Current Date

Search
Close this search box.
Search
Close this search box.

ഇതിനേക്കാള്‍ നല്ലത് ഇയാളുടെ അച്ഛന്‍ ആയിരുന്നു

ഭരണമാറ്റത്തിന്റെ പ്രതികരണങ്ങള്‍ വ്യത്യസ്തകോണുകളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയൊരു എഴുത്ത് സംസ്‌കാരം പോലും ഇവ്വിഷയത്തില്‍ രൂപപ്പെട്ടെന്ന് പറയാന്‍ മാത്രം രസകരമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവയ്ക്കപ്പെടുന്നത്. ഒരു തോണിക്കാരന്റെ കഥയിലൂടെ അഭിപ്രായപ്രകടനം നടത്തുന്ന ഒരു സഹോദരന്റെ സ്റ്റാറ്റസ് ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നുണ്ട്.

കടത്തിറങ്ങുന്നവരെ മുട്ടോളം വെള്ളത്തിലിറക്കിയിരുന്ന പിതാവിന്റെ അനാരോഗ്യകാലത്ത് കടത്തു ദൗത്യം ഏറ്റെടുക്കുന്ന പുത്രന്‍ അരക്കൊപ്പം വെള്ളത്തില്‍ കടത്തുകാരെ ഇറക്കിയപ്പോള്‍ മുട്ടോളം വെള്ളത്തിലിറക്കിയതിന്റെ പേരില്‍ പിതാവിനെ ശപിച്ചിരുന്ന കടത്തുകാര്‍ ഒരെസ്വരത്തില്‍ പറഞ്ഞു പോലും ഇതിനേക്കാള്‍ നല്ലത് ഇയാളുടെ അച്ഛന്‍ ആയിരുന്നു. Falahi Bin Aliയുടെ കുറിപ്പില്‍ നിന്നും

‘മകനേ, വയസ്സായി, അസുഖവും ഏറി വരുന്നു. ഇനി അച്ഛന് തോണി തുഴയാന്‍ കഴിയും എന്ന് തോന്നുന്നില്ല. മോന്‍ വേണം ഇനി അത് ചെയ്യാന്‍. അച്ഛനെ കുറിച്ച് എല്ലാവര്‍ക്കും പരാതിയാണ്. മോന്‍ ആയിട്ട് ഇനി അച്ഛന്റെ പേര് കൂടുതല്‍ മോശമാക്കരുത്.’

അനുസരണയുള്ള മകന്‍ അച്ഛന്‍ പറഞ്ഞത് തലയാട്ടി സമ്മതിച്ചു. അച്ഛനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന മകന്‍ അച്ഛന്റെ പേര്‍ ഇനിയും മോശമാക്കരുത് എന്നും കഴിയുമെങ്കില്‍ ആളുകളെ കൊണ്ട് അച്ഛനെ കുറിച്ച് നല്ല വാക്ക് പറയിപ്പിക്കണം എന്നും തീരുമാനിച്ചു. മകന്‍ തോണിക്കാരന്റെ ചുമതല ഏറ്റെടുത്തു. മുമ്പ് അച്ഛന്‍ മുട്ടിനു വെള്ളം ഉള്ള സ്ഥലത്താണ് തോണി നിര്‍ത്തിയത് എങ്കില്‍ മകന്‍ അരയ്ക്കു വെള്ളത്തില്‍ തോണി നിര്‍ത്താന്‍ തുടങ്ങി. ആളുകള്‍ മകനെ ശപിച്ചു.

‘എന്തൊരു നശിച്ച ജന്മം. ഇതിനേക്കാള്‍ നല്ലത് ഇയാളുടെ അച്ഛന്‍ ആയിരുന്നു. അയാള്‍ എത്ര നല്ല മനുഷ്യന്‍ ആയിരുന്നു.’ അച്ഛനെ കുറിച്ച് ആളുകള്‍ നല്ലത് പറയുന്നത് കേട്ട് ആ മകന്‍ മനസ്സമാധാനത്തോടെ തോണി തുഴഞ്ഞു കൊണ്ടിരുന്നു….
…………………..
ഒരു വന്‍കിട കമ്പനിയുടെ അധിപനെന്ന വിഭാവാനയില്‍ തങ്ങളുടെ ഭരണ സാരഥികളെ പ്രതിഷ്ഠിച്ചു നിര്‍ത്താന്‍ രാഷ്ട്രീയത്തില്‍ എട്ടും പൊട്ടും തിരിയാത്തവര്‍ക്കു പോലും സാധ്യമായേക്കാവുന്ന അവസ്ഥയിലാണ് ഭാരതീയ രാഷ്ട്രീയ കാലാവസ്ഥ എന്ന് അനുമാനിക്കാന്‍ കഴിയും.

രാജ്യ പുരോഗതിക്ക് സ്വകാര്യവത്കരണമാണഭികാമ്യം എന്ന ചിന്ത എല്ലാ രാഷ്ട്രീയക്കാരും അംഗീകരിച്ച പ്രതീതി നില നില്‍ക്കുന്നു. പൊതു സമൂഹവും ഏറെക്കുറെ ഈ നിലപാടിനെ സ്വാഗതം ചെയ്യുന്ന പരുവത്തിലാണെന്ന് തോന്നുന്നു. എങ്കില്‍ പിന്നെ സര്‍ക്കാരും സ്വകാര്യവത്കരിച്ചുകൂടെ എന്നാണ് പങ്കജ് നബാന്‍ (Pankaj Nabhan) ആരായുന്നത് .

എല്ലാം സ്വകാര്യ വത്കരിക്കുകയാണ് പുരോഗതിക്ക് ആവശ്യം എന്നാണ് പുതിയ രാഷ്ട്രീയക്കാരുടെ അഭിപ്രായം. എങ്കില്‍ പിന്നെ സര്‍ക്കാരും ഇങ്ങനെ സ്വകാര്യ വത്കരിച്ചു കൂടെ? ഭരിക്കാന്‍ ഉള്ള അവകാശം ആഗോള ടെണ്ടര്‍  വിളിച്ചു, വല്ല കോര്‍പറേറ്റ് കമ്പനിയും നല്ല വില കൊടുത്തു എടുത്താല്‍, രാജ്യ പുരോഗതി ഒന്ന് കൂടെ ഉഗ്രന്‍ ആവില്ലേ? എലക്ക്ഷന് ഒക്കെ കോടികള്‍ ചെലവ് ആവുന്നതിനു പകരം ഇത് രാജ്യത്തിന് ഒരു ധനാഗമന മാര്‍ഗവും ആവില്ലേ? അഞ്ചോ പത്തോ കൊല്ലം ഭരിക്കാന്‍ ആഗോള ലേലം.
സ്വകാര്യ വല്‍ക്കരണം പുരോഗതി എന്ന് കരുതുന്ന എല്ലാ രാഷ്ട്രീയ അനുഭാവികളും ചിന്തിക്കേണ്ട വിഷയമാണിത്.
…………………..
വര്‍ഗ്ഗീയ ദ്രുവീകരണവും സാമുദായിക പക്ഷപാതിത്വവും അപകടകരമാം വിധം കേരളിയ സമൂഹത്തിലേയ്ക്ക് പടര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്. വിവാദങ്ങള്‍ ഓരോന്നിനും സാമുദായിക വര്‍ണ്ണം ചാര്‍ത്തപ്പെടുന്നത് ഖേദകരമാണ്. ഈയിടെ ഉണ്ടായ അനാഥാലയ വിവാദം പോലും ബുദ്ധിപരമായ സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് പറയേണ്ടിവരും. ചാര്‍ത്തപ്പെട്ട കുറ്റത്തെ താരതമ്യം ചെയ്യുക വഴി അവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് നമുക്കായി കൂടാ എന്ന ചോദ്യം അറിയാതെ പ്രതിധ്വനിക്കുന്നു എന്ന് മനസ്സിലാക്കപ്പെടണം. ഇളം കാറ്റിന്റെ (Elamkat) ദിര്‍ഘമായ സ്റ്റാറ്റസ്സില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍.

സമുദായത്തിനു നേരെയുള്ള ഭരണകൂട ഭീകരതകളെയും കൊടിയ നീതി നിഷേധങ്ങളേയും പ്രധിരോധിക്കേണ്ടത് സാമുദായികമായി സംഘടിച്ചു കൊണ്ടല്ല, മാനുഷികമായ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു കൊണ്ടാണ്. എത്ര തന്നെ വര്‍ഗീയവല്ക്കിരിക്കപ്പെട്ടാലും മനുഷ്യസ്‌നേഹികളായ വ്യക്തികളും സംഘടനകളും നിരവധിയുള്ള ഒരു നാടാണ് ഇന്ത്യ എന്നത് നിഷേധിക്കാനാവില്ല. നിഷേധാത്മകമായ സമീപനങ്ങള്‍ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന്റെ വര്‍ഗീയവത്കരണത്തിന് ആക്കം കൂട്ടുകയെ ഉള്ളൂ.

