Current Date

Search
Close this search box.
Search
Close this search box.

ആദില്‍ ഗുനൈം; ഫലസ്തീനിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം

adil-gunaim.jpg

കഴിഞ്ഞ ബുധനാഴ്ച്ച (ജൂണ്‍ 14) പ്രമുഖ ഈജിപ്ഷ്യന്‍ ചരിത്രകാരന്‍ ഡോ. ആദില്‍ ഗുനൈം എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ഫലസ്തീന്‍ പ്രശ്‌നം സംബന്ധിച്ച വിജ്ഞാനകോശത്തിന്റെ പുതിയ ഭാഗം ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. എനിക്കുള്ള അതിന്റെ കോപ്പി ഹിസ്റ്ററി സൊസൈറ്റിയുടെ ഓഫീസില്‍ വെച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച്ച ആഴ്ച്ചയിലെ അവസാന ദിവസവും (വെള്ളി അവധിയാണ് അവിടെ) റമദാനും ആയതിനാല്‍ ജീവനക്കാര്‍ നേരത്തെ പോയേക്കാമെന്നും അതുകൊണ്ട് വെള്ളി, ശനി ദിവസങ്ങളിലെ അവധി കൂടി കഴിഞ്ഞ് ഞായറാഴ്ച്ച പോയി കൈപ്പറ്റുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് പെരുന്നാളിന് മുമ്പ് കണ്ടുമുട്ടുമ്പോള്‍ പുസ്തകം സംബന്ധിച്ച അഭിപ്രായം പങ്കുവെക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഞായറാഴ്ച്ച രാവിലെ മറ്റു ചില ജോലികളില്‍ വ്യാപൃതനായിരുന്നു ഞാന്‍. ഉച്ചക്ക് ശേഷം ഞങ്ങളിരുവരുടെയും സുഹൃത്തും ഫലസ്തീന്‍ പോരാളിയും ചരിത്രകാരനുമായ അബ്ദുല്‍ഖാദര്‍ യാസീന്റെ ഫോണ്‍ വന്നു. ഡോ. ആദില്‍ ഉച്ചക്ക് മരണപ്പെട്ട വിവരം അറിയിക്കാനാണ് അദ്ദേഹം വിളിച്ചത്. മകളെ കാണാന്‍ അവളുടെ വീട്ടില്‍ പോയതായിരുന്നു അദ്ദേഹം. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങാതെ 83ാം വയസ്സില്‍ ഈ ലോകത്തോട് തന്നെ അദ്ദേഹം വിടചൊല്ലി. ഫലസ്തീന്‍ പ്രശ്‌നമെന്ന ഒരൊറ്റ വിഷയത്തില്‍ ഗവേഷണവും രചനയും നടത്താനാണ് തന്റെ ആയുസ്സിന്റെ പകുതിയോളം സമയം അദ്ദേഹം ചെലവിട്ടത്.

ഒറ്റപ്പെട്ട ആദരവുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടെങ്കിലും ബഹളമുക്തമായി ജീവിച്ച അദ്ദേഹം ശാന്തമായി തന്നെ വിടപറഞ്ഞു. 2009ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. മരണം വരെ ഫലസ്തീന്‍ പ്രശ്‌നത്തിന് ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. ഏതാനും സുഹൃത്തുക്കളും ശിഷ്യന്‍മാരും മരണവാര്‍ത്ത സോഷ്യല്‍മീഡിയകളിലൂടെ അറിയിച്ചതൊഴിച്ചാല്‍ വാര്‍ത്താമാധ്യമങ്ങളുടെ വലിയ ശ്രദ്ധയൊന്നും അത് നേടിയില്ല. അതേസമയം ഫലസ്തീന്‍ വിഷയത്തില്‍ വലിയ സംഭാവനകള്‍ അദ്ദേഹം അര്‍പിച്ചിട്ടുണ്ട്. ഐനുശ്ശംസ് യൂണിവേഴ്‌സിറ്റിയിലും മറ്റ് അറബ് നാടുകളിലും ചരിത്രാധ്യാപകനായി സേവനം ചെയ്തതിലൂടെയുള്ള വലിയൊരു ശിഷ്യസമ്പത്തും അദ്ദേഹം ബാക്കിവെച്ചിട്ടുണ്ട്.

തന്നില്‍ ഞെട്ടലുണ്ടാക്കുകയും ഫലസ്തീന്‍ പ്രശ്‌നത്തിന് വേണ്ടി ഒഴിഞ്ഞിരിക്കാന്‍ അത് പ്രേരിപ്പിക്കുകയും ചെയ്ത സംഭവമാണ് 1967 ജൂണിലെ പരാജയമെന്ന് ഫലസ്തീന്‍ വിജ്ഞാന കോശത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ബിരുദാനന്തര ബിരുദത്തിന്റെ തിസീസ് തയ്യാറാക്കുന്നതിനായി 1917നും 1936നും ഇടയിലുള്ള ഫലസ്തീന്‍ ദേശീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് അദ്ദേഹത്തിന് ഈ വിഷയത്തോട് പ്രത്യേക താല്‍പര്യമുണ്ടാക്കിയത്. 1969ലാണ് ആ പ്രബന്ധം പൂര്‍ത്തിയാക്കിയത്. പിന്നീട് ഡോക്ടറേറ്റിന് വേണ്ടി 1936ലെ വിപ്ലവം മുതല്‍ 1945ല്‍ അവസാനിച്ച രണ്ടാം ലോകയുദ്ധം വരെയുള്ള ഫലസ്തീന്‍ ദേശീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച പ്രബന്ധം അദ്ദേഹം തയ്യാറാക്കി. 1976ല്‍ ഡോക്ടറേറ്റ് ലഭിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ പഠനവിഷയം ഫലസ്തീന്‍ തന്നെയായിരുന്നു. അതുസംബന്ധിച്ച 16 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ഈജിപ്തും ഫലസ്തീന്‍ പ്രശ്‌നവും കൈകാര്യം ചെയ്യുന്ന വിജ്ഞാനകോശം പുറത്തിറക്കുന്നതും അദ്ദേഹം ഏറ്റെടുത്തു. 1973 വരെയുള്ള ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ഗതി പഠിക്കലായിരുന്നു അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്.

എണ്‍പതാം വയസ്സിലും യുവാവിന്റെ ഊര്‍ജ്ജസ്വലതയോടെ ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ചദ്ദേഹം സംസാരിച്ചിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്. ഞങ്ങളുടെ സുഹൃത്തായ പ്രൊഫസര്‍ കാരിം യഹ്‌യ അദ്ദേഹവുമായി നടത്തിയ അഭിമുഖം ‘അല്‍അഹ്‌റാം’ 2014 മെയ് 15ന് പ്രസിദ്ധീകരിച്ചിരുന്നു. ഫലസ്തീന്‍ പ്രശ്‌നത്തെ ഏറെ ദോഷകരമായി ബാധിച്ച ഓസ്‌ലോ കരാറിന് താന്‍ എതിരാണെന്ന് അതില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഇസ്രയേലില്‍ നിന്ന് നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സ്ഥിതിക്ക് സായുധ പോരാട്ടമല്ലാത്ത മറ്റൊരു മാര്‍ഗവും അറബികള്‍ക്കും ഫലസ്തീനികള്‍ക്കും മുമ്പിലില്ല എന്നദ്ദേഹം തുറന്നു പറഞ്ഞു. അധിനിവേശത്തോടുള്ള എതിര്‍പ്പ് രേഖപ്പെടുത്താന്‍ ഫലസ്തീനികള്‍ക്ക് സാധ്യമായ ഏകകാര്യം ഇന്‍തിഫാദയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാല് പതിറ്റാണ്ട് മുമ്പ് അദ്ദേഹം ഐനുശ്ശംസ് യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തിന്റെ ഭാഗമായി ചേര്‍ന്നു. ഫലസ്തീന്‍ പ്രശ്‌നമായിരുന്നു അദ്ദേഹത്തിന്റെ സ്‌പെഷ്യലൈസേഷന്‍. അത് ചര്‍ച്ച ചെയ്യുന്ന വേദികളിലും സദസ്സുകളിലും മാറ്റിനിര്‍ത്താനാവാത്ത ഒരാളായി അദ്ദേഹം മാറി. ഫലസ്തീന്‍ വിഷയത്തെ അദ്ദേഹം സജീവമാക്കുകയും സയണിസ്റ്റ് പദ്ധതികളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുകയും ചെയ്തു. വിനയത്തോടെ നിശബ്ദമായി അതിലെല്ലാം അദ്ദേഹം തന്റെ ദൗത്യം നിര്‍വഹിച്ചു.

പ്രായവും ശാരീരികാവശതകളും കാരണം ഹിസ്റ്ററി സൊസൈറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും വിജ്ഞാനകോശത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം തുടര്‍ന്നു. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ഓരോ നീക്കങ്ങളും അറിഞ്ഞ അദ്ദേഹം അതിന്റെ പേരില്‍ ദുഖിച്ചിരുന്നു. ഫലസ്തീന്‍ വിഷയം തന്നെ തുടച്ചുനീക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘നൂറ്റാണ്ടിന്റെ ഇടപാട്’ സംബന്ധിച്ച പ്രഖ്യാപനത്തിന് തൊട്ടുടനെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് ഒരുപക്ഷേ ആകസ്മികമായിരിക്കാം.  ഇസ്രയേല്‍ 1967ലെ ഖുദ്‌സ് അധിനിവേശത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണിപ്പോള്‍. നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും നെസ്റ്റിലെ പ്രതിപക്ഷ നേതാവ് ഇസ്ഹാഖ് ഹെര്‍സോഗും വളരെ രഹസ്യമായി കെയ്‌റോ സന്ദര്‍ശിച്ച് കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്ത വായിച്ച് കൃത്യം ആറാം നാള്‍ ജൂണ്‍ 18നാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലച്ചത്.

ഡോക്ടര്‍ ആദില്‍ ഗുനൈം പോരാളിയായി ജീവിച്ച് രക്തസാക്ഷിയായി വിടപറയുകയായിരുന്നെന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ വല്ല അതിശയോക്തിയുമുണ്ടാകുമോ?

വിവ: നസീഫ്‌

Related Articles