Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ മുസ്‌ലിംകളും അവരുടെ വേദനകളും

ശിവസേനക്കാരുടെയും മറ്റും ഹിന്ദുത്വ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിന്റെ അകമ്പടിയോടെയാണ് ഷാറൂഖ് ഖാന്റെ ദില്‍വാലെ എന്ന സിനിമ (ഡിസംബര്‍ 2015) റിലീസ് ചെയ്തത്. ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന അസഹിഷ്ണുതയെ സംബന്ധിച്ച് ഷാറൂഖ് ഖാന്‍ തന്റെ അഭിപ്രായം പറഞ്ഞതായിരിക്കാം ഈ പ്രതിഷേധങ്ങളുടെ മൂലകാരണം. ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്ന് വരികയാണെന്നും, ഒരു ദേശസ്‌നേഹിയെ സംബന്ധിച്ചിടത്തോളം മതേതരനാവാതിരിക്കുക എന്നത് കൊടുംപാപമാണെന്നും ഷാറൂഖ് ഖാന്‍ തന്റെ അമ്പതാം പിറന്നാളിന് ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രസ്താവിച്ചിരുന്നു. ഇതിന് പ്രതികരണമെന്നോണം ഹിന്ദുത്വ ചേരി ഒന്നടങ്കം അദ്ദേഹത്തിന് നേരെ ചാടിവീണു. അദ്ദേഹത്തെ ദേശവിരുദ്ധനായും, രാജ്യദ്രോഹിയായും മുദ്രകുത്തുകയും, പാകിസ്ഥാനിലേക്ക് പോകാന്‍ കല്‍പിക്കുകയും ചെയ്തു. ഷാറൂഖ് ഖാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും മനസ്സ് പാകിസ്ഥാനിലാണ് എന്നാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വാര്‍ഗിയ പറഞ്ഞത്. ‘ആര്‍ക്കെങ്കിലും വേദനച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ വിനീതമായി മാപ്പ് ചോദിക്കുന്നു’ എന്ന് പറഞ്ഞ് കൊണ്ട് ഷാറൂഖ് ഖാന്‍ മുന്നോട്ട് വന്നു. തന്റെ സിനിമ റിലീസ് ചെയ്യാനുള്ളത് കൊണ്ടല്ല താന്‍ മാപ്പ് ചോദിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ദേശീയവാദികള്‍ മന്ദബുദ്ധികളെ ഒരു പാഠം പഠിപ്പിച്ചു എന്നാണ് ഖാന്റെ മാപ്പു പറച്ചിലിനോടനുബന്ധിച്ച് കൈലാശ് വിജയ് വാര്‍ഗിയ ട്വീറ്റ് ചെയ്തത്.

ഇതാദ്യമായല്ല ഷാറൂഖ് ഖാന്‍ ഇത്തരത്തില്‍ വിലകുറഞ്ഞ ആക്ഷേപങ്ങള്‍ക്കും, ദേശവിരുദ്ധനായി മുദ്രകുത്തപ്പെടുന്നതിനും ഇരയാവുന്നത്. 2010-ല്‍, ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ താരങ്ങളെയും അനുവദിക്കണം എന്ന ആശയത്തെ ഖാന്‍ പിന്തുണച്ചപ്പോള്‍, മുംബൈയിലെ ഹിന്ദുത്വ സംഘമായ ശിവസേന പ്രതിഷേധവുമായി രംഗത്ത് വരികയും, അദ്ദേഹത്തിന്റെ ‘മൈ നയിം ഈസ് ഖാന്‍’ എന്ന സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു. മറ്റൊരുതരത്തില്‍ ആഗോള ഇസ്‌ലാമോഫോബിയയുടെ ഒരു ഇരകൂടിയാണ് ഷാറൂഖ് ഖാന്‍. അമേരിക്കയില്‍ വെച്ച് അദ്ദേഹം രണ്ട് തവണ വസ്ത്രമുരിഞ്ഞുള്ള പരിശോധനക്കും ചോദ്യംചെയ്യലിനും വിധേയനാവുകയുണ്ടായി. സമാന അനുഭവമുണ്ടായ മറ്റ് രണ്ട് സ്റ്റാറുകളാണ് ആമിര്‍ ഖാനും, ദിലീപ് കുമാറും (യൂസുഫ് ഖാന്‍). തങ്ങളുടെ മകന്റെ കാര്യത്തില്‍ തന്റെ ഭാര്യ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ സംബന്ധിച്ച ആശങ്ക ആമിര്‍ ഖാന്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് പങ്കുവെക്കുകയുണ്ടായി. പാകിസ്ഥാനിലെ ഹാഫിസ് സഈദിനെ പോലെയാണ് ആമിര്‍ ഖാന്‍ സംസാരിക്കുന്നത് എന്നാണ് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ആമിര്‍ ഖാന്‍ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്ന് യോഗി ആദിത്യനാഥ് കൂട്ടിചേര്‍ക്കുകയും ചെയ്തു.

