Current Date

Search
Close this search box.
Search
Close this search box.

ആരാണ് അവരെ ഭീകരവാദികളാക്കിയത്?

ഭീകരവാദികള്‍ അവരുടെ രാജ്യങ്ങളില്‍ വെച്ച് നമ്മുടെ പട്ടാളക്കാരെയും, നമ്മുടെ രാജ്യത്തിനകത്ത് വെച്ച് നമ്മെയും കൊന്നുക്കൊണ്ടിരിക്കുകയാണ്. നമുക്കവരെ എങ്ങനെ തടയാന്‍ സാധിക്കും?

ഉത്തരം വളരെ ലളിതമാണ്: അവരെ ഭയപ്പെടുത്തുന്ന പ്രവര്‍ത്തി നാം നിര്‍ത്തിവെക്കുക. നമ്മളാണ് ഈ യുദ്ധം തുടങ്ങിവെച്ചത്.

്‌നൂറ്റാണ്ടുകളോളം നീണ്ടു നിന്ന കുരിശുയുദ്ധങ്ങളും, സാമ്രാജ്യത്വ അധിനിവേശവും കൂടാതെ, മേഖലയിലെ പാശ്ചാത്യതോന്നിവാസങ്ങളുടെ വ്യക്തമായ ചിത്രം നല്‍കുന്നതാണ് കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയത്ത് അറബികള്‍ക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു കൊണ്ടാണ് ബ്രിട്ടന്‍ അറബികളെ തങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ യുദ്ധക്കളത്തിലിറക്കിയത്. സ്വാതന്ത്ര്യം ലഭിക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്ത് ആയിരക്കണക്കിന് അറബികള്‍ ബ്രിട്ടന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു. പക്ഷെ ബ്രിട്ടന്‍ വാക്കുപാലിച്ചില്ല; അവര്‍ തങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ഭരിക്കുന്ന പാവരാജക്കന്‍മാരെ കൊണ്ടുവന്നു. അങ്ങനെ ഇറാഖില്‍ ഫൈസലിനെയും, സഊദി അറേബ്യയില്‍ ഇബ്ന്‍ സഊദിനെയും ബ്രിട്ടന്‍ അവരോധിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്നതിന് വേണ്ടി അറബികളുടെ ഭൂമി പിടിച്ചെടുക്കാന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. ജര്‍മന്‍കാര്‍ ജൂതന്‍മാര്‍ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് അറബികള്‍ വിലയൊടുക്കേണ്ടി വന്നു. മിഡിലീസ്റ്റിലെ പ്രകൃതിവിഭവങ്ങള്‍ക്ക് മേല്‍ ഇസ്രായേലിനെ ഉപയോഗപ്പെടുത്തി ആധിപത്യം സ്ഥാപിക്കുക എന്നതായിരുന്നു അമേരിക്കയുടെയും ബ്രിട്ടന്റെയും ആവശ്യം.

1950-കളുടെ തുടക്കത്തില്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് അന്നത്തെ ഇറാന്‍ സര്‍ക്കാറിനെ കടപുഴക്കിയെറിഞ്ഞു. സ്വന്തം രാജ്യത്തെ എണ്ണ വ്യവസായം ദേശസാത്ക്കരിക്കാന്‍ ശ്രമിച്ചതിനാണ് ഇറാന്‍ സര്‍ക്കാറിനെ അവര്‍ അട്ടിമറിച്ചത്. എന്നിട്ട് നാം തന്നെയാണ് ഷാ എന്ന ഏകാധിപതിയെ ഇറാനില്‍ അവരോധിച്ചത്. അയാള്‍ വളരെ പെട്ടെന്ന് തന്നെ എണ്ണക്ക് മേലുള്ള അധികാരം നമുക്ക് തിരിച്ച് തന്നു. സ്വന്തം ജനതക്കെതിരെയുള്ള നിഷ്ഠൂരമായ 25 വര്‍ഷത്തെ ഭരണത്തിന്റെ തുടക്കമായിരുന്നു അത്. തന്നെ എതിര്‍ത്ത ആയിരക്കണക്കിന് വരുന്ന ഇറാനിയന്‍ പൗരന്‍മാരെ ഷായുടെ രഹസ്യപോലിസ് പീഢിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ സൈനിക സഹായത്തിന്റെ ഒറ്റബലത്തിലാണ് ഷാ ഈ അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കിയത് മുതല്‍ക്കാണ്, ഇറാന്‍ ജനത അമേരിക്കയെ വെറുക്കാന്‍ തുടങ്ങിയത്.

1950-കളുടെ പകുതിയില്‍, സൂയസ് കനാല്‍ ദേശസാത്കരിക്കാനും, അതില്‍ നിന്നുള്ള വരുമാനം സ്വന്തം ജനതയെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് ഉപയോഗിക്കാനും ഈജിപ്ത് തീരുമാനിച്ചു. അതിന്റെ അന്നത്തെ ബ്രിട്ടീഷ്- ഫ്രഞ്ച് മുതലാളിമാര്‍ക്ക് അവരുടെ ഷെയറിന്റെ മുഴുവന്‍ വിപണി മൂല്യവും നല്‍കാന്‍ ഈജിപ്ത് തയ്യാറുമായിരുന്നു. പക്ഷെ പാശ്ചാത്യ സര്‍ക്കാറുകളും ഇസ്രായേലും വളരെ അക്രമാസക്തമായാണ് ഈജിപ്തിന്റെ ന്യായമായ ആവശ്യത്തോട് പ്രതികരിച്ചത്. അവര്‍ ഈജിപ്തില്‍ അധിനിവേശം നടത്തി, കീഴടങ്ങാന്‍ ആവശ്യപ്പെട്ട് ബോംബാക്രമണം നടത്തുകയും ചെയ്തു.

ന്യായമായ നഷ്ടപരിഹാരം നല്‍കി, തങ്ങളുടെ വിഭവങ്ങള്‍ ദേശസാത്കരിക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ട്. ഇറാന്റെയും ഈജിപ്തിന്റെയും ആവശ്യങ്ങള്‍ അതുകൊണ്ടു തന്നെ നിയമവിധേയവുമാണ്. എന്നാല്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെ പ്രതികരണം തികച്ചും നിയമവിരുദ്ധവും, അന്താരാഷ്ട്ര നിയമങ്ങളുടെയും, ഐക്യരാഷ്ട്രസഭയുടെ പ്രമാണത്തിന്റെയും ലംഘനമാണ്. തങ്ങളുടെ അന്യായമായ ആക്രമണങ്ങള്‍ക്ക് ഇരയായവരില്‍ പ്രതികാരവാഞ്ജ ആളിക്കത്തിക്കുന്നതിനാണ് പാശ്ചാത്യരാഷ്ട്രങ്ങളുടെ പ്രവര്‍ത്തി വഴിവെച്ചത്.

ഇതേ അതിക്രമങ്ങള്‍ തന്നെയാണ് സിറിയ, ലിബിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലബനാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലും പാശ്ചാത്യ രാഷ്ട്രങ്ങള്‍ അനുവര്‍ത്തിച്ചത്. അവിടങ്ങളിലെ ഭരണകൂടങ്ങളെ നമ്മള്‍ അട്ടിമറിച്ചു, എന്നിട്ട് ഏകാധിപതികളെ വാഴിച്ചു, അവരുടെ സാമ്പത്തിക രംഗം നാം കട്ടുമുടിച്ചു- ഇതെല്ലാം തന്നെ നമ്മുടെ വ്യാപാര താല്‍പ്പര്യങ്ങളെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു. ഭീകരവാദം നടമാടുന്നു എന്ന് നാം പറയുന്ന രാജ്യങ്ങളെല്ലാം തന്നെ ആദ്യം ആക്രമിച്ചത് നമ്മളാണ്. നമ്മള്‍ ആക്രണത്തിന് തുടക്കമിട്ടതു കൊണ്ടാണ് നമ്മള്‍ ഇന്ന് ആക്രമണ ഭീഷണിയുടെ നിഴലില്‍ കഴിയുന്നത്. അവര്‍ നമ്മെ വെറുക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. നമ്മള്‍ അവരുടെ രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏതെങ്കിലും വിദേശരാജ്യം നമ്മുടെ രാജ്യത്ത് ചെയ്യുന്നുവെങ്കില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. കഴിയുന്ന പോലെ തിരിച്ചടിക്കുകയാണല്ലോ നാം ചെയ്യുക.

നമ്മുടേത് പോലെയുള്ള സൈനിക ശക്തി ഇല്ലാത്തതിനാല്‍, അവര്‍ ഗറില്ല യുദ്ധമുറകളെയാണ് ആശ്രയിച്ചു വരുന്നത്. മൈക്ക് ഡേവിസ് എഴുതുന്നു, ‘പാവപ്പെട്ടവന്റെ യുദ്ധവിമാനമാണ് കാര്‍ബോംബ്.’ ധനികന്റെ പക്കല്‍ ആധുനിക ബോംബറുകളുണ്ട്, പാവപ്പെട്ടവന്റെ കൈയ്യിലുള്ളത് ടൊയോട്ട കൊറോളയും, രണ്ടിലുമുള്ളത് സ്‌ഫോടകവസ്തുക്കളാണ്. ബോംബറുകളാണ് വലിപ്പത്തില്‍ മുമ്പനും, കൂടുതല്‍ ആളുകളെ കൊല്ലാന്‍ ശേഷിയുള്ളതും. 9/11 ശേഷം 300000 ആളുകളെയാണ് അമേരിക്ക കൊന്നുതള്ളിയത് – വേള്‍ഡ്‌ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകളേക്കാള്‍ 100 ഇരട്ടി വരുമിത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സിവിലിയന്‍മാരാണ്. വന്‍ സംഹാരശേഷിയുള്ള ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന നാം തന്നെയാണ് ഏറ്റവും വലിയ ഭീകരവാദികള്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് ഒരിക്കല്‍ പറയുകയുണ്ടായി : ‘ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആക്രമണകാരി എന്റെ സ്വന്തം ഗവണ്‍മെന്റ് തന്നെയാണ്.’

‘നമ്മുടെ സ്വാതന്ത്ര്യം എന്ന മൂല്യം കാരണമായി നമ്മെ വെറുക്കുന്ന’ അതിക്രൂര ഭീകരവാദികളുടെ ചിത്രമാണ് നമ്മുടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിര്‍മിച്ചിട്ടുള്ളത്. പക്ഷെ യഥാര്‍ത്ഥത്തില്‍ നാം അവരുടെ രാഷ്ട്രങ്ങള്‍ പിടിച്ചടക്കിയത് കൊണ്ടാണ് അവര്‍ നമ്മെ വെറുക്കുന്നത്.

നമ്മെ അവരുടെ രാജ്യങ്ങളില്‍ നിന്നും പുറത്താക്കുന്നതിന് വേണ്ടിയാണ് അല്‍ഖാഇദ, ഐസിസ് തുടങ്ങിയ മതമൗലികവാദികള്‍ പോലും പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഈ സംഘങ്ങളുടെ ആവശ്യങ്ങള്‍ ഒരിക്കല്‍പ്പോലും പാശ്ചാത്യ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കില്ല. കാരണം അവരുടെ ആവശ്യങ്ങള്‍ ന്യായവും യുക്തിസഹവുമാണ്. അവരുടെ ആവശ്യങ്ങളുടെ രത്‌ന ചുരുക്കമിതാണ്, ‘നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്ക് മടങ്ങുക, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക. നിങ്ങളുടെ സൈനികരെയും, സി.ഐ.എ ഏജന്റുമാരെയും, മിഷണറിമാരെയും, കോര്‍പ്പറേറ്റുകളെയും മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും പിന്‍വലിക്കുക. നിങ്ങളതിന് സന്നദ്ധമാണെങ്കില്‍, ഞങ്ങള്‍ നിങ്ങളെ ആക്രമിക്കുന്നത് നിര്‍ത്തുക തന്നെ ചെയ്യും.’ അല്ലാതെ പാശ്ചാത്യ രാഷ്ട്രങ്ങളെ തകര്‍ക്കാനോ, അതെല്ലാം ഇസ്‌ലാമിക രാഷ്ട്രങ്ങളാക്കാനോ അവര്‍ക്ക് പദ്ധതിയില്ല. പാശ്ചാത്യര്‍ പാശ്ചാത്യ ലോകത്ത് തന്നെ തുടരണമെന്നാണ് അവരുടെ ലളിതമായ ആവശ്യം.

ഭീകരവാദം നിര്‍ത്തലാക്കാന്‍ എളുപ്പം സാധിക്കുമെന്ന് ജനങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍, ഈ യുദ്ധത്തിന് അവര്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ലായിരുന്നു. അതുകൊണ്ടാണ് മതമൗലികവാദികള്‍ എന്ന് പറയപ്പെടുന്നവരുടെ ന്യായമായ ആവശ്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചു തള്ളുന്നത്. യുദ്ധത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം ഭീകരവാദത്തെ ഉന്മൂലനം ചെയ്യുകയല്ലെന്നും, മറിച്ച് മേഖലയിലെ വിപണികള്‍ക്കും, വിഭവങ്ങള്‍ക്കും മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനാണെന്നും എന്ന സത്യം ജനങ്ങളില്‍ നിന്നും മറച്ചു വെക്കാനാണ് പാശ്ചാത്യ നേതാക്കള്‍ പാടുപെടുന്നത്. യഥാര്‍ത്ഥത്തില്‍ ഭീകരവാദം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ നേതാക്കള്‍. കാരണം ഭീകരവാദത്തിന്റെ പേര് പറഞ്ഞ് അവര്‍ക്ക് ഏത് രാജ്യത്തും എന്ത് അതിക്രമവും കാട്ടിക്കൂട്ടാം.

ഹിറ്റ്‌ലറുടെ അസിസ്റ്റന്റായിരുന്ന ഹെര്‍മാന്‍ ഗോറിംഗ് പറഞ്ഞ് പോലെ : ‘പ്രക്യത്യാ സാധാരണ ജനങ്ങള്‍ യുദ്ധത്തിന് എതിരാണ്.. പക്ഷെ.. ജനങ്ങളെ അതിലേക്ക് കൊണ്ടു വരിക എന്നത് എല്ലായ്‌പ്പോഴും വളരെ എളുപ്പം സാധിക്കുന്ന കാര്യവുമാണ്. ജനാധിപത്യ വ്യവസ്ഥയാവട്ടെ, ഫാസിസ്റ്റ് ഏകാധിപത്യമാവട്ടെ, അല്ലെങ്കില്‍ പാര്‍ലമെന്റോ, കമ്മ്യൂണിസ്റ്റ് ഏകാധിപത്യമോ ആവട്ടെ.. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.. നിങ്ങളിതാ ആക്രമിക്കപ്പെടാന്‍ പോകുന്നു എന്ന് ജനങ്ങളോട് പറയുക, അഹിംസാവാദികളെ ദേശസ്‌നേഹമില്ലാത്തവരെന്ന് മുദ്രകുത്തുകയും ചെയ്യുക. ഏത് രാജ്യത്തും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.’

അന്നും ഇന്നും നിലനില്‍ക്കുന്ന ജനാധിപത്യരാജ്യങ്ങളുടെ കാര്യത്തില്‍ ഗോറിംഗ് പറഞ്ഞത് പൂര്‍ണ്ണമായും ശരിയായിരുന്നു. ജനങ്ങളുടെ കരങ്ങളില്‍ അധികാരം എന്നതാണ് ജനാധിപത്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പക്ഷെ അധികാരം വരേണ്യവര്‍ഗത്തിന്റെ കൈകളിലാണ് ഭദ്രമാണിന്ന്. അവരാണ് ഒരുവലിയ അളവുവരെ രാഷ്ട്രീയവും, സാമ്പത്തികരംഗവും, അതുപോലെ നമ്മളെയും നിയന്ത്രിക്കുന്നത്. ഈ വരേണ്യവര്‍ഗമാണ് ‘നമ്മുടെ’ രാജ്യത്തെ സംക്ഷിക്കാന്‍ യുദ്ധം അനിവാര്യമാണെന്ന് നമ്മെ കൊണ്ട് പറയിപ്പിക്കുന്നതും നമ്മെ തെരുവിലിറക്കുന്നതും. അവര്‍ക്ക് വേണ്ടി മരിക്കാനും, കൊല്ലാനും നാം തയ്യാറാവണമെങ്കില്‍ വമ്പിച്ച കാമ്പയിന്‍ തന്നെ അവര്‍ക്ക് നടത്തേണ്ടതുണ്ടായിരുന്നു — ‘പാശ്ചാത്യലോകം ആക്രമണഭീഷണിയില്‍!’.

എന്തു കൊണ്ടാണ് അവര്‍ നമ്മെ ആക്രമിക്കുന്നത് ? ഭീകരജീവികളാണോ അവര്‍?

അല്ല, ഒരിക്കലുമല്ല. മനുഷ്യത്വ രഹിതമായ ഒരു വ്യവസ്ഥയുടെ ഉല്‍പ്പന്നങ്ങളായ കേവലം പച്ച മനുഷ്യര്‍ മാത്രമാണ് അവര്‍. പ്രസ്തുത വ്യവസ്ഥക്ക് ദാസ്യപ്പണി ചെയ്യാനാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മോഷണം മുതലാളിത്തത്തിന്റെ സഹജവാസനയാണ്. കൊള്ളക്കാരാണ് ഈ വ്യവസ്ഥയുടെ മുകള്‍ത്തട്ടിലുള്ളത്.

മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം നേടാനുള്ള ഉള്‍പ്രേരണയാണ് യുദ്ധത്തിന്റെ മൂലകാരണം. ഈ ഉള്‍പ്രേരണക്ക് അന്ത്യകുറിക്കുന്നത് വരേക്കും നാം പരസ്പരം കൊന്നുകൊണ്ടിരിക്കും. മുതലാളിത്തെ നശിപ്പിച്ച് സോഷ്യലിസം സ്ഥാപിക്കുന്നതാണ് ഇതിനുള്ള പരിഹാരം. രാഷ്ട്രീയ ജനാധിപത്യം സാമ്പത്തിക രംഗത്തേക്ക് കൂടി വ്യാപിക്കേണ്ടതുണ്ട്. നമ്മുടെ ഭാഗധേയം നാം തന്നെയാണ് തീരുമാനിക്കേണ്ടത്. ഇതാണ് മനുഷ്യരെന്ന നിലയില്‍ പൂര്‍ണ്ണവികാസം പ്രാപിക്കാന്‍ നമ്മെ പ്രാപ്തമാക്കുന്ന ഒരു സമൂഹനിര്‍മിതിക്ക് ആവശ്യമായ അടിസ്ഥാന ഘടകം. ഒരിക്കല്‍ നമ്മളിത് നേടിയാല്‍, സമാധാനം എന്നെന്നേക്കുമായി നിലനിര്‍ത്താനുള്ള അവസരമാണ് നമുക്ക് ലഭിക്കുക.

നമുക്കതിന് കഴിയുക തന്നെ ചെയ്യും! മാനവരാശി തരണം ചെയ്ത മറ്റനേകം വെല്ലുവിളികളേക്കാന്‍ എളുപ്പം തരണം ചെയ്യാവുന്ന ഒന്നാണിത്.

(ജര്‍മനിയിലെ ഓള്‍ഡന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ അമേരിക്കന്‍ സ്റ്റഡീസ് പ്രൊഫസറാണ് വില്ല്യം ടി. ഹാഥവേ.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles