Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ് സൃഷ്ടിച്ചെടുക്കുന്ന ദേശീയവ്യക്തിത്വങ്ങള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില വ്യക്തിത്വങ്ങളെ ഉയര്‍ത്തിക്കാട്ടാനും മറ്റു ചിലരെ താറടിച്ചു കാണിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികവും രാഷ്ട്രീയപരവുമായ പ്രക്രിയകള്‍ എണ്ണത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. 1998-ല്‍ അധികാരത്തിലേറിയ ബി.ജെ.പി നയിച്ച അവസാന എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ് സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റിന്റെ ചുവരില്‍ തൂങ്ങിയത്. ഒരുതരത്തില്‍ ചില വ്യക്തിത്വങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതും മറ്റു ചിലരെ താഴ്ത്തിക്കെട്ടുന്നതുമായ ഈ കളി വിവിധ രാഷ്ട്രീയധാരകളുടെ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം തന്നെയാണ്. ഈ കളിയിലെ ഭൂതകാല ആചാര്യന്‍മാര്‍ ആര്‍.എസ്.എസ്സാണെന്ന് കാണാം. സംഘടന ചില പേരുകള്‍ സദാ മുന്നോട്ട് വെച്ചു കൊണ്ടിരിക്കുന്നു. ചില പേരുകളെ അവഗണിക്കുന്നു മറ്റു ചിലതിനെ താറടിക്കുന്നു. മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ കാലം മുതല്‍ക്കാണ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സെയെ ആര്‍.എസ്.എസ്സിലെ വലിയ വിഭാഗം ആളുകള്‍ ഉയര്‍ത്തിപിടിക്കാന്‍ തുടങ്ങിയത്. ഒരു ബി.ജെ.പി എം.പി ഗോഡ്‌സെയെ ദേശസ്‌നേഹി എന്ന് വിശേഷിപ്പിച്ചു. ഗോഡ്‌സെ തെറ്റായ ലക്ഷ്യമാണ് വെടിവെക്കാന്‍ തെരഞ്ഞെടുത്തതെന്നായിരുന്നു മറ്റൊരു ബി.ജെ.പി എം.പി യുടെ പ്രതികരണം. ഗാന്ധിക്ക് പകരം നെഹ്‌റുവിനെയായിരുന്നു ഗോഡ്‌സെ തെരഞ്ഞെടുക്കേണ്ടിയിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. വിവിധ സ്ഥലങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമകള്‍ ഉയര്‍ത്തുന്നതിന് വേണ്ടി ഭൂമി അനുവദിക്കണമെന്ന ആവശ്യം നാലുപാടു നിന്നും ഉയര്‍ന്നിട്ടുണ്ട്.

വീണ്ടുമിതാ സര്‍ദാര്‍ പട്ടേല്‍ നെഹ്‌റുവിന് വിരുദ്ധമായി ഇരുത്തപ്പെട്ടിരിക്കുന്നു. നെഹ്‌റുവിന് പകരം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാവേണ്ടിയിരുന്നത് പട്ടേലായിരുന്നു എന്ന് ഒരു പ്രസംഗത്തില്‍ മോദി പറഞ്ഞു. നെഹ്‌റുവിനെ കരിവാരിത്തേക്കാനുള്ള പ്രചാരവേലകള്‍ ചിലരുടെ സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ടല്ലോ. നെഹ്‌റുവിനെ വീണ്ടും ഇകഴ്ത്തി കാണിക്കാന്‍ ചില കള്ളങ്ങള്‍ കൂടി മോദി പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ ശവസംസ്‌കാര ചടങ്ങില്‍ നെഹ്‌റു പങ്കെടുത്തിരുന്നില്ലെന്ന പെരുനുണയും മോദി പറഞ്ഞു കളഞ്ഞു. വൃത്തിയുടെ മൂല്യത്തെ സംബന്ധിച്ച പ്രചാരണത്തിന് വേണ്ടിമാത്രമാണ് മഹാത്മാ ഗാന്ധിയെ നിലവിലെ ഭരണകൂടം ഉയര്‍ത്തികാണിച്ചത്. മഹാത്മയുടെ മഹത്വം എല്ലാവര്‍ക്കും അറിയുന്നതാണ്. അദ്ദേഹത്തിന്റെ ദേശീയത സങ്കല്‍പ്പത്തില്‍ വിശ്വസിക്കാത്ത ആളാണെങ്കില്‍ പോലും സ്വദേശത്തായാലും വിദേശത്തായാലും അദ്ദേഹത്തോടുള്ള ആദരവ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഈ പ്രശ്‌നത്തെ തരണം ചെയ്യുന്നതിന് വേണ്ടിയാണ് ‘സ്വച്ഛദാ അഭിയാന്’ വേണ്ടി മാത്രം ഗാന്ധിയെ ഉയര്‍ത്തികാട്ടിയത്. അതേസമയം ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടിയുള്ള ഗാന്ധിയുടെ പോരാട്ടത്തിന്റെ അന്തസത്ത അവഗണിക്കപ്പെട്ടു. ദേശീയോദ്ഗ്രഥനത്തിനായുള്ള ഗാന്ധിയുടെ അധ്യാപനങ്ങളെ തള്ളിക്കളഞ്ഞു.

അംബേദ്കറെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഇന്ന് ശ്രമങ്ങള്‍ നടക്കുന്നത്. അംബേദ്കറുടെയും, ഹെഡ്ഗവാറിന്റെയും (ആര്‍.എസ്.എസ്സിന്റെ സ്ഥാപകനും, പ്രഥമ പരമോന്നത നേതാവും) മൂല്യങ്ങള്‍ പരസ്പരം സാമ്യമുള്ളതായിരുന്നു, ഉദാഹരണമായി ഇരുവരും തൊട്ടുകൂടായ്മക്കെതിരെ നിലക്കൊണ്ടു എന്നൊക്കെയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പ്രസ്താവനകള്‍. അംബേദ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ആര്‍.എസ്.എസ് ജിഹ്വകളായ ഓര്‍ഗനൈസറും (ഇംഗ്ലീഷ്) പാഞ്ചജന്യയും (ഹിന്ദി) പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ പ്രത്യശാസ്ത്ര അധ്യാപനങ്ങളും, അംബേദ്കറുടെ മൂല്യങ്ങളും തമ്മില്‍ സമാനതകള്‍ ഉണ്ടായിരുന്നു എന്ന മിഥ്യബോധം സൃഷ്ടിക്കാന്‍ വേണ്ടി അംബേദ്കറുടെ അധ്യാപനങ്ങളെ വളച്ചൊടിച്ചാണ് അവര്‍ അവതരിപ്പിച്ചത്. സാമൂഹിക നീതിക്കും, ജനാധിപത്യ മൂല്യങ്ങള്‍ക്കും വിവിധങ്ങളായ മാര്‍ഗങ്ങളിലൂടെ സംഭാവനകള്‍ നല്‍കിയ ആളാണ് അംബേദ്കര്‍. അദ്ദേഹം തുടക്കം കുറിച്ച പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. അംബേദ്കറുടെ ജാതിഉന്മൂലനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആര്‍.എസ്.എസ്സിന് മാറി നില്‍ക്കേണ്ടി വന്നിരുന്നെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജാതിയുടെ നിലനില്‍പ്പിനെ വെല്ലുവിളിക്കാതെ തന്നെ ജാതികള്‍ക്കിടയില്‍ സഹവര്‍ത്തിത്വം ഉണ്ടാക്കിയെടുക്കാന്‍ പണിയെടുത്തിരുന്ന ‘സാമാജിക് സംരാസ്താ മഞ്ച്’ (സോഷ്യല്‍ ഹാര്‍മണി ഫോറം) എന്ന സംഘടനയായിരുന്നു അംബേദ്കറുടെ മുഖ്യപ്രേരകശക്തി.

ആര്‍.എസ്.എസ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ രണ്ട് പ്രവണതകള്‍ കാണാന്‍ സാധിക്കും. ഒരു സംഘടനയെന്ന നിലയില്‍ ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമരത്തില്‍ ഒരിക്കല്‍ പോലും പങ്കെടുത്തിട്ടില്ല, സ്വാതന്ത്ര്യ സമരസേനാനി എന്ന നിലക്ക് ഒരാളെ പോലും ഉയര്‍ത്തികാണിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ഇക്കാരണം കൊണ്ട് സവര്‍ക്കറെ ഒരു സ്വാതന്ത്ര്യ സമരസേനാനിയായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കെട്ടുക്കഥകള്‍ നിര്‍മിക്കേണ്ടതുണ്ട്. സവര്‍ക്കറുടെ കാര്യം വളരെ വിചിത്രമാണ്. ആദ്യാവസരത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ അന്തമാനില്‍ ജയിലിലടക്കപ്പെട്ടതിന് ശേഷം അദ്ദേഹം സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു, ഒരു ബ്രട്ടീഷ് വിരുദ്ധ വിപ്ലവകാരി എന്ന നിലയില്‍ നിന്നും ബ്രിട്ടീഷുകാരോട് മാപ്പുപറയുന്ന ഒരുവനിലേക്ക് സവര്‍ക്കര്‍ അധഃപതിച്ചു, പിന്നീട് ഏതെങ്കിലും തരത്തിലുള്ള ബ്രട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങളില്‍ സവര്‍ക്കര്‍ പങ്കെടുത്തിട്ടില്ല. സവര്‍ക്കര്‍ ആര്‍.എസ്.എസ്സിന്റെ ഒരു ഭാഗമല്ലെങ്കില്‍ കൂടി, പ്രത്യയശാസ്ത്രപരമായി സവര്‍ക്കറും, ആര്‍.എസ്.എസ്സും ഹിന്ദുത്വ എന്ന ആശയം മുറുകെ പിടിച്ചു. ഹിന്ദു രാഷ്ട്രമാണ് അവരുടെ ലക്ഷ്യം.

ആര്‍.എസ്.എസ് അണികള്‍ ഗോഡ്‌സയെ ആദരിക്കുന്നത് പോലെ തന്നെ അദ്ദേഹം എല്ലായ്‌പ്പോഴും അവരുടെ ഒരു സമുന്നത വ്യക്തിത്വം തന്നെയാണ്. ആര്‍.എസ്.എസ് ശാഖകളില്‍ നിന്നാണ് ഗോഡ്‌സെ പ്രാഥമികമായി പരിശീലനം നേടിയത്. പിന്നീട് അദ്ദേഹം ഹിന്ദു മഹാസഭയുടെ പൂനെ ബ്രാഞ്ചിന്റെ സെക്രട്ടറിയായി മാറി. ആര്‍.എസ്.എസ് ശാഖാ പശ്ചാത്തലമുള്ള നിരവധി ബി.ജെ.പി നേതാക്കളും ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് കൊണ്ട് മുന്നോട്ട് വന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയായ ഇന്ത്യന്‍ ദേശീയതയെ അപേക്ഷിച്ച് ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രത്തോടുള്ള സവര്‍ക്കറുടെയും ഗോഡ്‌സയുടെയും കൂറ് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാണ് അവരിരുവരും ഉയര്‍ത്തികാണിക്കപ്പെടുന്നത്. തങ്ങളുടെ ദേശീയത ഇന്ത്യന്‍ ദേശീയതയല്ലെന്നും മറിച്ച് ഹിന്ദു ദേശീയതയാണെന്നുമുള്ള വസ്തുതയെ കുറിച്ച് ബോധമില്ലാതെയാണ് അവര്‍ തങ്ങളാണ് വലിയ ദേശീയവാദികളെന്ന് സ്വയം കാണിക്കുന്നത്. ഇതവരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. സവര്‍ക്കറുടെ ആദ്യകാല ബ്രട്ടീഷ് വിരുദ്ധ പങ്കാണ് ആര്‍.എസ്.എസ്സിന് ആവശ്യം. പില്‍കാലത്ത് സ്വാതന്ത്ര്യ സമരങ്ങളില്‍ നിന്ന് സവര്‍ക്കര്‍ വിട്ടുനിന്നത് പോലെ തന്നെയാണ് ആര്‍.എസ്.എസ്സും സ്വാതന്ത്ര്യ സമരത്തില്‍ നിന്നും അകന്നു നിന്നത്.