താന്‍ ഒരിക്കലും ഇന്ത്യ വിട്ട് പോകാന്‍ ആലോചിച്ചിട്ടില്ലെന്നും, ഇന്ത്യയില്‍ തന്നെ ജീവിക്കുമെന്നും വ്യക്തമാക്കിയ ആമിര്‍ ഖാന്‍ രബീന്ദ്രനാഥ് ടാഗോറിന്റെ പ്രശസ്തമായ കവിത ഉദ്ദരിക്കുകയുണ്ടായി. ദേശവിരുദ്ധതയുടെയും, രാജ്യദ്രോഹത്തിന്റെയും മുദ്രകള്‍ അദ്ദേഹത്തിന് മേല്‍ സംഘ് പരിവാരങ്ങള്‍ യഥേഷ്ടം ചൊരിഞ്ഞു. ഏറെ ആശ്ചര്യപ്പെടുത്തുന്ന കാര്യമെന്താണെന്നാല്‍, പാര്‍ട്ടിയുടെയും പരിവാറിന്റെയും മുതിര്‍ന്ന നേതാക്കളുടെ എല്ലാവിധ അനുഗ്രഹാശിസ്സുകളോടെയാണ് ഇതെല്ലാം അരങ്ങേറിയത്. കാരണം അത്തരം അപഹാസ്യകരമായ പ്രസ്താവനങ്ങള്‍ നടത്തുന്നവരെ തടയുന്നതിന് വേണ്ടി ഒരാള്‍ പോലും മുന്നോട്ട് വന്നിരുന്നില്ല. ഷാറൂഖ് ഖാനെ പോലുള്ള ഒരു വ്യക്തി അത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍, അദ്ദേഹം പ്രതിനിധീകരിക്കുന്ന മുഴുവന്‍ സമുദായവും പ്രതികൂട്ടില്‍ നില്‍ക്കേണ്ടി വരുമെന്നാണ് വി.എച്ച്.പിയുടെ ഒരു നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. മുസ്‌ലിം സമുദായത്തെ വി.എച്ച്.പിയും അതിന്റെ പരിവാരങ്ങളും സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

ദീപ മേത്തയുടെ ഫയര്‍ എന്ന സിനിമയെ പിന്തുണച്ചതിന്റെ ഫലമായി പെശവാറില്‍ ജനിച്ച ഇന്ത്യന്‍ ചലചിത്രനടന്‍ ദിലീപ് കുമാറിനുണ്ടായ വേദനാജനകമായ അനുഭവം നമുക്കോര്‍മയുണ്ട്. അടിവസ്ത്രം മാത്രം അണിഞ്ഞു കൊണ്ടാണ് ശിവസേനക്കാര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിശാനെ ഇംതിയാസിന് ദിലീപ് കുമാര്‍ അര്‍ഹനായപ്പോള്‍, അദ്ദേഹം അത് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. പക്ഷെ ദിലീപ് കുമാര്‍ ആ അവാര്‍ഡ് സ്വീകരിച്ചു. പതിവ് പോലെ ദിലീപ് കുമാറിനെ ദേശവിരുദ്ധനായും, രാജ്യദ്രോഹിയായും മുദ്രകുത്തികൊണ്ടുള്ള തെറിവിളികളുമായി ഹിന്ദുത്വ ശക്തികള്‍ ചാടിവീണു. മാനസികമായി തളര്‍ന്ന അദ്ദേഹം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പെയിയെ പോയി കണ്ടു. ദിലീപ് കുമാറിന് എല്ലാവിധ പിന്തുണയും നല്‍കികൊണ്ട് വാജ്‌പെയ് രംഗത്ത് വന്നു. മറ്റു ബി.ജെ.പി-പരിവാര്‍ നേതാക്കളില്‍ നിന്നും വ്യത്യസ്തനായ ഒരു നേതാവായിരുന്നു വാജ്‌പെയ്. മറ്റൊരു കാര്യമെന്താണെന്നാല്‍, ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിമാരില്‍ ഒരാളായ മൊറാര്‍ജി ദേശായിക്കും പാകിസ്ഥാന്‍ നിശാനെ ഇംതിയാസ് അവാര്‍ഡ് നല്‍കിയിട്ടുണ്ട്, അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ നാം കാണാന്‍ ഇടായായ അസഹിഷ്ണുതാ സംവാദത്തില്‍ സമാന സ്വഭാവമുള്ള പ്രസ്താവകള്‍ക്ക് ലഭിച്ച വ്യത്യസ്തമായ പ്രതികരണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വ്യത്യസ്തഘടകങ്ങളാല്‍ അന്തരീക്ഷത്തില്‍ ചൂട് പിടിച്ചു കൊണ്ടിരുന്നു. സാക്ഷി മഹാരാജ്, സാധ്വി നിരഞ്ജന്‍ ജ്യോതി, യോഗി ആദിത്യനാഥ്, മനോഹര്‍ ലാല്‍ ഖട്ടര്‍, കൈലാശ് വിജയ് വാര്‍ഹിയ, സംഗീത് സോം തുടങ്ങിയ ഹിന്ദുത്വ നേതാക്കളുടെ പ്രസ്താവനകള്‍ നമ്മുടെ സമൂഹത്തിന്റെ വേരുകളെ ആഴത്തില്‍ പിടിച്ചുലക്കുകയുണ്ടായി. ബി.