വിഷയത്തിന്റെറ മറുവശം യഥാര്‍ഥ മനുഷ്യസ്‌നേഹികളെ ഏറെ വേദനിപ്പിക്കുന്നതാണ്. മാതാപിതാക്കള്‍ നഷ്ടമായ അനാഥരെ അവരുടെ വേര്‍പാടിന്റെ വേദന അറിയിക്കാതെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തണമെന്ന് പഠിപ്പിച്ച പ്രവാചകനോടുള്ള സ്‌നേഹം അനാഥരുടെ പേരില്‍ പിരിച്ചെടുക്കുന്ന പണം അന്യായമായി അകത്താക്കിയാണ് സമുദായ നേതാക്കള്‍ പ്രകടിപ്പിക്കുന്നതെന്ന് എങ്ങനെയാണു നമുക്ക് മറച്ചു വെക്കാനാവുക? ഇവിടെ സത്യസന്ധമായി നടത്തപെടുന്ന സ്ഥാപനങ്ങള്‍ പോലും പ്രതിക്കൂട്ടിലാക്കപ്പെടുകയാണ്. ഓരോ നെറികേടിന്നെതിരെയും  അതാതു സന്ദര്‍ഭങ്ങളില്‍  പ്രതികരിക്കാതിരുന്നാല്‍ ഇനിയും ചീഞ്ഞു നാറുന്ന പല മാറാപുകള്‍ക്ക് മുകളിലും സമുദായ സ്‌നേഹികള്‍ക്ക് ഏറെ കാലം അടയിരിക്കേണ്ടി വരും.
…………………..
മധ്യേഷ്യന്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണതകളില്‍ നിന്നും സങ്കിര്‍ണ്ണതകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. യൂഫ്രട്ടീസ് ടൈഗ്രീസ് നദികള്‍ അലമുറയിട്ടു കരയുകയായിരിക്കണം. ശാന്തമാകാത്ത ചരിത്ര ഭൂമിക. അറബ് മുസ്‌ലിം ലോകത്ത് അസ്ഥിരത ലക്ഷ്യം വെച്ചുള്ള ഗൂഡാലോചനകളുടെ അവസാനവട്ട കളി മുറികിക്കൊണ്ടിരിക്കുന്ന അത്യന്തം വേദനാജനകമായ വര്‍ത്തമാനങ്ങള്‍ ഒട്ടേറെ സഹോദരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ പ്രതിഷ്ഠിക്കപ്പെട്ട പാവ സര്‍ക്കാറിന്റെ നീതി നിഷേധവും പാര്‍ശ്വവത്കരണവുമായിരിക്കണം ഇറാഖിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ ദുരന്തത്തിനുകാരണമെന്ന നിരീക്ഷണം പൊതുവെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇവ്വിഷയത്തില്‍  ഉസ്മാന്‍ വിഎന്‍ആര്‍ (Othman Vnr) തന്റെ ടൈം ലൈനില്‍ കുറിച്ചിട്ടതിങ്ങനെ.

സ്വതന്ത്ര പരമാധികാര രാജ്യത്ത് അതിക്രമിച്ചു കയറി മുക്കും മൂലയും അരിച്ചുപെറുക്കി ഒരു ചുക്കും കിട്ടിയില്ലെങ്കിലും അറബ് ലോകത്തെ ഏറ്റവും വിദ്യാസമ്പന്നരും മധ്യവര്‍ഗവും ബുദ്ധിജീവികളും പണ്ഡിതന്മാരും സുന്നികളും ശിയാക്കളും കുര്‍ദുകളും പരസ്പരമറിഞ്ഞ് സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയെ നശിപ്പിക്കാന്‍ വേണ്ടിമാത്രം യു.എസ് പട്ടാളം പത്തുവര്‍ഷത്തോളം ആ രാജ്യത്ത് തമ്പടിച്ചു. പത്തുലക്ഷത്തിലേറെ മനുഷ്യരെ കൊന്നൊടുക്കി. ഒരു ട്രില്യന്‍ ഡോളര്‍ ചെലവിട്ടു. 4500 അമേരിക്കന്‍ ഭടന്മാരെ ബലി കൊടുത്തു. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികള്‍ ചോരയും കബന്ധങ്ങളും കൊണ്ട് നിറച്ചു. ഒടുവില്‍ സദ്ദാമിന്റെ കഥകഴിച്ചു.

Related Articles