Current Date

Search
Close this search box.
Search
Close this search box.

അവസാനത്തെ മരുന്നാണ് കര്‍ഫ്യൂ

egypt90.jpg

അമേരിക്കന്‍ പ്രവിശ്യയായ വിസ്‌കോന്‍സിനിലെ മില്‍വോകി നഗരത്തില്‍ രാത്രി പത്ത് മണിക്ക് ശേഷം കൗമാരക്കാര്‍ക്ക് മേല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ഞാന്‍ വായിച്ചു. കറുത്തവര്‍ക്കെതിരായ വംശീയ വിവേചനങ്ങളിലുള്ള പ്രതിഷേധം ശക്തിപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ലഘുകരിക്കലാണ് അതിന്റെ ഉദ്ദേശ്യം. എന്റെ വീടിന് താഴെ പുലര്‍ച്ചെ ഫുട്‌ബോള്‍ കളിക്കാനെത്തുന്ന കൗമാരക്കാരെ കുറിച്ച് ഓര്‍ക്കുന്നതിന് അത് കാരണമായി. പ്രദേശത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് ഞാനതിനെ കുറിച്ച് പരാതി നല്‍കിയിരുന്നു. അദ്ദേഹവും സമാനമായ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും അതിന് പരിഹാരമില്ലെന്നുമുള്ള മറുപടിയാണ് ഓഫീസറില്‍ നിന്ന് എനിക്ക് കിട്ടിയത്. കെയ്‌റോയുടെ മിക്ക പ്രദേശങ്ങളിലും ഒരു പകര്‍ച്ച വ്യാധി പോലെ ഈ പ്രതിഭാസം നിലനില്‍ക്കുന്നുണ്ടെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ക്ലബ്ബുകളെ ഉപേക്ഷിച്ച് പോന്നിരിക്കുകയാണ് യുവാക്കള്‍. കാരണം അതിന്റെ പരിമിതമായ പ്രവര്‍ത്തനങ്ങള്‍ അവരെ ആകര്‍ഷിക്കാത്തതോ അര്‍ധരാത്രിയോടെ അവയുടെ വാതിലുകള്‍ അടക്കപ്പെടുന്നതോ ആയിരിക്കാം. റോഡുകള്‍ ട്രാഫിക്കൊഴിഞ്ഞ ശാന്തമാകുമ്പോള്‍ അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. വേനല്‍കാലത്ത് ഒന്നു കൂടി ഈ പ്രവണത ശക്തിപ്പെടുന്നു.

എന്റെ വീടിന്റെ ജനാലയില്‍ കൂടി നോക്കുമ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കുന്നതും ചിലപ്പോഴെല്ലാം പാട്ടുപാടുന്നതും നൃത്തംവെക്കുന്നതും ശണ്ഠകൂടുന്നതുമെല്ലാം കാണാം. ചിലപ്പോഴെല്ലാം അവര്‍ ഫുട്‌ബോള്‍ കളിക്കുകയും ചെയ്യുന്നു. അവര്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നതും എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം കൂട്ടങ്ങള്‍ വര്‍ഷം മുഴുവന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത് എന്റെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ശൈത്യമോ കാറ്റോ മഴയോ ഒന്നും അവരെ ബാധിക്കുന്നേയില്ല. ഈ പ്രവര്‍ത്തനങ്ങള്‍ അതിന്റ ഉച്ചിയില്‍ എത്തുന്നത് വേനല്‍ അവധിയിലാണെങ്കിലും ഏത് കാലാവസ്ഥയിലും തങ്ങളുടെ ഹോബികളില്‍ സജീവമാണവര്‍.

കൗമാരക്കാരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കൂട്ടം ഇങ്ങനെ രാത്രി മുഴുവന്‍ ചെലവഴിക്കുന്നു. എന്നിട്ടും അവരുടെ കുടുംബങ്ങള്‍ അവരെ ഗുണദോഷിക്കുകയോ പ്രദേശവാസികളെ ശല്യപ്പെടുത്തുന്നതിന്റെ പേരില്‍ പോലീസ് അവരെ പിടികൂടുകയോ ചെയ്യുന്നില്ലെന്നതും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ നിത്യേനെയുള്ള ഈ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുണ്ടായിരിക്കെയാണിത്. ആണ്‍മക്കളെയും പെണ്‍മക്കളെയുമെല്ലാം ഉപദേശിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന് വീട്ടുകാരെല്ലാം ഒഴിഞ്ഞപോലെയാണിത് തോന്നിപ്പിക്കുന്നത്. അപ്രകാരം പോലീസ് രാഷ്ട്രീയ സുരക്ഷിതത്വത്തില്‍ വ്യാപൃതരായി സാമൂഹ്യസുരക്ഷ ജനങ്ങള്‍ക്ക് വിട്ടുകൊടുത്ത പോലെയും ഈ പ്രവര്‍ത്തനങ്ങള്‍ തോന്നിപ്പിക്കുന്നു. എന്നാല്‍ സാധാരണക്കാരായ ജനങ്ങളാണ് തങ്ങളുടെ മതില്‍കെട്ടിനപ്പുറത്ത് നടക്കുന്ന ഈ പരിപാടികളുണ്ടാക്കുന്ന പ്രയാസമെല്ലാം അനുഭവിച്ചിരുന്നത്.

