Current Date

Search
Close this search box.
Search
Close this search box.

ആ വിദേശി ആരെന്ന് കണ്ടുപിടിക്കണം

മെഹ്മൂദ് പ്രാച സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ്. പാലക്കാട് വെച്ച് നടന്ന എസ്. ഐ. ഒ ജില്ലാ സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹവുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. ഇന്ത്യയിലെ തടവറകകളില്‍ കഴിയുന്ന നിരപരാധികളുടെ കാര്യത്തില്‍ അതീവ തല്‍പരനായ അദ്ദേഹം അനാവശ്യമായ അറസ്റ്റിനെ നേരിടാനുള്ള നിയമപരമായ മാര്‍ഗങ്ങളെ സംബന്ധിച്ച് സമൂഹത്തെ ബോധവല്‍കരിക്കാന്‍ ഏറെ തല്‍പരനാണ്. അവരുടെ മോചനത്തിന് കേസ് നടത്തുന്നത് തന്റെ ബാധ്യതയായി വിശ്വസിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് അഹമദ് കാസിമിയുടെ വിചാരണ വേളയില്‍ അദ്ദേഹം ഉന്നയിച്ച ശ്രദ്ദേയവും ഇന്ത്യന്‍ ഭരണകൂടത്തെയും നീതിബോധവും നിയമ നടത്തിപ്പിനോട് പ്രതിബദ്ധതയുമുള്ള ഏതൊരാളെയും ഞെട്ടിപ്പിക്കേണ്ടതുമായ വാദത്തെ സംബന്ധിച്ച വാര്‍ത്തയാണ്. ഇസ്രായേല്‍ എംബസി ജീവനക്കാരുടെ കാറിന് ബോംബെറിഞ്ഞെന്ന കുറ്റത്തിന്റെ പേരിലാണ് കാസിമിയെ അറസ്റ്റ് ചെയ്തതും കേസെടുത്തതും. കാറിനുള്ളിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രാച കോടതിയില്‍ ശക്തമായി വാദിച്ചു. എല്ലാവര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലത്ത് ഒരു വിദേശി ബാഗുമായി നടക്കുന്നതിന്റെ ചിത്രം ഹാജരാക്കുകയും അയാള്‍ അവിടെ ചെന്ന് ചുറ്റിക്കറങ്ങിയതിനു ശേഷമാണ് കാന്ത ബോംബ് എന്നു പറയുന്ന വസ്തു കണ്ടെടുത്തതെന്ന് വ്യക്തമാക്കുകയും ചെയ്തു. അയാള്‍ ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന്റെ ആളാണെന്ന് വാദിക്കുകയും ഫോട്ടോവിലുള്ള വിദേശിയെ കുറിച്ച് പോലീസ് അന്വേഷിക്കാത്തതെന്ത് എന്ന് ചോദിക്കുകയും ചെയ്തു.
പ്രസ്തുത വിദേശിയെ കുറിച്ച് അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തി പുറത്ത് വിടുന്നത് ഇന്ത്യയില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് മനസ്സിലാക്കാനും വ്യക്തമാക്കാനും സഹായകമാകും. നീതി ബോധമുള്ള മുഴുവന്‍ രാജ്യനിവാസികളും കേന്ദ്ര ഭരണകൂടത്തോട് ഇത്തരമൊരാവശ്യം ഉന്നയിക്കുകയും അതിനായി നിര്‍ബന്ധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

Related Articles