Current Date

Search
Close this search box.
Search
Close this search box.

ആസാദിക്ക് കാശ്മീരികള്‍ നല്‍കുന്ന അര്‍ഥം

azadi-kashmir.jpg

തങ്ങള്‍ക്ക് വേണ്ടത് ‘ആസാദി’യാണെന്ന് കാശ്മീരികള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. വര്‍ഷങ്ങളായും പതിറ്റാണ്ടുകളായും കുഴിമാടങ്ങള്‍ക്ക് മേല്‍ കുഴിമാടങ്ങള്‍ തീര്‍ത്തും അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതാണത്. (തോക്കിന്‍മുനയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ജയിച്ചവരെയോ പ്രതിസന്ധിഘട്ടങ്ങളില്‍ വീടുകളില്‍ അഭയം നേടിയിരിക്കുന്ന നേതാക്കളെയോ അല്ല ‘ജനങ്ങള്‍’കൊണ്ടുദ്ദേശിച്ചത്.)

പ്രതിഷേധക്കാരെ വെടിയുണ്ടകള്‍ കൊണ്ടു കൊന്നൊടുക്കുകയും പെല്ലെറ്റുകള്‍ കൊണ്ടു അന്ധരാക്കുകയും ചെയ്യുന്ന സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ തന്നെ നാം മനസ്സിലാക്കേണ്ടത് യഥാര്‍ത്ഥ വിഷയം ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ അല്ലെന്നതാണ്. അത്യധികം ഭീതിതമാണ് അവയെങ്കില്‍കൂടി, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കാശ്മീരി ജനതയുടെ പോരാട്ടങ്ങളെ സൈനിക ബലമുപയോഗിച്ചു അടിച്ചമര്‍ത്തുന്നതിന്റെ ഒഴിവാക്കാനാവാത്ത പരിണിത ഫലങ്ങളാണവ. കാശ്മീരികള്‍ പോരാടുന്നത് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു അറുതി വരുത്താനല്ല. അവര്‍ പോരാടുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. അതിനു വേണ്ടി എത്ര വെടിയുണ്ടകള്‍ ഏല്‍ക്കാനും അവര്‍ തയ്യാറാണ്. കൊല്ലപ്പെടുകയോ അന്യാധീന തടങ്കലുകളില്‍ ജീവിതം ഹോമിക്കപ്പെടുമെന്നോ അറിഞ്ഞിട്ടും ഈ ഒരു ലക്ഷ്യത്തിനു വേണ്ടി മണ്ണിലിറങ്ങി പോരാടാന്‍ അവര്‍ തയ്യാറാവുന്നു. അവരുടെ പോരാട്ടം ഇടവേളകളില്ലാതെ തുടര്‍ന്നു വരുന്നതാണ്.

കശ്മീര്‍ ജനതയുടേത് കേവലം ഒരു ക്രമസമാധാന പ്രശ്‌നമായി കാണുന്ന സര്‍ക്കാര്‍ നിലപാട് യഥാര്‍ഥ വിഷയങ്ങളെ മറച്ചു വെക്കലാണ്. രണ്ടു ആണവ ശക്തികള്‍ക്കിടയില്‍ അകപ്പെട്ട ഒരു ജനത അനുഭവിക്കുന്ന അത്യധികം അപകടകരമായ പ്രതിസന്ധി അക്കാരണം കൊണ്ടു തന്നെ ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ഈ പ്രതിസന്ധിയെ നേരിടാന്‍, അഥവാ ഈ കൊല്ലാക്കൊലകള്‍ക്കു ഒരു അറുതി വരുത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെങ്കില്‍ നാം ആദ്യം ചെയ്യേണ്ടത് വിഷയത്തെ സത്യസന്ധമായി സമീപിക്കുക എന്നതാണ്. എത്ര തന്നെ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അത്തരം സംഭാഷണങ്ങള്‍ സ്വാതന്ത്ര്യത്തെ കുറിച്ചായിരിക്കണം. എന്താണ് കാശ്മീരികള്‍ക്കു സ്വാതന്ത്ര്യം? എന്തു കൊണ്ട് അതു ചര്‍ച്ച ചെയ്യപ്പെട്ടുകൂടാ? എന്നു മുതലാണ് നമ്മുടെ ഭൂപടങ്ങള്‍ അതിര്‍ലംഘിക്കപ്പെടാന്‍ പറ്റാത്തവയായി തീര്‍ന്നത്? ഒരു ജനതയുടെ ആത്മാഭിനത്തിനുള്ള അവകാശങ്ങളെ എന്തിനു നിരാകരിക്കണം? കശ്മീര്‍ ജനത അനുഭവിക്കുന്ന പീഡനങ്ങളെ മറന്നു കൊണ്ടു നമ്മുടെ മേലുള്ള ആക്രമങ്ങളെക്കുറിച്ചു ആവലാതിപ്പെടുവാന്‍ എന്തു ധാര്‍മിക യോഗ്യതയാണ് നമുക്കുള്ളത്? കാശ്മീരിനെക്കുറിച്ചു നമ്മള്‍ സൃഷ്ടിച്ചെടുത്ത ധാരണകള്‍ യാഥാര്‍ഥമോ അതോ ആരാലോ നിര്‍മിക്കപ്പെട്ടതോ? യഥാര്‍ഥത്തില്‍ അതൊന്നും ഇവിടെ പ്രശ്‌നമല്ലാ. പകരം കാശ്മീരികളുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ ഏറ്റവും സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ അഭിമുഖീകരിക്കുകയാണ് വേണ്ടത്.

അവസാനമില്ലാതെ തുടരുന്ന ഈ കെടുതിക്ക് ഒരു അറുതി വേണമെങ്കില്‍ ഉള്ളു തുറന്ന് ഭയരഹിതമായി സംസാരിക്കാനും കേള്‍ക്കാനും കഴിയണം. അവ നമുക്ക് എത്ര തന്നെ അനഭിലഷനീയമായ കാര്യങ്ങളാണെങ്കില്‍ കൂടി. പുതിയ ചിന്തകളും ആശയങ്ങളും കണ്ടെത്തണം. ഇതു എല്ലാ തര്‍ക്ക വിഭാഗങ്ങള്‍ക്കും ബാധകമാണ് താനും. അതില്‍ നിന്നും മനോഹരമായ കാര്യങ്ങള്‍ ഉണ്ടാകാതിരിക്കുകയില്ല.

അവലംബം: outlookindia.com
വിവ: അഫ്‌സല്‍ റഹ്മാന്‍ സി.എ

Related Articles