എന്റെ അറിവനുസരിച്ച് കെയ്‌റോ നഗരത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ലിത്. മറിച്ച് മിക്ക ഈജിപ്ഷ്യന്‍ നഗരങ്ങളിലും ഇത് കാണാം. കളിവിനോദങ്ങളിലെ ‘തീവ്രവാദ’ത്തിന്റെ ഒരു രൂപമായിട്ടാണത് പ്രകടമാവുന്നത്. ഒരു നിശ്ചിത സമയത്തിന് ശേഷം കൗമാരക്കാര്‍ക്ക് മേല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി പരിഹരിക്കാന്‍ സാധിക്കുന്ന ഒന്നാണോ ഇത്? അത് പ്രായോഗികമോ സാധ്യമോ അല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മില്‍വോകി ഗവര്‍ണര്‍ അത് നടപ്പാക്കിയത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാണ്. എന്നാല്‍ ഇവിടെ ഈ ചെറുപ്പക്കാര്‍ അനാവശ്യത്തിനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. അവര്‍ ആ സ്വാതന്ത്ര്യം തെറ്റായ രീതിയിലാണ് ഉപയോഗപ്പെടുത്തുന്നത്.

അവര്‍ ഒരേ സമയം അക്രമികളും അക്രമത്തിനിരയാക്കപ്പെട്ടവരുമാണെന്നാണ് ഞാന്‍ അവരെ കുറിച്ച് പറയുക. കാരണം, ജനങ്ങള്‍ക്ക് അവര്‍ ശല്യം ചെയ്യുന്നതിനാല്‍ അവര്‍ അക്രമികളാണ്. കുടുംബം അവരെ ഉള്‍ക്കൊണ്ട് നേര്‍വഴിയിലേക്ക് കൊണ്ടുവരികയോ പോലീസ് അവരെ തടയുകയോ ചെയ്യാത്തതിനാല്‍ അക്രമത്തിനിരയാക്കപ്പെട്ടവരുമാണ് അവര്‍. ഈ വിലയിരുത്തല്‍ ശരിയാണെങ്കില്‍ ഈ പ്രതിഭാസത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഭരണകൂടത്തിനും ഉത്തരവാദിത്വങ്ങളുണ്ട്. അവരെ അഭിസംബോധന ചെയ്യാനുള്ള പ്രവിശാലമായ ഇടമാണ് സമൂഹത്തിനും കുടുംബത്തിനും മുന്നിലുള്ളത്. ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കുന്നവരെ ശിക്ഷിക്കാനും അത് രാജ്യസുരക്ഷക്കെതിരെയുള്ള കുറ്റമായി പരിഗണിക്കാനും ക്രിമിനല്‍ നിയത്തില്‍ വകുപ്പുകളുണ്ട്. എന്നാല്‍ സാമൂഹ്യശല്യത്തെ കുറിച്ച് വ്യക്തമായ പരാമര്‍ശമൊന്നും കാണുന്നില്ല. ബഹളത്തിന് കാരണക്കാരായവര്‍ക്ക് പരമാവധി 25 പൗണ്ട് (ഏകദേശം 2 ഡോളര്‍) വരെ പിഴ ചുമത്താനാണ് നിയമം അനുശാസിക്കുന്നത്. അതിലേറെ നല്ലത് ശിക്ഷിക്കാതിരിക്കലാണ്.

