Current Date

Search
Close this search box.
Search
Close this search box.

ഇടയവേഷം ചമയുന്ന വേട്ടക്കാര്‍

എത്രയെത്ര അന്ധരായ പെണ്‍കുട്ടികള്‍ പങ്കജാക്ഷികളായി വിളിക്കപ്പെട്ടിട്ടും താമരപ്പുവിന്റെ മനോഹാരിതയ്ക്ക് ഭംഗം വന്നിട്ടില്ല. ഇവിടെ പ്രകൃതിയുടെ വരദാനമായ ജീവിത വീക്ഷണത്തെ വികലമാക്കാനും വികൃതമാക്കാനും കുബുദ്ധികളും അവരുടെ കൂട്ടാളികളും ഒളിഞ്ഞും തെളിഞ്ഞും പയറ്റിക്കൊണ്ടിരിക്കുന്നതിന്റെ ആധുനിക പതിപ്പായിരിക്കണം ഒരു പക്ഷെ ‘ഐ.എസ്.ഐ’ മധുര നാരങ്ങത്തോട്ടത്തില്‍ കാഞ്ഞിരക്കുരുക്കള്‍  പൂക്കുകയില്ല. കാഞ്ഞിരമരങ്ങളില്‍ മധുര നാരങ്ങകളും. ലോകം മുഴുവന്‍ വംശീയതയുടെയും വര്‍ഗീയതയുടെയും പരസ്പര വിദ്വേഷത്തിന്റേയും വിത്തുകള്‍ പാകി തമ്മിലടിപ്പിച്ച് തങ്ങളുടെ ആയുധക്കമ്പോളം പൊടിപൊടിക്കുന്ന സാക്ഷാല്‍ വേട്ടക്കാര്‍ ഇടയവേഷത്തില്‍ നിറഞ്ഞാടുന്ന അത്യത്ഭുതകരമായ കാഴ്ചയില്‍ എല്ലാവരും ഇരുട്ടില്‍ തപ്പുകയാണ്. അബ്ദുസ്സമദ് (Abdul Samad Andathode) കുറിച്ചിട്ട വളരെ ദീര്‍ഘമായ പോസ്റ്റില്‍ നിന്നും പ്രസക്തമായത് പങ്കുവയ്ക്കട്ടെ.

ഇറാഖില്‍ എന്ത് നടക്കുന്നു എന്നതിനപ്പുറം  ആര്‍ നടത്തുന്നു എന്നത് തന്നെ വ്യക്തമല്ല. സുന്നി വിമതര്‍ ആരാണ് എന്ന കാര്യത്തില്‍ തന്നെ ഒരു വ്യക്തത വന്നിട്ടില്ല. സുന്നി എന്നത് ഇസ്‌ലാമിലെ ഒരു വിഭാഗമാണ്. അതില്‍ സംശയമില്ല. യഥാര്‍ത്ഥ സുന്നികള്‍ എന്ന് പറഞ്ഞാല്‍ അവര്‍ പിന്തുടരുക ഖുര്‍ആനും പ്രവാചകചര്യയും. അതെ സമയം നാം കേള്‍ക്കുന്നു അവര്‍ പല മത വിഭാഗങ്ങളെയും കൊന്നു തീര്‍ക്കുന്നുന്നെന്ന്. സുന്നികള്‍ വിശ്വസിക്കുന്ന ഗ്രന്ഥം പറയുന്നത് ഒരാള്‍ കാരണമില്ലാതെ മറ്റൊരാളെ കൊന്നാല്‍ അവന്‍ ലോകത്തെ മുഴുവന്‍ കൊന്നവനു തുല്യമാണെന്ന്. അപ്പോള്‍ ഈ കൂട്ടക്കൊലയുടെ വാര്‍ത്ത ശരിയാണെങ്കില്‍ നമുക്ക് അവരെ സുന്നികള്‍ എന്നല്ല മുസ്‌ലിംകള്‍ എന്ന് പോലും വിളിക്കാന്‍ കഴിയില്ല.

ഇസ്‌ലാമിന്റെ വിശകലനം ഒരിക്കലും വൈകാരികമല്ല. വികാരം കൊണ്ട് പ്രവാചകനും സഹാബതും എടുത്ത തീരുമാനം പോലും തിരുത്തിയ മതമാണ് ഇസ്‌ലാം. പക്ഷെ മുസ്‌ലിംകളില്‍ പലര്‍ക്കും വിഷയങ്ങളെ വൈകാരികമായി സമീപിക്കാന്‍ വളരെ താല്‍പര്യവും. ഇവിടെയാണ് പലരും വിജയിക്കുന്നതും. ഇല്ലാത്ത ബിന്‍ലാദന്‍ എന്ന ഐതിഹ്യത്തെ മുന്‍ നിര്‍ത്തി കുറെ കാലം പലരും നേട്ടം കൊയ്തു. അവസാനം സീരിയലില്‍ തെറ്റിപ്പോയ നായകനെ സംവിധായകന്‍ കൊല്ലുന്നത് പോലെ ആ നായകനെയും അവര്‍ കൊന്നു. പക്ഷെ പുതിയ ഒരു കഥാപാത്രം പലര്‍ക്കും ആവശ്യമായി വരുന്നു. പലരും പടച്ചു വിടുന്ന കഥകള്‍ പലര്‍ക്കും ഉറച്ച വിശ്വാസമാകുന്നത് അങ്ങിനെയാണ്.
…………………………..

സയണിസ്റ്റ് ഭീകരതയില്‍ അവരുടെ ലക്ഷ്യങ്ങളോരോന്നും  പിഴക്കുന്നതായി കണക്കുകള്‍ പറയുന്നു. അവര്‍ തന്ത്രം മെനയുമ്പോള്‍ അവരെ അമ്പരപ്പിക്കുന്ന തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഒരു പുതു തലമുറയെയായിരുന്നു ഇസ്രാഈല്‍ ഇത്തവണ മുഖ്യമായും ലക്ഷ്യമിട്ടിരുന്നത്. അവര്‍ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. രണ്ടായിരത്തോളം പേരെ കഴിഞ്ഞാഴ്ചകളില്‍ അവര്‍ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ ഇക്കാലയളവില്‍ ഗസ്സയില്‍ ജന്മം കൊണ്ടത് അതിന്റെ ഇരട്ടിയിലധികമായിരുന്നു. വേട്ടക്കാരെ വിസ്മയിപ്പിക്കുന്ന വസന്തം വിരിയിക്കുന്ന താഴ്‌വരയെക്കുറിച്ച് ‘നാളത്തെ ശബ്ദം’ എന്ന ഓണ്‍ലൈന്‍ വാര്‍ത്താവിശേഷം ഉമര്‍ സുലൈമാന്‍ (Omar Suleiman) പങ്കുവച്ചിരിക്കുന്നു.

പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മുപ്പത് ദിവസത്തില്‍ 4500 കുട്ടികളാണ് പിറന്നു വീണത്. അധിനിവേശക്കാരുടെ അക്രമത്തില്‍ ഈയിടെ രക്ത സാക്ഷ്യം വഹിച്ചത് 433 കുട്ടികളടക്കം 1913 പേരായിരുന്നു. പലസ്തീന്‍ അഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014 ആദ്യപാദത്തിലെ ഗസ്സാ തുരുത്തിലെ ജനസംഖ്യ 18,70,000 ആയിരുന്നു. 2020 ആകുമ്പോള്‍ ഇത് 20,30,000 ആകും, അഥവ ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന  ഒരു പ്രദേശമായി ഗസ്സ പരിണമിക്കും. ‘നാളത്തെ ശബ്ദം’ വ്യക്തമാക്കി.
…………………………..

അന്തര്‍ദേശീയ മനുഷ്യാവകാശ സംഘത്തിന്റെ തലവന്മാര്‍ക്ക് പോലും ഈജിപ്തിലേയ്ക്ക് പ്രവേശനം നിഷേധിച്ചതിന്റെ കാരണം മാത്രം മതി സീസിയും കൂട്ടാളികളും ചെയ്തുകൂട്ടിയ കാടത്തത്തിന്റെ ആഴം മനസ്സിലാക്കാന്‍. ആഗോള തമ്പ്രാകന്മാര്‍ ജനാധിപത്യത്തിന്റെ വക്താക്കളും തിരുവായ്‌ക്കെതിര്‍ പറയുന്നവര്‍ തീവ്രവാദികളും എന്ന വളരെ ലളിതമായ രാഷ്ട്രീയ സൂത്രവാക്യമാണ് വര്‍ത്തമാന ലോകത്തിനു പഥ്യം. സാധാരണക്കാരില്‍ സാധാരണക്കാരുടെ പോലും ചിന്താധാരയെ വഴിതിരിച്ചു വിടാനുള്ള ക്രൂരമായ വേഷം കെട്ടലുകളാണ് വിശ്വാസികളുടെ മക്കയില്‍ അരങ്ങേറിയതും വിശ്വാസി സമൂഹം സാക്ഷികളായതും . സീസിയുടെ സായുധ സംഘം കാട്ടിക്കൂട്ടിയ കരളുലയ്ക്കുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞുതരുന്ന അബ്ദുല്‍ ലത്വീഫിന്റെ (Abdul Latheef CK) വളരെ ദീര്‍ഘമായ സ്റ്റാറ്റസില്‍ നിന്നും ഒരു ഭാഗം ഇവിടെ പങ്കുവയ്ക്കുന്നു.

