Current Date

Search
Close this search box.
Search
Close this search box.

അസമില്‍ വീണ്ടും ചോര മണക്കുന്നു

2012 ല്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും 4 ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്ത വംശീയ കലാപത്തിന്റെ ചോരപ്പാടുകള്‍ മാഞ്ഞുതുടങ്ങും മുമ്പ് അസമില്‍ വീണ്ടും കലാപാഗ്നി പടരാന്‍ തുടങ്ങിയിരിക്കുന്നു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായി നടന്ന കൂട്ടക്കുരുതിയില്‍ 33 ഓളം മുസ്‌ലിംകളാണ് മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഈ വടക്ക്കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. അസമില്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമണം ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. 1983 ല്‍ നടന്ന നെല്ലികൂട്ടക്കൊലയില്‍ 3000 ത്തിലധികം മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ‘നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ’ സാന്നിധ്യം വര്‍ധിക്കുന്നത് തദ്ദേശീയരുടെ ജീവിതം ദുസ്സഹമാക്കുന്നവെന്ന കാരണം പറഞ്ഞാണ് ബോഡോകള്‍ പ്രദേശവാസികളായ മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം അക്രമണം അഴിച്ചുവിടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ബംഗാളികളുടെ അസമിലേക്കുള്ള വന്‍തോതിലുള്ള കുടിയേറ്റം ആരംഭിച്ചത്. ഇതില്‍ മുസ്‌ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. കുടിയേറ്റത്തിന്റെ മൂലകാരണം ദാരിദ്ര്യമായിരുന്നു. എന്നാല്‍ ‘അനധികൃത ബംഗാളി കുടിയേറ്റക്കാരായി’ ചിത്രീകരിക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതുമെല്ലാം എപ്പോഴും മുസ്‌ലിംകളാണ്. ദാരിദ്രം മൂലം രാജ്യത്തിന്റെ പലഭാഗത്തും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍തോതിലുള്ള കുടിയേറ്റങ്ങളുണ്ടാകുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നുതന്നെ മുസ്‌ലിംകളല്ലാത്തവരുടെ കുടിയേറ്റം മോശപ്പെട്ട കാര്യമായും രാജ്യസുരക്ഷയെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്ന പ്രശ്‌നമായി ആരും കണക്കാക്കാറില്ല. ദാരിദ്രം മൂലവും മറ്റു സാമ്പത്തിക പരാധീനതകള്‍ കാരണവും കുടിയേറുന്ന മുസ്‌ലിംകളെ മാത്രം പ്രശ്‌നക്കാരായി ചിത്രീകരിക്കുന്ന വര്‍ഗീയ ശക്തികളുടെ നിരന്തര പ്രചാരണം നമ്മുടെ ജനതയുടെ മനോഘടനയെ തന്നെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ആവര്‍ത്തിക്കുന്ന കലാപങ്ങള്‍ നല്‍കുന്ന സൂചന. ഏറ്റവുമൊടുവില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ബംഗാളില്‍വെച്ച് കഴിഞ്ഞ ആഴ്ച്ച നടത്തിയ പ്രസ്താവനയും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. ‘അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികള്‍’ മെയ് 16 ന് ശേഷം നാടുവിടാന്‍ തയ്യാറായി കൊള്ളാനായിരുന്നു മോഡിയുടെ ആജ്ഞ. അസമിലെ പുതിയ കലാപത്തിന് മോദിയുടെ വാക്കുകളും പ്രചോദനമായിട്ടില്ലെന്ന് പറയാനാവില്ല. എന്നാല്‍ പ്രത്യേകം മനസ്സിലാക്കേണ്ട കാര്യം, ബംഗ്ലാദേശികളെന്ന പേരില്‍ ഇപ്പോള്‍ അക്രമിക്കപ്പെടുന്നവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയെത്തിയവരുടെ പിന്‍തലമുറകളില്‍പ്പെട്ട ഇവിടെ ജനിച്ച് വളര്‍ന്ന് ഇന്ത്യന്‍ പൗരത്വമുള്ള വോട്ടര്‍കാര്‍ഡടക്കമുള്ളവരാണ് എന്നതാണ്. മോദിയെപോലുള്ള വര്‍ഗീയ വിഷം തുപ്പുന്ന രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയ ലാഭത്തിനും സ്വകാര്യ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉയര്‍ത്തി വിടുന്ന വര്‍ഗീയ ആരോപണങ്ങള്‍ നമ്മുടെ രാജ്യത്തെ പൗരന്‍മാരുടെ ജീവന് തന്നെയാണ് ഭീഷണിയായി മാറുന്നത്.