ജെ.പി-ആര്‍.എസ്.എസ്സ് നേതൃത്വത്തിന്റെ പൂര്‍ണ്ണ അറിവോടെയും സമ്മതത്തോടെയുമാണ് ഇതെല്ലാം അരങ്ങേറുന്നത് എന്നതിന് തെളിവാണ് പ്രധാനമന്ത്രിയുടെ മൗനം. ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ധാദ്രിയിലെ അഖ്‌ലാഖ് എന്നിവരുടെ കൊലപാതകങ്ങളോടെ സംഭവങ്ങള്‍ അതിന്റെ മൂര്‍ദ്ദന്യാവസ്ഥയിലെത്തി. അക്കാദമിക്കുകള്‍, ചരിത്രകാരന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അവാര്‍ഡുകള്‍ തിരിച്ച് കൊടുത്ത് പ്രതിഷേധത്തിന് തുടക്കമിട്ടു. മുന്‍ അഡ്മിറല്‍ രാംദാസ് പരസ്യപ്രസ്താവന നടത്തി. അവാര്‍ഡുകള്‍ തിരിച്ച് നല്‍കുന്നതിന്റെ കുത്തൊഴുക്ക് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരേക്കും തുടര്‍ന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആശ്വാസം വളരെ വലുതായിരുന്നു.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്താണെന്നാല്‍, അവാര്‍ഡ് മടക്കി നല്‍കല്‍ പ്രക്രിയ നടന്നു കൊണ്ടിരിക്കുമ്പോഴാണ് പ്രസിഡന്റ് പ്രണബ് മുഖര്‍ജി മുതല്‍ക്ക് വ്യവസായികളായ നാരായണ്‍ മൂര്‍ത്തി, കിരണ്‍ മജൂംദാര്‍ ഷാ, ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ തുടങ്ങിയവര്‍ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം നിലവിലുണ്ടെന്ന് പ്രസ്താവന നടത്തിയത്. പക്ഷെ മുസ്‌ലിം നാമധാരികള്‍ക്ക് നേരെ മാത്രമാണ് ‘ദേശസ്‌നേഹികളുടെ’ ആക്രമണം ഉണ്ടായത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം, മുസ്‌ലിം വ്യക്തിത്വങ്ങളുടെ ദേശക്കൂറ് മാത്രമാണ് സംശയിക്കപ്പെട്ടത്! മുസ്‌ലിംകളല്ലാത്തവരുടെ അസഹിഷ്ണുതയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതമായി പരിഗണിക്കപ്പെട്ടു. അസഹിഷ്ണുതയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിന്റെ നിരീക്ഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ഇതെല്ലാം എന്താണ് അര്‍ത്ഥമാക്കുന്നത്?  തന്റെ പ്രസ്താവനക്കെതിരെയുള്ള പ്രതികരണം അസഹിഷ്ണുത വളര്‍ന്നു കൊണ്ടിരിക്കുന്നതിന് ശക്തമായ തെളിവാണെന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കുകയുണ്ടായി. മുമ്പ് അദ്ദേഹത്തിന് സംശയം മാത്രമേ ഉണ്ടായിരുന്നുളളു. ഒരേ പ്രസ്താവന തന്നെ മുസ്‌ലിംകളും അമുസ്‌ലിംകളും നടത്തുമ്പോള്‍ അതിനോടുള്ള ആര്‍.എസ്.എസ്സിന്റെയും അനുബന്ധ സംഘടനകളുടെയും പ്രതികരണങ്ങളിലെ സ്വരവ്യത്യാസങ്ങള്‍ അവരുടെ മനോഘടന എന്താണെന്ന് വിളിച്ചോതുന്നുണ്ട്.

മക്കാ മസ്ജിദ്, മാലേഗാവ്, അജമീര്‍, സംജോഝാ എക്‌സ്പ്രസ്സ് തുടങ്ങിയ ഭീകരാക്രമണങ്ങള്‍ അരങ്ങേറിയ ഉടനെ തന്നെ ഒരുപാട് മുസ്‌ലിം യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് നിങ്ങളോര്‍ക്കുന്നുണ്ടാകും. എന്നാല്‍, സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍, ലെഫ്റ്റണന്റ് കേണല്‍ പുരോഹിത്, മേജര്‍ ഉപാധ്യായാ, സ്വാമി അസീമാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘടനകളാണ് പ്രസ്തുത ഭീകരാക്രമണങ്ങള്‍ നടത്തിയതെന്ന് ഹേമന്ദ് കാര്‍ക്കരെയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. അങ്ങനെയാണ് മുസ്‌ലിം യുവാക്കളുടെ അറസ്റ്റിന് താല്‍ക്കാലിക ശമനമുണ്ടായത്. 2009-ല്‍ അന്‍ഹദ് (Act Now for Harmony And Democracy) എന്ന സംഘടന സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തത് ഞാന്‍ ഓര്‍ക്കുന്നു. ‘ഇന്ത്യയില്‍ ഒരു മുസ്‌ലിമായി ജീവിക്കുകയെന്നാല്‍ എന്താണ്?’ എന്നായിരുന്നു പരിപാടിയുടെ വിഷയം. ഇന്ത്യയില്‍ ഒരു മുസ്‌ലിമായി ജീവിക്കുന്നതിലെ പ്രയാസങ്ങളും വേദനങ്ങളും എഴുത്തുകാരും, സാമൂഹ്യപ്രവര്‍ത്തകരുമായ അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. മതസ്വത്വത്തേക്കാള്‍ കൂടുതല്‍ അവരുടെ സാഹിത്യ സംഭാവനകളുടെയും, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് അവര്‍ അറിയപ്പെടുന്നത്. തന്റെ മുസ്‌ലിം സ്വത്വത്തെ സംബന്ധിച്ച് ബോധവാനായി തുടങ്ങിയത് ഇപ്പോഴാണെന്ന് അടുത്തകാലത്ത് നസീറുദ്ദീന്‍ ഷാ തുറന്ന് പറഞ്ഞതിന് കാരണമിതാണ്. ‘ഒരു ക്രിസ്ത്യാനി എന്ന നിലയില്‍, എന്റെ സ്വന്തം രാജ്യത്ത് പെട്ടെന്ന് ഞാനൊരു അപരിചിതനായി’ ജൂലിയോ റബേരിയോയുടെ വാക്കുകളാണിത്.

മതേതരത്വത്തിനും, ബഹുസ്വര മൂല്യങ്ങള്‍ക്കും വളരെ വലിയ ഇടമുള്ള ഒരു ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ. ജനാധിപത്യ പ്രക്രിയ താരതമ്യേ ദുര്‍ബലമായ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്രയോ മെച്ചമാണ് ഇന്ത്യയുടെ അവസ്ഥ. ജനാധിപത്യത്തിന്റെ കാര്യത്തില്‍ നാം നേടിയതിന്റെ അടുത്ത് പോലും എത്താന്‍ സഊദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ അത്തരം രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നതായി കേള്‍ക്കുന്നത് അസഹനീയം തന്നെയാണ്. നമ്മുടെ ജനാധിപത്യ-ബഹുസ്വര മൂല്യങ്ങളെ സംരക്ഷിക്കാന്‍ മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിന്റെ വക്താക്കളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles