Current Date

Search
Close this search box.
Search
Close this search box.

ആരാണ് അറാകാന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി?

Arsa-arakan.jpg

മ്യാന്‍മറിലെ പോലീസിന്റെയും ബുദ്ധിസ്റ്റുക്കളുടെയും വംശീയ ഉന്‍മൂലനത്തില്‍ നിന്ന് രക്ഷ തേടി മൂന്ന് ലക്ഷത്തിലധികം റോഹിങ്ക്യകളാണ് തങ്ങളുടെ ജന്മഗേഹമായ റാഖൈനില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. റാഖൈനിലെ സൈനിക താവളങ്ങളും മുപ്പത് പോലീസുകാരെയും ഒരു സംഘം റോഹിങ്ക്യക്കാര്‍ അക്രമിക്കുകയും പന്ത്രണ്ട് പോലീസ് ഓഫീസര്‍മാരെ കൊലപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് റോഹിങ്ക്യന്‍ ജനത അക്രമിക്കപ്പെടുകയും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തതെന്നാണ് മ്യാന്‍മര്‍ ഭരണകൂടം പറയുന്നത്. എന്നാല്‍ അക്രമികളെ തുരത്താനെന്ന പേരില്‍ റോഹിങ്ക്യകളുടെ വീടുകളും ഗ്രാമങ്ങളും അഗ്നിക്കിരയാക്കുകയാണ് മ്യാന്‍മര്‍ സൈന്യം ചെയ്തതെന്നാണ് സമീപവാസികള്‍ അല്‍ജസീറയോട് പറഞ്ഞത്.

400 റോഹിങ്ക്യകളാണ് ആകെ കൊല്ലപ്പെട്ടത് എന്നും അതില്‍ തന്നെ കൂടുതലും രാജ്യദ്രോഹികളുമായിരുന്നു എന്നാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ ഭാഷ്യം. എന്നാല്‍ പരിസര വാസികള്‍ പറയുന്നത് ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. അതേസമയം, തങ്ങള്‍ റോഹിങ്ക്യകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നത് എന്നാണ് അറകാന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി (ARSA) പറയുന്നത്. എന്നാല്‍ ആരാണവര്‍? എന്താണവര്‍ക്ക് വേണ്ടത്?

ഹറഖത്തുല്‍ യഖീന്‍ എന്ന് മുമ്പറിയപ്പെട്ടിരുന്ന അറകാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (ARSA) 2016 ലാണ് ആദ്യമായി രൂപപ്പെടുന്നത്. അന്ന് മങ്‌ഡോവിലെയും (Maungdaw) രതഡോങിലെയും (Rathedaung) പോലീസ് താവളങ്ങളെ അവര്‍ ആക്രമിക്കുകയും ഒമ്പത് പോലീസ് ഓഫീസര്‍മാരെ കൊലപ്പെടുത്തുകയുമുണ്ടായി. അതേസമയം, പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തല്‍ നേരിട്ട് കൊണ്ടിരിക്കുകയാണെങ്കിലും ഭൂരിഭാഗം വരുന്ന റോഹിങ്ക്യകളും അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നവരാണ്. മങ്‌ഡോവില്‍ താമസിക്കുന്ന റോഹിങ്ക്യകള്‍ അല്‍ജസീറയോട് പറഞ്ഞത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സംഘമായി വന്ന് പോലീസുകാരെ കൊലപ്പെടുത്തിയതെന്നാണ്.

കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ പതിനെട്ട് മിനുട്ട് നീണ്ട് നില്‍ക്കുന്ന വീഡിയോയില്‍ അര്‍സയുടെ (ARSA) യുടെ നേതാവായ അതാഉല്ല അബൂ അമര്‍ ജുനൂനി (Ataullah Abu Amar Jununi) ആക്രമണത്തെ ന്യായീകരിക്കുകയും മ്യാന്‍മര്‍ സൈന്യത്തെ കുറ്റപ്പെടുത്തുകയുമുണ്ടായി. അദ്ദേഹം പറയുന്നു: ‘കഴിഞ്ഞ 75 വര്‍ഷങ്ങളായി റോഹിങ്ക്യകള്‍ക്കെതിരെ അക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതിന് തിരിച്ചടിയായാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്. മ്യാന്‍മര്‍ സൈന്യം അക്രമം അവസാനിപ്പിച്ചെല്ലെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധിക്കാനുള്ള കരുത്തും അവകാശവുമുണ്ടെന്ന സന്ദേശമാണ് അതിലൂടെ ഞങ്ങള്‍ നല്‍കിയത്.’

മ്യാന്‍മറിലെ ഒരു യൂറോപ്യന്‍ സ്ഥാപനത്തില്‍ തീവ്രവാദത്തെക്കുറിച്ച് പഠിക്കുന്ന മോങ് സാര്‍നി (Maung Zarni) പറയുന്നത് മ്യാന്‍മര്‍ ഭരണകൂടം പറയുന്നത് പോലെ അര്‍സ (ARSA) ഒരു ഭീകരവാദ സംഘമല്ല എന്നാണ്. അദ്ദേഹം പറയുന്നു: ‘സ്വയംപ്രതിരോധത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ചെറുപ്പക്കാരാണവര്‍. നാസി കോണ്‍സണ്‍ഡ്രേഷന്‍ ക്യാമ്പിന് സമാനമായ അവസ്ഥയില്‍ ജീവിച്ച് കൊണ്ടിരിക്കുന്ന റോഹിങ്ക്യകളെ സംരക്ഷിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഒക്ടോബര്‍ 1944 ന് നാസികള്‍ക്കെതിരെ ശബ്ദിച്ച ഓഷ്‌വിറ്റ്‌സിലെ (Auschwitz) ജൂത അന്തേവാസികളുടേതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് അര്‍സ (ARSA) യുടേത്’.

പൗരത്വവും മൗലികാവകാശങ്ങളുമെല്ലാം നിഷേധിക്കപ്പെട്ട ഒരു മില്യണിലധികം വരുന്ന റോഹിങ്ക്യകള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നാണ് അര്‍സ പറയുന്നത്. 2017 ആഗസ്റ്റ് 15 ന് പുറത്തിറക്കിയ ഒരു വീഡിയോയില്‍ ജുനൂനി ഇങ്ങനെ പറയുന്നത് കാണാം: ‘ഞങ്ങളുടേത് മനുഷ്യരുടെ അതിജീവനത്തിന് വേണ്ടിയുള്ള സ്വയംപ്രതിരോധമാണ്. കഴിഞ്ഞ മൂന്ന് വര്‍ത്തോളമായി അര്‍സ അറകാനില്‍ (Arakan) പ്രവര്‍ത്തിക്കുന്നുണ്ട്. റാഖൈനിലെ ജനതയുടെയോ റോഹിങ്ക്യകളുടേയോ സ്വത്തിനും ജീവനും ഭീഷണിയുയര്‍ത്തുന്ന ഒരു പ്രവര്‍ത്തനത്തിലും ഞങ്ങള്‍ ഇത് വരെ ഏര്‍പ്പെട്ടിട്ടില്ല.’

എന്നാല്‍ മ്യാന്‍മര്‍ ഭരണകൂടം പറയുന്നത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം ഭീകരരാണവര്‍ എന്നാണ്. അതേസമയം, ഇന്‍ര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ (International crisis group) ഏഷ്യ ഗ്രൂപ്പ് ഡയറക്ടറായ അനഗ നീലകണ്ഠന്‍ പറയുന്നു: ‘റോഹിങ്ക്യകളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അര്‍സ പ്രവര്‍ത്തിക്കുന്നത്. അവരെത്ര പേരുണ്ടെന്ന് പോലും ആര്‍ക്കുമറിയില്ല. എന്തെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടതായി യാതൊരു തെളിവുകളുമില്ല.’

പതിറ്റാണ്ടുകളായി റോഹിങ്ക്യന്‍ ജനത മ്യാന്‍മര്‍ ഭരണകൂടത്തില്‍ നിന്ന് അനീതിയും വിവേചനവും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും നേരിട്ട് കൊണ്ടിരിക്കുകയാണ്. മ്യാന്‍മറിലെ ബ്രിട്ടീഷ് ഭരണത്തിന് ശേഷം നിലവില്‍ വന്ന സൈനിക ഭരണകൂടം ഒരു പ്രത്യേക തരത്തിലുള്ള ദേശീയബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കാമ്പയിന്‍ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായാണ് റോഹിങ്ക്യകളുടെ വംശീയ ഉന്‍മൂലനത്തിന് അവര്‍ തുടക്കം കുറിച്ചത്. കൊളോണിയല്‍ ആധിപത്യത്തിന് മുമ്പ് തന്നെ റോഹിങ്ക്യകളുടെ ചരിത്രപരമായ വേരുകള്‍ മ്യാന്‍മറില്‍ കണ്ടെത്താന്‍ സാധിക്കുമെങ്കിലും അവരെ ദേശവിരുദ്ധരായാണ് മ്യാന്‍മര്‍ ഭരണകൂടം മുദ്രകുത്തുന്നത്.

2012 മുതല്‍ റോഹിങ്ക്യകള്‍ക്ക് നേരെയുള്ള മതപരമായ അസഹിഷ്ണുതകളും ആക്രമണങ്ങളും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. തങ്ങളുടെ ‘ദേശത്തിനും വംശത്തിനും’ ഭീഷണിയുയര്‍ത്തുന്നവരായാണ് റോഹിങ്ക്യകളെ ബുദ്ധിസ്റ്റുകളും മ്യാന്‍മര്‍ ഭരണകൂടവും കണക്കാക്കുന്നത്.

മങ്‌ഡോവില്‍ താമസിക്കുന്ന ഒരു റോഹിങ്ക്യന്‍ മുസ്‌ലിം അല്‍ജസീറയോട് പറഞ്ഞത് അര്‍സക്ക് അല്‍ഖാഇദയുമായോ ഐസിസുമായോ ഉള്ള ബന്ധത്തിന് യാതൊരു തെളിവുകളുമില്ല എന്നാണ്. അദ്ദേഹം പറയുന്നു: ‘മാധ്യമങ്ങളും ഭരണകൂടവും പറയുന്നത് പോലെ അവര്‍ ഭീകരരൊന്നുമല്ല. കളവാണവര്‍ പറയുന്നത്. ഓങ് സാന്‍ സൂകിയുടെ ഭരണകൂടവും സൈന്യവും കളവ് പറയുകയാണ്. റാഖൈനില്‍ അല്‍ഖാഇദയൊന്നുമില്ല.’ അര്‍സക്കാരുടെ കൈയ്യിലാകട്ടെ, വലിയ ആയുധങ്ങളൊന്നും തന്നെയില്ല. സൈനിക കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വാളുകളും തോക്കുകളും മാത്രമാണ് അവരുടെ പക്കലുള്ളത്.’

സെപ്റ്റംബര്‍ 14 ന് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അര്‍സ പറയുന്നത് തങ്ങള്‍ക്ക് അല്‍ഖാഇദയുമായോ ഐസിസുമായോ ലഷ്‌കറേ ത്വയ്യിബയുമായോ യാതൊരു തരത്തിലുമുള്ള ബന്ധങ്ങളുമില്ല എന്നാണ്. സാര്‍നി (Zarni) പറയുന്നു: ‘സൗദി അറേബ്യയിലെ റോഹിങ്ക്യക്കാരില്‍ നിന്ന് അര്‍സ ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കിലും ഇസ്‌ലാമിക രാഷ്ട്രത്തിന് വേണ്ടിയൊന്നുമല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. മറിച്ച് സമാധാനത്തിനും സമത്വത്തിനും വേണ്ടിയാണ്.

വിവ: സഅദ് സല്‍മി

Related Articles