിനിടെ, മാലികിയില്‍നിന്ന് തന്നെ ഹാശിമിക്ക് കത്ത് വന്നു. അടുത്തദിവസം വാര്‍ത്താസമ്മേളനം വിളിച്ച് പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള ഇറാഖി സഖ്യത്തിന്റെ തീരുമാനവും ദയാലീ ഡിസ്ട്രിക്ടിനെ പ്രവിശ്യയാക്കി മാറ്റാനുള്ള നഗരസഭാ തീരുമാനവും അപലപിക്കാത്ത പക്ഷം ഭവിഷ്യത്ത് കാത്തിരുന്നുകൊള്ളുക എന്നായിരുന്നു കത്തിലെ ഭീഷണി.

സൈനിക ഓഫിസര്‍മാരുടെ കൊലയില്‍ പങ്കാളിത്തം ആരോപിക്കപ്പെട്ട ഹാശിമി അറസ്റ്റ് വാറന്റില്‍നിന്ന് രക്ഷപ്പെട്ട് 2011 ഡിസംബര്‍ 15-ന് സ്വയംഭരണാവകാശമുള്ള കുര്‍ദിസ്താനിലെ സുലൈമാനിയയിലത്തെി. മാലികിയുടെ പാര്‍ട്ടിയില്‍നിന്നുള്ള ഉന്നതസംഘം കുര്‍ദിസ്താന്‍ പ്രസിഡന്റ് മസ്ഊദ് ബര്‍സാനിയെ സന്ദര്‍ശിച്ച് ഹാശിമിയെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു. മാപ്പര്‍ഹിക്കാത്ത വഷളത്തം എന്നുപറഞ്ഞ് ബര്‍സാനി ആവശ്യം നിരാകരിച്ചു. തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ സ്വതന്ത്ര വിചാരണ ഉറപ്പുവരുത്താന്‍ കേസ് കുര്‍ദിസ്താനിലെയോ കിര്‍കുകിലെയോ കോടതികളിലേക്ക് മാറ്റാന്‍ ഹാശിമി ആവശ്യപ്പെട്ടെങ്കിലും മാലികി സര്‍ക്കാര്‍ സമ്മതിച്ചില്ല. 2012 സെപ്റ്റംബര്‍ ഒമ്പതിന് ഇറാഖ് ക്രിമിനല്‍ കോടതി അദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചു. അതിനകം അദ്ദേഹം ആദ്യം ഖത്തറിലും പിന്നീട് തുര്‍ക്കിയിലും എത്തിയിരുന്നു.