അസമില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആവര്‍ത്തിച്ചുള്ള കലാപത്തിന്റെ ഉത്തരവാദിത്വം പ്രധാനമായും സംസ്ഥാന സര്‍ക്കാറിന് തന്നെയാണ്. 2012 ലെ കലാപത്തില്‍ ഇരകളാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതില്‍ ഇപ്പോഴും വിജയിച്ചിട്ടില്ലാത്ത സര്‍ക്കാര്‍ ജാഗ്രത പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ കലാപം തടയാനാകുമായിരുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ബോഡോകള്‍ക്ക് പരിമിതമായ അധികാരങ്ങളോടുകൂടി സ്വയം ഭരണാധികാരം നല്‍കിയ സര്‍ക്കാര്‍ അവിടത്തെ മുസ്‌ലിംകളോട് കാണിക്കുന്ന വിവേചനം അങ്ങേയറ്റം ക്രൂരമാണ്. 70 ശതമാനത്തിലധികം മുസ്‌ലിംകളുള്ള പ്രദേശങ്ങള്‍ പോലും അവരുടെ കടുത്ത എതിര്‍പ്പ് മറികടന്ന് ബോഡോകളുടെ സ്വയം ഭരണാധികാര പ്രദേശത്തോട് ചേര്‍ത്താണ് 2003 ല്‍ കേന്ദ്ര സര്‍ക്കാര്‍ ബോഡോകളുമായി ഒത്തുതീര്‍പ്പിലെത്തിയത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ബോഡോ സ്വയംഭരണാധികാര മേഖലയില്‍ നിന്നും ഒഴിവാക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യഥാര്‍ഥത്തില്‍ ആവര്‍ത്തിച്ചുള്ള കലാപത്തിന് കോപ്പ് കൂട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ആയുധംവെച്ച് കീഴടങ്ങുമെന്ന് പ്രഖ്യാപിച്ച ബോഡോ തീവ്രവാദികള്‍ ഇപ്പോഴും സ്വന്തമായ സൈന്യവും ആയുധ ശേഖരങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ അവരെ നിരായുധീകരിക്കാനുള്ള നടപടികളും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ കൈകൊണ്ടിട്ടില്ല. കലാപങ്ങളുണ്ടാകുമ്പോള്‍ ഖേദപ്രകടനങ്ങളും അനുശോചനങ്ങളും പ്രകടിപ്പിക്കുക എന്നതിലുപരി കലാപങ്ങള്‍ തടയുന്നതിനുള്ള  പ്രായോഗിക നടപടികള്‍ സ്വീകരിക്കാനും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും കലാപത്തിന്റെ മുറിവുകള്‍ ഉണക്കാനും സാമുദായിക സൗഹൃദം നിലനിര്‍ത്താനും സര്‍ക്കാറുകള്‍ ഇനിയെങ്കിലും സന്നദ്ധമാകേണ്ടതുണ്ട്. അല്ലെങ്കില്‍ അസമില്‍ ഇനിയും ആവര്‍ത്തിച്ചുള്ള മനുഷ്യ കൂട്ടക്കുരുതികള്‍ക്ക് നമ്മള്‍ സാക്ഷികളാകേണ്ടി വരും.

Related Articles