Current Date

Search
Close this search box.
Search
Close this search box.

ഇനിയും മെഴുകുതിരി കത്തിക്കാം

ഇന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ ജനങ്ങള്‍  ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഒരു കൊലപാതവുമായി ബന്ധപ്പെട്ടാണ് ഹര്‍ത്താല്‍. ഇത് വെറുമൊരു പെണ്‍പീഡനമോ കൊലപാതകമോ മാത്രമായതുകൊണ്ടല്ല ഇന്നവിടെ പൊതുജനങ്ങള്‍, പ്രത്യകിച്ചും കോണ്‍ഗ്രസ് ഇതരപാര്‍ട്ടിയില്‍ പെട്ടവര്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. രാഷ്ട്രീയസാമൂഹികമാനങ്ങള്‍ ഏറെയുള്ള ഒരു കൊലപാതകമാണിത്. കോവിലകത്തു മുറി ചിറക്കല്‍ രാധയെന്ന നാല്‍പ്പത്തൊമ്പതുകാരിയെ കൊന്നു ചാക്കില്‍ കെട്ടി വെള്ളത്തിലാഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ഹര്‍ത്താല്‍. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയാണ് രാധ. കൊലപാതകത്തിലെ പ്രതികളുടെ സാമൂഹ്യ രാഷ്ട്രീയ നിലയാണ് കൊലപാതകത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രതികളില്‍ ഒന്ന്, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ ബിജുനായരും അയാളുടെ സുഹൃത്ത് ഷംസുദ്ദീനുമാണ്.

നമ്മുടെ നാട് എത്തിപ്പെട്ട ശാപമാണ് ഇതിലൂടെ വെളിവാകുന്നത്. പെണ്‍മാനം സംരക്ഷിക്കാന്‍ വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കുന്ന, കൊലപാതകികള്‍ക്ക് കല്‍ത്തുറുങ്കുകള്‍ പണിയുന്ന, അഴിമതിക്കാര്‍ക്കെതിരെ വിലങ്ങണിയിക്കാന്‍ ബാധ്യസ്ഥരായ നമ്മുടെ ഭറണകര്‍ത്താക്കളോ അല്ലെങ്കില്‍ അവര്‍ ചെല്ലും ചെലവും നല്‍കി കൂടെ കൊണ്ടുനടക്കുന്ന സഹചാരികളോ ആണ് തുടര്‍ച്ചയായ  കൊലപാതക പീഢനപ്രതികള്‍.    ജനങ്ങളുടെ ദൈനംദിന ജീവിത പ്രശങ്ങള്‍ക്ക് പരിഹാരം കാണാനല്ല നമ്മുടെ സാമാജികര്‍ നിയമസഭയിലെത്തുന്നത്. പെണ്ണിനെ ബലാത്സംഗം ചെയ്തതിന്റെയും കൂട്ടിക്കൊടുത്തതിന്റെയും കൊന്നുതള്ളിയതിന്റെയും ആരോപണപ്രത്യാരോപണങ്ങള്‍ ചര്‍ച്ച ചെയ്യലാണ് സ്ഥിരം പണി. ബലാത്സംഗ വീരന്മാരെയും കൊലപാതികളെയും രക്ഷിച്ചെടുക്കാനുള്ള തന്ത്രം മെനയലാണ് നമ്മുടെ സമാജികര്‍ക്കുള്ള പ്രധാന പണി. കഴിഞ്ഞ അഞ്ച് മുതല്‍ കാണാതായ യുവതിയുടെ ശവശരീരം വീര്‍ത്ത് കുളത്തില്‍ പൊന്തിയതിന് ശേഷമാണ് പ്രതികളിലേക്ക് അന്വേഷണം നീങ്ങിയത്. ഇതുതന്നെ മതി കുറ്റവാളികളും ഉന്നതരും തമ്മിലുളള കൂറ് കച്ചവടം മനസ്സിലാക്കാന്‍. സ്വന്തം ഓഫീസിലെ തൂപ്പുകാരിയെ കാണാതായിട്ട് ഇത്രയും ദിവസം ബന്ധപ്പെട്ടവര്‍ എന്താണ് ചെയ്തത്?

തന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍പെട്ട അംഗം ഓഫീസ്  സെക്രട്ടറിയായിരിക്കുന്നിടത്തു നിന്നാണ് ഒരു യുവതിയെ കാണാതായത്. ആ സ്ത്രീയെ കണ്ടെത്താന്‍ മന്ത്രി എന്താണ് ചെയ്തത്? പെണ്‍രക്ഷക്കായി തുനിഞ്ഞിറങ്ങുന്ന, സിനിമയും പ്രസ്ഥാവനയും ചര്‍ച്ചകളുമൊക്കെയായി ഓടിനടക്കുന്ന യുവനേതാവായ മന്ത്രി മകന്‍  ആര്യാടന്‍ ഷൗക്കത്താണ് നിലമ്പൂര്‍ നഗരസഭയുടെ ചെയര്‍മാന്‍. അദ്ദേഹത്തിനെന്തേ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെപ്പറ്റി അന്വേഷിക്കാന്‍ ആറുദിവസം  കാത്തിരിക്കേണ്ടി വന്നത്. അതിനിടയില്‍ ആരെയായിരുന്നു സംരക്ഷിക്കേണ്ടിയിരുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ എന്തേ ആര്യാടന്‍ ഷൗക്കത്തിന് പെണ്‍സുരക്ഷക്കും മാനത്തിനുമൊന്നും വിലയില്ലാതായിപ്പോയത്. ഡല്‍ഹിപെണ്‍കുട്ടിക്ക് വേണ്ടി മെഴുകിതിരി കത്തിച്ച സാമൂഹ്യ സുരക്ഷാ വകുപ്പിനും വകുപ്പു മന്ത്രിക്കും എന്തേ ഇതിലുമൊരു മെഴുകുതിരി കത്തിച്ച് ആ പാവപ്പെട്ട യുവതിയോട് നീതിപുലര്‍ത്താനാവാത്തത്? ഡല്‍ഹി സംഭവത്തെത്തുടര്‍ന്ന് ‘നിര്‍ഭയ’ എന്നൊരു നിയമവും നിങ്ങളൊക്കെ ചേര്‍ന്ന് പാസാക്കിയിരുന്നല്ലോ. കേരള ഗവര്‍ണര്‍ കേരളത്തിലെ ഓരോ സ്ത്രീക്കും ഭയം കൂടാതെ ജീവിക്കാനുള്ള അവകാശവുമായി നിര്‍ഭയയെ ബന്ധപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കലും അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയലും അതിലേര്‍പ്പെടുന്നവര്‍ക്ക് കാലതാമസമില്ലാതെ ശിക്ഷ നല്‍കലുമൊക്കെ നിര്‍ഭയയിലെ നിയമങ്ങളായിരുന്നു. ഇതെല്ലാമറിയുന്ന, സ്ത്രീ സുരക്ഷക്കായി ഓടിനടക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് എന്തുകൊണ്ടാണ് ഇപ്പോള്‍ അനക്കമില്ലാത്തത്. മന്ത്രിമാരുടെയും അവരുടെ അരികുപറ്റുന്നവരുടെയും ഇടയില്‍ പോലും സ്ത്രീക്ക് സുരക്ഷിതത്വമില്ലെങ്കില്‍ നട്ടപ്പാതിരക്ക് കവലച്ചട്ടമ്പികളില്‍ നിന്ന് എന്തുസുരക്ഷയാണ് പ്രതീക്ഷിക്കേണ്ടത്.

കേരള രാഷ്ട്രീയം പെണ്ണിനെ ചുറ്റിപ്പറ്റിയാണിപ്പോള്‍ തിരിയുന്നത്. റജീനയില്‍ നിന്ന് തുടങ്ങി സൂര്യനെല്ലിയും വിതുരയും കവിയൂരും സരിതയും ശാലുവും കടന്ന് ഇപ്പോളത് നിലമ്പൂരിലെത്തിയിരിക്കയാണ്. പെണ്ണുപിടിയന്മാരും കൊല്ലാനും കെട്ടിത്താഴ്ത്താനും മിടുക്കുള്ള മല്ലന്മാരുമൊക്കയാണ് മന്ത്രിമന്ദിരങ്ങളിലും അവരുടെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളിലും. ഇവരെയൊക്കെ ഇനിയും അവിടെയിരുത്തണോ എന്നാണിനി പൊതുജനം ആലോചിക്കേണ്ടത്. അതിനുള്ള കൂട്ടായ ശ്രമങ്ങള്‍ പെണ്‍പീഢനം വര്‍ധിച്ചു വരുന്ന സമയത്ത് കൊടി നിറം നോക്കാതെ വനിതാ സംഘടനകളില്‍ നിന്നെങ്കിലും ഉണ്ടാകണം.  
ഡല്‍ഹി നഗരത്തിലെ പെണ്‍കുട്ടിക്ക് മാത്രമല്ല, കേരളത്തിലെ നിലമ്പൂരെന്ന ഗ്രാമത്തിലെ പെണ്‍കുട്ടിക്ക് വേണ്ടിയും നമുക്ക് മെഴുകുതിരി കത്തിക്കാം.

Related Articles