Current Date

Search
Close this search box.
Search
Close this search box.

ഇന്‍തിഫാദയുടെ ഓര്‍മ പുതുക്കുമ്പോള്‍

Sharon-aqsa.jpg

ലോക മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് രക്തക്കൊതിയനായ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ മസ്ജിദുല്‍ അഖ്‌സയുടെ തിരുമുറ്റത്ത് കാലുകുത്തിയത് 2000 സെപ്റ്റംബര്‍ 28നായിരുന്നു. അതൊരു വ്യാഴാഴ്ച്ചയായിരുന്നു. മതാധ്യാപനങ്ങളുടെയും അന്താരാഷ്ട്ര വ്യവസ്ഥകളുടെയും ഈ ലംഘനത്തിന് രണ്ടായിരത്തോളം സൈനികരായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. എന്നാല്‍ അവിടെ നിന്ന് അദ്ദേഹത്തെ പുറത്താക്കും വരെ ധീരമായി ചെറുത്തു നിന്ന അവിടെ നമസ്‌കരിക്കാനെത്തിയവരുടെ ചെരിപ്പുകളില്‍ നിന്നും കല്ലുകളില്‍ നിന്നും അദ്ദേഹത്തെയത് സംരക്ഷിച്ചില്ല.

തൊട്ടടുത്ത ദിവസമായ സെപ്റ്റംബര്‍ 29ന് അഖ്‌സയില്‍ നടന്ന കൂട്ടകശാപ്പിന് 17 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണിപ്പോള്‍. ജുമുഅ നമസ്‌കാരത്തിന്റെ രണ്ടാം റക്അത്തിലായിരുന്ന വിശ്വാസികള്‍ക്ക് മേല്‍ അപ്പാഷെ ഹെലികോപ്റ്ററുകളുപയോഗിച്ച് അധിനിവേശ ഇസ്രേയല്‍ ആക്രമണം നടത്തുകയായിരുന്നു. ഭീതിജനകമായ ആ കൂട്ടകശാപ്പ് തൊട്ടടുത്ത ദിവസം ഇന്‍തിഫാദക്ക് തിരികൊളുത്തി. എല്ലാ അധിനിവിഷ്ട ഫലസ്തീന്‍ നഗരങ്ങളിലേക്കും അതിന്റെ പൊരികള്‍ വ്യാപിച്ചു. ഏകദേശം നാലര വര്‍ഷത്തോളം അത് തുടര്‍ന്നു. മുസ്‌ലിംകളുടെ പ്രഥമ ഖിബ്‌ലക്കും പ്രവാചകന്‍ മുഹമ്മദ് നബി(സ) ഇസ്‌റാഅ് യാത്ര പുറപ്പെട്ട മണ്ണിനും വേണ്ടി ജീവിതം നേര്‍ന്നവരില്‍ നിന്നും അയ്യായിരത്തോളം രക്തസാക്ഷികള്‍ ജന്മമെടുത്തു. അമ്പതിനായിരത്തോളം പരിക്കേറ്റവരും. ശറമുശ്ശൈഖിലെ ചതുര്‍രാഷ്ട്ര ഉച്ചകോടിക്ക് ശേഷം 2005 ഫെബ്രുവരി എട്ടിനാണ് അത് ഇന്‍തിഫാദയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. അമേരിക്കയുടെ മേല്‍നോട്ടത്തില്‍ നടന്ന പ്രസ്തുത ഉച്ചകോടിയില്‍ ഫലസ്തീന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാഷ്ട്രങ്ങളാണ് പങ്കെടുത്തത്.

ഫലസ്തീന്‍ ജനതക്കെതിരെ നടക്കുന്ന ആദ്യത്തെ കൂട്ടകശാപ്പായിരുന്നില്ല അത്. അവസാനത്തേതുമല്ല. അപ്രകാരം മസ്ജിദുല്‍ അഖ്‌സയില്‍ നടക്കുന്ന ആദ്യത്തെ ആദ്യത്തെ കൂട്ടകശാപ്പുമല്ല അത്; അവസാനത്തേതുമല്ല. വിശുദ്ധ മസ്ജിദുല്‍ അഖ്‌സയിലെ ആദ്യത്തെ രക്തംചിന്തല്‍ നടന്നത് 1982 ഏപ്രില്‍ 11നായിരുന്നു. അതായത് ലബനാന്‍ അധിനിവേശത്തിന് രണ്ട് മാസം മുമ്പ്. തീവ്രവലതുപക്ഷ ചിന്ത വെച്ചുപുലര്‍ത്തിയിരുന്ന ഹാരി ഗോള്‍ഡ്മാന്‍ എന്ന അമേരിക്കന്‍ വംശജനായ ഇസ്രയേല്‍ സൈനികന്റെ കൈകളാലായിരുന്നു അത്. അല്‍ഗവാനിമ ഗേറ്റിലെത്തിയ ആക്രമി ഖുബ്ബത്തുസ്വഗ്‌റക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കടന്ന അയാള്‍ യാതൊരു വിവേചനവുമില്ലാതെ അവിടെ നമസ്‌കരിക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. അതില്‍ രണ്ട് ഫലസ്തീനികള്‍ രക്തസാക്ഷികളാവുകയും അറുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജൂത റബ്ബി കഹാന ഗോള്‍ഡ്മാന്റെ നിന്ദ്യമായ ഈ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും അയാള്‍ക്ക് വേണ്ടി അഭിഭാഷകരെ ഏര്‍പ്പെടുത്തുകയും ചെയ്തു. ചുരുങ്ങിയ കാലത്തെ തടവിന് ശേഷം ഇസ്രയേല്‍ ഭരണകൂടം ഈ കുറ്റവാളിയെ വിട്ടയച്ചു. കൊടുംകുറ്റവാളിയായ ഷാരോണ്‍ ഗോള്‍ഡ്മാന് ഒരു കത്തയച്ചിരുന്നു. ഫലസ്തീനികളെ കൊല്ലാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്, ഇപ്പോള്‍ നിനക്ക് അതിനുള്ള അവസരമുണ്ട്, ലബനാനിലേക്കുള്ള സൈന്യത്തോടൊപ്പം പോകൂ എന്നായിരുന്നു അതില്‍ ഷാരോണ്‍ അയാളോട് പറഞ്ഞത്. ഗോള്‍ഡ്മാന്‍ ജയിലറയില്‍ നിന്നും നേരെ ലബനാനിലേക്ക് പോയി. അവിടെ ഫലസ്തീനികള്‍ക്കും അധിനിവേശ സൈനികര്‍ക്കുമിടയില്‍ ശക്തമായ പോരാട്ടം നടന്നു. അതില്‍ ഗോള്‍ഡ്മാന് പരിക്കേല്‍ക്കുകയും കാല് മുറിച്ചുമാറ്റപ്പെടുകയും ചെയ്തു.

മസ്ജിദുല്‍ അഖ്‌സയിലെ ഗോള്‍ഡ്മാന്റെ ആക്രമണത്തിന് മുമ്പ് ശ്രദ്ധേയമായ മറ്റൊരു കാര്യം നടന്നിരുന്നു. 1982 ഏപ്രില്‍ നാലിന് വിശുദ്ധ ഹറമിന്റെ കവാടത്തില്‍ നിന്നും വ്യാജ ബോംബും ഒരു ഭീഷണിക്കത്തും അടങ്ങിയ പാക്ക് കണ്ടെടുത്തിരുന്നു. റബ്ബ് കഹാനയുടെ പാര്‍ട്ടിയും ടെമ്പിള്‍ മൗണ്ട് ട്രസ്റ്റികളും ഒപ്പുവെച്ചതായിരുന്നു ആ കത്ത്. ഒരു ടൈംപീസും റേഡിയോ ട്രാന്‍സിസ്റ്ററും അടങ്ങിയതായിരുന്നു ആ വ്യാജ ബോംബ്. അറബികളുടെയും മുസ്‌ലിംകളുടെയും പ്രതികരണം വിലയിരുത്തുക എന്നതായിരിക്കാം ഒരു പക്ഷേ അതിന്റെ ലക്ഷ്യമായി അവര്‍ കണ്ടത്. ഫലസ്തീനികളുടെയും അറബ് ലോകത്തിന്റെയും ഒരു പക്ഷേ അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടി വിഷയത്തോടുള്ള സമീപനം അറിയാന്‍ അധിനിവേശ ഇസ്രയേല്‍ സ്വീകരിക്കാറുള്ള ഒരു സാധാരണ ശൈലിയാണത്. അതിന് ശേഷമാണ് അവര്‍ അന്തിമ തീരുമാനം എടുക്കാറുള്ളത്.

ഈ സംഭവം ഫലസ്തീനികള്‍ക്കിടയില്‍ വലിയ രോഷത്തിന് കാരണമായി. അധിനിവിഷ്ട ഫലസ്തീന്‍ നഗരങ്ങളില്‍ വലിയ പ്രതിഷേധത്തിനത് കാരണമായി. ആഗോള തലത്തിലുള്ള പ്രതികരണവും ഇസ്രയേലിന് എതിരായിരുന്നു. വിശുദ്ധ ഹറമിന്റെ പവിത്രതക്ക് കളങ്കമേല്‍പ്പിച്ചു കൊണ്ടുള്ള ഇസ്രയേല്‍ നടപടികളെയും അതിക്രമങ്ങളെയും അപലപിച്ചു കൊണ്ട് 1982 ഏപ്രില്‍ 28ന് ഐക്യരാഷ്ട്രസഭ പൊതുസഭ പ്രമേയമിറക്കി. ഏപ്രില്‍ 11ന് മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ നടത്തിയ വെടിവെപ്പിനെയും ഖുദ്‌സിലെയും മറ്റ് അധിനിവിഷ്ട പ്രദേശങ്ങളിലെയും സിവില്‍ സ്ഥാപനങ്ങളിലും മതസംവിധാനങ്ങളിലും ഇസ്രയേല്‍ നടത്തുന്ന കയ്യേറ്റങ്ങളെയും കടന്നുകയറ്റങ്ങളെയും പ്രമേയം അപലപിച്ചു.

രണ്ടാമത്തെ കൂട്ടകശാപ്പ് നടന്നത് 1990 ഒക്ടോബര്‍ 8 തിങ്കളാഴ്ച്ചയായിരുന്നു. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് ടെമ്പില്‍ മൗണ്ട് ട്രസ്റ്റികള്‍ എന്നറിയപ്പെടുന്ന സംഘം ഒരു പത്രപ്രസ്താവനയിറക്കിയിരുന്നു. ജൂതന്‍മാരുടെ ‘സുക്കോത്ത്’ പെരുന്നാളിനോടനുബന്ധിച്ച് മസ്ജിദുല്‍ അഖ്‌സയില്‍ കടന്നു കയറ്റം നടത്താന്‍ ഉദ്ദേശിക്കുന്നു എന്നായിരുന്നു അതില്‍ പറഞ്ഞത്. അതില്‍ പങ്കാളികളാവാന്‍ ജൂതന്‍മാരോട് പ്രസ്താവന ആഹ്വാനം ചെയ്തു. മൂന്നാം ദേവാലയത്തിന്റെ തറക്കല്ലിടലായിട്ടാണ് അവര്‍ക്ക് മുമ്പില്‍ അത് അവതരിപ്പിക്കപ്പെട്ടത്. ടെമ്പിള്‍ മൗണ്ടിലെ അറബ് ഇസ്‌ലാമിക അധിനിവേശം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ടെമ്പില്‍ മൗണ്ട് പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ ഗെല്‍ഷോണ്‍ സലമോന്‍ പറഞ്ഞു. ദേവാലയം നിലനിന്നിരുന്ന (അവരുടെ വാദം) മണ്ണിനോടുള്ള ഗാഢബന്ധം പുതുക്കണമെന്നും ജൂതസമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.

സലമോന്റെ നേതൃത്വത്തിലുള്ള ജൂത സംഘം മൂന്നാം ദേവാലയത്തിന് മസ്ജിദുല്‍ അഖ്‌സയുടെ തിരുമുറ്റത്ത് തറക്കല്ലിട്ടു. സ്വാഭാവികമായും മസ്ജിദുല്‍ അഖ്‌സയുടെ വിശുദ്ധിക്ക് കളങ്കമേല്‍പ്പിക്കുന്ന ഈ പ്രവര്‍ത്തനം തടയാന്‍ ഖുദ്‌സ് നിവാസികള്‍ രംഗത്ത് വന്നു. അവര്‍ക്കും അയ്യായിരത്തോളം വരുന്ന അവിടെ നമസ്‌കരിക്കാനെത്തിയവര്‍ക്കുമിടയില്‍ ഏറ്റുമുട്ടലുകളുണ്ടായി. നിമിഷങ്ങള്‍ക്കകം മുന്നൂറോളം ഇസ്രയേല്‍ പട്ടാളക്കാരും അതിര്‍ത്തി രക്ഷാ സേനയും മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരച്ചു കയറി. അവര്‍ ടിയര്‍ ഗ്യാസും മെഷിന്‍ഗണ്ണുകളും സൈനിക ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ആക്രമണം നടത്തി. നമസ്‌കരിക്കാനെത്തിയവര്‍ക്ക് നേരെ 35 മിനുറ്റിലേറെ സമയം യാതൊരു വിവേചനവുമില്ലാതെ വെടിയുണ്ടകള്‍ വര്‍ഷിച്ചു. സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. വ്യത്യസ്ത പ്രായക്കാരായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരണത്തെ മുഖാമുഖം കണ്ടു. പതിനൊന്നരയോടെ മസ്ജിന്റെ അങ്കണം രക്തസാക്ഷികളെയും പരിക്കേറ്റവരെയും കൊണ്ട് നിറഞ്ഞു. അവരുടെ ശരീരഭാഗങ്ങള്‍ പലയിടത്തും ചിതറിക്കിടന്നിരുന്നു. നമസ്‌കരിക്കാനെത്തിയ 34 പേരാണ് അവിടെ രക്തസാക്ഷികളായത്. 850ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിന് പുറമെ മസ്ജിന്റെ അങ്കണത്തില്‍ നിന്നും പുറത്തുനിന്നുമായി 270 ഫലസ്തീനികളെ ഇസ്രേയല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നേരത്തെ ആസൂത്രണം ചെയ്ത കൂട്ടകശാപ്പായിരുന്നു അവിടെ നടന്നതെന്നാണ് വ്യക്തമാകുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഓഫീസറായ ഷൊലോമോ കതാവിയുടെ ഭീഷണി അതാണ് തെളിയിക്കുന്നത്. മസ്ജിദുല്‍ അഖ്‌സ ഡയറക്ടറെ ഭീഷണിപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഈ ദിവസം നിങ്ങളുടേതാണ്, ഞങ്ങള്‍ കളിക്കുകയില്ല.’ മസ്ജിദുല്‍ അഖ്‌സക്ക് സമീപത്തെ പോലീസ് ഔട്ട്‌പോസ്റ്റിലെ ഓഫീസര്‍ സിയോണ്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് നേരെ ചെറിയൊരു കല്ല് എറിഞ്ഞാല്‍ തന്നെ ഞങ്ങള്‍ വെടിവെക്കും. ലക്ഷം മുസ്‌ലിംകളെ കൊന്നാലും എനിക്ക് മടുക്കുകയില്ല.’

നേരത്തെ ആസൂത്രണം ചെയ്ത ഒന്നായിരുന്നു അതെന്ന് തെളിയിക്കുന്ന വേറെയും കാര്യങ്ങളുണ്ട്. അന്നേദിവസം പത്ത് മണിക്ക് -അതായത് സംഭവം നടക്കുന്നതിന് അര മണിക്കൂര്‍ മുമ്പ്- ഇസ്രയേല്‍ സേന ഖുദ്‌സ് നഗരത്തിലേക്കുള്ള വഴികളിലെല്ലാം ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചിരുന്നു. ഖുദ്‌സിലേക്ക് ഫലസ്തീനികള്‍ പ്രവേശിക്കുന്നത് തടയുന്നതിനായിരുന്നു അത്. അപ്രകാരം ഖുദ്‌സ് നിവാസികള്‍ മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നത് തടയാന്‍ അതിന്റെ ഗേറ്റുകള്‍ അവര്‍ അടക്കുകയും ചെയ്തു. എന്നാല്‍ ടെമ്പിള്‍ മൗണ്ട് ട്രസ്റ്റികളുടെ നീക്കത്തെ തടയുന്നതിന് മസ്ജിദുല്‍ അഖ്‌സ ഇമാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ആഹ്വാനം സ്വീകരിച്ച് അതിന് മുമ്പേ നിരവധി ഫലസ്തീനികള്‍ അവിടെ എത്തിയിരുന്നു.

വെടിവെപ്പ് ആരംഭിച്ച് പത്ത് മിനുറ്റ് കഴിഞ്ഞപ്പോള്‍ അവിടെ ആംബുലന്‍സ് എത്തിയെങ്കിലും അതിലെ നേഴ്‌സുമാരെ ഇസ്രയേല്‍ സൈനികര്‍ ആക്രമിക്കുകയായിരുന്നു. അവരില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് പരിചരണം നല്‍കുന്നത് പോലും തടയുകയാണ് ഇസ്രയേല്‍ സൈനികര്‍ ചെയ്തത്.

ഭീകരമായ ആ കൂട്ടകശാപ്പ് നേരത്തെ ആസൂത്രണം ചെയ്തതായിരുന്നു എന്നത് വളരെ വ്യക്തമാണ്. ഖുദ്‌സില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും പവിത്രമായി കാണുന്ന പ്രദേശങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെയും കയ്യേറ്റങ്ങളുടെയും പുതിയൊരു ഘട്ടത്തിന്റെ തുടക്കത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. അതിനെ തുടര്‍ന്ന് അധിനിവേശ ഭരണകൂടം ഫലസ്തീനികള്‍ക്ക് മുമ്പില്‍ ഖുദ്‌സ് നഗരം അടച്ചിട്ടു. അക്രമ സംഭവങ്ങള്‍ക്ക് തടയിടാനെന്ന പേരില്‍ അവിടെ വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അവിടത്തെ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ അയക്കാന്‍ രക്ഷാസമിതി വിസമ്മതിക്കുകയാണ് ചെയ്തത്.

ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രയേല്‍ നടത്തിയ ഈ കൂട്ടകശാപ്പടക്കമുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അവര്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. ഏതെങ്കിലും തരത്തില്‍ അതില്‍ ഭാഗവാക്കായവരും വിചാരണ ചെയ്യപ്പെടും. ഷാറോന്റെ മസ്ജിദുല്‍ അഖ്‌സയിലെ കടന്നു കയറ്റവും അതിനെ തുടര്‍ന്ന് ഇസ്രയേല്‍ നടമാടിയ കുറ്റകൃത്യങ്ങളും മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി രംഗത്ത് വന്ന ഫലസ്തീനികളുടെ ഇന്‍തിഫാദയും രക്തസാക്ഷികളും മസ്ജിദുല്‍ അഖ്‌സയുടെ അറബ് ഇസ്‌ലാമിക സ്വത്വത്തിനാണ് അടിവരയിടുന്നത്. സയണിസ്റ്റ് പദ്ധതികള്‍ക്കും മുസ്‌ലിം സമൂഹത്തിനുമിടയിലെ സംഘര്‍ഷത്തിന്റെ കേന്ദ്രമായി അത് നിലനില്‍ക്കുക തന്നെ ചെയ്യും. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം സമൂഹങ്ങളുടെ ആത്മീയ കേന്ദ്രമായും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായും ഖുദ്‌സ് നഗരം നിലനില്‍ക്കും.

മതധാര്‍മിക മൂല്യങ്ങള്‍ക്കും നിയമത്തിനും മനുഷ്യത്വത്തിനും നിരക്കാത്ത നടപടികളിലൂടെ മസ്ജിദുല്‍ അഖ്‌സയെ ജൂതവല്‍കരിക്കാന്‍ അധിനിവേശകര്‍ നടത്തുന്ന പാഴ്ശ്രമങ്ങള്‍ ഈ സമുദായത്തിന്റെ നാഡിമിടിപ്പ് നിലനില്‍ക്കുന്ന കാലത്തോളം ദൈവാനുഗ്രഹത്താല്‍ പരാജയപ്പെടും. ഖുദ്‌സ് നഗരത്തെ മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള അവരുടെ നടപടികള്‍ വിജയിക്കുകയില്ല. ഖുര്‍ആന്‍ പറയുന്നു: ”ഇക്കൂട്ടര്‍ ഒരിക്കലും തുറന്ന മൈതാനത്തുവെച്ച് ഒറ്റക്കെട്ടായി നിങ്ങളെ നേരിടുകയില്ല. യുദ്ധം ചെയ്യുകയാണെങ്കില്‍ത്തന്നെ അത് സുശക്തമായ കോട്ടകളാല്‍ സുഭദ്രമായ പട്ടണങ്ങളില്‍ നിലുയറപ്പിച്ചുകൊണ്ടോ ഭിത്തികള്‍ക്ക് പിറകില്‍ ഒളിച്ചുനിന്നുകൊണ്ടോ ആയിരിക്കും. ഇവര്‍ തങ്ങള്‍ക്കകത്ത് തമ്മില്‍ത്തമ്മില്‍ എതിര്‍ക്കുന്നതില്‍ ബഹുശൂരന്മാരാകുന്നു. നീ ഇവരെ ഒറ്റക്കെട്ടെന്ന് കരുതുന്നു. എന്നാല്‍, ഇവരുടെ ഹൃദയങ്ങള്‍ ചിതറിക്കിടക്കുകയാണ്.” (അല്‍ഹശ്ര്‍: 14)

വിവ: നസീഫ്

Related Articles