Current Date

Search
Close this search box.
Search
Close this search box.

ആവിഷ്‌കാര സ്വാതന്ത്യം: പാശ്ചാത്യരുടെ ഇരട്ടത്താപ്പ്

muslims.jpg

പ്രവാചകനെ നിന്ദിക്കുന്ന വീഡിയോക്കെതിരെ യാതൊരു നടപടിയും എടുക്കാനാവില്ലെന്നതാണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. കാരണം അഭിപ്രായ സ്വാതന്ത്ര്യം അമേരിക്കന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നാണ്. ഇതേ വാദം തന്നെയായിരുന്നു മുമ്പ് ഡെന്‍മാര്‍ക്കും ഉന്നയിച്ചിരുന്നത്. ഹോളണ്ട്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഇതേ ആശയക്കാര്‍ തന്നെ. ഈ പട്ടികയില്‍ തുടര്‍ന്ന് വരുന്നവരെകുറിച്ച് പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാവുന്നതാണ്.

ഇതിന്റെ ദുരന്തം ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. അവര്‍ അന്യായമായി ഇറാഖില്‍ അധിനിവേശം നടത്തി. അഫ്ഗാനെ തകര്‍ത്തു. ഫലസ്തീനിനെതിരെ ഗൂഢാലോചന നടത്തി അതിനെ സയണിസ്റ്റുകള്‍ക്ക് കൈമാറി. കള്ളവും വ്യാജങ്ങള്‍ കെട്ടിചമക്കലുമാണ് അവരുടെ മതം. ഇവയാവട്ടെ രാഷ്ട്രീയ തോന്നിവാസം എന്നതിലുപരി ധാര്‍മിക തോന്നിവാസമാണ്്. നമ്മുടെ ദീനില്‍ വിശ്വസിക്കുന്നവരെന്ന് പറയുന്ന ആളുകള്‍ അമേരിക്കയുടെ തോന്നിവാസങ്ങളെയും കള്ളങ്ങളെയും പിന്തുണക്കുകയും അവര്‍ക്ക് വേണ്ടി പ്രതിരോധം ഒരുക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളവരെക്കുറിച്ച് എന്ത് പറയും?

ഹോളോകോസ്റ്റിനെ സംബന്ധിച്ച് ക്ലിന്റന്റെയും ഹോളാന്റിന്റെയും നിലപാടിനെയുംകുറിച്ച് നമുക്ക് ചോദിക്കാം. നാസികള്‍ ജൂതന്‍മാര്‍ക്ക് നേരെ നടത്തിയ ഈ ആക്രമത്തില്‍ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗരോഡിയുടേത്. ‘താങ്കളതില്‍ സംശയിച്ചാല്‍ യൂറോപ്പില്‍ താങ്കള്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിടും. നിനക്കെതിരെ പരാതിയുണ്ടാവുകയും അതിന്റെ പേരില്‍ ലക്ഷക്കണക്കിന് ഡോളര്‍ പിഴയൊടുക്കേണ്ടിയും വരും.’

ഇവിടെ പ്രശ്‌നം അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുളള കയ്യേറ്റത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല. മറിച്ച് വൈജ്ഞാനിക സ്വാതന്ത്ര്യത്തിന് നേരെയുമുള്ള കടന്നുകയറ്റമാണിത്. ചരിത്രവിഭാഗത്തിലെ ചില പ്രഫസര്‍മാര്‍ ഈ കൂട്ടക്കൊലയില്‍ സംശയം പ്രകടിപ്പിച്ചത് കാരണം അവരുടെ ജോലി നഷ്ടപ്പെടുകയും പിഴയടക്കേണ്ടി വരികയും ചെയ്തു. പേര് ‘ഇസ്‌ലാം’ എന്നായതിനാല്‍ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വിലക്കുന്നു. മകന് ‘ജിഹാദ്’ എന്ന പേര് നല്‍കിയാല്‍ പല ഭരണകൂടങ്ങളും അത് രജിസ്റ്ററുകളില്‍ ചേര്‍ക്കാന്‍ മടിക്കുന്നു. അപ്പോഴെല്ലാം എവിടെയായിരുന്നു അഭിപ്രായ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന പാശ്ചാത്യര്‍.

ഫ്രാന്‍സിലെ അവസ്ഥ ഇതിലും അപകടകരമാണ്. മുസ്‌ലിം സ്ത്രീക്ക് അവളിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശത്തിനാണവര്‍ ചങ്ങലയിട്ടത്. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ പോലും അവകാശമില്ല. ശിരോവസ്ത്ര ധാരിണികള്‍ക്ക് ജോലിസ്ഥലങ്ങളിലും പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു. ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ അറിയുന്നുണ്ട്. ഉസാമ ബിന്‍ ലാദനെ പ്രശംസിച്ച് എഴുതുന്ന ലേഖനങ്ങള്‍ക്ക് എന്തുകൊണ്ട് അവര്‍ വിലക്കേര്‍പ്പെടുത്തുന്നു? ഇതൊന്നും അഭിപ്രായ സ്വാതന്ത്ര്യത്തില്‍പെട്ടതല്ലേ? അതോ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നതില്‍ മാത്രമാണോ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളത്? ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണോ ഭരണകൂടത്തിന്റെ നിലപാട്?

ഹോളോകോസ്റ്റില്‍ സംശയം പ്രകടിപ്പിക്കുന്നവരെ കുറ്റവാളിയാക്കാന്‍ നിയമം നടപ്പാക്കിയ അമേരിക്ക എന്തു കൊണ്ട് ഐക്യരാഷ്ട്ര സഭയില്‍ മതങ്ങളെ നിന്ദിക്കുന്നത് കുറ്റകരമാക്കണമെന്ന നിയമത്തിനെതിരായ നിലപാട് സ്വീകരിച്ചു എന്ന് അവര്‍ വിശദീകരിക്കേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്യത്തെ സംബന്ധിച്ച അവരുടെ നിലപാട് സത്യസന്ധമാണെങ്കില്‍ അതാണ് അവര്‍ ചെയ്യേണ്ടത്.

പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന സിനിമക്കെതിരെ ലോകമെങ്ങും നടക്കുന്ന പ്രതിഷേധത്തെ നാം ശക്തമായി തന്നെ പിന്തുണക്കുന്നു എന്നു മാത്രമല്ല അതിനായി പ്രേരിപ്പിക്കുകയും ആഹ്വാനം നടത്തുകയും ചെയ്യുന്നു. അറബ് ഭരണകൂടങ്ങള്‍ തങ്ങളുടെ നാട്ടിലെ അമേരിക്കന്‍ അംബാസഡര്‍മാരെ തിരിച്ചയക്കണമെന്ന് നാം ആഗ്രഹിക്കുകയാണ്. അമേരിക്കയുടെ കൈകള്‍ ചുംബിക്കുന്നതിന് പകരം മുഖത്തടിക്കുകയാണ് അറബ് നേതാക്കള്‍ ചെയ്യേണ്ടത്. അമേരിക്കന്‍ സേച്ഛാധിപത്യത്തിന് മുന്നില്‍ നമ്മുടെ ദൗര്‍ബല്യത്താല്‍ ‘സ്റ്റോക്‌ഹോം സിന്‍ഡ്രോം’* ത്തിന്റെ അവസ്ഥയില്‍ എത്തിയിരിക്കുകയാണ് നാം.
പ്രവാചക നിന്ദക്കെതിരെയുള്ള പ്രകടനങ്ങളെ പിന്തുണക്കുന്നു എന്ന് നേരത്തെ പറഞ്ഞു. എന്നാല്‍ അതില്‍ ചില നിര്‍ദേശങ്ങള്‍ എനിക്ക് മുന്നോട്ട് വെക്കാനുണ്ട്. ബന്‍ഗാസയിലെ അമേരിക്കന്‍ ഗവര്‍ണ്ണറെ വധിച്ചവരുടെ നിലപാടല്ല എനിക്കുള്ളത്. എന്നാല്‍ അറബ് നാടുകളില്‍ നിന്ന് അമേരിക്കന്‍ അംബാസഡര്‍മാരെ ആട്ടിയോടിച്ചതിനെ ഞാന്‍ അനുകൂലിക്കുകയാണ്.

സിറിയയില്‍ തന്നെ നടക്കുന്ന പ്രവാചക നിന്ദയും ഖുര്‍ആനിനെയും അല്ലാഹുവിനെയും നിസ്സാരമാക്കുകയും ചെയ്യുന്നത് അവിടെ ദിനേന നടക്കുന്ന കാര്യമാണ്. അവിടെ നിന്ന്് കേള്‍ക്കുന്ന ചില മുദ്രാവാക്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുകയാണ്. ‘ബശ്ശാറല്ലാതെ ഇലാഹില്ല നിന്റെ നാഥന്‍ തകരും ബശ്ശാര്‍ തകരില്ല’ എന്നൊക്കെയാണ് അവര്‍ വിളിച്ചു പറയുന്നത്. ബശ്ശാറിന് സുജൂദ് ചെയ്യുകയും ഇലാഹാക്കുകയും ദൈവികമായ കാര്യങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ശബീഹഃക്കാരുടെ ചിത്രം ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കുകയാണ്. അവര്‍ പള്ളികളും മിനാരങ്ങളും തകര്‍ക്കുന്നു.

അമേരിക്കയില്‍ പ്രവാചകനിന്ദ നടത്തിയതിനെതിരെ കടലിനപ്പുറത്ത് പ്രതിഷേധിക്കുന്നവര്‍ ശാമിന്റെ അതിരുകള്‍ക്കുള്ളില്‍ നടക്കുന്ന പ്രവാചക നിന്ദക്കെതിരെ പ്രതികരിക്കാത്തതെന്ത്? പള്ളികളും മിനാരങ്ങളും തകര്‍ക്കപ്പെടുന്നത് മുസ്‌ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്നില്ലേ? ദമാസ്‌കസില്‍ മുസ്‌ലിംകളുടെ ജീവനും അഭിമാനവും പിച്ചിചീന്തുന്ന വാര്‍ത്തകള്‍ അവരെ പിടിച്ചു കുലുക്കുന്നില്ലേ?

ശാമിലെ ധിക്കാരികള്‍ക്കെതിരെ അറബ്-ഇസ്‌ലാമിക സമൂഹങ്ങള്‍ പ്രകടനം നടത്തിയിരുന്നുവെങ്കില്‍ അവര്‍ അധികകാലം തകരാതെ നിലനില്‍ക്കില്ലായിരുന്നുവെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രവാചകന്‍(സ)യുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്. ‘അല്ലാഹുവിന്റെ അടുക്കല്‍ ഒരു വിശ്വാസിയുടെ രക്തം ചിന്തുന്നതിനേക്കാള്‍ നിസ്സാരമാണ് കല്ലുകള്‍ കല്ലുകളായി കഅ്ബയെ തകര്‍ക്കുന്നത് പോലും.’ അസദിന്റെ കരങ്ങളാല്‍ എത്രയെത്ര ആളുകളാണ് അവിടെ കൊല്ലപ്പെടുന്നത്? പവിത്രമായ എന്തൊക്കെയാണവര്‍ പിച്ചിചീന്തുന്നത്?

പാശ്ചാത്യരുടെ വ്യാജ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളിലൂടെ സമ്മര്‍ദ്ധം ചെലുത്താന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുകയാണ്. അതേസമയം തന്നെ അറുകൊല ചെയ്യപ്പെടുന്ന സിറിയന്‍ ജനതകൊപ്പം അധര്‍മ്മികളായ ഭരണാധികാരികളില്‍ നിന്നവരെ മോചിപ്പിക്കാന്‍ പിന്തുണക്കുന്നതിന് അവരുടെ ഭരണകൂടങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ തങ്ങളുടെ നാടുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തേണ്ടതുണ്ട്.

അമേരിക്കക്കെതിരെ പ്രകടിപ്പിക്കുന്ന രോഷം ബശ്ശാറുല്‍ അസദിനെതിരെയും കാണിക്കേണ്ടതുണ്ട്. അവര്‍ രണ്ടു കൂട്ടരും നമ്മുടെ ദീനിനെയും പ്രവാചകനെയും പള്ളികളെയും മുസ്‌ലിം സമുദായത്തെയുമാണ് ആക്രമിക്കുന്നത്. നിങ്ങളുടെ ഓര്‍മ്മയില്‍ വരുന്നതിനായി മാത്രം ഒരു കാര്യം സൂചിപ്പിക്കുകയാണ്. അമേരിക്ക ഇറാഖിലെ അവരുടെ ആദ്യ അക്രമത്തില്‍ തന്നെ മസ്ജിദ് അബൂഹനീഫ തകര്‍ത്തപ്പോള്‍ ബശ്ശാറുല്‍ അസദ് ഹിംസില്‍ പ്രമുഖ സ്വഹാബിയായ ഖാലിദ് ബിന്‍ വലീദിന്റെ പേരിലുളള പള്ളിയാണ് തകര്‍ത്തത്.

*മനശാസ്ത്രത്തില്‍ ഉപയോഗിച്ചുവരുന്ന ഒരു പദമാണ് സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം(Stockholm Syndrome). ബന്ദികള്‍ക്ക്, അപഹര്‍ത്താക്കളോട് (തട്ടിക്കൊണ്ടുവന്നു ബന്ദിയാക്കിവച്ചിരിക്കുന്നവരോട്) തോന്നുന്ന സഹാനുഭൂതിയെ വിശേഷിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles