Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയുടെ ഒരു കാല്‍ ഇപ്പോഴും ചാണകത്തില്‍ തന്നെ

ഇന്ത്യയുടെ അഭിമാനമായ ചൊവ്വാ ദൗത്യം മംഗള്‍യാന്‍ വിക്ഷേപിക്കുന്നതിനു മുമ്പ്  പദ്ധതി വിജയത്തിനായി ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തില്‍പൂജ നടത്തിയതിനെതിരെ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ് രംഗത്തെത്തിയിരിക്കുന്നു. ശാസ്ത്ര ലോകത്തിന്റെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം അമ്പലത്തില്‍ നടത്തിയ പൂജ കൊണ്ടല്ല, മറിച്ച് ഐ.എസ്.ആര്‍.ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരുടെയും പ്രയത്‌നമാണ് പി.എസ്.എല്‍.വി-സി25-ന്റെ വിജയത്തിലേക്ക് നയിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ എന്തിനാണ് അന്ധവിശ്വാസപരമായ ആചാരങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നത് എന്തിനാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അഗ്നിവേശ് ചോദിച്ചിട്ടുണ്ട്. മനുഷ്യത്വം കെടുത്തുന്ന തരത്തില്‍ രാജ്യത്ത് അധികരിക്കുന്ന ദാരിദ്ര്യത്തിന്റെ പിന്നിലെ യാഥാര്‍ഥ്യം അന്ധവിശ്വാസപരമായ പ്രവൃത്തികള്‍ വര്‍ജ്ജിക്കാത്തതാണ്. രാജ്യപൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും പേരു പറഞ്ഞ് ഇത്തരം ആചാരങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല എന്നും സ്വാമി തുറന്നു പറഞ്ഞു. ഇത്തരം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും  തുറന്നടിക്കാന്‍ ആര്‍ജവം കാണിച്ച സ്വാമിയെ അഭിനന്ദിക്കാതെ വയ്യ.  സാംസ്‌കാരികമായും വൈജ്ഞാനികവുമായി ഉന്നതിയില്‍ നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന ഭാരത മഹാരാജ്യത്തു നിന്നും തരംതാണ രീതിയിലുള്ള ഇത്തരം അന്ധവിശ്വാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന കാര്യം തന്നെ ഇന്ത്യക്കാരെന്ന നിലക്ക് നമുക്ക് നാണക്കേടാണുണ്ടാക്കിക്കൊണ്ടിരിക്കുന്നു.

ഇതേ ഇന്ത്യയില്‍ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭൂമിക്കടിയില്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ദിവ്യജ്ഞാനം ലഭിച്ചെന്ന ഏതോ ഒരു ലൊട്ടുലൊടുക്ക് സന്യാസിയുടെ വാക്കും കേട്ട് പുരാവസ്തു വകുപ്പ് ഖനനത്തിനു ഇറങ്ങിത്തിരിച്ചത്. പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ചും സ്വര്‍ണം നാട്ടുകാര്‍ അടിച്ചുമാറ്റുമെന്ന് പേടിച്ച് അതിര്‍ത്തി കാക്കുന്നതു പോലെ സൈന്യത്തെ വിന്യസിച്ചും ഖനനം നടത്തി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യാ എന്ന സ്ഥാപനം. ഫലമോ സന്യാസി ചൂണ്ടിക്കാട്ടിയ സ്ഥലത്ത് നിന്നും സ്വര്‍ണം പോയിട്ട് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ഒരു മോതിരം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തൊക്കെയോ പഴയ ചട്ടി, കലം തുടങ്ങിയവ കിട്ടി എന്ന പേരില്‍ വകുപ്പ് തടി തപ്പുകയും ചെയ്തിരിക്കുന്നു. കാള പെറ്റു എന്നു കേട്ട പാതി കയറെടുത്തവനെ പോലെയായി നമ്മുടെ ഖനനവകുപ്പ്. മുമ്പ് ആരോ പറഞ്ഞതു പോലെ, ഇന്ത്യയുടെ ഒരു കാല്‍ ആണവയുഗത്തിലാണെങ്കില്‍ മറ്റേ കാല്‍ ഇപ്പോഴും ചാണകത്തില്‍ തന്നെയാണ്.

നാടെത്ര പുരോഗമിച്ചിട്ടും അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണ് ആധുനിക മഹാ ഭാരതം. ജാതി മത വര്‍ണ വംശ ഭേദമന്യേ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തി വാഴുന്ന ആധുനിക കാലത്ത് സ്വാമി അഗ്നിവേശിനെപ്പോലെ നാലാളുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുകയാണ്. ആള്‍ദൈവങ്ങളും ആശ്രമങ്ങളും കൂണു കണക്കെ മുളച്ചു പൊന്തുന്നു. അതുവഴി സാധാരണ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. ഇത്തരം ചൂഷണങ്ങളില്‍ സാധാരണക്കാരെ അപേക്ഷിച്ച് മോക്ഷം തേടുന്ന മധ്യവര്‍ഗക്കാരെയാണ് നമുക്കിന്ന് കാണാന്‍ സാധിക്കുക. സാമ്പത്തികവും വിശ്വാസപരവുമായ ചൂഷണങ്ങള്‍ക്കു പുറമേ ലൈംഗികമായ അതിക്രമങ്ങള്‍ വരെ ഇത്തരം കേന്ദ്രങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നു എന്നത് നഗ്ന സത്യമാണ്. ആശാറാംബാപ്പു എന്ന വ്യാജ സ്വാമി ലൈംഗിക ചൂഷണങ്ങളുടെയും അതിക്രമങ്ങളുടെയും പേരില്‍ പിടിക്കപ്പെട്ടെങ്കില്‍ ഇനിയും പിടിക്കപ്പെടാതെ മാളത്തില്‍ എത്രയോ ബാപ്പുമാരും സന്തോഷ് മാധവന്‍മാരുമുണ്ട്. അവര്‍ക്കൊക്കെ വളം വെച്ചു കൊടുക്കുന്നതും സംരക്ഷിച്ചു പോരുന്നതും ഇവിടത്തെ പ്രമാണികളും വരേണ്യവര്‍ഗവുമാണ്. ജനപ്രതിനിധികളിലുള്ള ആവശ്യത്തില്‍ കവിഞ്ഞ സ്വാധീനം തങ്ങളുടെ ആത്മീയമായ ചൂഷണ ബിസിനസ്സ് തുടരാന്‍ അവര്‍ക്ക് സഹായകമാകുകയും ചെയ്യുന്നു. ഇതിനു തടയിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറായി മുന്നോട്ട് വരണം. അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും തടയിടുന്നതിനു വേണ്ടി കര്‍ണാടക ഗവണ്‍മെന്റ് നിയമം നിര്‍മിക്കാന്‍ പോകുകയാണ്. ഈ ബില്‍ മന്ത്രിസഭയുടെ പരിഗണനയിലിരിക്കുകയാണ്. 250-ല്‍ പരം നിയമവിദഗ്ദര്‍ പരിശോധിച്ച ശേഷമാണ് ബില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ കര്‍ണാടക സര്‍ക്കാറിന്റെ ഈ നീക്കം സ്വാഗതം ചെയ്യേണ്ടതും ഇതര സംസ്ഥാനങ്ങള്‍ മാതൃകയാക്കേണ്ടതുമാണ്.

മനുഷ്യന്റെ വിശ്വാസത്തിലുണ്ടാകുന്ന കാപട്യം മൂലമാണ് ദൈവത്തെ വിട്ട് മറ്റു ശക്തികളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും തിരിയാന്‍ അവനെ പ്രേരിപ്പിക്കുന്നത്. ദൈവികമായ സത്യത്തില്‍ വിശ്വസിക്കുക എന്നത് അല്ലാഹുവുമായുള്ള ഒരു അമാനത്താണ്. അവനുമായി നടത്തിയ പ്രതിജ്ഞയാണ്. ഈ വിശ്വാസത്തില്‍ കാപട്യം കലരുമ്പോഴാണ് ദൈവട്ടെ കൈവെടിയുന്നത്. ഇതിനു കാരണമാകുന്നത് മനുഷ്യകുലത്തിന്റെ മുഴുവന്‍ ശത്രുവെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പിശാചിന്റെ ദുര്‍ബോധനവും. ആര്‍ക്കെങ്കിലും പിശാചിന്റെ ബാധയേല്‍ക്കുന്ന പക്ഷം അവന്‍ അല്ലാഹുവിങ്കല്‍ ശരണം തേടിക്കൊള്ളുക, സത്യവിശ്വാസികളുടെ മേല്‍ പിശാചിന് സ്വാധീനം ഉണ്ടാകുകയില്ല തുടങ്ങിയ കാര്യങ്ങള്‍ അല്ലാഹുവും അവന്റെ പ്രവാചകനും  പഠിപ്പിക്കുകയും കല്‍പിക്കുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസിക്ക് നേര്‍മാര്‍ഗത്തിലൂടെ മുന്നേറാന്‍ സുവ്യക്തമായ ഈ വിശുദ്ധ ഗ്രന്ഥം മതിയെന്നിരിക്കെ, എല്ലാ മാനസികമായ രോഗങ്ങള്‍ക്കുമുള്ള മരുന്ന് ഖുര്‍ആന്‍ ആയിരിക്കെ അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളും സമൂഹത്തില്‍ പരത്തി മനുഷ്യകുലത്തെ പിന്നോട്ട് കൊണ്ടുപോകുന്ന ഇത്തരം ശ്രമങ്ങളെ നാം കരുതിയിരിക്കേണ്ടതുണ്ട്. അല്ലാഹുവും തിരുസുന്നത്തും കാണിച്ചു തന്ന നേരായ മാര്‍ഗത്തിലൂടെ നാം മുന്നേറുക.

Related Articles