ഭരണകൂടം അതിന് അസ്വസ്ഥത സൃഷ്ടിക്കുന്നവരുടെ കാര്യത്തില്‍ ജാഗ്രത കാണിക്കുമ്പോള്‍ സമൂഹത്തിന് അസ്വസ്ഥ സൃഷ്ടിക്കുന്നവരെ പരിഗണിക്കുന്നേയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. നിലവിലെ അവസ്ഥയില്‍ രാഷ്ട്ര സംവിധാനങ്ങളെല്ലാം ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കുന്നവര്‍ക്ക് നേരെയാണ് തിരിച്ചുവെച്ചിരിക്കുന്നത്. സമൂഹത്തിന്റെ കാര്യങ്ങള്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. വാഹനം മോഷണം പോയെന്ന് പരാതിയുമായി പോലീസിനെ സമീപിക്കുമ്പോള്‍ സ്വന്തം നിലക്ക് അത് അന്വേഷിക്കാനോ അല്ലെങ്കില്‍ മോഷണ സംഘങ്ങളുമായി ബന്ധമുള്ള ആരെയെങ്കിലും ചൂണ്ടിക്കാണിച്ച് അവരുമായി ബന്ധപ്പെട്ടാനോ ഉപദേശിക്കുന്ന എത്രയോ സംഭവങ്ങള്‍ ഈയടുത്ത് നടന്നിട്ടുണ്ട്. സുരക്ഷാ വിഭാഗത്തിന് എന്തെങ്കിലും കുലുക്കമുണ്ടാകണമെങ്കില്‍ കുറ്റവാളിയുടെ ഭീകരബന്ധം അറിയിക്കുകയല്ലാതെ വേറെ വഴി ജനങ്ങള്‍ക്ക് മുമ്പിലില്ല എന്നതാണ് അവസ്ഥ. അങ്ങനെയാവുമ്പോള്‍ മാത്രമാണ് അയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും തുടര്‍ നടപടികളുണ്ടാവുന്നതും.

കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സാധാരണയായി നിയമം സാമൂഹിക പശ്ചാത്തലത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ സമൂഹങ്ങളുടെ ദൗര്‍ബല്യം നിയമങ്ങളിലും പ്രതിഫലിക്കുന്നു. അതുകൊണ്ടാണ് ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമാവുമ്പോള്‍ സമൂഹത്തിന് അസ്വസ്ഥയുണ്ടാക്കുന്നത് അങ്ങനെയല്ലാതെയായി മാറുന്നത്. എല്ലാവരും തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവാന്‍മാരുകയും ദ്രോഹങ്ങളില്‍ നിന്ന് ജനങ്ങള്‍ രക്ഷപ്പെടുകയും ചെയ്യുന്നതിന് നീണ്ട സമയം ആവശ്യമാണ്. അതു സംഭവിക്കും വരെ ഭരണകൂടം സംവിധാനങ്ങളെ ആക്ഷേപിക്കുയല്ലാതെ വേറെ വഴിയൊന്നും നമ്മുടെ മുമ്പിലില്ല. സമാധാനപരമായി നടക്കുന്ന പ്രകടനങ്ങളെ രാഷ്ട്രീയ പ്രക്ഷോഭങ്ങളെന്ന് വിളിച്ച് അവ പിരിച്ചുവിടാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയും അതില്‍ അണിചേര്‍ന്നവരെ സൈനിക കോടതികളില്‍ വിചാരണ ചെയ്യുകയുമാണിന്ന്. എന്തുകൊണ്ടാണ് അവര്‍ ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിന് നിരന്തരം ശല്യമുണ്ടാക്കുന്ന കൂട്ടങ്ങളെ സദുപദേശം നല്‍കി പിരിച്ചുവിടാന്‍ ശ്രമിക്കാത്തത്? ജനങ്ങളുടെ പരാതിക്കനുസരിച്ച് ചില പ്രദേശങ്ങളില്‍ അര്‍ധരാത്രിക്ക് ശേഷം കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ അവസാനത്തെ മരുന്നായിട്ടാണ് അതിനെ കാണേണ്ടത്. ഉപദേശ നിര്‍ദേശങ്ങളിലൂടെ അത് പരിഹരിക്കാനുള്ള ശ്രമം നടത്തിയതിന് ശേഷമായിരിക്കണം അത്. സുരക്ഷാ വിഭാഗം ഭരണകൂടത്തെ മാത്രമല്ല, ഞങ്ങളെ കൂടി സംരക്ഷിക്കുന്നുണ്ടെന്ന സുരക്ഷിതത്വ ബോധം അതിലൂടെ മാത്രമേ ജനങ്ങളില്‍ ഉണ്ടാവുകയുള്ളൂ.

വിവ: നസീഫ്‌

Related Articles