Current Date

Search
Close this search box.
Search
Close this search box.

ആശൂറ: ധിക്കാരികളുടെ പതനത്തെ കുറിച്ച ശുഭപ്രതീക്ഷ?

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമെല്ലാമുള്ള ചരിത്രപരമായ പിന്‍ബലമാണ് ആശൂറ പകര്‍ന്നു നല്‍കുന്നത്. സത്യത്തിന്റെ ജയവും മിഥ്യയുടെ പരാജയവുമാണ് ഇതിലെ ഇതിവൃത്തം. ഇമാം ബുഖാരി ഇബ്‌നു അബ്ബാസ് (റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു. ‘ നബിതിരുമേനി (സ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ആശൂറ ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കാരണമെന്തെന്നന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ഇസ്രയേല്‍ സന്തതികളെ അവരുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷിച്ച സുദിനമാണ് ഇത്. മൂസാനബി നന്ദിസൂചകമായിട്ട് ഈ ദിനം നോമ്പനുഷ്ഠിച്ചിരുന്നു. മഹത്വസൂചകമായി ഞങ്ങളും വ്രതമനുഷ്ഠിക്കുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. നിങ്ങളെക്കാള്‍ മൂസയോട് ഏറ്റവും കടപ്പെട്ടവന്‍ ഞാനാണ്’ . നബിതിരുമേനി നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു’.(ബുഖാരി,മുസ്‌ലിം) അല്ലാഹു ധിക്കാരിയായ ഫറോവയെയും കൂട്ടരെയും പരാജയപ്പെടുത്തി വിശ്വാസികള്‍ക്ക് വിജയം നല്‍കിയ ചരിത്ര ദിനത്തിന്റെ നന്ദി സൂചകമായിട്ട് നോമ്പനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം പ്രസ്തുത ഹദീസില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

ധിക്കാരികളുടെ പതനത്തെ കുറിച്ച വാര്‍ത്തകള്‍ കാലക്രമത്തില്‍ ജനമനസ്സുകളില്‍ നിന്നും മാഞ്ഞുപോകേണ്ട ഒന്നല്ല,  മറിച്ച് എല്ലാ കാലഘട്ടത്തിലേയും വിശ്വാസികള്‍ക്ക് ഏറെ ഗുണപാഠങ്ങള്‍  പകര്‍ന്നു നല്‍കുന്ന ശാശ്വത സന്ദേശമായിരിക്കണമെന്നാണ് ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നത്. അതിനാലാണ് ഫിര്‍ഔന്റെ നാശം, നൂഹ് ആദ് സമൂദ് ലൂത്വ് സമൂഹങ്ങള്‍, അസ്ഹാബുല്‍ ഐക്ക എന്നിവയുടെ പതനത്തെ കുറിച്ച് വിവരിക്കുന്ന സ്ഥലത്ത് വിശുദ്ധ ഖുര്‍ആന്‍ ‘തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വാസികളായില്ല ‘, ‘കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ ധാരാളം തെളിവുകളുണ്ട്.’ ആ നാട് ഇന്നും ജനസഞ്ചാരമുള്ള വഴിയിലാണ്. തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിതില്‍ മഹത്തായ അടയാളമുണ്ട് ‘(അല്‍ ഹിജര്‍ 7377) എന്ന് അടിക്കുറിപ്പെഴുതിയിട്ടുള്ളത്.

എല്ലാ കാലത്തെയും ധിക്കാരികള്‍ക്കുള്ള താക്കീതും മുന്നറിയിപ്പുമാണ് ചരിത്രത്തിലെ ധിക്കാരികളുടെ പരാജയ കഥകള്‍ ഖുര്‍ആനില്‍ ശാശ്വതമായി നിലനിര്‍ത്തിയതു പിന്നിലെ മറ്റൊരു യുക്തി. അല്ലാഹു ധിക്കാരികളെ വൈകാതെ പിടികൂടും, അവര്‍ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങള്‍ അവരുടെ മേല്‍ കടപുഴകി വീഴും എന്നതിനെ കുറിച്ച പാഠങ്ങളാണ് ഇതിലുള്ളത്.

ഇത്തരം സൂക്തങ്ങള്‍ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരും, മര്‍ദ്ദിതരുമായ ജനകോടികള്‍ക്ക് സാന്ത്വനം പകര്‍ന്നു നല്‍കുകയും ചെയ്യുന്നുണ്ട്. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്, വിശ്വാസികളെ സഹായിക്കുകയും ഭൂമിയില്‍ അവര്‍ക്ക് വിജയവും ആധിപത്യവും പ്രധാനം ചെയ്യും എന്നതിനെ കുറിച്ചുളള ശുഭവാര്‍ത്തകളുമിതിലുണ്ട്. വിശ്വാസികള്‍ക്ക് സ്ഥൈര്യം നല്‍കുകയും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അടിപതറാതെ നിലകൊള്ളാനുള്ള മനക്കരുത്തും ഇത് പ്രധാനം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രതിപാദനങ്ങള്‍ ഖുര്‍ആനില്‍ നമുക്ക് ദര്‍ശിക്കാം. ‘ സത്യവിശ്വാസികളെ സഹായിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്.’ (അര്‍റൂം 47), നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സത്യം തന്നെ; തീര്‍ച്ച(അദ്ദാരിയാത്ത് 5), നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: ‘അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും’ (അന്നൂര്‍ 55).

ധിക്കാരികളെ മാനസികമായി തകര്‍ത്തുകളയുന്ന രീതിയിലുള്ള പ്രതിപാദനങ്ങള്‍ ഖുര്‍ആനില്‍ നിരവധിയുണ്ട്. അവര്‍ ചെയ്തുകൂട്ടുന്ന നിഷ്ഠൂരതകളെ തുറന്നുകാട്ടി ജനസമക്ഷം സമര്‍പ്പിക്കുന്ന രീതിയാണ് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. ഫറോവയെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു: ‘ ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച ‘ (അല്‍ ഖസസ് 4). മര്‍ദ്ധിതരും ഏകാധിപതികളും തങ്ങളുടെ അതിക്രമങ്ങളില്‍ നിന്ന് പിന്മാറി യഥാര്‍ഥ സത്യത്തിന് വേണ്ടി നിലകൊള്ളാനാണ് ഇത്തരം കഥാകഥനങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ ശാശ്വതമായിട്ട് നിലനിര്‍ത്തിയിട്ടുള്ളത്.

ആശൂറ നോമ്പ് നല്‍കുന്ന പാഠം

അല്ലാഹുവിന്റെ വിജയത്തില്‍ ശുഭപ്രതീക്ഷയേകുന്ന ദിനമാണ് ആശൂറ. മൂസാ നബിയെ അല്ലാഹു രക്ഷപ്പെടുത്തിയതിന്റെ സുന്ദര സ്മരണകളാണല്ലോ നോമ്പിന്റെ പശ്ചാത്തലം. അല്ലാഹുവിന്റെ വാഗ്ദാനം സത്യമായി പുലരുന്ന ദിനം വരും എന്ന ഓര്‍മകളാണ് ഓരോ വര്‍ഷവും ഇത് ആചരിക്കുന്നതിലെ യുക്തി. മിഥ്യയുടെ തകര്‍ച്ചക്കായി അഹോരാത്രം പരിശ്രമിക്കാനുള്ള പ്രചോദനങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles