Current Date

Search
Close this search box.
Search
Close this search box.

ആരാണ് പീഡകരെ സൃഷ്ടിക്കുന്നത്?

ലൈംഗിക പീഡനം രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. stopstreetharassment.com എന്ന വെബ്‌സൈറ്റ് നടത്തിയ പഠനത്തില്‍ പ്രതികരിച്ച 95% പേരും തങ്ങള്‍ പൊതുസ്ഥലത്ത് വെച്ച് അശ്ലീലനോട്ടം, ചൂളമടി തുടങ്ങിയ തരത്തിലുള്ള പീഡനത്തിന് വിധേയരായിട്ടുണ്ടെന്ന് സമ്മതിക്കുന്നുവെന്ന് ബി.ബി.സി ന്യൂസ് മാഗസിന്‍ പുറത്ത് വിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഇത്തരം മനുഷ്യത്വ രഹിതമായ സ്വഭാവങ്ങള്‍ വളരെക്കാലമായി മിക്ക രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും വലിയ പ്രശ്‌നമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കടന്നുകയറ്റങ്ങള്‍ കുറക്കുന്നതിന്റെ ആദ്യപടിയായി വേണ്ടത് അതിനെ മുഖ്യ പ്രശ്‌നമായി സമര്‍പിക്കപ്പെടണമെന്നത് തന്നെയാണ്. സഹോദരിയെയും ഉമ്മയെയും മകളെയും ഭാര്യയെയും അയല്‍വാസിയെയും ബാധിക്കുന്ന ഒരു സാമൂഹ്യ പ്രശ്‌നം എന്ന രൂപത്തില്‍ ആളുകളെ ഇവ്വിഷയകമായി ബോധവല്‍കരിക്കേണ്ടതുണ്ട്. പ്രാദേശികവും അതിന് പുറത്തുമുള്ള വിശാലമായ ലോകത്തിന്റെയും ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണ്. ഈ ബോധത്തില്‍ നിന്നാണ് പരിവര്‍ത്തനം ഉണ്ടാവേണ്ടത്.

എന്തുകൊണ്ട് പുരുഷന്‍മാര്‍ ഇങ്ങനെ?
സ്ത്രീകള്‍ക്ക് നേരെ ആദരവ് പുലര്‍ത്താത്ത ഇത്തരം പ്രവണതകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ സംസ്‌കാരം വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ ആത്മാഭിമാനം കുറക്കുന്ന സാഹചര്യത്തിനും ഒരു അവസാനം കുറിക്കാന്‍ സമൂഹം മടിച്ചു നില്‍ക്കുന്നതിനാലാണത്. സമൂഹത്തിലെ ഈ മാറ്റം സ്ത്രീകളിലൂടെ ലോകത്തിന് ലഭിക്കേണ്ടിയിരുന്ന ധാരാളം സംഭാവനകളെയാണ് ഹനിച്ചുകളയുന്നത്. ദുഖകരമായ ഈ യാഥാര്‍ത്ഥ്യത്തെ കുറിച്ചറിയുന്ന സ്ത്രീകള്‍ ചോദിക്കുന്നു. ‘എന്തുകൊണ്ട് പുരുഷന്‍മാര്‍ ഇങ്ങനെ ചെയ്യുന്നു?’ മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഭൂമിയില്‍ എന്താണവരെ പഠിപ്പിക്കുന്നത്? എന്തുകൊണ്ട് അവര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു? പ്രസ്തുത ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. കൂടുതല്‍ ആരോഗ്യകരമായ ഒരു സമൂഹത്തിലേക്ക് നമ്മെ നയിക്കുന്ന തരത്തിലുള്ള ലളിതമായ ഉത്തരം അതിന് നല്‍കാന്‍ സാധ്യമല്ല. എന്തൊക്കെയാണെങ്കിലും അതിനു പിന്നിലുള്ള രഹസ്യങ്ങള്‍ പരിശോധിക്കുകയും കൂടുതല്‍ പ്രകാശപൂരിതവും ആദണീയവുമായ ഒരു മാനവിക സമൂഹത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാം.

നിലനില്‍ക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ ചുറ്റുപാട് ഇത്തരം പ്രവണതകളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായിക പങ്ക് വഹിക്കുന്നുണ്ട്. നിഷ്‌കളങ്കരായ ആണ്‍കുട്ടികള്‍ വളര്‍ന്ന് വരുമ്പോഴേക്കും സ്ത്രീ പീഡകരായി മാറുന്നത് എങ്ങനെയാണ്? ഇതിന് മുഖ്യമായി രണ്ട് വശങ്ങളുണ്ട്. പീഡനത്തിന് ഇരയാകുന്നവരുടെ തന്നെ പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനം എന്ന നിലക്ക് സംഭവിക്കുന്നവയാണ് പ്രഥമമായത്. തങ്ങളിലേക്ക് മറ്റുള്ളവരെ ആകര്‍ശിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശ്യം. ഇത്തരം പ്രവര്‍ത്തനങ്ങളെ നിരസിക്കാനും, ബഹിഷ്‌കരിക്കാനും തള്ളിപ്പറയാനും മടിക്കുന്ന സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ഘടകം.

പ്രകൃത്യാതന്നെ സ്ത്രീകളെക്കുറിച്ച് വളരെ ജിജ്ഞാസയുള്ളവരാണ് യൗവനത്തിലുള്ള ആണ്‍കുട്ടികള്‍. അത് സ്വാഭാവികവുമാണ്. പ്രസ്തുത ജിജ്ഞാസയെ അധികരിപ്പിക്കുകയും അവരെ തങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് മേല്‍പറഞ്ഞവ. കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ സാധാരണയായി ആത്മവിശ്വാസം കുറവുള്ളവരായിരിക്കും. അതിനാല്‍ തന്നെ മറ്റുള്ളവരിലേക്ക് ഇടപെടുന്നതിന് പകരം അവര്‍ തങ്ങളിലേക്ക്  അല്ലെങ്കില്‍ അവര്‍ പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അവന്‍ ശ്രമിക്കുന്നു. സ്ത്രീകളോടുള്ള സാമൂഹ്യ പെരുമാറ്റ മര്യാദ പഠിക്കുന്ന ഒരു യുവാവിന് മാത്രമെ അവരെ ആദരിക്കാനും, വിലമതിക്കാനും സാധിക്കുകയുള്ളൂ. ചെറുപ്രായത്തില്‍ തന്നെ ഇത്തരം ധര്‍മങ്ങള്‍ പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാത്തവരാണ് അശ്ലീലതയും അധര്‍മവുമായി സമൂഹത്തില്‍ വളര്‍ന്ന് വരിക. മാനവിക ഗുണങ്ങളെ രൂപപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക ചുറ്റുപാട് നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സ്ത്രീയും പുരുഷനും പരസ്പരം ആദരിക്കുന്ന അവരുടെ സ്വത്വവും വ്യക്തിത്വത്തവും അംഗീകരിക്കുന്ന സാമൂഹിക ക്രമം വ്യവസ്ഥപ്പെടുത്തേണ്ടതുണ്ട്.

പരിഹാരം എന്ത്?
പ്രശ്‌നത്തെകുറിച്ച് അവബോധം ഉണ്ടാക്കിയതിന് ശേഷം സാംസ്‌കാരിക മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും സുപ്രധാന കാര്യം സ്ത്രീക്കും പുരുഷനുമിടയിലുള്ള പരസ്പര ആദരവാണ്. ആദരണീയമായ ഗുണങ്ങള്‍ നമ്മുടെ യുവതക്ക് പകര്‍ന്ന് നല്‍കുകയെന്നതാണ് ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം. ആദരണീയമായ സ്വഭാവഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കലാണ് അതിന് ആദ്യമായി വേണ്ടത്. അപ്രകാരം പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്‍മാര്‍ തങ്ങളുടെ പെരുമാറ്റത്തെ ആദരണീയമായി പരിഗണിക്കപ്പെടുന്ന വിധത്തില്‍ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്.

കൂടാതെ, ഈ മാറ്റത്തിന് സന്നദ്ധരായ പ്രവര്‍ത്തകര്‍ക്ക് ശക്തമായ സ്വാധീനം സമൂഹത്തില്‍ ചെലുത്താന്‍ സാധിക്കും. അവര്‍ക്ക് രക്ഷിതാക്കളെയും സ്‌കൂളുകളെയും മതസംഘടനകളെയും അതിനനുസരിച്ച് പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞേക്കും. അവരുടെ സഹകരണത്തോടെ മാധ്യമങ്ങളിലും സിനിമകളിലും സ്വാധീനം സൃഷ്ടിക്കാന്‍ സാധിച്ചേക്കും. യുവസമൂഹത്തെ അഭിസംബോധന ചെയ്യുന്നതില്‍ അവക്ക് സുപ്രധാനമായ പങ്കാണുള്ളത്.
യുവതയെ മാറ്റത്തിന് സജ്ജരാക്കുകയും സാമൂഹികമായ മാറ്റത്തിനുള്ള ആയുധം അവരെ ഏല്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് സാമൂഹിക മാറ്റത്തിനുള്ള നല്ല മാര്‍ഗം. മാറ്റത്തിന്റെ ഫലം മുഴുവന്‍ മനുഷ്യര്‍ക്കും ഭാവിതലമുറക്കുമായിരിക്കും. അത് യുവാക്കളുടെ ആശയും ലക്ഷ്യവുമായി മാറും.

സ്ത്രീകളാണ് നയിക്കേണ്ടവര്‍
കുടുംബത്തിലെ പുരുഷന്‍മാരെ അത് പഠിപ്പിക്കേണ്ടതിന് തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് സ്ത്രീ അറിഞ്ഞിരിക്കേണ്ടതുണ്ട്. മോശമായ പെരുമാറ്റത്തോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്നും അവള്‍ പഠിക്കണം. വ്യക്തിതലത്തില്‍ വളരെയധികം നിരുത്സാഹപ്പെടുത്തപ്പെട്ട ഒന്നാണത്.
ഉദാഹരണത്തിന് തന്റെ ഇളയ സഹോദരന്‍ കൂട്ടുകാരോടൊപ്പം സ്ത്രീകളെ അപമാനിച്ച് ചിരിക്കുന്നത് കാണുന്നു. അവള്‍ അവനെ അടുത്ത് വിളിച്ച് വളരെ നല്ലരൂപത്തില്‍ ഉപദേശിക്കാവുന്നതാണ്. ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ഇത്തരം സംസാരം ഉണ്ടാക്കുന്ന ഫലം വളരെ വലുതായിരിക്കും. അതിന്റെ ഫലം നിലനില്‍ക്കുകയും ചെയ്യും. അതിനെതിരെ പരസ്യമായി പ്രതികരിക്കുന്നത് അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് പകരം ഭാവിയില്‍ വീണ്ടും അത് ചെയ്യുന്നതിനായിരിക്കും പ്രേരണ നല്‍കുക.

ഇത്തരം പ്രവര്‍ത്തനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പക്വമതിയല്ലാത്ത പുരുഷന് കൂടുതല്‍ പരിഗണന നല്‍കുകയോ, അവരോട് കൂടുതല്‍ ഇടപെടുകയോ ചെയ്യരുത്. അശ്ലീല പ്രവര്‍ത്തനങ്ങള്‍ അതിന് വിധേയരാവുന്നവരെയല്ല മറിച്ച് അത് പ്രവര്‍ത്തിക്കുന്നവനെയാണ് അവമതിക്കുന്നതെന്ന ബോധം സമൂത്തില്‍ സൃഷ്ടിക്കണം. ഈ സാഹചര്യത്തെ തിരുത്തുന്നതിനുള്ള ഒരു നല്ല കാല്‍വെപ്പ് തന്നെയായിരിക്കുമത്. കൂടുതല്‍ ഗൗരവതരമായ അനാവശ്യ സ്പര്‍ശനം പോലുള്ളവയാകുമ്പോള്‍ പോലിസില്‍ പരാതി നല്‍കേണ്ടതുണ്ട്. ഇതിനെ സമൂഹം ഗൗരവത്തിലെടുക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ കുറയുക തന്നെ ചെയ്യും.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles