Current Date

Search
Close this search box.
Search
Close this search box.

ആള്‍ദൈവങ്ങള്‍ അതിരു കടക്കുമ്പോള്‍

ഹരിയാനയില്‍ കോടതി കൊലക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള രാംപാലിനെ സതോക് ആശ്രമത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കാന്‍ വന്ന പോലീസ് സംഘത്തിനു നേരെ അനുയായികള്‍ വെടിവെപ്പ് നടത്തിയ സംഭവം രാഷ്ട്രത്തിന്റെ പ്രബുദ്ധതക്ക് മങ്ങലേല്‍പിക്കന്നതാണ്. ആള്‍ദൈവങ്ങളുടെ അമിതാധികാരങ്ങളെയും നിയമവ്യവസ്ഥക്കെതിരെ അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളേയും കുറിച്ച ആശങ്കകള്‍ക്ക് ഇത് വഴിവെക്കുകയും ചെയ്യുന്നു. രാംപാലിന്റെ അനുയായികളും ആര്യസമാജക്കാരും തമ്മിലുണ്ടായ അടിപിടിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം സ്വാമിക്കെതിരെ ചുമത്തിയിരുന്നു. പലവട്ടം ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടും മുങ്ങി നടന്നതോടെയാണ് പോലീസ് ഇടപെടലുണ്ടായത്.

ആത്മീയതയുടെ മറവില്‍ ആള്‍ദൈവങ്ങള്‍ നടത്തുന്ന ചൂഷണങ്ങളുടെയും തട്ടിപ്പുകളുടെയും കഥകള്‍ മുമ്പും പല തവണ നാം കേട്ടതാണ്. ഇത്തരം ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നയമാണ് പലപ്പോഴും ആള്‍ദൈവങ്ങളുടെ അനുയായികളും അവരെ അനുകൂലിക്കുന്ന ഭരണ – രാഷ്ട്രീയ മേലാന്മാരും ചെയ്യാറുള്ളത്. കേരളത്തിലെ കുപ്രസിദ്ധ ആള്‍ദൈവം മാതാ അമൃതാനന്ദമയിയുമായും അവരുടെ ആശ്രമവുമായും ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഇതിന്റെ ഏറ്റവും കടുത്ത കേരളീയ ഉദാഹരണങ്ങളിലൊന്നാണ്. അമൃതാന്ദമയിയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വെല്ലിന്റെ വെളിപ്പെടുത്തലുകളും, സത്‌നാംസിംഗിങ്ങിന്റെ ദുരൂഹമരണവുമെല്ലാം നമ്മോട് വിളിച്ചു പറയുന്നത് ഇക്കാര്യങ്ങള്‍ തന്നെയാണ്. പുറം ലോകമറിയാത്ത മറ്റനേകം ദുരൂഹ മരണങ്ങളും ഈ ആശ്രമത്തില്‍ നടന്നുവെന്നത് മറ്റൊരു കാര്യം.

ഇന്ത്യയിലൂടനീളമുള്ള ആശ്രമങ്ങളിലും ദര്‍ഗകളിലും ധ്യാനകേന്ദ്രങ്ങളിലുമെല്ലാം ഇത്തരം കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നുവെന്ന വസ്തുത ആരേയും ഞെട്ടിപ്പിക്കുന്നതാണ്. രോഗികളെ ക്രൂരമായി മര്‍ദ്ദിച്ച് ചങ്ങലക്കിടുന്ന ഏര്‍വാടിദര്‍ഗയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീ പിടിച്ചപ്പോള്‍ നിരവധി രോഗികള്‍ വെന്തു മരിച്ചിരുന്നു. പുട്ടപര്‍ത്തിലെ സായിബാബയുടെ ആശ്രമത്തെക്കുറിച്ച് ബാബയുടെ സന്തത സഹചാരിയായിരുന്ന താള്‍ ബ്രൂക്ക് എഴുതിയ ലോര്‍ഡ് ഓഫ് എയര്‍ (വായുഭഗവാന്‍) എന്ന പുസ്തകം നിറയെ ബാബയുടെ അതിരു കടന്ന രതി വൈകൃതങ്ങളെക്കുറിച്ച വെളിപ്പെടുത്തലുകളാണ്. രാജ്യത്തിന്റെ പലഭാഗത്തും ഉയര്‍ന്നുവന്ന മറ്റ് ആശ്രമങ്ങള്‍ക്കും പറയാനുള്ള കഥകള്‍ ഇവ്വിധത്തിലുള്ളവയായിരിക്കും.

രാഷ്ട്രീയ, ഭരണ, മാധ്യമ, നീതിന്യായ…. വിഭാഗങ്ങളുടെയെല്ലാം വര്‍ധിച്ച പിന്തുണയാണ് സമൂഹത്തിന്റെ കടിഞ്ഞാന്‍ പിടിച്ചെടുക്കാനും നിയമങ്ങളെ വെല്ലുവിളിക്കാനുമുള്ള ആള്‍ദൈവങ്ങളുടെ അതിരുകടന്ന ശ്രമങ്ങള്‍ക്കു പിന്നിലെ പ്രേരക ശക്തി. മുന്‍രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ തലയില്‍ ചവിട്ടി അനുഗ്രഹിക്കാന്‍ മാത്രം വളര്‍ന്ന സായിബാബ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അമൃതാനന്ദമയിക്കെരെയുള്ള വെളിപ്പടുത്തലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ ഇത്തരം വിഭാഗങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ നാം കണ്ടതാണ്. അമൃതാനന്ദയിയുടെ അനുയായികള്‍ പുസ്തകം പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സിനെതിരെ നടത്തിയ അതിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഭരണ വര്‍ഗമായ സംഘ്പരിവാറിന്റെ ഭാരവാഹികളാണ് പലയിടത്തും ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. അമൃതാനന്ദമയിയെ തള്ളിപ്പറയാന്‍ കേരള മുഖ്യമന്ത്രിയോ, ഭരണ വര്‍ഗമോ തയ്യാറായില്ല. പോലീസ് അധികൃതര്‍ നിസ്സംഗത പാലിക്കുകയും, സാംസ്‌കാരിക വേഷണമണിഞ്ഞവര്‍ മൗനം ദീക്ഷിക്കുകയും ചെയ്തു. ഇത്തരം അക്രമങ്ങളെ എതിര്‍ത്തവരെയും വിമര്‍ശിച്ചവരേയും ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്.

രാജ്യത്തെ ഭരണഘടനയെയും, നിയമങ്ങളെയും വെല്ലുവിളിക്കുന്ന ആള്‍ദൈവങ്ങളുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. സാംസ്‌കാരിക സമൂഹത്തിന്റെ വിമര്‍ശനാത്മക ശേഷി കുറയുന്ന പ്രവണതയും ഇല്ലാതാകണം. പോലീസിനെ നേരിടാന്‍ സ്വന്തമായി സൈന്യത്തെപ്പോലും തയ്യാറാക്കിയ രാംപാലിനെപ്പോലുള്ളവരുടെ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനിയെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമൂഹത്തിലെ ഏല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ ഇതിന് അനിവാര്യമാണ്.

Related Articles