Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ-ചൈന ബന്ധത്തിന്റെ പിന്നാമ്പുറങ്ങള്‍

indo-china.jpg

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുണ്ട്. 1962-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന അതിര്‍ത്തി യുദ്ധത്തിന് ശേഷം യാങ്സെയിലും ഗംഗയിലും വെള്ളം എത്രയോ ഒഴുകിയിരിക്കുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പരസ്പര വിശ്വാസമില്ലായ്മയുടെ അംശങ്ങള്‍ കടന്നുവന്നുകൊണ്ടിരുന്നു. 1998-ല്‍ ഇന്ത്യ അതിന്റെ രണ്ടാം ഘട്ട ആണവ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ വീണ്ടും തീപ്പൊരി പാറി. അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയെ ‘ഇന്ത്യയുടെ ഒന്നാമത്തെ പ്രബല ശത്രു’ എന്നു വിശേഷിപ്പിച്ചു. ചൈനയാകട്ടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ ഒരിക്കലും അംഗീകരിച്ചതുമില്ല. അതിനെതിര് നിന്ന ഏക വീറ്റോ അധികാര രാജ്യവും ചൈനയാണ്.

എന്നാല്‍ 2014 സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചതോടെ ഇന്ത്യാ-ചൈനാ ബന്ധങ്ങളില്‍ വീണ്ടും ഊഷ്മളത കൈവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയില്‍ ചൈനയും സന്ദര്‍ശിച്ചതോടെ ഇരുരാജ്യങ്ങളും സൗഹാര്‍ദ്ദത്തിലേക്ക് എന്ന തരത്തില്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി. എന്നാല്‍ ഇന്ത്യ അതിന്റെ പിന്നാമ്പുറമായി കണ്ടിരുന്നിടത്തേക്ക് ചൈന ഉറ്റുനോക്കുന്നു എന്നാണ് ഒരു ‘സമുദ്ര സില്‍ക്ക് റൂട്ടി’ന് ശ്രീലങ്കയെയും മാലദ്വീപിനെയും ക്ഷണിച്ചതിലൂടെ മനസ്സിലാകുന്നത്. നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ചൈന സന്ദര്‍ശിച്ചതോടെ ചൈന-നേപ്പാള്‍ ബന്ധത്തിലും അടുപ്പം കൈവന്നിട്ടുണ്ട്. ഇന്ത്യയെയും ചൈന അതിന്റെ സമുദ്ര സില്‍ക്ക് റൂട്ടിന്റെ ഭാഗമാകാന്‍ ക്ഷണിക്കുകയുണ്ടായി. ഇന്ത്യയാകട്ടെ ക്ഷണം സ്വീകരിക്കണോ നിരസിക്കണോ എന്ന ചിന്തയിലാണ്. ഇന്ത്യക്കോ മറ്റ് രാജ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്ക് ഇടനല്‍കാതെ പ്രദേശത്ത് തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പുവരുത്താനുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്ന് ഇന്ത്യന്‍ രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ചൈന തന്ത്രപരമായി കൂച്ചുവിലങ്ങിടുകയാണ് ചെയ്തത്. അടുത്തിടെ നടന്ന പത്താന്‍കോട്ട് ആക്രമണത്തിലും ഇന്ത്യയിലെ നിരവധി തീവ്രവാദ ആക്രമണങ്ങളുടെയും പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കപ്പെടുന്നയാളാണ് മസൂദ് അസ്ഹര്‍. എന്നാല്‍ എക്കാലത്തെയും ഉറ്റ ചങ്ങാതിയായ പാകിസ്ഥാനുമായുള്ള ചൈനീസ് ബന്ധങ്ങള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ 46 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ചൈനയിലെ കാശ്ഗറിനെയും പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇത്.

എന്നാല്‍ മറുഭാഗത്താകട്ടെ ഇന്ത്യ അമേരിക്കയോട് ചായ്‌വ് പ്രകടിപ്പിക്കുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണ കരാര്‍ ഒപ്പിടാനായി തീരുമാനിച്ചിരുന്നു. ഇന്ത്യ അമേരിക്കയോട് ചങ്ങാത്തം കൂടാനുള്ള പ്രധാന കാരണം ഇടയാന്‍ തക്കം നോക്കിനില്‍ക്കുന്ന ചൈന തന്നെയാണ്. ഇന്തോ-പസഫിക് മേഖലയിലെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ സുരക്ഷിതമാകണമെന്ന് ഇന്ത്യയും അമേരിക്കയും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. അത് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. മോദി ഭരണകൂടത്തിന് കീഴില്‍ പരമ്പരാഗത രീതിയായ ചേരി-ചേരാ നയത്തില്‍ നിന്ന് തെന്നിമാറി ഒരു ബഹു-ചേരി നയത്തിലേക്ക് ഇന്ത്യ വളരെ സാവധാനം കൂടുമാറുന്നു എന്നതും ശ്രദ്ധേയമാണ്. അധികാരമേറ്റതിന് ശേഷം മോദി നടത്തിയ ആദ്യ വിദേശ യാത്ര ജപ്പാനിലേക്കായിരുന്നു. ചൈനയുമായി അത്ര സുഖകരമായ അവസ്ഥയിലല്ല ജപ്പാന്‍.

എന്നാല്‍ മറ്റൊരു തരത്തില്‍ ചൈനയുമായി ഇന്ത്യ നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചൈന നയിച്ചിരുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ആദ്യമായി ചേര്‍ന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അതുപോലെ ബ്രസീലിനും റഷ്യക്കും സൗത്ത് ആഫ്രിക്കക്കുമൊപ്പം ബ്രിക്‌സിന്റെ ഭാഗമാണ് ഇന്ത്യയും ചൈനയും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി ഉച്ചകോടികളിലും ഫോറങ്ങളിലും ഇന്ത്യയും ചൈനയും കൈകോര്‍ത്തിട്ടുണ്ട്. ചൈനക്കെതിരെ പ്രത്യക്ഷമായി നടപടിയെടുക്കാനും ഇന്ത്യ വൈമുഖ്യം കാട്ടുന്നു. ഉയിഗൂര്‍ നേതാവ് ഡോല്‍ക്കന്‍ ഈസയുടെ വിസ നിഷേധിച്ച സംഭവത്തില്‍ നിന്ന് അത് വ്യക്തമാണ്. മസൂദ് അസ്ഹര്‍ വിഷയത്തില്‍ ചൈന കൈകൊണ്ട നടപടിക്ക് പ്രതികാരമെന്നോണം ആണ് ഡോല്‍ക്കന്‍ ഈസക്ക് ഇന്ത്യ വിസ അനുവദിച്ചത്. എന്നാല്‍ ചൈനയുടെ ശക്തമായ പ്രതിഷേധത്തെ മാനിക്കാതിരിക്കാനും ഇന്ത്യക്ക് ആവുമായിരുന്നില്ല. കാരണം, ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം എന്ന കടമ്പക്ക് മുന്നില്‍ ഇന്ത്യക്കുള്ള ഏക വിലങ്ങു തടി ചൈനയാണ്. അതുകൊണ്ട്, ചൈനയെ പിണക്കുന്നത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് ഇന്ത്യക്ക് വ്യക്തമായി അറിയാം.

എന്നാല്‍ അടുത്ത കാലത്തൊന്നും ചൈനക്കെതിരായി ഒരു പടിഞ്ഞാറന്‍ സഖ്യത്തില്‍ ചേരാന്‍ ഇന്ത്യ മുതിരില്ലെങ്കിലും രാജ്യത്തിന്റെ പിന്നാമ്പുറത്ത് ചൈന ആധിപത്യം നേടാതിരിക്കാനായി അസാധാരണ നയതന്ത്ര നീക്കങ്ങള്‍ക്ക് ഇന്ത്യ ശ്രമിക്കും.   

വിവ: അനസ് പടന്ന

Related Articles