ചൈന പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പീരങ്കി ഉപയോഗിച്ച് നേരിട്ടതാണ് അല്‍പമെങ്കിലും സാമ്യതയുള്ള അനുഭവം. അവിടെ പോലും യുദ്ധവിമാനം ഉപയോഗിച്ചിട്ടില്ല. സിറിയന്‍ പ്രസിഡ്ണ്ട് ബശ്ശാര്‍ ലക്ഷക്കണക്കിന് സിറിയന്‍ പൗരന്മാരെ ഇതിനകം കൊന്നുകളഞ്ഞു. പക്ഷെ അദ്ദേഹത്തിന് വാദിക്കാം ഭരണത്തിനെതിരെ സായുധ പോരാട്ടം നടത്തിയ കലാപകാരികളെയാണ് താന്‍ വധിച്ചതെന്ന്. എന്നാല്‍ സ്ത്രീകളും കുട്ടുകളുമടക്കം നിരത്തില്‍ സമാധാനപൂര്‍വം പ്രതിഷേധിച്ച ഒരു വിഭാഗത്തെയാണ് സീസി നിഷ്ഠൂരമായി വധിച്ചത്. ഒരു വേള അമേരിക്കക്ക് പോലും തള്ളിപ്പറയേണ്ടിവന്നു സീസിയെന്ന. വ്യക്തിയെ ഒന്ന് മഹത്വവല്‍ക്കരിക്കാന്‍ പല പണികളും അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍മാര്‍ പയറ്റി. ഇപ്പോഴിതാ അദ്ദേഹത്തെ കഅ്ബക്കുള്ളിലേക്കും കയറ്റി. കെട്ടുകാഴ്ചപോലെ അടിയില്‍നിന്നും മുകളില്‍നിന്നും ഫോട്ടോയെടുത്ത് മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വെള്ളപൂശാന്‍ നോക്കുന്നു. ഇതൊക്കെ കണ്ടാല്‍ നഷ്ടപ്പെട്ട പ്രതിഛായ നേടിയെടുത്ത് നല്‍കാം എന്നായിരിക്കും ഈ കോമാളികള്‍ കരുതുന്നത്.
…………………………..
രാഷ്ട്ര നീതി ശരിയാം വണ്ണം നടപ്പിലാകണമെങ്കില്‍ ജനഹൃദയങ്ങളില്‍ അത് ശരിയാം വണ്ണം ഉണ്ടായിരിക്കണമെന്നാണ് പ്ലേറ്റോ പറഞ്ഞത്. നമ്മുടെ രാജ്യത്ത് നീതിന്യായ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് പോലും തങ്ങളുടെ ദൗത്യനിര്‍വഹണത്തിന്റെ പ്രാഥമികമായ അവബോധം  ഇല്ലന്നതല്ലെ യാഥാര്‍ഥ്യം. വാപിനു പരുവാനത്തിന്റെ (Vapinu Paruvanath) വിലയിരുത്തല്‍.

ചില നിയമങ്ങള്‍ ഇങ്ങിനെയാണ്. പട്ടിയെ കൊന്നാല്‍ ശിക്ഷ കിട്ടും. കടിക്കുന്ന പട്ടിക്ക് രക്ഷപ്പെടുകയും ചെയ്യാം. കള്ള് കുടിക്കുന്നതും വില്‍ക്കുന്നതും തെറ്റല്ല, അത് ഉപയോഗിക്കുന്നവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് കുറ്റം. തെറ്റ് ചെയ്ത കുട്ടികളെ അടിക്കരുത്. അടിച്ചാല്‍ രക്ഷിതാക്കള്‍ക്കും ഉണ്ടത്രെ ഇപ്പോള്‍ ശിക്ഷ. വേണ്ടി വന്നാല്‍ അടിച്ച് തന്നെയാണ് കുട്ടികളെ മുമ്പുള്ളവര്‍ വളര്‍ത്തിയത്. അതിനുള്ള ഗുണങ്ങളും അവരുടെ ജീവിതത്തില്‍ കണ്ടു. ഇന്ന് കുട്ടികളുടെ കയ്യിലെ ടച്ച് ഫോണുകളെ പോലെയാവണം അവരുടെ രക്ഷിതാക്കളും എത്ര തോണ്ടിയാലും തിരിച്ചു തോണ്ടരുതെന്ന് ചുരുക്കം.
…………………………..

സംഘര്‍ഷഭരിതമായ ജീവിത വ്യവഹാരങ്ങളില്‍ സ്വസ്ഥത നഷ്ടപ്പെട്ട മനുഷ്യന്റെ പേക്കിനാവായി മാറിയ ശാന്തിയും സമാധാനവും മുങ്ങിത്തപ്പി വിര്‍പ്പുമുട്ടുന്ന വര്‍ത്തമാനകാലത്ത് സഹൃദയ മനസ്സുകള്‍ ആത്മഗതം പോലെ ഉരുവിടുന്ന ഈരടികള്‍ സന്ധ്യാസുധി (Sandhya Sudhee) പകര്‍ത്തിയത് പങ്കുവച്ചുകൊണ്ട് ശുഭ ദിനം നേര്‍ന്നുകൊണ്ട് തല്‍കാലം വിട.

കടലുപോല്‍ ഇരുമ്പുന്ന മനസ്സേ …
നിന്‍ തിരകളാകുമെന്‍ ഓര്‍മ്മതന്‍
ചിപ്പിയില്‍ തിരയുന്നു ഞാന്‍ ,
നിന്നെ മുത്തേ….

Related Articles