ഇറാഖിലെ സുന്നി രാഷ്ട്രീയ സഖ്യ നേതാവ് മാത്രമല്ല, വൈസ് പ്രസിഡന്റ് കൂടിയായ ഒരാളുടെ ഗതികേടിന്റെ കഥയാണിത്. പിന്നെ സാധാരണക്കാരായ സുന്നികളുടെ കഥ പറയാനുണ്ടോ. ഗതിമുട്ടിയ ഒരു ജനതയുടെ രോഷപ്രവാഹമാണ് ഇപ്പോള്‍ ഇറാഖില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്; മാധ്യമങ്ങള്‍ അത് ചാര്‍ത്തിക്കൊടുക്കുന്നത് ‘ദാഇശ്’ (അദ്ദൗല: അല്‍ഇസ്‌ലാമിയ്യ ഫില്‍ ഇറാഖ് വശ്ശാം) എന്ന അറബി ചുരുക്കപ്പേരിലും ഐ.എസ്.ഐ.എല്‍ (ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലാവന്റ്) എന്ന ഇംഗ്ലീഷ് ചുരുക്കപ്പേരിലും അറിയപ്പെടുന്ന സായുധസംഘടനക്കാണെങ്കിലും. ഐ.എസ്.ഐ.എല്‍ ഇറാഖിലെ രണ്ടാമത്തെ പ്രധാന നഗരമായ മൂസില്‍ കീഴടക്കിയതിനെ പ്രവാസി ഇറാഖി കോളമിസ്റ്റായ ഇയാദ് ദൈലവി വിശേഷിപ്പിച്ചത് അതൊരു അധിനിവേശമല്ല, വിമോചനമാണെന്നാണ്. ഐ.എസ്.ഐ.എല്‍ മാത്രമാണ് പുതിയ സംഭവങ്ങളുടെ പശ്ചാത്തല ശക്തി എന്നത് തെറ്റായ വിലയിരുത്തലാണെന്നാണ് ഡോ. താരി ഖ് ഹാശിമി തന്നെയും കുവൈത്തി വാരികയായ അല്‍ മുജ്തമഇന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഐ.എസ്.ഐ.എല്‍ സുശക്തമാണെങ്കിലും ഗതിമുട്ടിയ ഒരു ജനതയുടെ ഈ പൊട്ടിത്തെറിക്കുപന്നില്‍ നിരവധി ഗോത്രങ്ങളും സായുധസംഘങ്ങളുമുണ്ടെന്ന് വ്യക്തമാക്കിയ ഹാശിമി ഐ.എസ്.ഐ.എല്ലിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നുകൂടി പറയുന്നുണ്ട്. തീവ്ര യാഥാസ്ഥിതിക സലഫി പോരാട്ട സംഘടനയാണ് ഐ.എസ്.ഐ.എല്‍. പൊരുതാന്‍ മാത്രമറിയുന്ന അവരുടെ കൈയില്‍ ഭരണം വന്നുപെട്ടാലുണ്ടാവുന്ന ദുരന്തം ഊഹിക്കാവുന്നതേയുള്ളൂ. കാരണം, വര്‍ത്തമാന യാഥാര്‍ഥ്യങ്ങളുമായി സംവദിക്കാന്‍ കഴിയാത്ത മനോഘടനയുള്ളവര്‍ നയിക്കുന്ന സംഘടനയാണത്. അബൂ മുസ്അബ് സര്‍ഖാവിയുടെ ‘ജമാഅ അത്തൗഹീദ് വല്‍ ജിഹാദി’ന്റെ പിന്മുറക്കാരാണ് അബൂബക്കര്‍ ബഗ്ദാദിയുടെ ഐ.എസ്.ഐ.എല്‍. അല്‍ബാറിലും മൂസിലിലും ഇറാഖ് യുദ്ധകാലത്ത് തന്നെ സര്‍ഖാവിയുടെ സംഘത്തിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. നീനവയിലെയും മൂസിലിലെയും ഐ.എസ്.ഐ.എല്‍ ഓപറേഷനുകളും ആകസ്മിക സംഭവങ്ങളല്ല. സര്‍ക്കാര്‍ സേനകളെ തുരത്തി നഗരങ്ങള്‍ ഒന്നൊന്നായി കീഴ്‌പ്പെടുത്തിക്കൊണ്ടുള്ള അവരുടെ മുന്നേറ്റമാണ് മാലികി ഭരണകൂടത്തെയും ലോകത്തെയും ഞെട്ടിച്ചുകളഞ്ഞത്. റഷ്യ പിന്‍വാങ്ങിയ ശൂന്യതയില്‍ അഫ്ഗാന്‍ മുജാഹിദ് സംഘടനകള്‍ പരസ്പരം പൊരുതിക്കൊണ്ടിരുന്നപ്പോള്‍ ’94 നവംബറില്‍ കാന്തഹാര്‍ കീഴടക്കി ’96 സെപ്റ്റംബര്‍ ആകുമ്പോഴേക്ക് കാബൂളിലത്തെിയ താലിബാന്റെ മുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്നതാണ് മൂസില്‍ കീഴടക്കിയ ഐ.എസ്.ഐ.എല്ലിന്റെ ബഗ്ദാദിലേക്കുള്ള മുന്നേറ്റം.

രണ്ടു ദശലക്ഷം ജനമുള്ള മൂസിലില്‍ കേവലം 2000 ത്തോളം വരുന്ന ഒരു സംഘത്തിന് സര്‍ക്കാര്‍ സേനയെ നാണംകെട്ട രീതിയില്‍ തുരത്തിയോടിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് പ്രാദേശിക പിന്തുണയില്ലാതെ സാധിക്കുകയില്ലെന്ന് വ്യക്തമാണ്. ആയുധവും യൂനിഫോമും ഉപേക്ഷിച്ചാണ് സര്‍ക്കാര്‍ സേന മൂസിലില്‍നിന്ന് ഓടിപ്പോയത്. സ്വന്തം നഗരത്തിന്റെ ദയനീയമായ പതനത്തെക്കുറിച്ച് മൂസില്‍ ഗവര്‍ണര്‍ അഥീല്‍ നജീഫി ഇര്‍ബീലില്‍നിന്ന് ബഗ്ദാദ് ചാനലിലൂടെ അതീവ സങ്കടത്തോടെയാണ് വിലപിച്ചത്. നഗരത്തിന്റെ പതനം സംഭവിച്ചത് സര്‍ക്കാര്‍ സേനയുടെ കഴിവുകേടുകൊണ്ടാണെന്നായിരുന്നു അഥീലിന്റെ കുറ്റപ്പെടുത്തല്‍. വിമതരുടെ സായുധ മുന്നേറ്റത്തെ തടയാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, മൂസില്‍ നിവാസികളോട് മര്യാദപൂര്‍വം പെരുമാറുന്നതിലും അവര്‍ പരാജയമായിരുന്നുവെന്ന് അദ്ദേഹം സങ്കടപ്പെടുകയുണ്ടായി.

സദ്ദാം ഹുസൈന്റെ ഭരണത്തില്‍ ഇറാഖിലെ ഭൂരിപക്ഷമായ ശിയാക്കളും കുര്‍ദുകളും കമ്യൂണിസ്റ്റുകളും ഇസ്‌ലാമിസ്റ്റുകളുമെല്ലാം പീഡിതരായിരുന്നു. അതുകൊണ്ടാണ് ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിപോലും യു.എസ് അധിനിവേശത്തെ എതിര്‍ക്കാതിരുന്നത്. ഡോ. താരിഖ് ഹാശിമിയുടെ അല്‍ ഹിസ്ബുല്‍ ഇസ്‌ലാമി (ഇസ്‌ലാമിക് പാര്‍ട്ടി)യും സദ്ദാമാനന്തര രാഷ്ട്രീയ പ്രക്രിയയോട് ക്രിയാത്മകമായി സഹകരിച്ചതും അതുകൊണ്ടാണ്. ജനാധിപത്യവും സമത്വവും പുലരുന്ന പുതിയൊരു ഇറാഖിനെ കെട്ടിപ്പടുക്കാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍, സദ്ദാം ശിയാക്കളോട് എന്തുചെയ്തു. അതുതന്നെയാണ് നൂരി മാലികി സര്‍ക്കാര്‍ സുന്നി ന്യൂനപക്ഷത്തോടും ചെയ്തത്. മറ്റുചില അറബ് രാജ്യങ്ങളില്‍ അനുഭവിക്കുന്ന അതേ പീഡിതാവസ്ഥയായിരുന്നു ഇറാഖില്‍ സുന്നികള്‍ക്ക്. സുന്നി ഭൂരിപക്ഷ മേഖലകളോട് കടുത്ത അവഗണനയാണ് നൂരി മാലികി സര്‍ക്കാര്‍ കാണിച്ചുപോന്നത്. സൈന്യത്തെയും സെക്യൂരിറ്റി സംവിധാനത്തെയും കൈപ്പിടിയിലൊതുക്കിയ പ്രധാനമന്ത്രി നൂരി മാലികി സുന്നികള്‍ക്കെതിരെ അവ ദുരുപയോഗപ്പെടുത്തുന്നതില്‍ ശുദ്ധ ഏകാധിപതിയെപ്പോലെ പെരുമാറി. ഖുസിസ്താനില്‍ സുന്നി ഭൂരിപക്ഷത്തോട് ഇറാന്‍ ഭരണകൂടം പെരുമാറുന്നതും ഇതേരീതിയിലാണ്. വംശീയതയാണ് പ്രശ്‌നത്തിന്റെ മര്‍മം. സുന്നി സായുധ സംഘം മാലികി ഭരണകൂടത്തെ മറിച്ചിടുന്നതില്‍ വിജയിച്ചാലും തുടര്‍ന്ന് അധികാരത്തില്‍ വരുന്നവര്‍ ശിയാ വിഭാഗത്തോട് ഇതേ രാഷ്ട്രീയ പ്രതികാര വികാരത്തോടെ തന്നെയായിരിക്കും പെരുമാറുക. സുന്നി മേഖലകള്‍ ഭീകരവാദികളെ സ്വാഗതം ചെയ്തതില്‍ പരിതപിക്കുന്നവര്‍ അതിനവരെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്താണെന്ന് സ്വയം ചോദിക്കാന്‍ ബാധ്യസ്ഥരാണ്.

അധികാരത്തിലിരുന്ന മൂന്നു കാലയളവിലും ഭരണനിര്‍വഹണ വിഭാഗത്തെ അടിമുടി ശിയാവത്കരിക്കാനും സുന്നി മേഖലകളെ അവഗണിക്കാനും പ്രാന്തവത്കരിക്കാനുമാണ് നൂരി മാലികി ശ്രമിച്ചുപോന്നിട്ടുള്ളത്. വര്‍ഷങ്ങളായി ഇതിനെതിരെ മുറവിളി കൂട്ടുകയായിരുന്നു സുന്നികള്‍. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് ഗണ്യമായ സീറ്റുകള്‍ നേടി അവര്‍ തങ്ങളുടെ ശക്തി തെളിയിച്ചു. എന്നിട്ടും തുല്യ പൗരത്വത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അറബ് വസന്തം വന്നപ്പോള്‍ സമാധാനപരമായ പ്രകടനങ്ങളും ധര്‍ണകളുമായി അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു. വെടിയുണ്ടകളും ടാങ്കുകളുമായാണ് മാലികി അവരെ നേരിട്ടത്. എല്ലാ മാര്‍ഗങ്ങളും മുട്ടിയ ഈ നിരാശയില്‍നിന്നാണ് ഐ.എസ്.ഐ.എല്‍ പോലുള്ള സായുധ ഗ്രൂപ്പുകള്‍ക്ക് ജനപിന്തുണ ലഭിക്കുന്നത്.

ബാഖുബ പിടിച്ചടക്കിയ വിമത സേന ബഗ്ദാദിന്റെ നേരെ മുന്നേറുകയാണെന്നാണ് ഇതെഴുതുമ്പോഴുള്ള റിപ്പോര്‍ട്ട്. എന്തു വിലകൊടുത്തും മാലികി ഭരണകൂടത്തെ സംരക്ഷിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല. ഈ വിഷയത്തില്‍ യു.എസുമായി സഹകരിക്കാന്‍ പോലും ഇറാന്‍ സന്നദ്ധമായത് അതുകൊണ്ടാണ്. കാരണം, ഇറാഖ് വീണാല്‍ അടുത്ത ഊഴം സിറിയയായിരിക്കുമെന്ന് ഇറാന്‍ ഭയപ്പെടുന്നുണ്ട്. പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകങ്ങളാണ്. കുര്‍ദുകളുടെ സഹകരണത്തിന് വേണ്ടി മാലികിക്ക് അമിതമായ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നേക്കാം. എണ്ണസമ്പന്നമായ കിര്‍കുകില്‍ അവര്‍ പിടിമുറുക്കിയിട്ടുണ്ട്. പൂര്‍ണ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ചും അവര്‍ ചിന്തിച്ചേക്കാം. മറ്റൊരുവശത്ത് തുര്‍ക്കിയെയും അത് ബാധിക്കും. വംശീയതയുടെ ഭാഷയിലാണ് ശിയാ നേതാക്കള്‍ സംസാരിക്കുന്നത്. ശിയാ ആത്മീയ നേതാവ് അലി സിസ്താനി ജനങ്ങളോട് ആയുധമേന്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹുസൈന്റെ സേനയും യസീദിന്റെ സേനയും തമ്മിലുള്ള യുദ്ധമെന്നാണ് കര്‍ബലയെ അനുസ്മരിച്ചു മാലികിയുടെ ഭാഷ്യം. അവിവേകത്തിന്റെ ഈ ഭാഷ വന്‍ ആഭ്യന്തരയുദ്ധത്തിലേക്കാണ് ഇറാഖിനെ എടുത്തെറിയുക. മഹ്ദി സേനയെ പുനരുജ്ജീവിപ്പിക്കാനുള്ള ആഹ്വാനത്തിന് ചെവികൊടുക്കരുതെന്ന് മുഖ്തദ സദ്‌റിനോട് താരിഖ് ഹാശിമി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരുകാലത്ത് ഇറാഖ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന സദ്ര്‍ ഇപ്പോള്‍ രാഷ്ട്രീയ വനവാസത്തിലാണ്. വിദേശ ഇടപെടലും ആഭ്യന്തരയുദ്ധവും ഒഴിവാക്കി വിമത സേനയുമായി രാഷ്ട്രീയ സംഭാഷണത്തിലൂടെ അനുരഞ്ജനമാര്‍ഗം സ്വീകരിക്കണമെന്ന അറബ് ലീഗിന്റെ അഭ്യര്‍ഥന സ്വീകരിക്കാനുള്ള വിവേകം ഇറാഖ് ഭരണകൂടത്തിനുണ്ടാകുമോ? എങ്കില്‍ കൂടുതല്‍ വലിയ വിനാശത്തില്‍നിന്ന് ഇറാഖിനെ രക്ഷപ്പെടുത്താം. പക്ഷേ, ഇറാന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്. ഇറാന്റെ പാവയാണ് മാലികി.

കടപ്പാട് : മാധ്യമം ദിനപത്രം

Related Articles