Current Date

Search
Close this search box.
Search
Close this search box.

ആരു പറഞ്ഞു മോദി ആരാച്ചാരാണെന്ന്

മോദി അരങ്ങു തകര്‍ക്കുകയാണ്. വേഷഭൂഷാതികളുടെ കൂടെ വാചകകസര്‍ത്തിന്റെ അമിട്ടുകള്‍ ഒരായിരം നിറവര്‍ണ്ണങ്ങള്‍ ചേര്‍ത്ത് ആകാശത്ത് പൊട്ടിവിടരുന്നതിനൊപ്പമാണ് മോദിയെ ഈയിടെ ‘ദേശസ്‌നേഹികളും’ ‘ദേശഭക്തരുമായ’ മുസ്‌ലിംകള്‍ മാധ്യമങ്ങളിലൂടെ ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. മുമ്പ് നാം ‘കണ്ടതെല്ലാം’ മറക്കാന്‍ പറ്റാത്തതാണെങ്കിലും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെല്ലാം കേള്‍ക്കാന്‍ കൊള്ളാവുന്ന കാര്യങ്ങളാണ്. നാലാള് കേട്ടാല്‍ ഇയാളെ പറ്റിയാണോ നമ്മള്‍ അരുതാത്തത് വിചാരിച്ചത് എന്നാശ്ചര്യപ്പെട്ട് ചൂണ്ടുവിരല്‍ വിരല്‍ മൂക്കിന്‍തുമ്പിലെത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രസതാവനകള്‍ പുരോഗമിക്കുന്നത്. കരയുന്ന കുട്ടിയെ മിഠായി കൊടുത്ത് അടക്കിയിരുത്തുന്ന മാതാപിതാ യുക്തി തന്നെയാണ് മോദി പ്രയോഗിച്ചു കൊണ്ടരിക്കുന്നതെന്ന് വ്യക്തമാണ്. മിഠായി കിട്ടുന്നതോടു കൂടി അടികൊണ്ട് വീര്‍ത്ത പാടുകളും വേദനയും കുട്ടി പെട്ടെന്ന് മറക്കും.

രണ്ട് ദിവസം മുമ്പാണ് മുസ്‌ലിംകളുടെ രാജ്യസ്‌നേഹം ആരു ചോദ്യചെയ്യരുത് എന്ന തിട്ടൂരം മോദി ഇറക്കിയത്. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് ‘മോദിയെങ്ങാനും അധികാരത്തില്‍ വന്നാല്‍’ എന്ന ഒരു തരം ചോരമണക്കുന്ന ചോദ്യം ചോദിച്ച് നടന്നവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കാണും. മുസ്‌ലിം പേര് വഹിച്ചു നടക്കുന്ന മതേതരന്‍മാരൊക്കെ താടിവെച്ച് നടക്കുന്ന കാക്കമാരോട് ചെവിയില്‍ പറഞ്ഞിട്ടുണ്ടാകും ‘കേട്ടില്ലെ മോദിജി പറഞ്ഞത്, ഇനി നമുക്ക് ഒന്നും പേടിക്കാനില്ല. ബാബരി മസ്ജിദും, ഗുജറാത്തും, ഭഗല്‍പൂരും ഒക്കെയങ്ങ് മറന്ന്കള. ഇനിയിപ്പൊ സ്വസ്ഥമായി ജീവിക്കാലോ..’ എന്ന്. ‘മറാഠി ദേശീയത’യുടെ അപ്പോസ്തലന്‍മാരായ ശിവസൈനികര്‍ അവരുടെ മുഖപത്രമായ സാമ്‌നയിലൂടെ മുസ്‌ലിംകളോട് ‘അപേക്ഷാസ്വരത്തില്‍’ ആജ്ഞാപിച്ചു ‘മോദിജി നിങ്ങളുടെ ദേശസ്‌നേഹത്തെ കുറിച്ച് വാനോളം പുകഴ്ത്തി പറഞ്ഞത് കേട്ടില്ലെ, ഇനിയെങ്കിലും അദ്ദേഹത്തെ തരംതാഴ്ത്തുന്ന രീതിയിലുള്ള വര്‍ത്തമാനങ്ങള്‍ നിങ്ങള്‍ നിര്‍ത്തണം’.

‘ഇക്കാലമത്രയും മുസ്‌ലിംകളെ പറ്റി മോദി തെറ്റിദ്ധാരണയിലായിരുന്നു, സ്വാതന്ത്ര്യ സമരത്തില്‍ ഈ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരില്‍ മുസ്‌ലിംകളും ഉണ്ടായിരുന്നു എന്ന ചരിത്രസത്യം അറിയാതിരുന്നത് കൊണ്ട് അബദ്ധത്തില്‍ സംഭവിച്ചു പോയതാണ് ഗുജറാത്ത്, മുസ്‌ലിംകളുടെ രാജ്യസ്‌നേഹം വൈകിയാണെങ്കിലും മോദി മനസ്സിലാക്കിയിരിക്കുന്നു’ എന്നൊക്കെ വിശ്വസിക്കണമെന്നാണോ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. സ്വന്തം പ്രതിച്ഛായ വെയിലുകൊണ്ട് കരിയാതെ അതീവസൂക്ഷമതയോടെ പരിപാലിച്ച് കൊണ്ടുനടക്കുന്നയാളാണ് മോദി. 2002 ലെ ഗുജറാത്ത് വംശഹത്യയില്‍ (ദേശസ്‌നേഹികള്‍ അത് മറന്നേക്കുക) മോദിയുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന സംശയം നിലനില്‍ക്കുന്നത് ചൂണ്ടികാട്ടി കൊണ്ട് ഒരു വര്‍ഷം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ കസേരയിലിരിക്കെ അമേരിക്ക അദ്ദേഹത്തിന് വിസ നിഷേധിച്ചിരുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ല എന്ന് വിശദീകരിച്ചെങ്കിലും, നീതിന്യായ വ്യവസ്ഥയില്‍ ഒരാളുടെ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നിരപരാധിയെന്ന് കണക്കാക്കാന്‍ കഴിയില്ലെന്ന് അമേരിക്ക മറുപടി നല്‍കി. മോദിയുടെ പ്രതിച്ഛായക്കേറ്റ കനത്ത ആഘാതമായിരുന്നു പ്രസ്തുത സംഭവം.

ഇന്നിതാ അതേ അമേരിക്ക മോദിയെ പൂമാലയിട്ട് സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. മോദിക്ക് വിസ നിഷേധിച്ചത് ഒബാമ ഭരണകൂടമല്ലെന്നും അതിനു മുമ്പത്തെ സര്‍ക്കാറാണെന്നുമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഈയിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത്. പയ്യന്‍ അമേരിക്കയിലാണെന്ന് വിവാഹ ദല്ലാള്‍ പറയുമ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ക്കുണ്ടാകുന്ന ഒരു മതിപ്പും, ‘ഒരു ഇതൊക്കെയില്ലെ’, അതു തന്നെയാണ് മോദിയെ ജോണ്‍ കെറി വന്ന് ക്ഷണിച്ചപ്പോള്‍ സംഭവിച്ചതും. പഴയതെല്ലാം മറന്ന് അന്താരാഷ്ട്രാ സമൂഹം മോദിയെ ചുവപ്പ്പരവതാനി വിരിച്ച് സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഭാരതത്തിന്റെ ഭൂതകാലം മാറ്റിപണിയുന്ന ‘ചരിത്രപരമായ’ ദൗത്യം ഏറ്റെടുത്ത് കൊണ്ടാണ് മോദി ഭരണം തുടങ്ങിയത്. ചരിത്രമുറങ്ങുന്ന കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ചും, മഹാഭാരത ചിത്രകഥ ശാസ്ത്രീയമായി കുട്ടികളെ പഠിപ്പിച്ചും ദൗത്യനിര്‍വഹണം തകൃതിയായി ഒരു ഭാഗത്ത് നടക്കുന്നുണ്ട്. പക്ഷെ സമീപഭൂതകാലം ഇരകളുടെ മനസ്സുകളില്‍ നിന്നും മായ്ഞ്ഞു പോകാന്‍ കാലമിനിയും കറങ്ങേണ്ടതുണ്ട്. അവ തിരുത്തണമെങ്കില്‍ ചെയ്തത് ഏറ്റുപറഞ്ഞ് അര്‍ഹമായ ശിക്ഷ സ്വയം ഏറ്റുവാങ്ങുകയാണ് വേണ്ടത്. അത് പക്ഷെ സാമാന്യബുദ്ധിയുള്ള ആരും തന്നെ ദുഃസ്വപ്‌നമായിപ്പോലും കാണാന്‍ സാധ്യതയില്ലാത്ത കാര്യമാണത്. ഇരകള്‍ക്ക് നീതി ലഭിക്കും വരെ അവര്‍ മോദിയെ ആരാച്ചാര്‍ എന്ന് വളിച്ചു കൊണ്ടിരിക്കും. ഇരകളുടെ കയ്പുനീരിനെ അതിജീവിക്കാന്‍ മോദിയുടെ പഞ്ചാരവാക്കുകള്‍ക്ക് സാധിക്കുകയില്ല.

Related Articles