Current Date

Search
Close this search box.
Search
Close this search box.

അസ്തമയത്തിലേക്ക് നിങ്ങുന്ന ഗള്‍ഫ് പ്രവാസം

ഗള്‍ഫ് പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തില്‍ ഒരു ‘റിവേഴ്‌സ് മൈഗ്രേഷ’നെ (മടക്ക പ്രവാസം) കുറിച്ച ചിന്തകള്‍ക്ക് ആക്കം കൂട്ടേണ്ട പ്രതിസന്ധിയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില തകരുന്ന പാശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗള്‍ഫിലെ എല്ലായിടത്തും തൊഴില്‍ രംഗം പരിഷ്‌കരിക്കാന്‍ എണ്ണവിപണിയിലുണ്ടായ പുതിയ സാഹചര്യം വഴിവെക്കുമെന്ന് പ്രവാസലോക നിരീക്ഷകര്‍ വിലയിരുത്തപ്പെടുന്നു. ഗള്‍ഫ് നാടുകളിലെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമ്പോള്‍ വിദേശ തൊഴിലാളികളുടെ തോത് കുറക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാവും. അപ്രതീക്ഷിതമായി പെട്രോള്‍ വില കുത്തനെ കുറയുന്ന സാഹചര്യം പ്രവാസലോകത്ത് ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികളുടെ സ്വസ്ഥജീവിതത്തിന് മങ്ങലുകള്‍ വീഴ്ത്തുമോ എന്ന ആശങ്ക ആഗോളതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇപ്പോള്‍ തന്നെ സൗദിഅറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ സ്വദേശി വത്കരണത്തിന്റെ പേരില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന തൊഴില്‍നിയമ പരിഷ്‌കാരങ്ങള്‍ ഏറെ ബാധിച്ചിരിക്കുന്ന വിദേശികള്‍ക്ക് ഒരു ‘ഇടിത്തീ’ പോലെയാണ് ഇപ്പോഴത്തെ എണ്ണ വിലയിടിവ് മൂലമുണ്ടായ പ്രതിസന്ധി. ഇതു എത്ര പേരെ ബാധിക്കുമെന്നോ പ്രവാസികള്‍ ഏതുരീതിയില്‍ പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ പോകുന്നുവെന്നോ ഇപ്പോള്‍ ആര്‍ക്കും ധാരണയില്ല. വിദേശ രാജ്യങ്ങളിലെ ആഭ്യന്തര തൊഴില്‍ മേഖലകള്‍ ഇപ്പോഴും സ്വയം പര്യാപ്തമായിട്ടില്ല. അതുകൊണ്ട് തന്നെ മറുനാടന്‍ തൊഴിലാളികളില്‍ എന്ന വലിയൊരു വിഭാഗത്തെ പലകാരണങ്ങളാല്‍ പറഞ്ഞയച്ചാല്‍ ഒന്നാമതായി തകരുന്നത് അവരുടെ തന്നെ സമ്പദ് വ്യവസ്ഥയായിരിക്കും.

തൊഴില്‍ മേഖലകള്‍ വ്യവസ്ഥാപിതമാക്കാനും സ്വദേശീ പൗരന്മാര്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തന്നെയാണ് ഓരോ രാജ്യത്തിന്റെയും ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. ഓരോ രാജ്യവും സ്വദേശികളുടെ പുരോഗതിയും ഭാവിയും പരിഗണിച്ച് തൊഴില്‍ മേഖലകള്‍ പരിഷ്‌കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ ആര്‍ക്കും അവകാശമില്ല. അതേസമയം പുതിയ തൊഴില്‍ പ്രതിസന്ധി അതീവ ഗൗരവത്തോടെ അഭിമുഖീകരിക്കാന്‍ നമ്മുടെ രാജ്യത്തിന്റെ ഭരണകൂടത്തിന് ബാധ്യതയുണ്ട്. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴോ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴോ അതില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആരായാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം നമ്മുടെ സര്‍ക്കാരിനുണ്ട്. ഗള്‍ഫ്കാരന്റെ കുടുംബങ്ങളില്‍ നിന്ന് അസ്വാസ്ഥ്യത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയരുന്നതിന് മുമ്പ് തന്നെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ ഒരു നീക്കം അനിവാര്യമാണ്. നാട്ടില്‍ വരുമാനമാര്‍ഗം ഉണ്ടാക്കാവുന്ന നിക്ഷേപ പദ്ധതികള്‍ക്ക് ആസൂത്രണത്തോടെ രൂപം കൊടുക്കാന്‍ പ്രവാസികള്‍ തയ്യാറാവേണ്ട ഒരു കാലം കൂടിയാണിപ്പോള്‍. തിരിച്ചു പോക്ക് ശക്തമായി തുടങ്ങിയ ഘട്ടത്തില്‍ നാട്ടില്‍ ഏര്‍പ്പെടാന്‍ പറ്റുന്ന കൊച്ചു സംരംഭങ്ങള്‍ സഹകരണമേഖലയുടെയും മറ്റു പ്രാദേശിക തൊഴില്‍ കൂട്ടയ്മകളുടെയും സഹകരണത്തോടെ എങ്ങനെ കാര്യക്ഷമമാക്കാം എന്ന ചിന്തയും നടക്കേണ്ട സമയമാണിത്.

ഗള്‍ഫിലെ തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്കുള്ള വാതായനങ്ങള്‍ ഒന്നൊന്നായി അടച്ച് പൂട്ടികൊണ്ടിരിക്കുന്ന അവസ്ഥകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ തിരിച്ചറിഞ്ഞ് മടക്കയാത്രക്കൊരുങ്ങി നില്‍ക്കാനേ പ്രവാസികള്‍ക്ക് കഴിയൂ. ഇങ്ങനെ നാടണയേണ്ടിവരുന്ന തൊഴില്‍ രഹിതരായ പ്രവാസികള്‍ക്ക് ഫലപ്രദമായ തൊഴില്‍ മാര്‍ഗം കണ്ടെത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നമ്മുടെ നാട് ഭരിക്കുന്നവര്‍ക്ക് കഴിയേണ്ടതുണ്ട്. ഗള്‍ഫ് മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ സാമൂഹ്യഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന ശക്തമായ പ്രതിഫലനങ്ങള്‍ ഗൗരവപൂര്‍വം പഠനം നടത്തി പരിഹാരം കാണേണ്ടുന്ന ഒരു വിഷയമാണ്. ഒരിക്കലും മടക്കം പ്രതീക്ഷിക്കാത്ത പിറന്ന നാടാണ് ഓരോ പ്രവാസിയേയും കാത്തിരിക്കുന്നത് എന്ന സത്യവും നാം വിസ്മരിക്കരുത്.

Related Articles