Current Date

Search
Close this search box.
Search
Close this search box.

ഇറാഖിനെ കാത്തിരിക്കുന്നത് എന്ത്?

വിമത സായുധ വിഭാഗമായ ഐ.എസ്.ഐ.എല്‍ (ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലാവന്ത)ന്റെ നേതൃത്വത്തിലുള്ള വിമത പോരാട്ടം നഗങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് മുന്നേറുമ്പോള്‍ ഇറാഖ് പൂര്‍ണമായ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അബൂബക്കര്‍ ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ.എസ്.ഐ.എലും സദ്ദാം ഹുസൈന്റെ കാലത്ത് വൈസ്പ്രസിഡന്റായിരുന്ന ഇസ്സത്ത് ഇബ്രാഹീമിന്റെ നേതൃത്വത്തിലുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥരടങ്ങുന്ന ഐക്യ സംഘവും ഒരുമിച്ച് നടത്തുന്ന അക്രമണത്തിലൂടെ മൂസില്‍, തിക്രീത് എന്നീ രണ്ട് പ്രമുഖ പ്രവിശ്യകള്‍ ഇതിനകം വിമത അധീനതയിലായി കഴിഞ്ഞു. വിമത സേന ഇപ്പോള്‍ തലസ്ഥാനമായ ബഗ്ദാദിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

വിമത അക്രമണം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി നൂരീ മാലികിയുടെ നീക്കത്തിന് ഇന്നലെ പാര്‍ലമെന്റ് തന്നെ കടിഞ്ഞാണിട്ടു. പാര്‍ലമെന്റിന്റെ പകുതി പേരുടെ പോലും പിന്തുണ ലഭിക്കാതെ പ്രസ്തുത നീക്കം പരാജയപ്പെട്ടത് ഭരണ കക്ഷിയില്‍ തന്നെയുള്ള ഭിന്നതയാണ് തുറന്ന് കാട്ടുന്നത്. രാജ്യം ഗുരുതരമായ പ്രതിസന്ധിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ പോലും പാര്‍ലമെന്റിന്റെ പിന്തുണ നേടാനായില്ലെങ്കില്‍ പിന്നെപ്പോഴാണ് പിന്തുണ നേടാന്‍ സാധിക്കുക?

ഇറാഖിന്റെ വിഭജനം അതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ശിഈ, സുന്നീ, കുര്‍ദ് എന്നിങ്ങനെ രാജ്യം പലതായി വിഭജിക്കപ്പെടുന്നതിലൂടെ ഇപ്പോള്‍ ലിബിയയില്‍ നടക്കുന്നതിനേക്കാള്‍ വലിയ രക്തരൂക്ഷിതമായ കലാപങ്ങള്‍ക്കായിരിക്കും ഇറാഖ് പിന്നീട് സാക്ഷിയാകേണ്ടി വരിക. റോമന്‍ അധിനിവേശത്തിന് ശേഷം ഇറ്റലിയില്‍ സംഭവിച്ചത് പോലെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയും സമീപഭാവിയില്‍ തന്നെ ഇറാഖില്‍ ശക്തമാകും. അഥവാ മൂസിലും ബസ്വറയും ബഗ്ദാദും കര്‍ബലയും പ്രത്യേകം പ്രത്യേകം രാജ്യങ്ങളായി മാറുന്ന അവസ്ഥയിലേക്കാണ് ഇറാഖ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഇറാഖിപ്പോള്‍ രണ്ട് വലിയ ആഭ്യന്തര യുദ്ധങ്ങളുടെ വക്കിലാണ് നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന ഈ ആഭ്യന്തര യുദ്ധങ്ങള്‍ ‘പുതിയ ഇറാഖി’ന്റെ രണ്ടാം എഡിഷന്റെ രൂപീകരണത്തിന് മാത്രമായിരിക്കില്ല കാരണമാകുക, മറിച്ച് അറബ്-മിഡില്‍ ഈസ്റ്റ് മേഖലയെ മൊത്തത്തില്‍ ഈ ആഭ്യന്തര യുദ്ധങ്ങള്‍ പിടിച്ചുലക്കും.

സുന്നികള്‍ക്കും ശിആക്കള്‍ക്കും ഇടയിലുണ്ടാകാന്‍ പോകുന്ന ആഭ്യന്തര യുദ്ധമാണ് ഒന്നാമത്തേത്. ഇപ്പോള്‍ സിറിയയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ ഇറാന്‍ – സഊദി പോരിനായിരിക്കും ഇത് വഴിവെക്കുക.

രണ്ടാമത്തേത് വംശീയ സംഘട്ടനമാണ്. അഥവാ കുര്‍ദുകളും അറബികളും തമ്മിലുള്ള യുദ്ധം. നൂരി മാലികി സര്‍ക്കാറിന്റെ നിസ്സഹായവസ്ഥ മുതലെടുത്ത് കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ കിര്‍ക്കുക് അക്രമിച്ച ഐ.എസ്.ഐ.എല്‍  സേനയെ കുര്‍ദുകള്‍ പരാജയപ്പെടുത്തുകയും കിര്‍ക്കുകിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ അസദ് സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് നിന്ന് പോരാട്ടത്തിനിറങ്ങാന്‍ ലെബനാനിലെ ഹിസ്ബുല്ല നിര്‍ബിന്ധതരായ പോലെ ഇറാഖിലെ വംശീയ യുദ്ധത്തില്‍ ഇടപെടാന്‍ ഇറാനും നിര്‍ബന്ധിക്കപ്പെടും. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഭരണകൂടത്തെ സാമ്പത്തികമായും സായുധമായും പിന്തുണക്കുന്ന ഇറാന് ഇറാഖിലും സമാനമായ ഇടപെടല്‍ നടത്തേണ്ടിവരും. ഇറാനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയായിരിക്കും ഇത് സൃഷ്ടിക്കുക.

ബഗ്ദാദും കര്‍ബലയും ലക്ഷ്യം വെച്ച് നീങ്ങാന്‍ ഐ.എസ്.ഐ.എല്‍ നേതാക്കള്‍ തങ്ങളുടെ പോരാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം, നൂരീ മാലികിയുടെയും ഇറാന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിരിച്ചു വിട്ട പോരാട്ട വിഭാഗമായ ‘മെഹ്ദി സേന’യെ പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്തദ സദറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെഹ്ദി സേനക്ക് പുറമെ ഹിസ്ബുദ്ദഅ്‌വ, കതാഇബ് അബ്ബാസ്, അസ്വാഇബ് അഹ്‌ലുല്‍ ഹഖ് തുടങ്ങിയ നിരവധി സായുധ ഗ്രൂപ്പുകളും ശിഈ പക്ഷത്ത് പോരാട്ടത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. വംശീയ സംഘര്‍ഷം ശക്തി പ്രാപിക്കുന്ന പക്ഷം രാജ്യത്തിന്റെ രാഷ്ട്രീയ മേഖലയെയും അത് പിടിച്ചു കുലുക്കും. വംശീയ-ഗോത്ര അടിസ്ഥാനത്തിലാണ് ഇറാഖിലെ ഭരണഘടനാ പദവികള്‍ വീതംവെക്കപ്പെട്ടിട്ടുള്ളത്. വംശീയ സംഘര്‍ഷം വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് അന്ത്യം കുറിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യും. ഇതുവഴി ഏറ്റവും വലിയ രാഷ്ട്രീയ നഷ്ടം സംഭവിക്കാന്‍ പോകുന്നത് പ്രധാനമന്ത്രി നൂരീ മാലികിക്കായിരിക്കും. വംശീയ സംഘര്‍ഷം രാഷ്ട്രീയ രംഗത്തെ ബാധിച്ചാല്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദം നഷ്ടപ്പെടുമെന്നതും ഏറക്കുറെ ഉറപ്പാണ്.

മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നൂരീ മാലികി സുന്നീ വിഭാഗത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി വംശീയ പക്ഷപാതിത്വം കാണിച്ചതും, ദേശീയ ഐക്യം രൂപപ്പെടുത്തി പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അടിസ്ഥാനമാക്കിയുള്ള ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് നിധാനമായ പ്രധാന കാരണം. വംശീയ നിലപാടിന്റെ ഭാഗമായി സൈന്യത്തില്‍ നിന്ന് നിരവധി പേരെ പിരിച്ചു വിട്ടിരുന്നു. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ വിമത സേനക്ക് നേതൃത്വം നല്‍കുന്നത്. അമേരിക്കയുടെയും അറബ്-തുര്‍ക്കി സഹായത്തോടെയും വിമത സേനയെ അടിച്ചമര്‍ത്താന്‍ മാലികി നടത്തിയ ശ്രമങ്ങളെല്ലാം അമ്പേ പരാജയമായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഇറാഖ് സൈന്യത്തെ പരാജയപ്പെടുത്തി മേഖലയില്‍ പുതിയ ആധിപത്യം സ്ഥാപിക്കാനുള്ള വിമതരുടെ ശക്തിയും പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നുണ്ട്.

ഐ.എസ്.ഐ.എല്‍ ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പടിഞ്ഞാറ് നിന്നും പൗരസ്ത്യ നാടുകളില്‍ നിന്നും, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള പോരാളികളെയും ഇവര്‍ തങ്ങളുടെ ഭാഗമാക്കാന്‍ സാധ്യതയുണ്ട്. ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തികള്‍ ഭേദിച്ച് പ്രവിശാലമായ ഒരു ഇസ്‌ലാമിക ഖിലാഫത്തിന്റെ സ്ഥാപനമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അതേസമയം, സമ്പത്തും ആയുധവും ധാരാളമായി ഇവരുടെ കൈയ്യില്‍ കുന്നുകൂടുന്നതാണ് ഏറ്റവും വലിയ അപകടം. മൂസിലും തിക്രീതും കീഴ്‌പ്പെടുത്തിയ ശേഷം അവിടങ്ങളിലെ ബാങ്കുകളില്‍ നിന്നും അര ബില്യണ്‍ ഡോളറാണ് ഐ.എസ്.ഐ.എല്‍ കരസ്ഥമാക്കിയത്. അതോടൊപ്പം ഇവിടങ്ങളിലെ സൈനിക ആസ്ഥാനങ്ങളില്‍ നിന്ന് അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക ആയുധങ്ങള്‍ വിമത സേന കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതുണ്ടാക്കുന്ന അപകടം വലുതായിരിക്കും. കേവലം 800 ഓളം വരുന്ന സായുധ ശേഷി നന്നേ കുറഞ്ഞ വിമത സൈന്യമാണ് അത്യാധുനിക സായുധ ശേഷിയുള്ള ഇറാഖീ സൈന്യത്തെ മൂസിലിലും തിക്രീതിലും പരാജയപ്പെടുത്തിയത്. അതിനുള്ള കാരണം മറ്റൊന്നുമല്ല. ഇറാഖ് സൈന്യത്തിന്റെ കേന്ദ്രത്തിലും ചെക്കുപൊയിന്റുകളിലും സ്വയം പൊട്ടിത്തെറിക്കാന്‍ സന്നദ്ധമായിട്ടാണ് വിമത സേന വന്നത്. എന്നാല്‍ നൂരീ മാലികിക്ക് വേണ്ടി സ്വയം പൊട്ടിത്തെറിക്കാന്‍ ഒരു ഇറാഖീ സൈനികനും തയ്യാറാവുമായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ വിമത സേനയോട് ഏറ്റുമുട്ടാന്‍ നില്‍ക്കാതെ പിന്തിരിഞ്ഞോടുകയായിരുന്നു.

2003 ല്‍ അറബ് ഭരണാധികാരികളുടെ പിന്തുണയോടെ നടന്ന അമേരിക്കയുടെ ഇറാഖ് അധിനിവേശം മറക്കാന്‍ നമുക്ക് സാധ്യമല്ല. ഇപ്പോള്‍ ഇറാഖും ഇറാഖ് ജനതയും അനുഭവിക്കുന്ന ഈ ദുരന്തത്തിന്റെ പ്രഥമ ഉത്തരവാദിത്വം അമേരിക്കന്‍ അധിനിവേശത്തിന് തന്നെയാണ്. ഇറാഖിലേക്കുള്ള യു.എന്നിന്റെ പ്രത്യേക ദൂതനായിരുന്ന അഖ്ദര്‍ ഇബ്രാഹീമിയുടെ നിര്‍ദ്ദേശ പ്രകാരം സൈന്യത്തില്‍ നിന്നും പ്രമുഖരായ നിരവധി പേരെ പിരിച്ചു വിട്ട അമേരിക്കന്‍ സൈനിക മേധാവി പോള്‍ ബ്രമറാണ് ഇറാഖീ ജനതക്കിടയില്‍ ഈ വംശീയ വികാരത്തിന്റെ വിത്ത് പാകുകയും അതിനെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തത്. (ഇബ്രാഹീമി പിന്നീട് തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു). അന്ന് സൈന്യത്തില്‍ നിന്നും പിരിച്ചു വിട്ടവരാണ് ഇന്ന് രാജ്യത്തെ പിച്ചിച്ചീന്തി കൊണ്ടിരിക്കുന്ന ആഭ്യന്തര വംശീയ യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നത്.

മുറിവില്‍ ഇനിയും കുത്തിനോവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ ലേഖനം അവസാനിപ്പിക്കും മുമ്പ് എനിക്കൊന്നേ പറയാനുള്ളൂ. നിരവധി പേര്‍ക്ക് വിയോജിപ്പുണ്ടാകുമെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഞാന്‍ പറയുന്നു, ഇറാഖിലെ ശിയാക്കളാകട്ടെ, സുന്നികളാകട്ടെ, കുര്‍ദുകളാകട്ടെ, അമേരിക്കന്‍ അധിനിവേശത്തിന് മുമ്പുള്ള അവസ്ഥയെ അവരെല്ലാവരും മാനിക്കുന്നവരാണ്, അഥവാ സദ്ദാം ഹുസൈന്റെ ഭരണത്തെ. എതിരാളികളുടെ കാഴ്ച്ചപ്പാട് പ്രകാരം സദ്ദാമിന് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും അദ്ദേഹം വംശീയ വാദിയല്ലാത്ത ഒന്നാന്തരം ഇറാഖിയായിരുന്നു. ഇറാഖിന്റെ അറബ് വ്യക്തിത്വം കാത്തുസൂക്ഷിച്ച് അയല്‍ രാജ്യങ്ങളുമായി സഹകരണത്തോടെയും സഹവര്‍ത്തിത്വത്തോടെയും നിലകൊണ്ട് ഇറാഖിനെ ശക്തമായ രാഷ്ട്രമാക്കണമെന്നും അറബ്-മുസ്‌ലിം ജനതയെ വിജയിപ്പിക്കണമെന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു സദ്ദാം. പടിഞ്ഞാറിനും ഇസ്രയേലിനും അത് വെല്ലുവിളി ഉയര്‍ത്തും എന്നതുകൊണ്ട്  തന്നെയാണ് അവര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി ഇല്ലാതാക്കിയതും.

വിവ : ജലീസ് കോഡൂര്‍

Related Articles