മറ്റൊരുതലത്തിലും ആര്‍.എസ്.എസ്സിന് പട്ടേലിനെ നെഹ്‌റുവിന് വിരുദ്ധമായി പ്രതിഷ്ഠിക്കേണ്ടതുണ്ട്. ഇത് നെഹ്‌റുവിനെ താറടിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടു തന്നെയാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയങ്ങളിലും പട്ടേലും ഗാന്ധിയും ഒരുമിച്ച് നിന്നു. ഇരുവരും ഗാന്ധിയുടെ പ്രധാന അനുയായികളുമായിരുന്നു. ഗാന്ധിയായിരുന്നു അവരുടെ മുഖ്യഉപദേശകന്‍. ദേശീയ പ്രസ്ഥാനത്തില്‍ അവരിരുവരും പരസ്പരം സഹകരിച്ചു. പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ മന്ത്രിസഭയിലേക്കും ആ സഹകരണം വളര്‍ന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് മതേതരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ നെഹ്‌റു കൈകൊണ്ടിരുന്ന നിലപാടുകളും, സത്യസന്ധമായ പാതയില്‍ ഈ തത്വങ്ങളുമായി അദ്ദേഹം പുലര്‍ത്തിയ അഭേദ്യമായ ബന്ധവുമെല്ലാം ആര്‍.എസ്.എസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ പട്ടേലിന് വിരുദ്ധമായി പ്രതിഷ്ഠിക്കാന്‍ ആര്‍.എസ്.എസ് മുതിരുന്നത്. പട്ടേലാകട്ടെ തികഞ്ഞ മതേതരനായിരുന്നു താനും.

മറ്റൊരു തലത്തില്‍ താങ്ങു നല്‍കപ്പെട്ടതും അല്ലെങ്കില്‍ താറടിക്കപ്പെട്ടതുമായ ചില വ്യക്തികളുണ്ട്. ആര്‍.എസ്.എസ്സിന്റെ രണ്ടാം സര്‍സംഘ്ചാലകായ ഗോള്‍വാള്‍ക്കറിന് ആര്‍.എസ്.എസ്സ് പ്രവര്‍ത്തകരില്‍ വലിയ സ്വാധീനമുണ്ട്. അദ്ദേഹം രചിച്ച ‘നാം, നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിന്റെ ചിന്താപ്രക്രിയയെ രൂപപ്പെടുത്തിയത്. ഹിറ്റ്‌ലറുടെ രീതികളെ അനുകൂലിക്കുന്നതിലേക്ക് വരെ അദ്ദേഹമെത്തി. അത്തരമൊരു ദേശീയതയാണ് ഗോള്‍വാള്‍ക്കര്‍ വ്യാഖ്യാനിച്ചെടുത്തത്. ഏറെകാലം ആര്‍.എസ്.എസ്സിന്റെ കടകളില്‍ അദ്ദേഹത്തിന്റെ പുസ്തകം ലഭ്യമായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ദരണികളില്‍ ഒന്ന് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ വളരെ വ്യക്തമായി സംഗ്രഹിക്കുന്നുണ്ട്, ഗോള്‍വാള്‍ക്കര്‍ എഴുതുന്നു ‘ജര്‍മന്‍ ദേശീയാഭിമാനം ഇന്നത്തെ ഒരു പ്രധാന തലക്കെട്ടായി മാറിയിട്ടുണ്ട്. രാഷ്ട്രത്തിന്റെയും സംസ്‌കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍, സെമിറ്റിക് വംശങ്ങളെ -ജൂതന്മാരെ- വംശീയോന്മൂലനം ചെയ്തു കൊണ്ട് ജര്‍മനി ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ദേശാഭിമാനം ഇവിടെയിതാ അതിന്റെ ഏറ്റവും ഉന്നതമായ രൂപത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്ത വേരുകളുള്ള വംശങ്ങളെയും സംസ്‌കാരങ്ങളെയും ഒരൊറ്റ ഐക്യസാകല്യത്തിലേക്ക് സ്വംശീകരിക്കുക എത്രത്തോളം അസാധ്യമാണെന്നും ജര്‍മനി കാണിച്ചു തന്നിരിക്കുന്നു. ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന നമുക്ക് പഠിക്കാനും ലാഭമെടുക്കാനുമുള്ള ഒരു മികച്ച പാഠം തന്നെയാണത്’ (നാം, നമ്മുടെ ദേശീയ നിര്‍വചിക്കപ്പെടുന്നു, പേജ് 27, നാഗ്പൂര്‍ 1938). ഒരു ദശാബ്ദക്കാലം മുമ്പ് മുതല്‍ക്കാണ് ആര്‍.എസ്.എസ് ഇത് കാരണം വിഷമിച്ചു തുടങ്ങിയത്. തെരഞ്ഞെടുപ്പ്-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളായിരുന്നു കാരണം. പ്രസ്തുത പുസ്തകം ഗോള്‍വാള്‍ക്കര്‍ എഴുതിയതല്ല എന്ന് വരെ അവര്‍ വാദിക്കാന്‍ തുടങ്ങി. അങ്ങനെയത് വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. ഇവിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔചിത്യബോധമാണ് അവരുടെ തീരുമാനത്തെ രൂപപ്പെടുത്തിയത്.

മറ്റൊരു തലത്തില്‍ അവര്‍ ദീന്‍ധയാല്‍ ഉപാധ്യായയേയും പ്രമുഖ വ്യക്തിത്വമായി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടിരിക്കുന്നുണ്ട്. ‘ഇന്റഗറല്‍ ഹ്യൂമനിസം’ എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ദാര്‍ശനികനാണ് ദീന്‍ധയാല്‍ ഉപാധ്യായ. ജാതിയുമായി ബന്ധപ്പെട്ട സാമൂഹിക ബന്ധങ്ങളുടെ അവസ്ഥയെ പ്രത്യേകമായി ഊന്നുന്നതിനെ കുറിച്ചാണ് പ്രധാനമായും പ്രസ്തുത ആശയം സംസാരിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ അജണ്ടയെ കുറിച്ച് സൂക്ഷ്മ സന്ദേശം നല്‍കാനാണ് അത് രൂപംകൊണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സര്‍വ്വാധിപത്യത്തിനൊപ്പം ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ കൂടെയാണ് ബിംബങ്ങളെ വെച്ചുള്ള കളിയും നടക്കുന്നത്. ഒരു മതത്തില്‍ നിന്നാണ് ഹിന്ദുത്വ രാഷ്ട്രീയം തങ്ങളുടെ പേര് ഉരുത്തിരിച്ചെടുത്തിരിക്കുന്നത്. പക്ഷെ അകകാമ്പില്‍ ഹിന്ദു സമൂഹത്തിലെ ഉന്നതജാതിക്കാരുടെ രാഷ്ട്രീയ അജണ്ടയാണത്. ഇനി ചിലരൊക്കെ ഹിന്ദു സമൂഹത്തിലെ താഴ്ന്ന തട്ടില്‍ നിന്ന് വരുന്നവരാണെങ്കിലും അവരൊക്കെ തന്നെ ഈ രാഷ്ട്രീയ അജണ്ടക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇക്കാരണം കൊണ്ടാണ് വിഭാഗീയവും, പിറകോട്ടടിക്കുന്നതുമായ ഒരു സാംസ്‌കാരിക വൈവിധ്യത്തിനായുള്ള പ്രചാരണങ്ങളില്‍ ആര്‍.എസ്.എസ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതാണ് ഹിന്ദു ദേശീയവാദത്തിന്റെ അജണ്ട.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles