Current Date

Search
Close this search box.
Search
Close this search box.

ആക്രമിക്കുകയല്ല, ബഹിഷ്‌കരിക്കുകയാണ് വേണ്ടത്

തങ്ങളുടെ പരിശുദ്ധമായ പ്രതീകങ്ങള്‍ക്കും പൈതൃകങ്ങള്‍ക്കും നേരെയുള്ള കടന്ന് കയറ്റത്തിന് മറുപടിയെന്നോണം മുസ്‌ലിംകള്‍ പ്രകടിപ്പിച്ച പ്രതിഷേധത്തെയും പ്രക്ഷോഭത്തെയും നിസ്സാരമായി കാണുന്ന ചിലരുണ്ട്. പേരും പ്രശസ്തിയും ആഗ്രഹിക്കുന്ന ആര്‍ക്കും അത്തരത്തിലുള്ള ഏര്‍പാടുമായി രംഗത്തെത്തിയാല്‍ മതിയെന്നും, അങ്ങനെയാവുമ്പോള്‍ ഇന്തോനേഷ്യയിലും നൈജീരിയയിലും പ്രതിഷേധവുമായി പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ തെരുവിലറങ്ങുമെന്നും അവര്‍ പറയുന്നു.

തങ്ങളുട അഭിപ്രായം പ്രകടിപ്പിക്കാനുള്ള ധീരത കൊണ്ടോ, ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള ത്വര കൊണ്ടോ അല്ല ഇത്തരമാളുകള്‍ രംഗത്ത് വരുന്നത്. ജൂത ആദര്‍ശത്തെയോ, അവരുടെ ചരിത്രത്തെയോ വളരെ ചെറിയ രൂപത്തില്‍ പോലും നിരൂപിക്കാന്‍ വായ തുറക്കാനാവാത്ത ഇവര്‍, അത്തരം സാഹചര്യങ്ങളില്‍ വാക്കുകള്‍ കിട്ടാതെ ഉഴറുകയാണ് ചെയ്യാറ്. മുസ്‌ലിംകളുടെ പവിത്രമാക്കപ്പെട്ട പ്രതീകങ്ങളെയും പാരമ്പര്യങ്ങളെയും ആക്ഷേപിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന യൂറോപ്യന്മാര്‍ ജൂത ചരിത്രത്തെ നിരൂപണം ചെയ്ത ഒരു എഴുത്തുകാരന് പോലും മറുപടി പറയാനാവാതെ നിന്ദ്യകരമായ ഭീരുത്വത്തിന് കീഴപ്പെട്ടവരാണ്. എന്നാല്‍പോലും ഹോളോകോസ്റ്റില്‍ ആറ് മില്യന്‍ പേര്‍ കൊല്ലപ്പെട്ടുവെന്നതില്‍ നാണവും മാനവുമില്ലാതെ ഉറച്ച് നില്‍ക്കുന്നു അവര്‍. ആ കണക്കില്‍ നിന്ന് ഒന്ന് പോലും കുറക്കാന്‍ ആര്‍ക്കും അനുവാദമില്ലത്രേ. അതില്‍ സംശയം പ്രകടിപ്പിച്ചവന്‍ ഭ്രാന്തനോ, തന്റെ ശാസ്ത്രീയ ഭാവിയെ ബലികഴിച്ചവനോ ആണ്.

അവരെന്ത് കൊണ്ട് ഇപ്രകാരം ചെയ്യുന്നു? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെന്‍മാര്‍ക്കില്‍ പുറത്തിറങ്ങിയ കാര്‍ട്ടൂണ്‍. ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ വിവാദമായ വൃത്തികെട്ട വീഡിയോ. അതിന്റെ തുടര്‍ച്ചയെന്നോണം ഫ്രാന്‍സിലെ മാഗസിന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍. ഒരു പക്ഷെ ഈ പകര്‍ച്ച വ്യാധി ജര്‍മനിയിലേക്കും അവിടെ നിന്ന് ഇറ്റലിയിലേക്കും പടര്‍ന്നേക്കാം. ചിലര്‍ നേരം പോക്കിനുള്ള ഒരു തമാശയായി അതിനെ സ്വീകരിച്ച സാഹചര്യത്തില്‍, മറ്റ് രാഷ്ട്രങ്ങളിലേക്കും പടരാനുള്ള സാധ്യത കുറവല്ല. പേരും പ്രശസ്തിയും ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തനമാണത്. മുസ്‌ലിംകളെ ഇളക്കാനും, വെറുപ്പിക്കാനും പറ്റിയ ഏറ്റവും മികച്ച ആയുധവുമാണത്. ശേഷം കോപിഷ്ഠരുടെ പ്രവര്‍ത്തനങ്ങള്‍ മുതലെടുത്ത് ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാമല്ലോ. പ്രതിഷേധത്തിന്റെയും രോഷത്തിന്റെയും തീപ്പൊരികള്‍ അറബ് ലോകത്താകെ പടരുമ്പോള്‍ പ്രത്യേകിച്ചും.

പ്രവാചക നിയോഗത്തിന് ശേഷം നേരിടേണ്ടി വന്ന ആക്രമണ പരമ്പരയിലെ കേവലം ഒരു കണ്ണി മാത്രമാണ് നാം കണ്ട നിന്ദയും, ആക്ഷേപവും. അതിനെ മൗനം കൊണ്ടല്ല നേരിടേണ്ടത്. മറിച്ച്, കോപവും രോഷവുമാണ് അര്‍ഹിക്കുന്ന പ്രവൃത്തിയാണത്. അതിനാല്‍ തന്നെ പ്രതിഷേധക്കാര്‍ക്ക് ന്യായമുണ്ടെന്ന് വിശ്വസിക്കുകയും, അവരുടെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. പക്ഷെ, തങ്ങളുടെ വികാരം അവര്‍ പ്രകടിപ്പിച്ച രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. പ്രസ്തുത സിനിമക്കെതിരെ ശക്തമായി അപലപിച്ച പാശ്ചാത്യ സമൂഹങ്ങളിലെ മതസ്ഥാപനങ്ങളുടെയും, ഔദ്യോഗിക വകുപ്പുകളുടെയും നടപടിയെ ഞാന്‍ വിലമതിക്കുന്നു. പക്ഷെ അവയൊന്നും തന്നെ രോഷം പ്രകടിപ്പിക്കുന്നതില്‍ നിന്നോ പ്രതിഷേധിക്കുന്നതില്‍ നിന്നോ നമ്മെ തടയാന്‍ പര്യാപ്തമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പാശ്ചാത്യ രാഷ്ട്രങ്ങളിലെ ഭൂരിപക്ഷ രാഷ്ട്രീയക്കാര്‍ക്കും അറബ്-മുസലിം ജനതയോട് ആദരവോ, കൂറോ ഇല്ല എന്ന് തിരിച്ചറിയാന്‍ ഈ സാഹചര്യം നമ്മെ സഹായിച്ചിരിക്കുന്നു. സദാചാരത്തേക്കാളും, മൂല്യത്തേക്കാളും അവര്‍ക്ക് മുന്‍ഗണനയര്‍ഹിക്കുന്നത് കേവലം താല്‍പര്യങ്ങള്‍ മാത്രമാണ്. ഫലസ്തീന്‍ പ്രശ്‌നത്തോടുള്ള അവരുടെ അക്രമ സമീപനം എല്ലാവര്‍ക്കും സുപരിചിതമാണ്. മാത്രമല്ല, തങ്ങളുടെ ഹിതങ്ങള്‍ക്കനുഗുണമാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ അറബ് ലോകത്തെ സ്വേഛാധിപതികളായ ഭരണകൂടങ്ങള്‍ക്ക് അവര്‍ നല്‍കുന്ന പിന്തുണ രഹസ്യമല്ല. ഫ്രഞ്ച് പാര്‍ലിമെന്റിന്റെ ഒരു സമ്മേളനത്തില്‍ കാര്യമായ ചര്‍ച്ച ഒന്നാം ലോകഭീകരയുദ്ധ സമയത്ത് ഉസ്മാനികള്‍ അര്‍മേനിയന്‍ വംശജരെ കൂട്ടക്കൊല നടത്തിയെന്ന ചരിത്ര കഥയെ സ്ഥാപിക്കുകയെന്നതിനെക്കുറിച്ചായിരുന്നു. ഫ്രാന്‍സില്‍ ജീവിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന അര്‍മേനിയന്‍ വംശജരുടെ വോട്ട് ബാങ്ക് സ്വപ്‌നം കണ്ട മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ തന്ത്രമായിരുന്നു അത്.

പടിഞ്ഞാറന്‍ രാഷ്ട്രീയത്തെ നയിക്കുന്നത് കേവലം താല്‍പര്യങ്ങളുടെ കണക്കുകളാണെന്ന് ഞാന്‍ പറഞ്ഞാല്‍ അത് പുതിയ കാര്യമൊന്നുമല്ല. മറിച്ച് അക്കാര്യം ഓര്‍മിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അവരുടെ ഭാഷയില്‍ അവരോട് അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണത്. അതായത് എല്ലാറ്റിനും മീതെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു സമൂഹത്തിന് നേരെ എന്ത് കൊണ്ട് അതേ മാര്‍ഗം നമുക്ക് സ്വീകരിച്ച് കൂടാ? നമ്മുടെ താല്‍പര്യത്തിന് വേണ്ടി അവരോട് കോപിച്ച് കൂടാ? നമ്മുടെ മഹത്തായ പൈതൃകങ്ങളെ നിന്ദിക്കുന്നതിലുള്ള വേദനക്ക് മറുപടിയെന്നോണം അവരെ വേദനിപ്പിച്ച് കൂടാ. മുസ്‌ലിംകളുടെ പാരമ്പര്യങ്ങള്‍ക്ക് മേല്‍ കുതിരകയറുന്നവരോട് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താക്കീത് നല്‍കാനും അത് മുഖേന സാധിക്കുമല്ലോ.

നമ്മുടെ ഒച്ചവെച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍ വിശാലമായ അന്തരീക്ഷത്തില്‍ കേവലം കൈഞൊടിച്ച ശബ്ദം മാത്രമെ സൃഷ്ടിക്കുകയുള്ളൂ. ഏതാനും രാഷ്ട്രങ്ങളുടെ എംബസികള്‍ക്കും, നയതന്ത്ര സ്ഥാപനങ്ങള്‍ക്കും നേരെയുള്ള കടന്ന്കയറ്റത്തില്‍ പ്രയോജനത്തേക്കാളിരട്ടി ഉപദ്രവമാണുള്ളത്. മാത്രമല്ല, ഒരു കുറ്റകൃത്യത്തെ മറ്റൊരു കുറ്റകൃത്യം കൊണ്ട് പ്രതിരോധിക്കുന്ന രീതിയുമാണത്. പ്രവാചകനിന്ദക്ക് നേതൃത്വം നല്‍കിയ, അവരോട് സഹകരിച്ച രാഷ്ട്രങ്ങളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ച്, അവരുടെ താല്‍പര്യങ്ങളോട്് സമരം നടത്തേുകയാണ് വേണ്ടത്. തീര്‍ത്തും സുഭദ്രവും നാഗരികവുമായ രീതിയാണത്. ഒച്ചപ്പാടുണ്ടാക്കുകയോ, എംബസികളുടെ മതിലുകള്‍ക്ക് മുകളില്‍ കയറുകയോ, അവക്ക് മുന്നിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയോ അല്ല ചെയ്യേണ്ടത്.

എംബസികളെ ലക്ഷ്യമിടുന്നതും, ആയുധം പ്രയോഗിക്കുന്നതും നിസ്സാരമായി കാണുന്ന ചിലരുണ്ട്. മറ്റു ചിലരാവട്ടെ, ഇത്തരം കാര്യങ്ങളില്‍ നിന്നും സമൂഹത്തെ അലട്ടുന്ന ഏതാനും പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിച്ച് വിടാനും ശ്രമിക്കുന്നു. പ്രവാചകനെ സഹായിക്കുകയെന്ന പേരില്‍ ചാനലുകളില്‍ ഇടക്കിടെ കണ്ട് കൊണ്ടിരിക്കുന്ന പ്രകടനങ്ങളെയും, കാമ്പയിനുകളെയും തികഞ്ഞ ജാഗ്രതയോടെയാണ് ഞാന്‍ സമീപിച്ചത്. പ്രവാചകന്നുള്ള യഥാര്‍ത്ഥ പിന്തുണ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുന്നതക്കുന്നതിലൂടെയാണ് പൂര്‍ത്തിയാവുക. ശത്രുക്കളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയെന്ന ഗൗരവതരമായ ഉത്തരവാദിത്തമാണത്. വിദ്വേഷികളായ ശത്രുക്കള്‍ക്ക് പ്രവാചകനിന്ദയുടെ പ്രത്യാഘാതം അനുഭവിച്ചറിയാന്‍ പര്യാപ്തമാണത്. വിശാലമായ അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഈ വിഷയത്തില്‍ ജനകീയ കാമ്പയിന്‍ നടത്തുകയാണ് വേണ്ടത്.

താല്‍പര്യങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന ജനതക്ക് നല്‍കേണ്ട ഏറ്റവും വലിയ ശിക്ഷ താല്‍പര്യങ്ങളെ ഹനിക്കുകയെന്നത് തന്നെയാണ്. തീര്‍ത്തും ശാന്തമായ, ഭദ്രമായ അതോടൊപ്പം ക്രിയാത്മകമായ ഈ പ്രക്ഷോഭത്തെ അവര്‍ക്ക് നേരിടാന്‍ കഴിയുകയില്ലെന്ന് തീര്‍ച്ച.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles